കൃഷി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ കാർഷിക ചരിത്രത്തിൽ ഇദംപ്രഥമമായി, 22 സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ ഒത്തുചേർന്നു

പോസ്റ്റഡ് ഓണ്‍: 30 MAY 2026 2:33PM by PIB Thiruvananthpuram
ഇന്ത്യൻ കാർഷിക ചരിത്രത്തിൽ ഇദംപ്രഥമമായി, 22 സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ മെയ് 28–29 തീയതികളിലായി ന്യൂഡൽഹിയിലെ പുസ ക്യാമ്പസിൽ നടന്ന ദ്വിദിന ദേശീയ ഖാരിഫ് സമ്മേളന വേദിയിൽ ഒത്തുചേർന്നു. കർഷകരുടെ ജീവിതനിലവാരം ഉയർത്തുകയും കാർഷിക മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പരസ്പര സഹകരണത്തിലൂന്നി ഫലപ്രദമായ നിർവ്വഹണം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സമ്മേളനത്തിൽ അവർ വ്യക്തമാക്കി.
 
ഈ സമ്മേളനം കേവലമൊരു സാധാരണ അവലോകന യോഗം എന്നതിലുപരി, പ്രതിബദ്ധത, ഏകോപനം, അടിസ്ഥാനതല നിർവ്വഹണം എന്നിവയ്ക്കായുള്ള ദേശീയ വേദിയായി മാറി. കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. ആദ്യ ദിനം, വിവിധ സംസ്ഥാനങ്ങളിലെ കൃഷി, ഹോർട്ടികൾച്ചർ വകുപ്പുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ വിവിധ കാർഷിക വിഷയങ്ങൾ സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടത്തി. രണ്ടാം ദിനം, ശ്രീ ചൗഹാൻ്റെ സാന്നിധ്യത്തിൽ, സംസ്ഥാന കൃഷി മന്ത്രിമാർ വൈകുന്നേരം വരെ നീണ്ടുനിന്ന ഗുണാത്മക ചർച്ചകളിൽ പങ്കെടുത്തു. കാർഷിക വെല്ലുവിളികൾ നേരിടുന്നതിനും ഭാവി പ്രവർത്തനങ്ങൾ സംയുക്തമായി ആസൂത്രണം ചെയ്യുന്നതിനുമുള്ള  ശക്തമായ പ്രതിബദ്ധത ചർച്ചകളിൽ പ്രകടമായിരുന്നു. ഖാരിഫ് കൃഷിയ്ക്കുള്ള തയ്യാറെടുപ്പുകൾ, പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയിലെ സ്വയംപര്യാപ്തത, വളങ്ങളുടെ സന്തുലിത ഉപയോഗം, പ്രകൃതി ദത്ത കൃഷി, നിർദ്ദിഷ്ട "ഖേത് ബചാവോ അഭിയാൻ" (കൃഷിയിട സംരക്ഷണ പ്രചാരണം) തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയും പൊതു രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

ശിവരാജ് സിംഗ് ചൗഹാൻ്റെ അഭ്യർത്ഥനയെത്തുടർന്ന്, കൃഷി മന്ത്രിമാർ സംസ്ഥാന ഗവണ്മെൻ്റ്  നയങ്ങളിലൂടെ പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കാനും സ്വന്തം കൃഷിയിടങ്ങളിൽ അത് പരീക്ഷിക്കാനും തീരുമാനിച്ചു എന്നതാണ് സമ്മേളനത്തിൻ്റെ പ്രധാനപ്പെട്ട ഗുണഫലങ്ങളിലൊന്ന്. അതിലൂടെ, കർഷകർക്കായി ഒരു മാതൃക സൃഷ്ടിക്കാനും പ്രകൃതിദത്ത കൃഷിയുടെ പ്രയോജനങ്ങൾ പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നു. ഈ സമീപനം കർഷകരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുമെന്നും, പ്രകൃതിദത്ത കൃഷി രീതികൾ സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
 


 
കൃഷിയെ കേവലം ഭക്ഷ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിഷയമായി മാത്രം പരിഗണിക്കാതെ, മണ്ണിൻ്റെ ആരോഗ്യം നിലനിർത്തൽ, പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കൽ, പോഷകാഹാര സുരക്ഷ ഉറപ്പാക്കൽ, കർഷക ക്ഷേമം മെച്ചപ്പെടുത്തൽ, ഭാവി തലമുറകളുടെ ക്ഷേമം ഉറപ്പാക്കൽ എന്നിവ ഉൾപ്പെടുന്ന ദേശീയ ഉത്തരവാദിത്തമായിട്ടാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ഗവണ്മെൻ്റ്  കാണുന്നതെന്ന് ദേശീയ ഖാരിഫ് സമ്മേളനം വ്യക്തമാക്കുന്നു. സർക്കാർ പരിപാടികളിൽ നിന്നും സംരംഭങ്ങളിൽ നിന്നും കർഷകർക്ക് സുഗമമായും ഫലപ്രദമായും പ്രയോജനം ലഭിക്കുന്ന തരത്തിൽ സംസ്ഥാന ഗവണ്മെൻ്റുകൾ ഭരണ പ്രക്രിയകൾ ലളിതമാക്കുകയും അനാവശ്യമായ സങ്കീർണ്ണതകൾ ഒഴിവാക്കുകയും ചെയ്യണമെന്ന് സമ്മേളനത്തിൽ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

സമ്മേളനത്തിൻ്റെ ആദ്യ ദിനം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഖാരിഫ് കാർഷിക സീസണിനായുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു. വിത്തുകളുടെയും വളങ്ങളുടെയും ലഭ്യത, വിള ആസൂത്രണം, ജല പരിപാലനം, പ്രാദേശിക വെല്ലുവിളികൾ എന്നിവ ചർച്ചയായി. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പങ്കെടുത്തവർക്കൊപ്പം ഹാളിൻ്റെ പിൻഭാഗത്ത് ഉപവിഷ്ടനായ ശ്രീ ചൗഹാൻ, സെഷനിലുടനീളം നടന്ന ചർച്ചകൾ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. രണ്ടാം ദിനം, ശ്രീ ചൗഹാൻ്റെ അധ്യക്ഷതയിൽ ചർച്ചകൾ തുടർന്ന സംസ്ഥാന കൃഷി മന്ത്രിമാർ, ഉന്നയിക്കപ്പെട്ട ആശങ്കകളും ആശയങ്ങളും പൊതുനയ പ്രതിബദ്ധതയോടെ പരിഹരിക്കുന്നതിനും നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്താൻ ഒറ്റക്കെട്ടായി പ്രവർത്തിച്ചു.

ആത്മാർത്ഥമായ പങ്കാളിത്തം, സമർപ്പണം, ചർച്ചകളിലെ സജീവ സംഭാവനകൾ എന്നിവയ്ക്ക് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും സമ്മേളനത്തിൻ്റെ സമാപന സെഷനിൽ ശ്രീ ചൗഹാൻ പ്രശംസിച്ചു. പങ്കെടുക്കുന്നവർ ഇത്തരത്തിൽ ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും ഇടപെടുന്നത് അപൂർവമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഔപചാരികമായ ഭരണനിർവ്വഹണ ചുമതലകൾക്കപ്പുറം ചിന്തകർ, പ്രയോക്താക്കൾ, പരിവർത്തനത്തിൻ്റെ ചാലകശക്തികൾ എന്നീ നിലകളിൽ അവർ നൽകിയ സംഭാവനകൾ സമ്മേളനത്തിൻ്റെ ഭാവാത്മക അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു.

"കൃഷിയിടങ്ങൾ സംരക്ഷിക്കുക എന്നാൽ ഭാവി സുരക്ഷിതമാക്കുകയെന്ന് തന്നെയാണർത്ഥം". ഇത് തന്നെയായിരുന്നു സമ്മേളനത്തിൻ്റെ മുഖ്യ സന്ദേശം. കൃഷിയിടങ്ങൾ സംരക്ഷിക്കുകയെന്നാൽ കൃഷിഭൂമിയെ സംരക്ഷിക്കുക മാത്രമല്ല, പരിസ്ഥിതിയെയും രാഷ്ട്രത്തെയും വരും തലമുറകളുടെ ഭാവിയെയും സംരക്ഷിക്കുക എന്നത് കൂടിയാണെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, രാസവളങ്ങളുടെ സന്തുലിത ഉപയോഗത്തിന് പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ട്.

രാസവളങ്ങളുടെ ഉപയോഗം പൂർണ്ണമായും നിരോധിക്കുകയല്ല, മറിച്ച് മണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുസ്ഥിര കാർഷിക ഉത്പാദനം നിലനിർത്തുന്നതിനും ശാസ്ത്രീയവും സന്തുലിതവും ഉത്തരവാദിത്തപൂർണ്ണവുമായ രീതിയിൽ അവ ഉപയോഗിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. ഈ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി, രാജ്യവ്യാപകമായി ബോധവത്ക്കരണ പരിപാടികളും ശരിയായ വളപ്രയോഗത്തെക്കുറിച്ച് കർഷകരെ ബോധവത്ക്കരിക്കുന്നതിനുള്ള സ്ഥാപനപരമായ ശ്രമങ്ങളും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഖേത് ബച്ചാവോ അഭിയാൻ എന്നത് കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്, കാർഷിക സർവകലാശാലകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, വിശാലമായ ശാസ്ത്ര സമൂഹം എന്നിവ ഉൾപ്പെടുന്ന ഒരു ദേശീയ പ്രസ്ഥാനമായി മാറണമെന്ന് സമ്മേളനം നിർദ്ദേശിച്ചു.  
 


 
ഈ സംരംഭം ഫലപ്രദമായി നടപ്പാക്കുന്നതിന് ഏകോപിത നിർവ്വഹണവും, നിരീക്ഷണ സംവിധാനങ്ങളും, സമർപ്പിത കൺട്രോൾ റൂമുകളും അനിവാര്യമാണെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. യഥാർത്ഥ ജീവിതത്തിൽ കണ്ട് വിലയിരുത്താൻ കഴിയുന്ന തരത്തിൽ വ്യക്തവും സുതാര്യവുമായ ഫലങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

സംസ്ഥാന കൃഷി മന്ത്രിമാർ സ്വന്തം കൃഷിയിടങ്ങളിൽ പ്രകൃതിദത്ത കൃഷി ചെയ്യുമെന്ന പ്രതിജ്ഞയെടുത്തു എന്നതാണ് സമ്മേളനത്തിൻ്റെ മറ്റൊരു പ്രധാന ഗുണഫലം. മന്ത്രിമാരിൽ പലരും കർഷകരായതിനാലും കൃഷിയുമായി നേരിട്ട് ബന്ധമുള്ളവരായതിനാലും അവരുടെ പ്രതിബദ്ധത ഒരു പ്രതീകാത്മക നടപടി എന്നതിലുപരി യഥാർത്ഥവും പ്രായോഗികവുമായ നടപടിയായി വിലയിരുത്തപ്പെടുന്നു. നയരൂപകർത്താക്കളും പൊതുജന പ്രതിനിധികളും അവരുടെ ഭൂമിയുടെ ഒരു ചെറിയ ഭാഗത്തെങ്കിലും പ്രകൃതിദത്ത കൃഷി രീതികൾ പ്രാവർത്തികമാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുമ്പോൾ, സംരംഭത്തിൻ്റെ വിശ്വാസ്യത വർദ്ധിക്കുകയും കർഷകർക്ക് ശക്തമായ ഒരു മാതൃകയായി വർത്തിക്കുകയും ചെയ്യുമെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. അത്തരം മാതൃകാപരമായ നേതൃത്വം കൂടുതൽ കർഷകരെ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രകൃതിദത്ത കൃഷി രീതികൾ പരിഗണിക്കാനും സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കും.

 ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നേട്ടങ്ങളും പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉദാഹരണങ്ങളായി സമ്മേളനം അംഗീകരിച്ചു. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുകയും ഗണ്യമായ സംഭാവന നൽകുകയും ചെയ്തു. ഒരു സെഷനിൽ പങ്കെടുക്കവെ, രാജ്യത്തുടനീളം പ്രകൃതിദത്ത കൃഷി രീതികൾ വ്യാപിപ്പിക്കുകയെന്ന ആശയത്തെ അദ്ദേഹം ശക്തമായി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
 
വരാനിരിക്കുന്ന സീസണിനായുള്ള തയ്യാറെടുപ്പുകൾക്കപ്പുറം, ഖാരിഫ് സീസണുമായി ബന്ധപ്പെട്ട ആസൂത്രണത്തിൻ്റെ വിശാലമായ സമീപനം സമ്മേളനത്തിൽ വിശദീകരിച്ചു. പയറുവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുക, വളങ്ങൾ, വിത്തുകൾ തുടങ്ങിയ പ്രാഥമിക കാർഷിക ചെലവുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുക, കാർഷിക ഉത്പാദനക്ഷമത നിരന്തരം വർദ്ധിപ്പിക്കുക എന്നിവയിൽ ഭാവി ആസൂത്രണം ശ്രദ്ധ കേന്ദ്രീകരിക്കും. മണ്ണ്, ജലം, പരിസ്ഥിതി തുടങ്ങിയ പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനൊപ്പം കാർഷിക ഉത്പാദനം വളരുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സമഗ്രമായ നയം.  

നയപരമായ തീരുമാനങ്ങൾ അടിസ്ഥാനപരമായ പരിവർത്തനങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഫലപ്രദമായ ആശയവിനിമയത്തിൻ്റെ പ്രാധാന്യം സമ്മേളനം തിരിച്ചറിഞ്ഞു. സമ്മേളനത്തിൽ അംഗീകരിച്ച നയങ്ങളും പരിപാടികളും പ്രചാരണങ്ങളും സർക്കാർ ഓഫീസുകളിൽ മാത്രമായി പരിമിതപ്പെടുത്താതെ, ബോധവത്ക്കരണ പ്രചാരണങ്ങൾ, വിവിധ ആശയവിനിമയ വേദികൾ എന്നിവയിലൂടെ കർഷകരെയും പൊതുജനങ്ങളെയും പതിവായി അറിയിക്കണമെന്ന് ശ്രീ ചൗഹാൻ സമാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. അതിലൂടെ കാർഷിക പരിഷ്കാരങ്ങൾ സർക്കാർ നയിക്കുന്ന സംരംഭങ്ങളിൽ നിന്ന് പൊതുജനങ്ങളാൽ പിന്തുണയ്ക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന ബഹുജന പ്രസ്ഥാനങ്ങളായി പരിണമിക്കുമെന്നും, അവ കൂടുതൽ വിജയകരവും സുസ്ഥിരവുമായ മാതൃകയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
 


 
പദ്ധതികളുടെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതിനുപകരം, പങ്കാളികൾക്കിടയിലെ സഹകരണത്തിലും ഉത്തരവാദിത്തത്തിലും അധിഷ്ഠിതമായ ഒരു കാർഷിക ഭരണ നിർവ്വഹണ സംവിധാനം പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെൻ്റ് ലക്ഷ്യമിടുന്നതെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉയർന്ന സ്ഥാനമോ അധികാരമോ അല്ല, മറിച്ച് മഹത്തായ ഒരു ദൃഢനിശ്ചയമാണ് വേണ്ടതെന്ന് അദ്ദേഹം നിരീക്ഷിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും തങ്ങളുടെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കാനും, സഹകരിച്ച് പ്രവർത്തിക്കാനും, കാർഷിക മേഖലയുടെ വികസനത്തിന് അർത്ഥവത്തായ സംഭാവന നൽകാനുമുള്ള സമാന ദൃഢനിശ്ചയത്തോടെ ഒത്തുചേർന്നതോടെ ഈ ആശയം സമ്മേളനത്തിൻ്റെ കേന്ദ്ര സന്ദേശമായി മാറി.

കൃഷിയെ കേവലം വകുപ്പുതല വിഷയമെന്നതിൽ നിന്ന് ഒരു ദേശീയ ദൗത്യമെന്ന നിലയിലേക്ക് ഉയർത്താനായതിനാൽ രണ്ട് ദിവസത്തെ ദേശീയ ഖാരിഫ് സമ്മേളനം ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ഖേത് ബച്ചാവോ അഭിയാൻ, സന്തുലിതവും ഉത്തരവാദിത്തപൂർണ്ണവുമായ വളപ്രയോഗം പ്രോത്സാഹിപ്പിക്കൽ, പ്രായോഗികമായ പ്രകൃതിദത്ത കൃഷി മാതൃകകൾ സ്വീകരിക്കൽ, പയറുവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കൽ എന്നിവയുൾപ്പെടെ വ്യക്തമായ മുൻഗണനകൾ സമ്മേളനം മുന്നോട്ട് വച്ചു. നിർദ്ദിഷ്ട പദ്ധതികൾ, സമയപരിധികൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയിലൂടെ ഈ സംരംഭങ്ങൾ പൂർണ്ണമായും നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രധാനവും ഭാവാത്മകവുമായ വഴിത്തിരിവായി ഈ സമ്മേളനം അടയാളപ്പെടുത്തപ്പെടും.

എല്ലാവരും ഒരുമിച്ച് ചേർന്ന് സംയുക്ത പ്രതിജ്ഞയെടുക്കാൻ സമ്മേളനത്തിൻ്റെ സമാപനത്തിൽ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ആഹ്വാനം ചെയ്തു. രണ്ട് ദിവസത്തെ സമ്മേളനത്തിൽ നടത്തിയ ചർച്ചകൾ, ഉയർന്നു വന്ന ആശയങ്ങൾ, തീരുമാനങ്ങൾ എന്നിവ കേവലം സൈദ്ധാന്തികമായി നിലനിൽക്കാതെ, യാഥാർത്ഥ്യങ്ങളിലേക്ക് വിവർത്തനം ചെയ്യുമെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ആ പ്രതിജ്ഞ. ആശയങ്ങളിൽ നിന്ന് പ്രതിബദ്ധതയിലേക്കും പ്രതിബദ്ധതയിൽ നിന്ന് നിർവ്വഹണത്തിലേക്കുമുള്ള ഈ പരിവർത്തനം 2026 ലെ ദേശീയ ഖാരിഫ് സമ്മേളനത്തിൻ്റെ സുപ്രധാന നേട്ടമായി കണക്കാക്കപ്പെടുന്നു. കാർഷിക മേഖലയിൽ യഥാർത്ഥ പരിവർത്തനം ലക്ഷ്യമിട്ടുള്ള കൂടുതൽ പ്രായോഗികവും പ്രവർത്തന കേന്ദ്രീകൃതവുമായ സമീപനത്തിലേക്ക് ഇന്ത്യൻ കാർഷികരംഗം മാറുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. 
 
 
****

( റിലീസ് ഐ.ഡി: 2267101) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati