വാണിജ്യ വ്യവസായ മന്ത്രാലയം
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിൻ്റെ സുപ്രധാന കാനഡ സന്ദർശനം സമാപിച്ചു
പോസ്റ്റഡ് ഓണ്‍:
28 MAY 2026 9:56AM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിൻ്റെ മൂന്ന് ദിവസത്തെ ഫലപ്രദവും നിർണായകവുമായി കാനഡ സന്ദർശനം 2026 മേയ് 28-ന് സമാപിച്ചു. ടൊറൻ്റോയിൽ അക്കാദമിക് വിദഗ്ധർ, നൂതനാശയ രംഗത്തെ പ്രമുഖർ, ഗവണ്മെൻ്റ ് പ്രതിനിധികൾ, ബിസിനസ് കൗൺസിലുകൾ, ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ, ഇന്ത്യൻ പ്രവാസി സമൂഹം എന്നിവരുമായി നിരവധി സുപ്രധാന കൂടിക്കാഴ്ചകളിൽ അദ്ദേഹം പങ്കെടുത്തു. ഈ കൂടിക്കാഴ്ചകൾ ഇന്ത്യ-കാനഡ സാമ്പത്തിക പങ്കാളിത്തത്തിന് പുതിയ ഊർജ്ജം പകരുകയും, നിക്ഷേപം, സാങ്കേതിക സഹകരണം, ദീർഘകാല പങ്കാളിത്തം എന്നിവയിൽ ആഗോളതലത്തിൽ ഇന്ത്യ ഒരു പ്രമുഖ ലക്ഷ്യസ്ഥാനമായി ഉയർന്നുവരുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ബന്ധങ്ങളെയും പൊതുനയങ്ങളെയും കുറിച്ചുള്ള പഠനത്തിൽ ലോകത്തിലെ തന്നെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ടൊറൻ്റോ സർവകലാശാലയിലെ മങ്ക് സ്കൂൾ ഓഫ് ഗ്ലോബൽ അഫയേഴ്സ് ആൻഡ് പബ്ലിക് പോളിസിയിലെ അധ്യാപകർ , ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രിയുടെ ഇന്നത്തെ പരിപാടികൾ ആരംഭിച്ചത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിയെക്കുറിച്ചും പരിവർത്തനപരമായ പരിഷ്കാരങ്ങളെക്കുറിച്ചും ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള നേതൃ ശക്തിയെക്കുറിച്ചും ശ്രീ ഗോയൽ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അക്കാദമിക മേഖല, വ്യവസായം, നയരൂപകർത്താക്കൾ എന്നിവർ തമ്മിൽ ആഴത്തിലുള്ള സഹകരണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.
തുടർന്ന് ഒൻ്റാറിയോ സെൻ്റർ ഓഫ് ഇന്നൊവേഷൻ (OCI) സന്ദർശിച്ച ശ്രീ പീയൂഷ് ഗോയൽ, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും വ്യവസായം, അക്കാദമിക മേഖല, ഗവണ്മെൻ്റ ് എന്നിവ തമ്മിലുള്ള സഹകരണം വളർത്തുന്നതിനുമായി നടപ്പാക്കാവുന്ന വിപുലമായ പദ്ധതികളെക്കുറിച്ച് വിലയിരുത്തി. നിർമ്മിത ബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതിക മേഖലകളെക്കുറിച്ച് 'കാനഡ-ഇന്ത്യ ടെക് കണക്ട്' പ്രതിനിധികളുമായി അദ്ദേഹം ഫലപ്രദമായ ചർച്ചകൾ നടത്തി. ഇന്ത്യയിലെ അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ്- നൂതനാശയ ആവാസവ്യവസ്ഥയെക്കുറിച്ച് വിശദീകരിച്ച ശ്രീ ഗോയൽ ഈ മേഖലകളിൽ കാനഡയ്ക്ക് എങ്ങനെ അർത്ഥപൂർണ്ണമായി പങ്കാളികളാകാമെന്ന് ചൂണ്ടിക്കാണിച്ചു . നിർമ്മിത ബുദ്ധി (AI), ക്ലീൻടെക്, അഗ്രിടെക്, ഡീപ് ടെക് എന്നീ മേഖലകളിൽ ഇരുരാജ്യങ്ങൾക്കും പരസ്പര പൂരകങ്ങളായ കരുത്തുണ്ടെന്നും ഇതിലൂടെ ബൃഹത്തായ ഉഭയകക്ഷി സഹകരണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു .
ഇന്ത്യ-കാനഡ ഇടനാഴിയിൽ പ്രവർത്തിക്കുന്ന പ്രാദേശിക ചേംബർ പ്രതിനിധികളുമായി ശ്രീ പീയൂഷ് ഗോയൽ ആശയവിനിമയം നടത്തുകയും ബിസിനസ്സ് സഹകരണം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ വർദ്ധിപ്പിക്കുന്നതിൽ അവർ വഹിക്കുന്ന പ്രധാന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. അതോടൊപ്പം, ഉഭയകക്ഷി ബന്ധങ്ങളിലെ പുതിയ മുന്നേറ്റത്തിൽ നിന്നും നിലവിൽ പുരോഗമിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ചർച്ചകളിൽ നിന്നും ഉയർന്നുവരുന്ന സുപ്രധാന അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഉന്നതതല കൂടിക്കാഴ്ചകളുടെ ഭാഗമായി ഒൻ്റ ാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി ശ്രീ പീയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-ഒൻ്റ ാറിയോ സഹകരണം ആഴത്തിലാക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഇരുപക്ഷത്തിനും തന്ത്രപ്രധാനമായ പ്രാധാന്യമുള്ള നിർമ്മാണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, ശുദ്ധ ഊർജ്ജം, ഭക്ഷ്യ സംസ്കരണം, നിർണായക ധാതുക്കൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ സഹകരണ സാധ്യതകൾ ഇരു നേതാക്കളും ആരാഞ്ഞു. കൂടാതെ ഉഭയകക്ഷി വ്യാപാര-നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് സ്ഥിരീകരിച്ചു.
ബിസിനസ് കൗൺസിൽ ഓഫ് കാനഡയുടെ പ്രസിഡൻ്റ ും സിഇഒയുമായ ഗോൾഡി ഹൈഡറുമായി ശ്രീ പീയൂഷ് ഗോയൽ ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കാനഡ വാണിജ്യ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിലും സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ , ശുദ്ധ ഊർജ്ജം, നിർണായക ധാതുക്കൾ, നൂതന നിർമ്മാണ മേഖലകൾ എന്നിവയിലുടനീളം വ്യവസായ പ്രമുഖരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് മുൻതൂക്കം നൽകിയായിരുന്നു ചർച്ചകൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിൽ ഇന്ത്യ-കാനഡ സിഇഒ ഫോറം വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ഒന്‍റാറിയോ ടീച്ചേഴ്‌സ് പെൻഷൻ പ്ലാനിൻ്റെ പ്രസിഡൻ്റ ും സിഇഒയുമായ ജോ ടെയ്‌ലറുമായി ശ്രീ പീയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി. അടിസ്ഥാന സൗകര്യങ്ങൾ , പുനരുപയോഗ ഊർജം, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്നിവയിലുടനീളം ഇന്ത്യയിലുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയെ പിന്തുണയ്ക്കുന്നതോടൊപ്പം, ഉൽപ്പാദന മേഖലയിൽ ഉൾപ്പെടെ ഇന്ത്യൻ സംരംഭങ്ങളുമായുള്ള പങ്കാളിത്തത്തിനുള്ള മികച്ച അവസരങ്ങളും ഇന്ത്യയുടെ ശക്തമായ വളർച്ചാ സാധ്യതകളും മന്ത്രി ചൂണ്ടിക്കാണിച്ചു.
സിപിപി ഇൻവെസ്റ്റ്‌മെൻ്റ് സിൻ്റെ പ്രസിഡൻ്റ ും സിഇഒയുമായ ജോൺ ഗ്രഹാമുമായും ശ്രീ പീയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി. അടിസ്ഥാന സൗകര്യം , ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജ്ജം, ഗതാഗതം, സാമ്പത്തിക സേവനങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളം ഇന്ത്യയിലേക്ക് ദീർഘകാല സ്ഥാപന നിക്ഷേപങ്ങൾ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു.
അടിസ്ഥാന സൗകര്യങ്ങൾ , റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ എന്നിവയിലുടനീളമുള്ള ഗണ്യമായ നിക്ഷേപങ്ങളിലൂടെ ഇന്ത്യയുടെ വളർച്ചയിൽ സിപിപി ഇൻവെസ്റ്റ്‌മെൻ്റ് സ് പ്രകടിപ്പിക്കുന്ന തുടർച്ചയായ വിശ്വാസത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഇത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറയിലും ഭാവി സാധ്യതകളിലുമുള്ള ശക്തമായ ആഗോള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത് .
ഇന്ത്യയുടെ ആഗോള സാമ്പത്തിക സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘവുമായി ശ്രീ പീയൂഷ് ഗോയൽ ഫലപ്രദമായ ചർച്ചകൾ നടത്തി. സുസ്ഥിരമായ വളർച്ചയ്ക്കും നൂതനാശയങ്ങൾക്കുമുള്ള ഗണ്യമായ സാധ്യതകളുള്ള ശുദ്ധ ഊർജ്ജം, എയ്‌റോസ്‌പേസ്, ഭക്ഷ്യ സംസ്കരണം, നിർണായക ധാതുക്കൾ, അടിസ്ഥാന സൗകര്യം , സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സജീവമായി പങ്കാളിത്തവും നിക്ഷേപ അവസരങ്ങളും പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം ബിസിനസ്സ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള സാമ്പത്തിക പദവി ലോകമെമ്പാടുമുള്ള ഇന്ത്യൻ വ്യവസായങ്ങൾക്ക് പുതിയ വഴികൾ തുറക്കുകയാണെന്ന് ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വളർച്ചാ ഗാഥ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ സംരംഭങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
കാനഡ-ഇന്ത്യ ഫൗണ്ടേഷൻ അംഗങ്ങളുമായുള്ള സജീവമായ ആശയവിനിമയത്തോടെയാണ് ശ്രീ പീയൂഷ് ഗോയൽ തൻ്റെ ത്രിദിന കാനഡ സന്ദർശനം അവസാനിപ്പിച്ചത്. ശക്തമായ ബിസിനസ്സ് ഇടപെടലുകളിലൂടെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലൂടെയും ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതിൽ ഇന്തോ-കനേഡിയൻ സമൂഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു.
നൂറിലധികം ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള വ്യവസായ പ്രമുഖരടങ്ങിയ, ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സ് പ്രതിനിധി സംഘത്തിനാണ് കാനഡ സന്ദർശനത്തിൽ ശ്രീ പീയൂഷ് ഗോയൽ നേതൃത്വം നൽകിയത് .ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധങ്ങളുടെ സമ്പൂർണ്ണ പുനരുജ്ജീവനത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്.മെയ് 25-ന് ഒട്ടാവയിലും മെയ് 26 മുതൽ 28 വരെ ടൊറ ൻ്റോയിലുമായി നടന്ന ഈ ത്രിദിന സന്ദർശനം, ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച് നിലവിലുള്ള ചർച്ചകൾ വേഗത്തിലാക്കുന്നതിനും ഉഭയകക്ഷി വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു.
നിലവിൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 8.5 ബില്യൺ യുഎസ് ഡോളറാണ്. ഇത് 2030-ഓടെ 50 ബില്യൺ യുഎസ് ഡോളറായി ഉയർത്തുക എന്ന സംയുക്ത ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളിലെയും ഗവൺമെന്‍റുകൾ.
***
( റിലീസ് ഐ.ഡി: 2266185)
സന്ദര്‍ശക കൗണ്ടര്‍ : 9