വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

5000 കോടി യുഎസ് ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാര ലക്ഷ്യത്തോടും, ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ അതിവേഗം പൂർത്തിയാക്കുന്നതിനോടുമുള്ള പ്രതിജ്ഞാബദ്ധത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും കനേഡിയൻ വ്യാപാര മന്ത്രി ശ്രീ മനീന്ദർ സിദ്ധുവും ആവർത്തിച്ചു

പോസ്റ്റഡ് ഓണ്‍: 27 MAY 2026 10:42AM by PIB Thiruvananthpuram
ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതും തന്ത്രപ്രധാന മേഖലകളിൽ നിക്ഷേപങ്ങളും സാങ്കേതിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള തൻ്റെ കാനഡ സന്ദർശനത്തിൻ്റെ രണ്ടാം ദിവസം, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ കാനഡയിലെ ടൊറൻ്റോയിൽ മുതിർന്ന കനേഡിയൻ ബിസിനസ്സ് നേതാക്കളുമായും സ്ഥാപന നിക്ഷേപകരുമായും ഉന്നതതല ചർച്ചകൾ നടത്തി.
 
ഗ്ലോബൽ അഫയേഴ്സ് കാനഡ, സി.ഐ.ഐ, അസോചം എന്നിവ ചേർന്ന് ടൊറൻ്റോ വേൾഡ് ട്രേഡ് സെൻ്ററിൽ സംഘടിപ്പിച്ച കാനഡ-ഇന്ത്യ ബിൽഡിംഗ് ബ്രിഡ്ജസ് പരിപാടിയിൽ ശ്രീ പിയൂഷ് ഗോയൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്നോളജി, ക്ലീൻ ടെക്നോളജി, ഊർജ്ജം, എണ്ണ, വാതകം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ബിസിനസ്സ് പ്രമുഖർ, നിക്ഷേപക ഗ്രൂപ്പുകൾ, വ്യവസായ സംഘടനകൾ എന്നിവയുടെ നൂറ്റമ്പതിലധികം പ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുത്തു.
 
തുടർന്ന് ശ്രീ പിയൂഷ് ഗോയലും കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി ശ്രീ മനീന്ദർ സിദ്ധുവും തമ്മിൽ ഒരു അനൗദ്യോഗിക ചർച്ച നടന്നു. ചർച്ചയിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പരസ്പര പൂരകത്വങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ ഗോയൽ, ശക്തമായ സർക്കാർ-വ്യവസായ സഹകരണത്താൽ നയിക്കപ്പെടുന്ന കൂടുതൽ കരുത്തുറ്റതും സുരക്ഷിതവുമായ ബിസിനസ്സ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ അടുത്ത ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയ മന്ത്രി സിദ്ധു, കാനഡ സന്ദർശിക്കുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സ് പ്രതിനിധി സംഘത്തിൻ്റെ സാന്നിധ്യത്തെ അഭിനന്ദിച്ചു. കൂടാതെ ഈ വർഷം നവംബറിൽ ഒരു 'ടീം കാനഡ ട്രേഡ് മിഷൻ' ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിർമ്മിതബുദ്ധി, നിർണ്ണായക ധാതുക്കൾ, ആണവോർജ്ജം, പുനരുപയോഗ ഊർജ്ജം, സെമികണ്ടക്ടറുകൾ, ക്ലീൻ ടെക്നോളജി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി കനേഡിയൻ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ദൗത്യത്തിൻ്റെ ലക്ഷ്യം. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 5000 കോടി യുഎസ് ഡോളറായി ഉയർത്തുക, ഈ വർഷാവസാനത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ചർച്ചകൾ പൂർത്തിയാക്കുക എന്നീ പൊതുവായ ലക്ഷ്യങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും വീണ്ടും വ്യക്തമാക്കി.
 
ഇതിനുശേഷം ഇരുമന്ത്രിമാരും സംയുക്തമായി അധ്യക്ഷത വഹിച്ച ഇന്ത്യ-കാനഡ നിക്ഷേപ വട്ടമേശ സമ്മേളനം നടന്നു. പെൻഷൻ ഫണ്ടുകളും ബാങ്കുകളും ഉൾപ്പെടെയുള്ള കാനഡയിലെ പ്രമുഖ സാമ്പത്തിക നിക്ഷേപകരും ഇന്ത്യയിൽ നിന്നും കാനഡയിൽ നിന്നുമുള്ള മുതിർന്ന സർക്കാർ പ്രതിനിധികളും ഈ വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖലയിലെ പരിഷ്കരണങ്ങൾ, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കൽ എന്നിവയ്ക്ക് ഇന്ത്യാ ഗവണ്മെൻ്റ്  നല്കിവരുന്ന തുടർച്ചയായ ഊന്നലിനെക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ചകൾ നടന്നത്. ഈ നടപടികൾ ആഗോള നിക്ഷേപകർക്ക് ഗണ്യമായ അവസരങ്ങളാണ് തുറന്നുനല്കുന്നത്. ശുദ്ധമായ ഊർജ്ജം, സാങ്കേതികവിദ്യ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മിതബുദ്ധി, ഉത്പാദനം, വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി പങ്കാളികളാകാൻ ശ്രീ ഗോയൽ നിക്ഷേപകരെ ക്ഷണിച്ചു. അതോടൊപ്പം, ഇരുരാജ്യങ്ങളുടേയും സുസ്ഥിര വളർച്ചയ്ക്കും പൊതു അഭിവൃദ്ധിക്കും പിന്തുണ നല്കുന്നതിനായി സാമ്പത്തിക വിപണികളിലെ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള സാധ്യതകൾ ഇരുപക്ഷവും പര്യവേക്ഷണം ചെയ്യുകയും ചെയ്തു.
 
ഇൻഷുറൻസ്, ഭക്ഷ്യസംസ്കരണം, ബാങ്കിംഗ്, നിർണ്ണായക ധാതുക്കളുടെ സംസ്കരണം തുടങ്ങിയ മേഖലകളിലെ പ്രമുഖ കനേഡിയൻ കമ്പനികളുടെ പ്രതിനിധികളുമായും പ്രമുഖ സാമ്പത്തിക നിക്ഷേപകരുമായും ശ്രീ പിയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ അവരുടെ വർദ്ധിച്ചുവരുന്ന താല്പര്യങ്ങളിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചത്. ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക വീക്ഷണം, കഴിഞ്ഞ ഒന്നരവർഷമായി വ്യാപാര കരാറുകൾക്ക് സർക്കാർ നല്കിവരുന്ന പ്രത്യേക പ്രാധാന്യം, ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിലെ അവസരങ്ങൾ, ശാസ്ത്ര-സാങ്കേതിക-എഞ്ചിനീയറിംഗ്-ഗണിതശാസ്ത്ര (സ്റ്റെം) മേഖലകളിലെ പ്രതിഭകളുടെ ലഭ്യതയും അതിൻ്റെ ഫലമായുള്ള ആഗോള ശേഷി കേന്ദ്രങ്ങളുടെ (ജി.സി.സി) വളർച്ചയും, തന്ത്രപ്രധാന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉത്പാദന ബന്ധിത പ്രോത്സാഹന (പി.എൽ.ഐ) പദ്ധതികൾ, തുടർച്ചയായി മെച്ചപ്പെട്ടുവരുന്ന ഇന്ത്യയുടെ നിയന്ത്രണ സാഹചര്യങ്ങൾ എന്നിവയും ചർച്ചാ വിഷയങ്ങളായി.
 
ശ്രീ പിയൂഷ് ഗോയൽ ഹംബർ ബേ പാർക്കിലെ കനിഷ്ക സ്മാരകം സന്ദർശിച്ചു. അവിടെ അദ്ദേഹം പുഷ്പചക്രം അർപ്പിക്കുകയും, ഇരകളായവരുടെ കുടുംബാംഗങ്ങളുമായി സംവദിക്കുകയും, എയർ ഇന്ത്യ എ.ഐ 182 ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
 
ബ്രാംപ്ടണിലെ പിയേഴ്സൺ കൺവെൻഷൻ സെൻ്ററിൽ ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച സ്വീകരണത്തോടെയാണ് രണ്ടാം ദിനത്തിലെ പരിപാടികൾ സമാപിച്ചത്. ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ പിയൂഷ് ഗോയൽ, കാനഡയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ കരുത്തും ഇന്ത്യ-കാനഡ ബിസിനസ്സ് ഇടനാഴി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അവർക്കുള്ള പ്രധാന പങ്കിനെക്കുറിച്ചും എടുത്തുപറഞ്ഞു. ഇന്ത്യയുമായുള്ള ബിസിനസ്സ്, നിക്ഷേപ ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിൽ മാത്രമല്ല, ശക്തമായ സാംസ്കാരിക കൈമാറ്റങ്ങൾ, സാമൂഹിക ഇടപെടലുകൾ, കാനഡയിലുടനീളം ഇന്ത്യൻ ബിസിനസ്സുകളുടെ വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യൻ പ്രവാസികൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധങ്ങൾ പൂർണ്ണമായി പുനർജ്ജീവിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഈ സന്ദർശനം. നൂറിലധികം ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള വ്യവസായ പ്രമുഖർ ഉൾപ്പെടുന്ന, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സ് പ്രതിനിധി സംഘത്തെയാണ് ശ്രീ ഗോയൽ കാനഡയിലേക്ക് നയിക്കുന്നത്. മെയ് 25-ന് ഒട്ടാവയിൽ നടന്ന സുപ്രധാന പരിപാടികളോടെ ആരംഭിച്ച ഈ ത്രിദിന സന്ദർശനം ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്, പ്രത്യേകിച്ച് ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കുന്നതിനാണ് സന്ദർശനം പ്രധാന ഊന്നൽ നല്കുന്നത്.

 

***


( റിലീസ് ഐ.ഡി: 2265983) സന്ദര്‍ശക കൗണ്ടര്‍ : 8