വിദ്യാഭ്യാസ മന്ത്രാലയം
നീറ്റ് (യു.ജി) പുനഃപരീക്ഷ സുരക്ഷിതമായും വിശ്വസനീയമായും വിജയകരമായും നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
പോസ്റ്റഡ് ഓണ്‍:
25 MAY 2026 6:39PM by PIB Thiruvananthpuram
2026 ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് (യു.ജി) പുനഃപരീക്ഷ സുഗമവും നീതിയുക്തവും വിജയകരവുമായ രീതിയില്‍ നടത്തുന്നതിന് സഹകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും, ഭരണകര്‍ത്താക്കള്‍(അഡ്മിനിസ്‌ട്രേറ്റര്‍മാര്‍)ക്കും കത്തയച്ചു. നിലവിലെ കഠിനമായ ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത്, ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ എല്ലാ അവശ്യ, അടിസ്ഥാന സൗകര്യങ്ങളുടെയും ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി അവരോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
''നിലവിലെ ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത്, നിങ്ങളുടെ സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ ജില്ലാ അധികൃതര്‍ക്കും പരീക്ഷ നടത്തുന്ന എല്ലാ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം അവശ്യ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു'' എന്ന് ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍ തന്റെ കത്തില്‍ എഴുതി: സുരക്ഷിതമായ കുടിവെള്ളം, മതിയായ ഇരിപ്പിട ക്രമീകരണങ്ങള്‍, പ്രവര്‍ത്തനക്ഷമമായ ഫാനുകള്‍/കൂളറുകള്‍, വൃത്തിയുള്ള ശുചിമുറികള്‍, തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍, തടസ്സമില്ലാത്ത വൈദ്യുതി വിതരണം, ആവശ്യമുള്ളിടത്തെല്ലാം താല്‍ക്കാലിക ശുചിമുറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടേക്കാം.
വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളും ക്ഷേമവും പരമപ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞ കേന്ദ്രമന്ത്രി, പരീക്ഷാ ദിവസമായ ജൂണ്‍ 21 ന് എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് മതിയായ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
2026 ലെ നീറ്റ് (യു.ജി) പുനഃപരീക്ഷ സുഗമവും സുതാര്യവും നീതിയുക്തവുമായ രീതിയില്‍ നടത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും പൂര്‍ണ്ണ സഹകരണം നല്‍കുമെന്നതില്‍ ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
***
( റിലീസ് ഐ.ഡി: 2265158)
സന്ദര്‍ശക കൗണ്ടര്‍ : 9