ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ജനീവയിൽ നടക്കുന്ന 79-ാമത് ലോകാരോഗ്യ അസംബ്ലിയോടനുബന്ധിച്ച് സംഘടിപ്പിച്ച "ശ്വാസകോശാരോഗ്യ പരിശോധനകളെക്കുറിച്ചുള്ള മന്ത്രിതല കാഴ്ചപ്പാടുകൾ" എന്ന വിഷയത്തിലുള്ള സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പ് പരിപാടിയെ കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജെ പി നഡ്ഡ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 21 MAY 2026 9:18AM by PIB Thiruvananthpuram
ജനീവയിൽ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തോടനുബന്ധിച്ച്, "ശ്വാസകോശാരോഗ്യ പരിശോധനകളെക്കുറിച്ചുള്ള മന്ത്രിതല കാഴ്ചപ്പാടുകൾ"  എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഉന്നതതല പരിപാടിയെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ അഭിസംബോധന ചെയ്തു. 'നിങ്ങളുടെ ആരോഗ്യ സംവിധാനം ശ്വാസകോശാരോഗ്യ പരിശോധനയുമായി മല്ലിടുന്നുണ്ടോ?" എന്ന തലക്കെട്ടോടെയുള്ള  ഈ പരിപാടി, സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പിൻ്റെ നേതൃത്വത്തിൽ ഇന്ത്യ, ജപ്പാൻ, ഫിലിപ്പീൻസ്, സാംബിയ എന്നീ രാജ്യങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.

കൃത്യസമയത്തുള്ള പരിശോധന, നേരത്തെയുള്ള രോഗനിർണ്ണയം, എല്ലാവർക്കും തുല്യമായ പരിചരണം ലഭ്യമാക്കൽ എന്നിവ പ്രതിരോധശേഷിയുള്ളതും ജനകേന്ദ്രീകൃതവുമായ ആരോഗ്യ സംവിധാനങ്ങളുടെ അടിസ്ഥാനമാണെന്ന് വിശിഷ്ട വ്യക്തികൾ പങ്കെടുത്ത സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ശ്രീ നഡ്ഡ ഊന്നിപ്പറഞ്ഞു. ശ്വാസകോശാരോഗ്യ പരിശോധനകൾ ശക്തിപ്പെടുത്തുന്നത് കേവലം സാങ്കേതികവിദ്യയേയോ രോഗനിർണ്ണയ ഉപകരണങ്ങയേയോ മാത്രം സംബന്ധിക്കുന്ന കാര്യമല്ലെന്നും, മറിച്ച്  ജീവൻ രക്ഷിക്കുന്നതിനും, ദുരിതങ്ങൾ കുറയ്ക്കുന്നതിനും, വൻതോതിലുള്ള ചികിത്സാച്ചെലവുകൾ തടയുന്നതിനും, ഉപജീവനമാർഗ്ഗങ്ങൾ സംരക്ഷിക്കുന്നതിനും ഒപ്പം ആരോഗ്യ പരിപാലന സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷയരോഗ നിർമ്മാർജ്ജനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത എടുത്തുപറഞ്ഞുകൊണ്ട്, ദേശീയ ക്ഷയരോഗ നിർമാർജ്ജന പരിപാടിയുടേയും  “ക്ഷയരോഗ മുക്ത ഭാരതം” എന്ന ദർശനത്തിൻ്റേയും കീഴിൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ പരിശോധനകളും രോഗനിർണ്ണയ ശ്രമങ്ങളുമാണ് ഇന്ത്യ നടപ്പിലാക്കിവരുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. വീടുതോറുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, മൊബൈൽ സ്ക്രീനിംഗ് ടീമുകൾ, സാമൂഹികാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികൾ എന്നിവയിലൂടെയും, ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലും ദുർബല വിഭാഗങ്ങൾക്കിടയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രത്യേക യജ്ഞങ്ങളിലൂടെയും ക്ഷയരോഗ ബാധിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾ രാജ്യം വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ടു.

ക്ഷയരോഗവും മറ്റ് ശ്വാസകോശ രോഗങ്ങളും കണ്ടെത്തുന്നതിനായി ഇന്ത്യ ആധുനിക രോഗനിർണ്ണയ സംവിധാനങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ നഡ്ഡ അറിയിച്ചു. രോഗനിർണ്ണയത്തിലെ കാലതാമസം കുറയ്ക്കുന്നതിനായി, പ്രത്യേകിച്ച് വിദൂരവും പിന്നാക്കവുമായ പ്രദേശങ്ങളിൽ മോളിക്യുലാർ ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ ചെസ്റ്റ് എക്സ്-റേ സേവനങ്ങൾ, എഐ അധിഷ്ഠിത വ്യാഖ്യാന ഉപകരണങ്ങൾ, കൈയിൽ  കൊണ്ടുനടക്കാവുന്ന സ്ക്രീനിംഗ് ഉപകരണങ്ങൾ, വികേന്ദ്രീകൃത പരിശോധനാ സംവിധാനങ്ങൾ എന്നിവ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. നൂതന സംരംഭങ്ങളുടെ ഗുണഫലങ്ങൾ എല്ലാവർക്കും തുല്യമായി  ലഭിക്കണമെന്നും, സാങ്കേതികവിദ്യ സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ള അവസാന വ്യക്തിയിലേക്ക് വരെ എത്തിച്ചേരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


ആയുഷ്മാൻ ഭാരത് ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾക്ക് കീഴിലുള്ള പ്രാഥമിക ആരോഗ്യ പരിഷ്കാരങ്ങളുടേയും  ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിൽ മുൻനിര ആരോഗ്യപ്രവർത്തകരുടേയും വിപുലമായ പങ്കിനെക്കുറിച്ച്  കേന്ദ്ര ആരോഗ്യമന്ത്രി എടുത്തുപറഞ്ഞു. രോഗനിർണ്ണയം മാത്രം പോരെന്ന് വ്യക്തമാക്കിയ അദ്ദേഹം, പോഷകാഹാര പിന്തുണ, കൃത്യമായ ചികിത്സ ഉറപ്പാക്കാനുള്ള സഹായം, സാമൂഹിക സുരക്ഷിതത്വം, സാമൂഹിക ഐക്യദാർഢ്യം എന്നിവയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ക്ഷയരോഗ മുക്ത ഭാരതം  പരിപാടിയിലൂടെ ക്ഷയരോഗബാധിതരേയും അവരുടെ കുടുംബങ്ങളേയും പിന്തുണയ്ക്കുന്നതിനായി പൗരന്മാരേയും സ്ഥാപനങ്ങളേയും കോർപ്പറേറ്റുകളേയും പൊതുസമൂഹത്തേയും ഇന്ത്യ ഒന്നിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഡിജിറ്റൽ സംരംഭങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ നഡ്ഡ, സാധാരണ സ്മാർട്ട്‌ഫോണുകളിൽപ്പോലും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത എഐ അധിഷ്ഠിത ബഹുഭാഷാ ചാറ്റ്‌ബോട്ടായ "ഖുശി" ഉൾപ്പെടുത്തിയ ‘ടി.ബി മുക്ത് ഭാരത് ആപ്പ്’  മന്ത്രാലയം പുറത്തിറക്കിയതായി സൂചിപ്പിച്ചു. രോഗലക്ഷണങ്ങൾ, ആനുകൂല്യങ്ങൾ, സമീപത്തുള്ള പരിശോധനാ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോം നല്കുന്നു. അതുവഴി രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് മുതൽ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നത് വരെയുള്ള സമയപരിധി കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

ശക്തമായ ആഗോള സഹകരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട്, ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ മുൻഗണന നൽകേണ്ട പ്രധാന നിർദ്ദേശങ്ങൾ ശ്രീ നഡ്ഡ മുന്നോട്ടുവെച്ചു. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുന്ന സാർവത്രിക ആരോഗ്യ പരിരക്ഷാ
ചട്ടക്കൂടുകൾക്കുള്ളിൽ ശ്വാസകോശ ആരോഗ്യത്തിന് പ്രാധാന്യം നല്കുക, ചെലവുകുറഞ്ഞ രോഗനിർണ്ണയ സൗകര്യങ്ങളുടെ ലഭ്യത വിപുലീകരിക്കുക, ഡിജിറ്റൽ ഉപകരണങ്ങൾ, സ്ക്രീനിംഗ് സാങ്കേതികവിദ്യകൾ എന്നിവ വികസിപ്പിക്കുക, ശ്വാസകോശ സംബന്ധമായ ആരോഗ്യത്തിനായി പ്രാഥമിക ആരോഗ്യ പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര ഉത്പാദനവും സാങ്കേതികവിദ്യാ കൈമാറ്റവും വർദ്ധിപ്പിക്കുക, ക്ഷയരോഗവും മറ്റ് ശ്വാസകോശ രോഗങ്ങളും തടയുന്നതിനും രോഗം നേരത്തെ കണ്ടെത്തുന്നതിനുമായി സുസ്ഥിരമായ സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 
***

(रिलीज़ आईडी: 2263606) आगंतुक पटल : 25
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Tamil , English , Urdu , हिन्दी , Bengali , Bengali-TR , Punjabi , Gujarati , Kannada