ധനകാര്യ മന്ത്രാലയം
ക്ഷേത്രങ്ങളിലെ സ്വർണശേഖരം പണമാക്കുന്നുവെന്ന വ്യാജ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി കേന്ദ്ര ഗവണ്മെന്റ്
പോസ്റ്റഡ് ഓണ്‍:
19 MAY 2026 9:37AM by PIB Thiruvananthpuram
ക്ഷേത്രങ്ങളിലെ സ്വർണശേഖരത്തിന് പകരം, ഇന്ത്യാ ഗവണ്മെന്റ് ക്ഷേത്രങ്ങൾക്ക് സ്വര്‍ണ ബോണ്ടുകൾ നൽകാൻ പദ്ധതിയിടുന്നതായും ക്ഷേത്രങ്ങളുടെ സ്വർണശേഖരം പണമാക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിന് അംഗീകാരം നൽകിയതായും അവകാശപ്പെടുന്ന തരത്തില്‍ ചില മാധ്യമ റിപ്പോർട്ടുകളും സമൂഹമാധ്യമ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
രാജ്യത്തുടനീളം ക്ഷേത്ര ട്രസ്റ്റുകളുടെയോ മതസ്ഥാപനങ്ങളുടെയോ കൈവശമുള്ള സ്വർണം പണമാക്കുന്ന പദ്ധതി ആവിഷ്കരിക്കാന്‍ നീക്കമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന ഇത്തരം ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പൂർണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവും അടിസ്ഥാനരഹിതവുമാണ്.
ക്ഷേത്ര ഗോപുരങ്ങളിലെയും വാതിലുകളിലെയും മറ്റ് ക്ഷേത്ര നിർമിതികളിലെയും സ്വർണപ്പാളികൾ ‘ഇന്ത്യയുടെ തന്ത്രപ്രധാന സ്വർണശേഖര’മായി പരിഗണിക്കുമെന്ന് അവകാശപ്പെടുന്ന പ്രചാരണങ്ങളും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും പൂർണമായി അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കുന്നു.
ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അനാവശ്യ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തേക്കാം.
അംഗീകൃത സംവിധാനങ്ങള്‍ വഴി ഔദ്യോഗികമായി നല്‍കുന്ന ആശയവിനിമയങ്ങളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നയപരമായ തീരുമാനങ്ങളോ സർക്കാർ പദ്ധതികളോ സംബന്ധിച്ച വിവരങ്ങളെല്ലാം ഔദ്യോഗിക വാർത്താക്കുറിപ്പുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും മറ്റ് സ്ഥിരീകരിച്ച പൊതു ആശയവിനിമയ സംവിധാനങ്ങളിലൂടെയും പങ്കിടുന്നതായിരിക്കും.
*****
( റിലീസ് ഐ.ഡി: 2262608)
സന്ദര്‍ശക കൗണ്ടര്‍ : 17