ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്കുകയും നീതിയുക്തമല്ലാത്ത വ്യാപാര രീതികൾ പിന്തുടരുകയും ചെയ്ത കോച്ചിംഗ് സ്ഥാപനങ്ങൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിഴ ചുമത്തി
പോസ്റ്റഡ് ഓണ്‍:
15 MAY 2026 1:30PM by PIB Thiruvananthpuram
കോച്ചിംഗ് മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും നീതിയുക്തമല്ലാത്ത വ്യാപാര രീതികൾക്കുമെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) രാജ്യവ്യാപകമായി നടപടിയെടുക്കുന്നു. ഇതിൻ്റെ ഭാഗമായി കോച്ചിംഗ് സ്ഥാപനങ്ങൾക്കെതിരെ 60-ലധികം നോട്ടീസുകൾ അയയ്ക്കുകയും 1.39 കോടി രൂപയിലധികം പിഴ ചുമത്തുകയും ചെയ്തു.
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്കിയതിനും, നീതിയുക്തമല്ലാത്ത വ്യാപാര രീതികൾ പിന്തുടർന്നതിനും, ഉപഭോക്തൃ അവകാശങ്ങൾ ലംഘിച്ചതിനും മോഷൻ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിനെതിരെ 10 ലക്ഷം രൂപയും, സിക്കാറിലെ കരിയർ ലൈൻ കോച്ചിംഗിനെതിരെ 5 ലക്ഷം രൂപയും പിഴ ചുമത്തിക്കൊണ്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അന്തിമ ഉത്തരവുകൾ പുറപ്പെടുവിച്ചു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, കൂടാതെ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏതെങ്കിലും സാധനങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ നല്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ തീരുമാനം.
ചീഫ് കമ്മീഷണർ ശ്രീമതി നിധി ഖാരെ, കമ്മീഷണർ ശ്രീ അനുപം മിശ്ര എന്നിവർ നേതൃത്വം നല്കുന്ന കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, മോഷൻ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിനും സിക്കാറിലെ കരിയർ ലൈൻ കോച്ചിംഗിനുമെതിരെ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഐഐടി-ജെഇഇ, നീറ്റ് പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പ്രത്യേക കോഴ്‌സുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട്, ഈ കോച്ചിംഗ് സ്ഥാപനങ്ങൾ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുകയും അവരുടെ പേരുകളും ചിത്രങ്ങളും നേട്ടങ്ങളും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മോഷൻ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ കേസ്: താഴെപ്പറയുന്ന അവകാശവാദങ്ങളാണ് ഇവർ ഉന്നയിച്ചത് -
1) “ജെഇഇ അഡ്വാൻസ്ഡ് ഫലം 2025 : ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടിയ മോഷനിലെ വിദ്യാർത്ഥികളുടെ ശതമാനം 3231/6332 = 51.02%"
2) "ജെഇഇ (മെയിൻസ്) 65.8% - 6930/10532"
3) "മോഷൻ ഉണ്ടെങ്കിൽ വിജയം ഉറപ്പ്"
4) "നീറ്റ് ഫലം 2025: മോഷനിൽ നിന്നും യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ശതമാനം 6972/7645 = 91.2%"
5) "നീറ്റ് ഫലം 2025- ടോപ്പ് 500 അഖിലേന്ത്യാ റാങ്കുകളിൽ 19 എണ്ണവും (ജനറൽ, ഒബിസി വിഭാഗങ്ങളിൽ), ആദ്യ 100 റാങ്കുകളിൽ 7 എണ്ണവും നേടിയത് ഞങ്ങളുടെ വിദ്യാർഥികളാണ്."
ഔദ്യോഗിക വെബ്‌സൈറ്റ്, യൂട്യൂബ് ചാനൽ, ഇൻസ്റ്റാഗ്രാം അക്കൗണ്ട്, അച്ചടി മാധ്യമങ്ങൾ എന്നിവയിലൂടെ ഈ സ്ഥാപനം പ്രസിദ്ധീകരിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ സി.സി.പി.എ സ്വമേധയാ കേസെടുത്തു. വിജയികളായ വിദ്യാർത്ഥികൾ യഥാർത്ഥത്തിൽ പഠിച്ച കോഴ്‌സുകൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താതെ, സ്ഥാപനം അവരുടെ പേരുകളും ചിത്രങ്ങളും വ്യാപകമായി പ്രദർശിപ്പിക്കുകയും, ഒപ്പം സ്ഥാപനത്തിൻ്റെ പണമടച്ച് പങ്കെടുക്കേണ്ട പ്രോഗ്രാമുകളായ “ഫുൾ ടൈം ക്ലാസ്റൂം പ്രോഗ്രാം”, “റെസിഡൻഷ്യൽ പ്രോഗ്രാം”, “നർച്ചർ ബാച്ച്”, “എന്തൂസ് ബാച്ച്”, “ഡ്രോപ്പർ/ലീഡർ ബാച്ച്” തുടങ്ങിയവ പരസ്യം ചെയ്യുകയും ചെയ്തു എന്ന് സി.സി.പി.എ കണ്ടെത്തി.
പരസ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗവും “ഐ- ഏകലവ്യ (ഓൺലൈൻ)” കോഴ്‌സുകളിൽ ചേർന്നവരാണെന്ന് ഡയറക്ടർ ജനറൽ (ഇൻവെസ്റ്റിഗേഷൻ) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. “ഐ-ഏകലവ്യ” കോഴ്‌സ് എന്നത് ജെഇഇ , നീറ്റ് പരീക്ഷാർത്ഥികൾക്കായുള്ള ഒരു പ്രീമിയർ റാങ്കേഴ്‌സ് ബാച്ചാണെന്നും, ഇത് ഓൺലൈൻ, ഓഫ്‌ലൈൻ ഫോർമാറ്റുകളിൽ ലഭ്യമാണെന്നും, കൂടാതെ ടെസ്റ്റിൻ്റേയും അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് നല്കുന്നതെന്നും സി.സി.പി.എ നിരീക്ഷിച്ചു. എന്നിരുന്നാലും, ഈ സുപ്രധാന വിവരങ്ങൾ, അതായത് വിജയികളായ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത കോഴ്‌സ് ഏതാണെന്ന കാര്യം വെളിപ്പെടുത്തുന്നതിൽ പരസ്യങ്ങൾ പരാജയപ്പെട്ടു.
പരീക്ഷ കഴിഞ്ഞതിനുശേഷം സ്ഥാപനത്തിൽ ചേർന്ന ചില വിദ്യാർത്ഥികളുടെ പേരുകളും ചിത്രങ്ങളും ഈ സ്ഥാപനം ഉപയോഗിച്ചതായും, അതിലൂടെ പരസ്യ ആവശ്യങ്ങൾക്കായി അവരുടെ വിജയം തങ്ങളുടെ സ്ഥാപനത്തിൻ്റേതാണെന്ന് വ്യാജമായി വരുത്തിത്തീർത്തതായും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്നോ അവരുടെ മാതാപിതാക്കളിൽ നിന്നോ/രക്ഷാകർത്താക്കളിൽ നിന്നോ കൃത്യമായ അനുമതി വാങ്ങാതെയാണ് വിദ്യാർത്ഥികളുടെ പേരുകളും ചിത്രങ്ങളും ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ ആവർത്തിച്ചുള്ള അവസരങ്ങളും നിർദ്ദേശങ്ങളും നല്കിയിട്ടും, പരസ്യങ്ങളിൽ ഉന്നയിച്ച പല അവകാശവാദങ്ങളും തെളിയിക്കുന്നതിൽ ഈ സ്ഥാപനം പരാജയപ്പെട്ടതായി സി.സി.പി.എ കണ്ടെത്തി. വിജയികളായ വിദ്യാർത്ഥികൾ പഠിച്ച കോഴ്‌സുകളുടെ സ്വഭാവത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചത്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(28) പ്രകാരമുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും സെക്ഷൻ 2(47) പ്രകാരമുള്ള നീതിയുക്തമല്ലാത്ത വ്യാപാര രീതിയുമാണെന്ന് അതോറിറ്റി വിലയിരുത്തി.
സിക്കാറിലെ കരിയർ ലൈൻ കോച്ചിംഗിൻ്റെ (CLC) കേസ്: അവകാശവാദങ്ങൾ താഴെ പറയുന്ന പ്രകാരമായിരുന്നു -
1) "എംബിബിഎസ്, ഐഐടി തുടങ്ങിയവയിൽ സി.എൽ.സി-യിൽ നിന്നുള്ള 1650-ലധികം വിദ്യാർത്ഥികൾ"
2) "നീറ്റ് അഖിലേന്ത്യാ റാങ്കുകളിലെ ആദ്യ നൂറിൽ രണ്ടെണ്ണം സി.എൽ.സി-യിലെ വിദ്യാർത്ഥികൾക്ക്"
3) "ഡൽഹി എയിംസിലേക്ക് സി.എ.ൽ.സി-യിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ"
4) "6 സി.എൽ.സി വിദ്യാർത്ഥികൾ (720-ൽ) 710-ലധികം മാർക്ക് നേടി"
5) "അഖിലേന്ത്യാ റാങ്കുകളിലെ ആദ്യ 1000-ൽ ഫലത്തിൽ 7 ഇരട്ടി വർദ്ധനവ് "
6) "സിക്കാറിലെ ഏറ്റവും മികച്ച സി.എൽ.സി ; അഖിലേന്ത്യാ റാങ്കുകളിലെ ആദ്യ 1000-ൽ കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന 7 ഇരട്ടി വർദ്ധനവ്"
സിക്കാറിലെ കരിയർ ലൈൻ കോച്ചിംഗ് (CLC) അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും പത്രപ്പരസ്യങ്ങളിലൂടെയും പ്രസിദ്ധീകരിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ സി.സി.പി.എ സ്വമേധയാ കേസെടുത്തു. വിജയികളായ വിദ്യാർത്ഥികൾ യഥാർത്ഥത്തിൽ തെരഞ്ഞെടുത്ത കോഴ്‌സുകൾ ഏതൊക്കെയാണെന്ന സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട്, ഈ സ്ഥാപനം അത്തരം വിദ്യാർത്ഥികളെ വ്യാപകമായി പ്രദർശിപ്പിക്കുകയും ഒപ്പം തന്നെ വിവിധ ക്ലാസ്‌റൂം പ്രോഗ്രാമുകൾ പരസ്യം ചെയ്യുകയും ചെയ്തു എന്ന് സി.സി.പി.എ കണ്ടെത്തി.
രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ ആവർത്തിച്ചുള്ള അവസരങ്ങളും നിർദ്ദേശങ്ങളും നല്കിയിട്ടും, പരസ്യങ്ങളിൽ ഉന്നയിച്ച പല അവകാശവാദങ്ങളും തെളിയിക്കുന്നതിൽ ഈ സ്ഥാപനം പരാജയപ്പെട്ടതായി ഡയറക്ടർ ജനറൽ (ഇൻവെസ്റ്റിഗേഷൻ) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പരസ്യങ്ങളിൽ പേരുകളും ചിത്രങ്ങളും ഉപയോഗിച്ചിരുന്ന പല വിദ്യാർത്ഥികളും ടെസ്റ്റ് സീരീസ് കോഴ്‌സുകളിൽ മാത്രമാണ് ചേർന്നിരുന്നതെന്നും, ഈ വിവരം പരസ്യങ്ങളിൽ മനഃപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു.
"എംബിബിഎസ്, ഐഐടി തുടങ്ങിയവയിൽ സി.എൽ.സി-യിൽ നിന്നുള്ള 1650-ലധികം വിദ്യാർത്ഥികൾ" എന്ന തങ്ങളുടെ അവകാശവാദവുമായി ബന്ധപ്പെട്ട് ഈ സ്ഥാപനം പരസ്പരവിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് സി.സി.പി.എ നിരീക്ഷിച്ചു. ഈ കണക്ക് 1996 മുതലുള്ള മൊത്തം സെലക്ഷനുകളെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് തങ്ങളുടെ രേഖാമൂലമുള്ള സമർപ്പണത്തിൽ സ്ഥാപനം പ്രസ്താവിച്ചു, എന്നാൽ ഹിയറിംഗിൻ്റെ സമയത്ത് ഈ കണക്ക് 2024-ൽ മാത്രം ലഭിച്ചതാണെന്ന് അവർ അവകാശപ്പെട്ടു. ഇത്തരത്തിലുള്ള പരസ്പരവിരുദ്ധമായ സമർപ്പണങ്ങൾ പ്രസ്തുത അവകാശവാദത്തെ തെളിവുകളില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാക്കി മാറ്റിയതായി അതോറിറ്റി വിലയിരുത്തി.
കോച്ചിംഗ് മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള 2024-ലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിർബന്ധമാക്കിയിട്ടുള്ളത് പോലെ, ഫലം പ്രഖ്യാപിച്ചതിന് ശേഷം വിജയികളായ വിദ്യാർത്ഥികളിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ രണ്ട് സ്ഥാപനങ്ങളും പരാജയപ്പെട്ടതായും അതോറിറ്റി കണ്ടെത്തി.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉടനടി നിർത്തലാക്കാനും, ഭാവിയിൽ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും, ഭാവിയിലെ പരസ്യങ്ങളിൽ സത്യസന്ധവും പൂർണ്ണവുമായ വിവരങ്ങൾ വെളിപ്പെടുത്താനും സി.സി.പി.എ ഇരു കോച്ചിംഗ് സ്ഥാപനങ്ങൾക്കും നിർദ്ദേശം നല്കിയിരുന്നു. എന്നിരുന്നാലും, സി.സി.പി.എ പുറപ്പെടുവിച്ച ഉത്തരവുകളെ ചോദ്യം ചെയ്തുകൊണ്ട് ഇരു സ്ഥാപനങ്ങളും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ (NCDRC) അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കൾക്ക് വിവരങ്ങൾ അറിയാനുള്ള അവകാശം നല്കുന്നുണ്ട്, ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുന്ന സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഇതിൽ ഉൾപ്പെടുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഈ അവകാശത്തെ ദുർബലപ്പെടുത്തുകയും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് പരീക്ഷാർത്ഥികൾ തങ്ങളുടെ വിലയേറിയ സമയവും അധ്വാനവും സാമ്പത്തിക സ്രോതസ്സുകളും നിക്ഷേപിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നു.
വിജയികളായ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പ്രത്യേക കോഴ്‌സുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ മറച്ചുവെക്കുന്നത്, അതായത്, അത്തരം വിദ്യാർത്ഥികൾ ഫുൾ ടൈം ക്ലാസ്റൂം പ്രോഗ്രാമുകളിലാണോ, ഓൺലൈൻ കോഴ്‌സുകളിലാണോ, ഫൗണ്ടേഷൻ ബാച്ചുകളിലാണോ, ക്രാഷ് കോഴ്‌സുകളിലാണോ അതോ ടെസ്റ്റ് സീരീസുകളിൽ മാത്രമാണോ പങ്കെടുത്തത് എന്ന കാര്യം വെളിപ്പെടുത്താതിരിക്കുന്നത്, ഈ നിയമപ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൻ്റെ പരിധിയിൽ വരുമെന്ന് സി.സി.പി.എ നിരീക്ഷിച്ചു.
വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കോച്ചിംഗ് മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും നീതിയുക്തമല്ലാത്ത വ്യാപാര രീതികൾക്കുമെതിരെ സി.സി.പി.എ ഇതുവരെ അറുപതിലധികം നോട്ടീസുകൾ കോച്ചിംഗ് സ്ഥാപനങ്ങൾക്ക് അയച്ചിട്ടുണ്ട്. വിശദമായ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷം, യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷ , ഐഐടി-ജെഇഇ, നീറ്റ് , ആർ.ബി.ഐ തുടങ്ങിയ മത്സരപരീക്ഷകൾക്ക് പരിശീലനം നല്കുന്ന 31 കോച്ചിംഗ് സ്ഥാപനങ്ങൾക്ക് 1.39 കോടിയിലധികം രൂപ സി.സി.പി.എ പിഴ ചുമത്തിയിട്ടുണ്ട്.
(അന്തിമ ഉത്തരവ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്: https://doca.gov.in/ccpa/orders-advisories.php?page_no=1)
*****
( റിലീസ് ഐ.ഡി: 2261540)
സന്ദര്‍ശക കൗണ്ടര്‍ : 11