പരിസ്ഥിതി, വനം മന്ത്രാലയം
അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ് ഉച്ചകോടിക്ക് മുന്നോടിയായുള്ള 'ലയൺ' സ്പീഷീസ് സ്പോട്ട്ലൈറ്റ് പരിപാടി, ഗുജറാത്തിലെ സാസൻ ഗിറിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
14 MAY 2026 12:09PM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് ഗുജറാത്തിലെ സാസൻ ഗിറിൽ 'ലയൺ' സ്പീഷീസ് സ്പോട്ട്ലൈറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസ് (ഐ.ബി.സി.എ) ഉച്ചകോടി 2026-ന് മുന്നോടിയായി സംഘടിപ്പിക്കുന്ന സ്പീഷീസ് പരിപാടികളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ വീഡിയോ കോൺഫറൻസിംഗിലൂടെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗുജറാത്ത് സംസ്ഥാന വനം വകുപ്പ് മന്ത്രി ശ്രീ അർജുൻ മോധ്വാഡിയ, വനം വകുപ്പ് സഹമന്ത്രി (ഗുജറാത്ത്) ശ്രീ പ്രവീൺ മാലി എന്നിവർക്ക് പുറമെ ഐ.ബി.സി.എ, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ബിഗ് ക്യാറ്റ് സംരക്ഷണത്തിനായുള്ള ശ്രദ്ധേയമായ ചുവടുവെയ്പ്പായി ഐ.ബി.സി.എ രൂപീകരിക്കുന്നതിലേക്ക് നയിച്ച 'വസുധൈവ കുടുംബകം' എന്ന ദർശനത്തിന് ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് തൻ്റെ പ്രസംഗത്തിൽ നന്ദി അറിയിച്ചു. ബിഗ് ക്യാറ്റ് സംരക്ഷണവുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന ആഗോള അവബോധത്തിന് ഈ ദർശനം കാരണമായതായും അദ്ദേഹം പറഞ്ഞു.
ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണത്തിൽ സാമൂഹിക പങ്കാളിത്തത്തിനുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് ശ്രീ പട്ടേൽ എടുത്തുപറഞ്ഞു. സിംഹങ്ങൾ ഈ പ്രദേശത്തെ ജനകീയ സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും, ഇത് ഗിറിലെ ഏഷ്യൻ സിംഹങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാരിസ്ഥിതിക സമീപനത്തിലൂടെ സാമ്പത്തിക പുരോഗതിയും വന്യജീവി സംരക്ഷണവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണമായി ഗിർ നിലകൊള്ളുന്നുവെന്ന് ശ്രീ പട്ടേൽ വ്യക്തമാക്കി. ഏഷ്യൻ സിംഹങ്ങളുടെ സ്വാഭാവിക വ്യാപനത്തിനായുള്ള പുതിയ കേന്ദ്രമായി ബർദ വന്യജീവി സങ്കേതം വികസിപ്പിക്കുന്നത് ഉൾപ്പെടെ, വിവിധ ബിഗ് ക്യാറ്റ് സംരക്ഷണ പദ്ധതികൾക്ക് കീഴിൽ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ 2026 ജൂൺ 1, 2 തീയതികളിൽ ന്യൂഡൽഹിയിൽ ഇന്ത്യ ആദ്യമായി ഐ.ബി.സി.എ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്നും ഇതോടനുബന്ധിച്ച് ജൂൺ 1, 2 തീയതികളിൽ സാങ്കേതിക സെഷനുകൾ നടക്കുമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ശ്രീ ഭൂപേന്ദർ യാദവ് അറിയിച്ചു. 'ബിഗ് ക്യാറ്റുകളെ സംരക്ഷിക്കുക, മനുഷ്യരാശിയെ സംരക്ഷിക്കുക, ആവാസവ്യവസ്ഥയെ സംരക്ഷിക്കുക' എന്ന ടാഗ്‌ലൈനോടെയുള്ള ഈ ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാർ, ഗവണ്മെന്റ് പ്രതിനിധികൾ, മന്ത്രിമാർ, നയരൂപകർത്താക്കൾ, ശാസ്ത്രജ്ഞർ, സംരക്ഷണ പ്രവർത്തകർ, ബഹുരാഷ്ട്ര ഏജൻസികൾ, ധനകാര്യ സ്ഥാപനങ്ങൾ, പങ്കാളിത്ത സംഘടനകൾ എന്നിവരെ കൂടാതെ ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ 95 റേഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 400 പ്രതിനിധികളും ഒത്തുചേരുമെന്ന് അദ്ദേഹം പറഞ്ഞു. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നീ ഏഴ് വലിയ പൂച്ച ഇനങ്ങളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര സഹകരണത്തിലൂടെയും ശാസ്ത്രീയവും സാങ്കേതികവുമായ കൂട്ടായ്മകളിലൂടെയും പ്രവർത്തിക്കുന്ന ഒരു ആഗോള സഖ്യമായാണ് ഐ.ബി.സി.എ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യത്തിൻ്റേയും പ്രകൃതിയോടുള്ള കരുതലിൻ്റേയും വന്യജീവി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയുടേയും ജീവിക്കുന്ന അടയാളമായാണ് കേന്ദ്രമന്ത്രി സാസൻ ഗിറിനെ വിശേഷിപ്പിച്ചത്. ഗിറിലെ സിംഹങ്ങൾ ഗുജറാത്തിൻ്റെ മാത്രമല്ല, മറിച്ച് മുഴുവൻ രാജ്യത്തിൻ്റേയും, അഭിമാനത്തിൻ്റേയും ധീരതയുടേയും പ്രകൃതി പൈതൃകത്തിൻ്റേയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ഏഷ്യൻ സിംഹങ്ങളുടെ എണ്ണം കണക്കാക്കുന്നതിനുള്ള നടപടി, ജുനഗഡിലെ നാഷണൽ വൈൽഡ് ലൈഫ് റഫറൽ സെൻ്റർ, ഏഷ്യൻ സിംഹങ്ങളുടെ സ്വാഭാവിക വ്യാപനത്തിനായി ബർദ ദേശീയ വന്യജീവി സങ്കേതം വികസിപ്പിക്കുക തുടങ്ങിയ വിവിധ പദ്ധതികൾ ദൗത്യാടിസ്ഥാനത്തിൽ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ലയൺ' സ്പീഷീസ് സ്പോട്ട്ലൈറ്റ് പരിപാടി, സിംഹങ്ങളുടെ ആഗോള സംരക്ഷണ പദവിയും ജീവിവർഗ്ഗങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളും എടുത്തു കാണിക്കുന്നതാണെന്ന് ശ്രീ യാദവ് പറഞ്ഞു. ഇന്ത്യയുടെ വിജയകരമായ സിംഹ സംരക്ഷണ മാതൃക പ്രദർശിപ്പിക്കുക, റേഞ്ച് രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക, ആവാസവ്യവസ്ഥയിലെ സമ്മർദ്ദങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ-വന്യജീവി ഇടപെടലുകൾ എന്നിവ പോലുള്ള ഉയർന്നുവരുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുക, കൂടാതെ അറിവ് പങ്കിടലും ശേഷി വികസനവും ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രതീകാത്മകവും സാമൂഹികവുമായ ബിഗ് ക്യാറ്റ് ഇനങ്ങളിൽ ഒന്നായി സിംഹങ്ങളെ വിശേഷിപ്പിച്ച ശ്രീ യാദവ്, സസ്യഭുക്കുകളായ ജീവികളുടെ എണ്ണം നിയന്ത്രിക്കുക, ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുക, ജൈവവൈവിധ്യത്തേയും ജീവിവർഗ്ഗങ്ങൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളേയും രൂപപ്പെടുത്തുക എന്നിവയിലൂടെ സുപ്രധാന പാരിസ്ഥിതിക പങ്ക് വഹിക്കുന്ന മുൻനിര വേട്ടക്കാരാണ് സിംഹങ്ങളെന്ന് പറഞ്ഞു. ആവാസവ്യവസ്ഥയുടെ നഷ്ടവും നാശവും കാരണം ആഗോളതലത്തിൽ സിംഹങ്ങളുടെ എണ്ണത്തിൽ 30 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ടെന്നും, എന്നാൽ ഏഷ്യൻ സിംഹങ്ങൾ ഇന്ത്യയിലെ ഗിർ ഭൂപ്രദേശത്ത് ഒരു ഒറ്റപ്പെട്ട വന്യജീവി സമൂഹമായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വിജയകരമായ വന്യജീവി സംരക്ഷണ നേട്ടത്തെ എടുത്തുകാണിച്ചുകൊണ്ട്, ഗ്രേറ്റർ ഗീർ ഭൂപ്രദേശത്തെ സിംഹങ്ങളുടെ എണ്ണം 2025-ൽ ഏകദേശം 891 ആയി ഉയർന്നുവെന്നും, ഇത് 2020-നെ അപേക്ഷിച്ച് 32 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും ശ്രീ യാദവ് അറിയിച്ചു. ഫലപ്രദമായ സംരക്ഷണ-മാനേജ്‌മെൻ്റ് ശ്രമങ്ങൾ ഗിർ ഭൂപ്രദേശത്തെ നിരവധി മേഖലകളിൽ സിംഹങ്ങളുടെ ഉപവിഭാഗങ്ങളുടെ എണ്ണം സ്ഥിരപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. CITES-ൻ്റെ അനുബന്ധം-I, 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഷെഡ്യൂൾ-I എന്നിവയ്ക്ക് കീഴിൽ ഏഷ്യൻ സിംഹങ്ങൾക്ക് ഏറ്റവും ഉയർന്ന തലത്തിലുള്ള നിയമ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2020-ൽ കേന്ദ്ര ഗവൺമെൻറ് ആരംഭിച്ച 'പ്രൊജക്റ്റ് ലയൺ', ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, വന്യജീവികളുടെ എണ്ണം സംബന്ധിച്ച മാനേജ്‌മെൻ്റ്, പാരിസ്ഥിതിക പ്രതിരോധശേഷി എന്നിവയിലൂടെ ഏഷ്യൻ സിംഹങ്ങളുടെ ദീർഘകാല സംരക്ഷണത്തിനായി സമഗ്രമായ ഒരു ഭൂപരിധി അധിഷ്ഠിത സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ബിഗ് ക്യാറ്റുകളുടേയും അവയുടെ ആവാസവ്യവസ്ഥകളുടേയും സുശക്തമായ സാമൂഹിക-പാരിസ്ഥിതിക ഭാവി ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര സഹകരണം, പൊതുജന ബോധവൽക്കരണം, അറിവ് പങ്കിടൽ, മികച്ച സംരക്ഷണ രീതികൾ നടപ്പിലാക്കൽ എന്നിവയെ ഐ.ബി.സി.എ ഉച്ചകോടി 2026 കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ശ്രീ യാദവ് പറഞ്ഞു.
ചടങ്ങിൽ, വിശിഷ്ട വ്യക്തികൾ സിംഹ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ബ്രോഷർ പ്രകാശനം ചെയ്തു. ഇതുകൂടാതെ, ബിഗ് ക്യാറ്റുകളുടെ സംരക്ഷണത്തിനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണങ്ങളും വിദ്യാഭ്യാസ ചിത്രങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഈ ചടങ്ങിൽ പങ്കെടുത്തു.
(रिलीज़ आईडी: 2261330)
आगंतुक पटल : 10