യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വികസിത് വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാം 2026-ൻ്റെ ദേശീയ ക്വിസ് മത്സരത്തിന് തുടക്കമായി

മികച്ച പ്രകടനം കാഴ്ചവച്ച യുവാക്കൾക്ക് 2026 ജൂണിൽ അതിർത്തി ഗ്രാമ വികസന പരിപാടിയിൽ പങ്കെടുക്കാൻ അവസരം.

പോസ്റ്റഡ് ഓണ്‍: 13 MAY 2026 11:31AM by PIB Thiruvananthpuram
കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന്റെ  സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള 'വികസിത് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (VVVP) 2026'-ന്റെ ദേശീയതല ക്വിസ് മത്സരങ്ങൾ ആരംഭിച്ചു. MY Bharat പോർട്ടൽ വഴിയാണ് മത്സരം  സംഘടിപ്പിക്കുന്നത്.2026 ജൂണിൽ നടക്കാനിരിക്കുന്ന 'അതിർത്തി ഗ്രാമ ഇടപെടൽ പരിപാടിയിൽ' യുവാക്കളുടെ പങ്കാളിത്തത്തിനുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പാണ് ഈ ക്വിസ് വഴി നടക്കുന്നത്.

ലേ-ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ പ്രധാന അതിർത്തി പ്രദേശങ്ങളിലെ  ഗ്രാമ വികസനത്തെക്കുറിച്ചുള്ള അടിത്തട്ടിലുള്ള പങ്കാളിത്തം, കമ്മ്യൂണിറ്റി ഇടപെടൽ, സാംസ്കാരിക കൈമാറ്റം, അവബോധം എന്നിവ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട്  യുവാക്കൾ നയിക്കുന്ന ഒരു ദേശീയ സംരംഭമാണ് വിക്‌സിത് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം 2026.

വികസിത് വൈബ്രന്റ് വില്ലേജസ്' പദ്ധതിയുടെ ഭാഗമായി 2026 മെയ് 10 ന് ആരംഭിച്ച  ഓൺലൈൻ ക്വിസ് മത്സരം  മെയ് 20 വരെ നടക്കും. രാജ്യത്തെമ്പാടുമുള്ള യുവാക്കൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. അതിർത്തി ഗ്രാമങ്ങളുടെ വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനൊപ്പം രാഷ്ട്രനിർമ്മാണത്തിലും അതിർത്തി സംരക്ഷണ പ്രവർത്തനങ്ങളിലും യുവജന പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അതിർത്തി ഗ്രാമ പരിവർത്തനം, പ്രാദേശിക സംസ്കാരം, പരിസ്ഥിതി അവബോധം, ഭരണ സംരംഭങ്ങൾ, സമൂഹ പങ്കാളിത്തം, അതിർത്തി പ്രദേശങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ എന്നിവയെക്കുറിച്ച്  യുവാക്കളെ ബോധവാന്മാരാക്കുന്നതിനൊപ്പം, അവരെ വികസന പ്രക്രിയയുടെ ഭാഗമാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

ക്വിസ് പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുടെ യോഗ്യതയും ഫിറ്റ്നസ് വിലയിരുത്തലും നടത്തും .  തുടർന്ന് 2026 ജൂണിൽ നടത്തുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന വിക്സിത് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 500 മൈ ഭാരത് വോളന്റിയർമാരെ തിരഞ്ഞെടുക്കും.

തിരഞ്ഞെടുക്കപ്പെടുന്ന 500 യുവ വോളന്റിയർമാർ അതിർത്തി ഗ്രാമങ്ങളിൽ വൈവിധ്യമാർന്ന സാമൂഹിക വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകും.സ്വച്ഛതാ ഡ്രൈവുകൾ, യുവജന ഇടപെടൽ പരിപാടികൾ, പരിസ്ഥിതി സംരംഭങ്ങൾ, സാംസ്കാരിക വിനിമയ പ്രവർത്തനങ്ങൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ, കരിയർ കൗൺസിലിംഗ് സെഷനുകൾ, അടിസ്ഥാന വികസനത്തിലും ദേശീയ സംയോജനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അനുഭവ പഠന അവസരങ്ങൾ എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ യുവാക്കളെ സജീവ പങ്കാളികളാക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. കരുത്തുറ്റതും സുരക്ഷിതവുമായ അതിർത്തി ഗ്രാമങ്ങൾ രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും വളർച്ചയ്ക്കും എത്രത്തോളം പ്രധാനമാണെന്ന ബോധ്യം യുവതലമുറയിൽ സൃഷ്ടിക്കാൻ ഈ പരിപാടി സഹായിക്കും.

താൽപ്പര്യമുള്ള യുവാക്കൾക്ക്  മൈ ഭാരത് പോർട്ടൽ  (mybharat.gov.in) വഴി ക്വിസിൽ പങ്കെടുക്കാം.
 
***
 
 

( റിലീസ് ഐ.ഡി: 2260581) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: Telugu , Bengali-TR , Kannada , English , Urdu , हिन्दी , Manipuri , Gujarati