പ്രധാനമന്ത്രിയുടെ ഓഫീസ്
ഹൈദരാബാദിൽ 9,400 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
തെലങ്കാനയിലുടനീളം മികച്ച അടിസ്ഥാന സൗകര്യങ്ങളും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും സാധ്യമാക്കുന്നതിനുള്ള പ്രധാന മുന്നേറ്റമാണിത്: പ്രധാനമന്ത്രി
ഇന്ത്യ ഇന്ന് പരിഷ്കരണ എക്സ്പ്രസ്സിൽ മുന്നേറുകയാണ്; അതോടൊപ്പം ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
ഇന്ത്യ ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായിരുന്ന കാലത്ത് നമ്മുടെ വസ്ത്രവ്യവസായം വലിയ പങ്കുവഹിച്ചിരുന്നു; ഇപ്പോൾ ആ പൈതൃകത്തെ നമ്മൾ വീണ്ടും ശക്തിപ്പെടുത്തുകയാണ്. വാറങ്കലിലെ പി.എം മിത്ര പാർക്ക് രാജ്യത്തെ വസ്ത്രവിപ്ലവത്തെ ത്വരിതപ്പെടുത്തും: പ്രധാനമന്ത്രി
കഴിഞ്ഞ 12 വർഷമായി, ആധുനിക കണക്റ്റിവിറ്റിയും ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന മുൻഗണനയാണ്; റോഡുകളായാലും റെയിൽവേയായാലും വിമാനത്താവളങ്ങളായാലും കണക്റ്റിവിറ്റിയുടെ എല്ലാ മേഖലകളിലും അഭൂതപൂർവമായ നിക്ഷേപം നടക്കുന്നു: പ്രധാനമന്ത്രി
ഊർജ്ജ സുരക്ഷയുടെ പ്രാധാന്യം ഇന്ന് ലോകമെമ്പാടുമുള്ള ഓരോ വ്യക്തിയും തിരിച്ചറിയുന്നുണ്ട്; തൽഫലമായി, ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെന്റ് സമാനതകളില്ലാത്ത നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
10 MAY 2026 5:59PM by PIB Thiruvananthpuram
തെലങ്കാനയിലെ ഹൈദരാബാദിൽ ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ദേശീയവും ആഗോളവുമായി പ്രാധാന്യമുള്ള കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിന്റെ പരിവർത്തനപരമായ പങ്ക് എടുത്തുപറഞ്ഞു. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിൽ ഈ മേഖലയ്ക്കുള്ള നിർണ്ണായക പങ്ക് അടിവരയിട്ട അദ്ദേഹം, ഇന്ന് ആരംഭിച്ച ബൃഹത്തായ പദ്ധതികൾ തെലങ്കാനയെ എങ്ങനെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് വിശദീകരിച്ചു. പദ്ധതികൾ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഈ പദ്ധതികളുടെ പേരിൽ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചു.
വിവിധ മേഖലകളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പരിഷ്കരണ എക്സ്പ്രസ്സിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതി എടുത്തുപറഞ്ഞ പ്രധാനമന്ത്രി, സഹീറാബാദ് വ്യവസായ മേഖലയെ ഈ പരിവർത്തനത്തിന്റെ ആണിക്കല്ലായി വിശേഷിപ്പിച്ചു. വ്യവസായ ഇടനാഴികൾ വികസിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ദേശീയ ദൗത്യത്തിന്റെ പ്രതിഫലനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്നുവരുന്ന ഈ സമുച്ചയം ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, മികച്ച വൈദ്യുതി വിതരണം, അത്യാധുനിക ഐ.സി.ടി ശൃംഖലകൾ എന്നിവയോടെ ഒരു വ്യാവസായിക സ്മാർട്ട് സിറ്റി ആയി പ്രവർത്തിക്കുമെന്നും, ആഗോള നിക്ഷേപകർക്ക് പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള വലിയ സാമ്പത്തിക പ്രതിബദ്ധതയെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള ആയിരക്കണക്കിന് കോടി രൂപ ഈ സൗകര്യങ്ങൾക്കായി വിനിയോഗിക്കുമെന്നും ഇത് തെലങ്കാനയിലെയും ഹൈദരാബാദിലെയും ആയിരക്കണക്കിന് യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നിരീക്ഷിച്ചു. ഇതിന്റെ ഗുണഫലങ്ങളെക്കുറിച്ച് സംസാരിക്കവേ, "ഇവിടെ നിർമ്മിക്കുന്ന വാഹനങ്ങളും യന്ത്രസാമഗ്രികളും,ഈ മേഖലയിൽ സ്ഥാപിക്കുന്ന ഭക്ഷ്യസംസ്കരണ വ്യവസായങ്ങളും തെലങ്കാനയിലെ തൊഴിലാളികളെയും കർഷകരെയും ഒരുപോലെ ശാക്തീകരിക്കും, "ശ്രീ മോദി എടുത്തുപറഞ്ഞു.
ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായിരുന്ന കാലത്ത് വസ്ത്രവ്യവസായം വഹിച്ചിരുന്ന പരിവർത്തനപരമായ പങ്ക് അനുസ്മരിച്ച പ്രധാനമന്ത്രി, ആധുനിക സംരംഭങ്ങളിലൂടെ ഈ തന്ത്രപ്രധാന മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ഉറപ്പിച്ചു പറഞ്ഞു. വാറങ്കലിലെ പി.എം മിത്ര പാർക്ക് ദേശീയ വസ്ത്രവിപ്ലവത്തിന് എങ്ങനെ പ്രേരകമാകുമെന്നും പി.എൽ.ഐ പദ്ധതി ഉൾപ്പെടെയുള്ള കേന്ദ്ര ഗവൺമെൻറ് പദ്ധതികളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട യൂണിറ്റുകൾക്ക് സമഗ്രമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. ഗുണഭോക്തൃ സംരംഭങ്ങൾ ഇതിനകം തന്നെ പി.എൽ.ഐ പദ്ധതിയുടെ പിന്തുണ പ്രയോജനപ്പെടുത്തി തുടങ്ങിയെന്ന് അദ്ദേഹം നിരീക്ഷിച്ചു. "ഈ ടെക്സ്റ്റൈൽ പാർക്ക് വലിയൊരു വിഭാഗം ആളുകൾക്ക്, പ്രത്യേകിച്ച് നമ്മുടെ സഹോദരിമാർക്കും പുത്രിമാർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കും."ശ്രീ മോദി എടുത്തുപറഞ്ഞു.
റോഡുകൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ എന്നിവയിലുടനീളം ആധുനിക കണക്റ്റിവിറ്റി അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി ഇന്ത്യാഗവൺമെന്റ് നടത്തിയ 12 വർഷത്തെ അഭൂതപൂർവമായ നിക്ഷേപ പാതയെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ദേശീയ പാത വികസനത്തിന് മാത്രം ഏകദേശം ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഈ ദേശീയ ശ്രദ്ധയിൽ നിന്ന് തെലങ്കാന ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ 12 വർഷത്തിനിടെ സംസ്ഥാനത്തിന്റെ ദേശീയ പാത ശൃംഖല ഇരട്ടിയായി ഉയർന്നതായും അദ്ദേഹം നിരീക്ഷിച്ചു. യാത്രാ സമയവും ഗതാഗത ചെലവും കുറയ്ക്കുന്ന തെലങ്കാന-കർണാടക ദേശീയ പാത വീതികൂട്ടൽ പദ്ധതിയിൽനിന്ന് ഉടനടി ലഭിക്കുന്ന നേട്ടങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞ അദ്ദേഹം, വ്യവസ്ഥാപിത അടിസ്ഥാനസൗകര്യ നിക്ഷേപത്തിന്റെ സ്വാധീനം ഇതിൽ പ്രതിഫലിക്കുന്നതായും അഭിപ്രായപ്പെട്ടു. "തെലങ്കാനയെയും കർണാടകയെയും ബന്ധിപ്പിക്കുന്ന ദേശീയ പാത വീതികൂട്ടുന്നത് വലിയ സൗകര്യമൊരുക്കും" - ശ്രീ മോദി പറഞ്ഞു.
തെലങ്കാനയുടെ റെയിൽവേ നിക്ഷേപത്തിൽ 2014 ന് മുമ്പുള്ള അടിസ്ഥാന വിവരങ്ങളുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി ഗണ്യമായ വർദ്ധന ചൂണ്ടിക്കാട്ടി. 2014 ന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശിന്റെ റെയിൽവേ ബജറ്റ് ആയിരം കോടി രൂപയിൽ താഴെയായിരുന്നുവെങ്കിൽ, തെലങ്കാനയുടെ നിലവിലെ വാർഷിക റെയിൽവേ വിഹിതം 5500 കോടി രൂപയിൽ അധികമാണ്. ഏകദേശം 50,000 കോടി രൂപയുടെ റെയിൽവേ പദ്ധതികൾ ഒരേസമയം നടപ്പിലാക്കുന്നുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം, ആധുനിക റെയിൽ ഗതാഗതത്തിലെ പരിവർത്തനത്തിന്റെ ഉദാഹരണമായ അഞ്ച് വന്ദേ ഭാരത്, ആറ് അമൃത് ഭാരത് ട്രെയിനുകൾ എന്നിവ തെലങ്കാനയ്ക്ക് സേവനം നൽകുന്നതും എടുത്തുപറഞ്ഞു. കാസിപേട്ട്-വിജയവാഡ മൾട്ടി-ട്രാക്കിംഗ് പദ്ധതിയുടെ തിരഞ്ഞെടുത്ത ഭാഗങ്ങളുടെ ഉദ്ഘാടനവും കാസിപേട്ട് റെയിൽ അടിപ്പാതയുടെ സമർപ്പണവും പരാമർശിച്ച്, "ഈ സൗകര്യങ്ങൾ യാത്ര എളുപ്പമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും" എന്ന് ശ്രീ മോദി പറഞ്ഞു.
ഊർജ വിതരണത്തിലെ തടസ്സങ്ങൾ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളെയും നിർത്തിവയ്ക്കാൻ കാരണമാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാഹചര്യത്തിൽ, ഊർജ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ഓരോ വ്യക്തിയും ഇപ്പോൾ ഊർജസുരക്ഷയുടെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാഗവൺമെന്റ് അഭൂതപൂർവമായ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൽക്കാപൂരിലെ ഇന്ത്യൻ ഓയിലിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം തന്ത്രപരമായ സുപ്രധാന ചുവടുവയ്പ്പായി അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര പ്രാദേശിക വികസനത്തിൽ ഈ പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ച ശ്രീ മോദി, "ഈ ടെർമിനൽ തെലങ്കാനയുടെ വർദ്ധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യും" എന്ന് വ്യക്തമാക്കി.
സമീപ വർഷങ്ങളിൽ ആഗോള സൗരോർജ ഉൽപ്പാദക രാജ്യങ്ങളുടെ മുൻനിരയിലേക്കുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ ഉയർച്ചഎടുത്തുകാട്ടി, പെട്രോളിൽ എഥനോൾ മിശ്രണം ചെയ്യുന്നതിന്റെ അഭൂതപൂർവമായ പുരോഗതി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവൺമെന്റിന്റെ ഊർജ വൈവിധ്യവൽക്കരണ തന്ത്രത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സാർവത്രിക എൽപിജി ലഭ്യതയ്ക്ക് നൽകിയ പ്രാരംഭ ഊന്നൽ പിന്നീട്, പൈപ്പ് വഴി കുറഞ്ഞ വിലയ്ക്ക് പ്രകൃതിവാതക വിതരണം പ്രോത്സാഹിപ്പിക്കുന്നതിലേക്കും രാജ്യവ്യാപകമായി സിഎൻജി അധിഷ്ഠിത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലേക്കുമായി എങ്ങനെ വികസിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവിലെ ആഗോള ഊർജ പ്രതിസന്ധിയെ മറികടക്കാൻ ഇത്തരം സമഗ്ര സംരംഭങ്ങൾ ഇന്ത്യയെ പ്രാപ്തമാക്കുന്നുവെന്ന് അംഗീകരിച്ച പ്രധാനമന്ത്രി, ഊർജ സംരക്ഷണത്തിന്റെ അനിവാര്യതയ്ക്കും ഊന്നൽ നൽകി. ഇറക്കുമതി ചെയ്യുന്ന ഊർജ ഉൽപ്പന്നങ്ങൾ യഥാർത്ഥ ആവശ്യകതയ്ക്ക് അനുസൃതമായി വിവേകപൂർവ്വം ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവേക പൂർണമായ ഉപയോഗത്തിന്റെ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, "വിദേശ കറൻസി ലാഭിക്കുന്നതിനും യുദ്ധ പ്രതിസന്ധികളുടെ പ്രതികൂല സ്വാധീനം കുറയ്ക്കുന്നതിനും ആവശ്യമുള്ളത്ര മാത്രം ഉപയോഗിക്കാൻ നാം ശ്രമിക്കണം" എന്ന് പറഞ്ഞു.
തെലങ്കാനയിലെ യുവാക്കളെ പുതിയ അഭിലാഷങ്ങളുടെ ശിൽപ്പികളായും സംസ്ഥാനത്തെ കർഷക സമൂഹങ്ങളെ നവ പ്രതീക്ഷയുടെ വാഹകരായും വിശേഷിപ്പിച്ച പ്രധാനമന്ത്രി, വികസിത തെലങ്കാന കെട്ടിപ്പടുക്കുന്നതിന് അർത്ഥവത്തായ സംഭാവന നൽകാൻ വ്യവസായങ്ങൾ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവ നടത്തുന്ന കൂട്ടായ പ്രവർത്തനത്തെയും അംഗീകരിച്ചു. തെലങ്കാനയുടെ വികസനം ദേശീയ വികസനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന അടിസ്ഥാന തത്വം വ്യക്തമാക്കിയ അദ്ദേഹം, സംസ്ഥാനത്തിന്റെ അഭിവൃദ്ധിയും രാജ്യത്തിന്റെ അഭിവൃദ്ധിയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്തെ പൗരന്മാരുടെ പൊതു സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനായി വികസന കേന്ദ്രീകൃത ശ്രമങ്ങൾ ഇന്ത്യാഗവൺമെന്റ് തുടരുമെന്ന് തെലങ്കാനയിലുടനീളമുള്ള ഓരോ കുടുംബത്തിനും ഉറപ്പ് നൽകി, പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തു. "കാരണം തെലങ്കാന വികസിച്ചാൽ ഇന്ത്യയും വികസിക്കും" - ശ്രീ മോദി വ്യക്തമാക്കി.
-NK-
( റിലീസ് ഐ.ഡി: 2259599)
സന്ദര്‍ശക കൗണ്ടര്‍ : 7