ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പ്രാഥമികാരോഗ്യ സംരക്ഷണ സംഘങ്ങള്‍ക്ക് ഏകീകൃത ചട്ടക്കൂടിന് കീഴിൽ സംയോജിത പരിശീലനത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
08 MAY 2026 12:19PM by PIB Thiruvananthpuram
സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണത്തിന്റെ പ്രതിബദ്ധതയിലൂന്നി, മുൻനിര ആരോഗ്യ സേവനദാതാക്കളുടെ കഴിവുകൾ മെച്ചപ്പെടുത്താനായി ആവിഷ്കരിച്ച പ്രാഥമികാരോഗ്യ സംരക്ഷണ സംഘങ്ങളുടെ സംയോജിത പരിശീലനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ ഉദ്ഘാടനം ചെയ്തു. "നൂതനാശയങ്ങളും ഉൾച്ചേർക്കലും: ഇന്ത്യയുടെ ആരോഗ്യ ഭാവിയെ രൂപപ്പെടുത്തുന്ന മികച്ച മാതൃകകൾ" എന്ന വിഷയത്തിൽ അടുത്തിടെ സമാപിച്ച പത്താമത് ദേശീയ ഉച്ചകോടിയിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
വികേന്ദ്രീകൃത ശേഷിവികസന രീതിയിൽ നിന്ന് ഏകീകൃതവും ഘടനാപരവും കാര്യക്ഷമവുമായ ചട്ടക്കൂടിലേക്കുള്ള നിർണായക മാറ്റത്തെയാണ് പ്രാഥമികാരോഗ്യ സംരക്ഷണ സംഘങ്ങളുടെ സംയോജിത പരിശീലനം അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ മുൻനിര ആരോഗ്യ പ്രവർത്തകരെ ആത്മവിശ്വാസമുള്ള സേവനദാതാക്കളാക്കി മാറ്റുന്ന ഈ സംരംഭം അരികുവൽക്കരിക്കപ്പെട്ട ഇടങ്ങളില്‍ ജനകേന്ദ്രീകൃതമായ സമഗ്ര പരിചരണം ഉറപ്പാക്കും.
ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന നിക്ഷേപങ്ങളിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ്. സമീപ വർഷങ്ങളിൽ സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണത്തിലും സാമൂഹ്യതല ഇടപെടലുകളിലും രാജ്യം ശക്തമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ആരോഗ്യസേവനം തുല്യവും പ്രാപ്യവും നീതിയുക്തവുമാകണമെന്നും, ജനങ്ങള്‍ക്ക് അവര്‍ താമസിക്കുന്നതിന് സമീപം ലഭ്യമാകണമെന്നും രാജ്യം പുലര്‍ത്തുന്ന വിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രതിരോധത്തിലും ആരോഗ്യ പ്രോത്സാഹനത്തിലും പരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ വിഭാവനം ചെയ്ത ആയുഷ്മാൻ ഭാരത് പരിപാടിയുടെ സമാരംഭം ഈ യാത്രയിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. ജനാരോഗ്യ സമിതികൾ, മഹിളാ ആരോഗ്യ സമിതികൾ, ഗ്രാമീണ ആരോഗ്യ ശുചിത്വ സമിതികള്‍, ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ ആരോഗ്യ ക്യാമ്പുകള്‍ തുടങ്ങിയ വേദികളിലൂടെ നടത്തുന്ന ആഴമേറിയ സാമൂഹ്യ ഇടപെടലുകൾ ഈ സമീപനത്തിന്റെ നിർണായക കരുത്താണ്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് ഇന്ത്യ മുന്നേറുകയും കൂടുതൽ വികസിതമായ ഭാവിയിലേക്ക് കുതിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന സമയത്ത് കേവലം ലഭ്യതയ്ക്കപ്പുറം ഉത്തരവാദിത്തപൂര്‍ണവും നിലവാരമേറിയതുമായ ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത വർധിച്ചുവരികയാണ്. രാജ്യത്തുടനീളം ആയിരക്കണക്കിന് പ്രാഥമികാരോഗ്യ സംരക്ഷണ സംഘങ്ങള്‍ പലപ്പോഴും ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ആത്മസമർപ്പണത്തോടെ സമൂഹത്തെ സേവിക്കുന്നു. കൃത്യസമയത്തും ഫലപ്രദമായും പരിചരണം നൽകുന്നതിലെ അവരുടെ നൈപുണ്യം അടിസ്ഥാന സൗകര്യങ്ങളെ മാത്രമല്ല, ജോലിയിലെ അവരുടെ അറിവിനെയും വൈദഗ്ധ്യത്തെയും ആത്മവിശ്വാസത്തെയുമെല്ലാം ആശ്രയിച്ചിരിക്കുന്നു.
ആരോഗ്യ സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉയർന്ന തലത്തിലെ ആശുപത്രികളില്‍ തിരക്ക് കുറയ്ക്കാനും ആരോഗ്യ സംവിധാനത്തില്‍ പൊതുജനവിശ്വാസം ശക്തിപ്പെടുത്താനും മികച്ച പരിശീലനം ലഭിച്ച ആത്മവിശ്വാസമുള്ള പ്രാഥമികാരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം അനിവാര്യമാണ്. ആരോഗ്യകരവും ഉല്പാദനക്ഷമവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലെ സുപ്രധാന സ്തംഭങ്ങളായ പ്രതിരോധ-പ്രോത്സാഹന ആരോഗ്യ സംരക്ഷണത്തോട് രാജ്യം പുലര്‍ത്തുന്ന പ്രതിബദ്ധതയെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. കൂടാതെ 'വികസിത ഭാരതം @2047' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലേക്ക് സംഭാവന നൽകുകയും ചെയ്യും.
ജനകേന്ദ്രീകൃത ആരോഗ്യ സംരക്ഷണം സംബന്ധിച്ച ഈ കാഴ്ചപ്പാടിലൂന്നി പ്രധാനമന്ത്രി പറഞ്ഞു: "യഥാർത്ഥ പുരോഗതി ജനകേന്ദ്രീകൃതമാണ്. ആരോഗ്യശാസ്ത്രത്തില്‍ എത്ര പുരോഗതി കൈവരിച്ചാലും അവസാനത്തെയാള്‍ക്കും സേവനം ലഭ്യമാകുമെന്ന് നാം ഉറപ്പാക്കണം."
പ്രാഥമികാരോഗ്യ സംരക്ഷണ സംഘങ്ങളുടെ സംയോജിത പരിശീലനം ഈ അടിത്തറ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെപ്പാണ്. വിവിധ പദ്ധതികള്‍ക്ക് കീഴിലെ പരിശീലനങ്ങളെ ഏകീകൃതവും ഘടനാപരവുമായ ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്നതിലൂടെ മുൻനിര സേവനദാതാക്കളുടെ കഴിവുകൾ വർധിപ്പിക്കാനും പഠന പ്രക്രിയ ലളിതമാക്കാനും സാധിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളും അസുഖങ്ങള്‍ നേരത്തെ കണ്ടെത്തുന്നതും മുതൽ ചികിത്സയും തുടര്‍ ചികിത്സകളും വരെ സമഗ്ര പരിചരണം നൽകാൻ ഇത് അവരെ സജ്ജമാക്കുന്നു. ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്ക് അനുസൃതമായി ഐ.ജി.ഒ.ടി കർമയോഗി പോലുള്ള ഡിജിറ്റൽ സംവിധാനങ്ങള്‍ തുടർച്ചയായ പഠനത്തിന് വഴിയൊരുക്കുന്നു. ആരോഗ്യപ്രവർത്തകരെ സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഭാവി സജ്ജരാക്കാനും ഇത് സഹായിക്കുന്നു.
രണ്ട് പ്രധാന തലങ്ങളില്‍ ഈ സംരംഭം ഏറെ സവിശേഷമാണ്. സഹാനുഭൂതിയോടെയും ഉത്തരവാദിത്തത്തോടെയും ഉയർന്ന നിലവാരത്തില്‍ പരിചരണം നൽകാൻ ഇത് ആരോഗ്യപ്രവർത്തകരെ പ്രാപ്തരാക്കുന്നുവെന്നതാണ് ആദ്യത്തേത്. രണ്ടാമതായി, പ്രാഥമികാരോഗ്യ സംരക്ഷണത്തിന്റെ നട്ടെല്ലായ സ്ത്രീകളെ ഈ സംരംഭം ശാക്തീകരിക്കുന്നു. ആശാ പ്രവർത്തകർ, എ.എൻ.എം, സി.എച്ച്.ഒ എന്നിവരടക്കം ഈ തൊഴിൽ സേനയുടെ 70 ശതമാനത്തിലധികം സ്ത്രീകളാണ്. 'നാരി ശക്തി'യുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നിരന്തരം എടുത്തുപറയാറുണ്ട്. ആ കാഴ്ചപ്പാടിന്റെ ശക്തമായ പ്രതിഫലനമാണ് ഈ സംരംഭം. മുൻനിരയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളില്‍ വലിയ നിക്ഷേപം നടത്തുന്നതിലൂടെ സമൂഹങ്ങളിലുടനീളം വലിയ മാറ്റങ്ങൾക്ക് രാജ്യം നേതൃത്വം നൽകുന്നു.
ഈ സംയോജിത പരിശീലനം പ്രാഥമികാരോഗ്യ സംരക്ഷണ സംഘങ്ങളെ സമഗ്രവും ജനകേന്ദ്രീകൃതവുമായ പരിചരണത്തിന് പ്രാപ്തരാക്കുകയും സമൂഹവും ആരോഗ്യ സംവിധാനവും തമ്മിലെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കേവലം പരിശീലന പരിഷ്കരണമെന്നതിലുപരി ഇന്ത്യയുടെ പൊതുജനാരോഗ്യത്തിന്റെ ഭാവിയിലേക്കുള്ള തന്ത്രപരമായ നിക്ഷേപം കൂടിയാണിത്.
*****
( റിലീസ് ഐ.ഡി: 2259013)
സന്ദര്‍ശക കൗണ്ടര്‍ : 7