തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

തൊഴിലാളികൾക്കായുള്ള രാജ്യവ്യാപക വാർഷിക ആരോഗ്യപരിശോധനാ പദ്ധതി കേന്ദ്ര മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 07 MAY 2026 1:54PM by PIB Thiruvananthpuram
നാല്പത് വയസ്സും അതിനുമുകളിലും പ്രായമുള്ള തൊഴിലാളികൾക്കായുള്ള രാജ്യവ്യാപക വാർഷിക ആരോഗ്യ പരിശോധനാ പദ്ധതിക്ക് കേന്ദ്ര തൊഴിൽ-ഉദ്യോഗ, കായിക-യുവജന മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു.  ന്യൂഡൽഹിയിലെ ബസൈദരാപൂർ ഇ.എസ്.ഐ.സി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്  പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്. രാജ്യത്തെ തൊഴിൽ സേനയുടെ ആരോഗ്യപരിരക്ഷയും സാമൂഹിക സുരക്ഷാ പരിരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ പദ്ധതി.

നാല് തൊഴിൽ നിയമങ്ങളുടെ നടപ്പാക്കൽ, രാജ്യത്തെ തൊഴിലാളികളുടെ അന്തസ്സും ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിന്റെ പ്രതിഫലനമാണെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ ദിനം "ശ്രം ശക്തിക്ക്" (തൊഴിലാളിയുടെ കരുത്ത്) ആദരമർപ്പിക്കാനായി സമർപ്പിച്ചിരിക്കുകയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ 12 വർഷത്തിനിടയിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ക്ഷേമപദ്ധതികളിലൂടെയും "ശ്രം ശക്തിയെയും" "യുവശക്തിയെയും" ശാക്തീകരിക്കാൻ സർക്കാർ പ്രയത്നിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ സാമൂഹിക സുരക്ഷാ പരിരക്ഷാ ഗുണഭോക്താക്കളുടെ എണ്ണം ഒരു പതിറ്റാണ്ട് മുമ്പ് ഏകദേശം 30 കോടി ആയിരുന്നത് ഇന്ന് 94 കോടിയായി വർദ്ധിച്ചുവെന്നും, ഇത് 19 ശതമാനമായിരുന്നതിൽ നിന്ന് 64 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇ.എസ്.ഐ.സി പരിരക്ഷ ലഭിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം പത്ത് വർഷം മുമ്പ്  7 കോടിയായിരുന്നത്  ഇന്ന് ഏകദേശം 15 കോടിയായി വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. തൊഴിലാളി ക്ഷേമത്തിനായുള്ള സുപ്രധാനമായ പുതിയ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട്, 40 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികൾക്കും ഇനി മുതൽ എല്ലാ വർഷവും രാജ്യത്തുടനീളം സൗജന്യ ആരോഗ്യ പരിശോധനകൾ നടത്താമെന്ന് ഡോ. മാണ്ഡവ്യ ചൂണ്ടിക്കാട്ടി.

ആരോഗ്യ പരിശോധനകളിലൂടെ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നത് ഗുരുതരമായ അസുഖങ്ങൾ തടയാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ക്യാമ്പുകളിലൂടെ കണ്ടെത്തുന്ന രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നുകളും ഇ.എസ്.ഐ.സി കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നാല് തൊഴിൽ നിയമങ്ങൾക്ക് കീഴിലുള്ള പ്രധാന പരിഷ്കാരങ്ങൾ വിശദീകരിച്ച മന്ത്രി, സ്ത്രീ-പുരുഷ തൊഴിലാളികൾക്ക് തുല്യവേതനം ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി വർദ്ധിപ്പിച്ചുവെന്നും സ്ത്രീകൾക്കായി 'വർക്ക് ഫ്രം ഹോം'  വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ലോകരാജ്യങ്ങൾ ഗിഗ് (Gig), പ്ലാറ്റ്‌ഫോം തൊഴിലാളികളെ സാമൂഹിക സുരക്ഷാ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുമ്പോൾ തന്നെ, പുതിയ തൊഴിൽ നിയമങ്ങളിലൂടെ മോദി സർക്കാർ അവരുടെ ഉൾപ്പെടുത്തൽ മുൻകൂട്ടി ഉറപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

അപകടകരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെയും പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഇപ്പോൾ ഇ.എസ്.ഐ.സി പരിരക്ഷയ്ക്ക് കീഴിൽ കൊണ്ടുവരികയാണെന്ന് ഡോ. മാണ്ഡവ്യ കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ തൊഴിലാളികൾ അവഗണിക്കപ്പെടുകയും അവരുടെ ശബ്ദം കേൾക്കപ്പെടാതെ പോവുകയും ചെയ്തിരുന്നെങ്കിൽ, നിലവിലെ സർക്കാർ അവരുടെ ആശങ്കകൾ പ്രതിബദ്ധതയോടും സഹാനുഭൂതിയോടും കൂടി പരിഹരിക്കുണ്ടെന്ന് ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിൽസേനയ്ക്ക് അന്തസ്സും സംരക്ഷണവും മികച്ച ആരോഗ്യപരിരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് രാജ്യവ്യാപകമായ ഈ ആരോഗ്യ പരിശോധനാ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന തൊഴിൽ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, തൊഴിലുടമകളുടെ പ്രതിനിധികൾ, തൊഴിലാളികൾ, മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ, രാജ്യത്തുടനീളമുള്ള ഇ.എസ്.ഐ കോർപ്പറേഷന്റെ 11 ആശുപത്രികളിൽ ഒരേസമയം ഉദ്ഘാടന ചടങ്ങുകൾ നടന്നു.

ഡൽഹി നിയമ-നീതി, തൊഴിൽ-ഉദ്യോഗം, വികസനം, കല-സാംസ്കാരികം, ടൂറിസം മന്ത്രി ശ്രീ കപിൽ മിശ്ര, ഇ.എസ്.ഐ.സി ഡയറക്ടർ ജനറൽ ശ്രീ അശോക് കുമാർ സിംഗ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
 
*****

( റിലീസ് ഐ.ഡി: 2258731) സന്ദര്‍ശക കൗണ്ടര്‍ : 2
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Telugu , Kannada