വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പ്രശസ്ത ഗാനരചയിതാവും ആശയവിനിമയ വിദഗ്ധനുമായ ശ്രീ. പ്രസൂൺ ജോഷി പ്രസാർ ഭാരതിയുടെ ചെയർമാനായി നിയമിതനായി

പോസ്റ്റഡ് ഓണ്‍: 02 MAY 2026 5:12PM by PIB Thiruvananthpuram

ഇന്ത്യയിലെ പൊതു സേവന പ്രക്ഷേണ സ്ഥാപനമായ പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനും ആശയവിനിമയ വിദഗ്ധനുമായ ശ്രീ. പ്രസൂൺ ജോഷിയെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിയമിച്ചു.

സാഹിത്യം, പരസ്യം, ചലച്ചിത്രം, പൊതു ആശയവിനിമയം എന്നീ മേഖലകളിൽ വിപുലമായ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വിശിഷ്ട സർഗ്ഗാത്മക പ്രതിഭയാണ് ശ്രീ. ജോഷി. സ്വാധീനശേഷിയുള്ള എഴുത്തിനും അഗാധമായ സാംസ്‌കാരിക സംവേദനക്ഷമതയ്ക്കും പേരുകേട്ട അദ്ദേഹം സമകാലിക ഇന്ത്യൻ മാധ്യമ ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ കലാസൃഷ്ടികളിൽ രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന നിരൂപകപ്രശംസ നേടിയ ചലച്ചിത്ര ഗാനരചനകൾ, പരസ്യ കാമ്പയിനുകൾ, സാമൂഹിക പ്രതിബദ്ധതയുള്ള കഥാകഥനം എന്നിവ ഉൾപ്പെടുന്നു.

ശ്രീ.ജോഷിയുടെ നിയമനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ഇങ്ങനെ പറഞ്ഞു. '''പ്രസാർ ഭാരതി ബോർഡിന്റെ ചെയർമാനായി നിയമിതനായ ആദരണീയനായ ശ്രീ. പ്രസൂൺ ജോഷിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പരസ്യം, സാഹിത്യം, കല, ചലച്ചിത്രം എന്നിവയിൽ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു അപൂർവ സർഗ്ഗാത്മക പ്രതിഭയാണ് ആദരണീയനായ ശ്രീ പ്രസൂൺ. എന്നിട്ടും അദ്ദേഹത്തിന്റെ ഹൃദയം സംശയത്തിനിടയില്ലാത്തവിധം ഇന്ത്യയോടൊപ്പമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ നമ്മുടെ മണ്ണിന്റെ സുഗന്ധം വഹിക്കുന്നു, അദ്ദേഹത്തിന്റെ ദർശനം നമ്മുടെ സംസ്‌കാരത്തിന്റെ കാലാതീതമായ സത്തിനെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, പ്രസാർ ഭാരതി നവീകരിച്ച ഊർജ്ജം, ആഴമേറിയ ലക്ഷ്യങ്ങൾ, പുതിയൊരു സർഗാത്മക ശബ്ദം എന്നിവ കണ്ടെത്തും. വരാനിരിക്കുന്ന അവിസ്മരണീയവും അർത്ഥവത്തായതുമായ ഒരു കാലയളവിനായി അദ്ദേഹത്തിന് എന്റെ ആശംസകൾ.''.

ഈ നിയമനത്തിന് മുമ്പ്, ശ്രീ. ജോഷി 2017 ആഗസ്റ്റ് മുതൽ മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി) ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ ചലച്ചിത്ര വ്യവസായത്തിലുടനീളമുള്ള പങ്കാളികളുമായി ഇടപഴകുന്നതിനൊപ്പം ചലച്ചിത്ര പ്രാമാണീകരണ (ഫിലിം സർട്ടിഫിക്കേഷൻ) പ്രക്രിയകൾ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സംഭാവനയേകി. സി.ബി.എഫ്.സിയിലെ അദ്ദേഹത്തിന്റെ കാലാവധി സൃഷ്ടിപരമായ ആവിഷ്‌കാരത്തോടും നിയന്ത്രണ ഉത്തരവാദിത്തത്തോടുമുള്ള സന്തുലിതമായ സമീപനത്തെ പ്രതിഫലിപ്പിച്ചു. നേരത്തെ, മെക്കാൻ വേൾഡ് ഗ്രൂപ്പ് ഇന്ത്യയുടെ സി.ഇ.ഒ ആയും മെക്കാൻ വേൾഡ് ഗ്രൂപ്പ് ഏഷ്യ പസഫിക് (മെക്കാൻ എറിക്‌സണിന്റെ അനുബന്ധ സ്ഥാപനം) ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 മുതൽ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിന്റെ ട്രസ്റ്റികളിൽ ഒരാളാണ് അദ്ദേഹം.

പൊതു പ്രക്ഷേപണം പെട്ടെന്നുള്ള സാങ്കേതിക പരിവർത്തനങ്ങളെയും, പരിണമിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷക പ്രതീക്ഷകളെയും അഭിമുഖീകരിക്കുന്ന ഈയൊരു സമയത്ത്, സർഗ്ഗാത്മക വ്യവസായങ്ങളിലും പൊതു ആശയവിനിമയത്തിലും തന്റെ വിപുലമായ അനുഭവസമ്പത്തിന്റെ സഹായത്തോടെ, പ്രസാർ ഭാരതിയുടെ നേതൃത്വത്തിന് ഒരു സവിശേഷ കാഴ്ചപ്പാട് കൊണ്ടുവരാൻ ശ്രീ ജോഷിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രസാർ ഭാരതിയെക്കുറിച്ച്

1990-ലെ പ്രസാർ ഭാരതി (ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ആക്ട് പ്രകാരം സ്ഥാപിതമായതും 1997 മുതൽ പ്രവർത്തനക്ഷമമായതുമായ പ്രസാർ ഭാരതി, ഇന്ത്യയുടെ നിയമപരമായ സ്വയംഭരണ പൊതുസേവന പ്രക്ഷേപണ സ്ഥാപനമാണ്. ഇതിൽ രണ്ട് പ്രധാന ഡിവിഷനുകൾ ഉൾപ്പെടുന്നു:

* ഓൾ ഇന്ത്യ റേഡിയോ (എ.ഐ.ആർ) - ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിൽ ഒന്ന്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വിവിധ ഭാഷകളിലും ഭാഷാഭേദങ്ങളിലും എത്തിച്ചേരുന്നു.

* ദൂരദർശൻ (ഡി.ഡി) - ഇന്ത്യയുടെ ദേശീയ ടെലിവിഷൻ പ്രക്ഷേപണ സ്ഥാപനം. വാർത്തകൾ, വിദ്യാഭ്യാസം, വിനോദം, സാംസ്‌കാരിക ഉള്ളടക്കം എന്നിവയുൾപ്പെടെ വിപുലമായ ശ്രേണിയിലുള്ള പരിപാടികൾ പ്രദാനം ചെയ്യുന്നു.

'പൊതു പ്രക്ഷേപണത്തിന്റെ ആത്മാവിനെ ഉൾക്കൊണ്ടുകൊണ്ട്, സൗജന്യ (ഫ്രീ-ടു-എയർ) ഒ.ടി.ടി സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രസാർ ഭാരതി വേവ്‌സ് ഒ.ടി.ടി പ്ലാറ്റ് ഫോമും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തുടനീളം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും, ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിലും, സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിലും, വിശ്വസനീയമായ പൊതു പ്രക്ഷേപണ സേവനങ്ങൾ ലഭ്യമാക്കുന്നതിലും പ്രസാർ ഭാരതി നിർണായക പങ്ക് വഹിക്കുന്നു. വിശാലമായ ഭൗമ, ഡിജിറ്റൽ സാന്നിദ്ധ്യമുള്ള ഇത്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡി.ടി.എച്ച് സേവനങ്ങൾ, പുരാരേഖ സംരക്ഷണ (ആർക്കൈവൽ) സംരംഭങ്ങൾ എന്നിവയിലൂടെ അതിന്റെ വ്യാപ്തി വിപുലീകരിക്കുന്നത് തുടരുന്നു.

***

 


( റിലീസ് ഐ.ഡി: 2257565) സന്ദര്‍ശക കൗണ്ടര്‍ : 9