പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
27 APR 2026 6:12PM by PIB Thiruvananthpuram
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
· പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
· 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ SKO വിഹിത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകത ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും:
പേർഷ്യൻ ഉൽക്കടലിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം നൽകി. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. അതിൽ ഇപ്രകാരമറിയിച്ചു.
• ടോഗോ പതാകയുള്ള എണ്ണ/രാസവസ്തു ടാങ്കർ MT CHIRON 7 (IMO നമ്പർ 9127291) ഉൾപ്പെട്ട ഒരു സംഭവം 2026 ഏപ്രിൽ 25-ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.അതിൽ 17 ഇന്ത്യൻ നാവികർ (ആകെ ജീവനക്കാർ: 24) ഉണ്ടായിരുന്നു. ഒമാനിലെ ഷിനാസ് ഔട്ടർ പോർട്ട് പരിധിയിലാണ് സംഭവം. ഇറാനിയൻ തീരസംരക്ഷണസേന തടഞ്ഞ കപ്പലുകൾക്ക് സമീപത്തായാണ് ഈ കപ്പൽ സഞ്ചരിച്ചിരുന്നത്. ഈ സമയത്ത് മുന്നറിയിപ്പ് വെടിയുതിർത്തു. കപ്പലിലുണ്ടായിരുന്ന 17 ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.
•നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ , സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുന്നു.
· മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.
• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 സജീവമാക്കിയതിനുശേഷം ഇതുവരെ 7,780 കോളുകളും 16,658 ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച 25 കോളുകളും 140 ഇമെയിലുകളും ഇതിൽ ഉൾപ്പെടുന്നു.
·ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം വിവരങ്ങൾ :ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേരെ ഉൾപ്പെടെ ഇതുവരെ 2,776 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
തുറമുഖ പ്രവർത്തനങ്ങൾ : ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു.എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ:
ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം തുടർന്നും നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ,സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :
•ഇന്ത്യൻ പൗരന്മാരിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നുമുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി മന്ത്രാലയത്തിലെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്.
•വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും പ്രവർത്തനങ്ങളുടെ മികച്ച ക്രമീകരണത്തിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവൺമെൻ്റ ുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ബന്ധപ്പെടുന്നുണ്ട്.
ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ യഥാസമയവും മുൻകൈയെടുത്തും സഹായിക്കുകയും ചെയ്യുന്നു. അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്
•തദ്ദേശ ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പതിവായി പുറപ്പെടുവിച്ചുവരുന്നു.
•ഇന്ത്യൻ മിഷനുകൾ, അവിടുത്തെ താമസക്കാരായ ഇന്ത്യൻ സമൂഹവുമായി സജീവമായി ഇടപഴകുന്നു.മേഖലയിലെ വിവിധ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ,മറ്റു പങ്കാളികൾ എന്നിവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ മിഷനുകൾ അവരുമായി സജീവമായി ഇടപഴകുന്നു.
•ഇന്ത്യൻ നാവികരുടെ ക്ഷേമം ഗവൺമെൻ്റ ിനെ സംബന്ധിച്ചിടത്തോളം മുൻഗണനയായി തുടരുന്നു.പ്രാദേശിക അധികാരികളുമായി ഏകോപനം, കോൺസുലാർ പിന്തുണ, ആവശ്യമുള്ളപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് വേണ്ട സഹായം മിഷനുകൾ നൽകുന്നു.
• മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാന സ്ഥിതി മെച്ചപ്പെടുന്നു.ഫെബ്രുവരി 28 മുതൽ ഏകദേശം 13,19,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
•യുഎഇയിൽ നിന്നും , പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാനങ്ങൾ മാത്രമാണ് വിമാനക്കമ്പനികൾ നടത്തുന്നത്. യുഎഇ- ഇന്ത്യ പാതയിൽ ഇന്ന് ഏകദേശം 105 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
•സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ തുടർന്നും സർവീസ് നടത്തും.
•ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നു. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും ആസൂത്രണം ചെയ്യുന്നു .
•കുവൈറ്റ് വ്യോമാതിർത്തി തുറന്നിരിക്കുന്നു.ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പരിമിതമായ എണ്ണം വിമാന സർവീസുകൾ പുനരാരംഭിച്ചു.
•ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഗൾഫ് എയർ, ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നു.
ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേ ഉള്ളൂ, ഇത് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തുടർന്നും ഉപയോഗിക്കാം.
ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും, ഇതിനകം അവിടെയുള്ളവർ ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ കര അതിർത്തി വഴി രാജ്യത്തിന് പുറത്ത് കടക്കാൻ നിർദ്ദേശിക്കുന്നുവെന്നും അറിയിക്കുന്നു. ഇതുവരെ, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി 2,461 ഇന്ത്യൻ പൗരന്മാരെ കര അതിർത്തി വഴി ഇറാനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു, മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്, ഇത് ഇന്ത്യയിലേക്കുള്ള തുടർന്നുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം
ഗൾഫ്മേഖലയുമായുള്ള സമ്പർക്ക നടപടികൾ
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഗൾഫ് മേഖലയിലെ രാജ്യങ്ങളുമായുള്ള സമ്പർക്ക പ്രവർത്തനം ഇന്ത്യ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
2026 ഏപ്രിൽ 25-26 തീയതികളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎഇയിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2026 ഏപ്രിൽ 25 ന് അദ്ദേഹം പ്രസിഡൻ്റ ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപര പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള നടപടികൾ, പ്രാദേശിക സാഹചര്യം, പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവ ഇരുപക്ഷവും ചർച്ച ചെയ്തു.
ഒരു മാസത്തിനുള്ളിൽ ഇന്ത്യയും യുഎഇയും തമ്മിൽ നടക്കുന്ന രണ്ടാമത് ഉന്നതതല ഇടപെടലാണിത്. നേരത്തെ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഏപ്രിൽ 11-12 തീയതികളിൽ യുഎഇ സന്ദർശിച്ചു. അദ്ദേഹം യുഎഇ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് പ്രസിഡൻ്റ ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും സന്ദർശിച്ചു.
പശ്ചിമേഷ്യ സംഘർഷത്തിൽ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമം ഉറപ്പാക്കിയതിന് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശത്തിന് വിദേശകാര്യ മന്ത്രി യൂ എ ഇ പ്രസിഡൻ്റ ിനോട് നന്ദി അറിയിച്ചു.