പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏപ്രിൽ 27-28 തീയതികളിൽ പ്രധാനമന്ത്രി സിക്കിം സന്ദർശിക്കും


ഗാംഗ്‌ടോക്കിൽ നടക്കുന്ന സിക്കിമിന്റെ അമ്പതാം സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

സംസ്ഥാനത്തുടനീളം 4,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും

ഈ പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, നഗരവികസനം, പരിസ്ഥിതി, വിനോദസഞ്ചാരം, കൃഷി തുടങ്ങി വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു

സിക്കിമിലെ സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം ത്വരിതപ്പെടുത്താൻ ഈ പദ്ധതികൾ ലക്ഷ്യമിടുന്നു

പോസ്റ്റഡ് ഓണ്‍: 26 APR 2026 3:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 27, 28 തീയതികളിൽ സിക്കിം സന്ദർശിക്കും. ഏപ്രിൽ 27-ന് വൈകുന്നേരം 3 മണിയോടെ അദ്ദേഹം ഗാംഗ്‌ടോക്കിൽ എത്തും. ഏപ്രിൽ 28-ന് രാവിലെ 9:30-ഓടെ പ്രധാനമന്ത്രി ഗാംഗ്‌ടോക്കിലെ ഓർക്കിഡേറിയം സന്ദർശിക്കും. സംസ്ഥാനത്തിന്റെ പാരിസ്ഥിതികവും പുഷ്പാലംകൃതവുമായ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി 'സ്വർണ്ണജയന്തി മൈത്രി മഞ്ജരി പാർക്ക്' അത്യാധുനികവും ലോകോത്തരവുമായ ഒരു ഓർക്കിഡ് എക്സ്പീരിയൻസ് സെന്ററായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

തുടർന്ന്, രാവിലെ 10 മണിയോടെ പാൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന സിക്കിമിന്റെ അമ്പതാം സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ വെച്ച് സംസ്ഥാനത്തുടനീളം 4,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.

അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, നഗരവികസനം, പരിസ്ഥിതി, വിനോദസഞ്ചാരം, കൃഷി തുടങ്ങി വിവിധ മേഖലകളിലായി ഈ പദ്ധതികൾ വ്യാപിച്ചുകിടക്കുന്നു. സിക്കിമിലെ സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം ത്വരിതപ്പെടുത്താൻ ഇവ ലക്ഷ്യമിടുന്നു.

ആരോഗ്യ മേഖലയിൽ നാംചി ജില്ലയിലെ യാങ്കാങ്ങിൽ 100 കിടക്കകളുള്ള ആയുർവേദ ആശുപത്രിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിക്കും. എൻ‌ഐ‌ടി ദിയോറാലിയിൽ 30 കിടക്കകളുള്ള ഇൻ്റ​ഗ്രേറ്റഡ് സോവ റിഗ്പ ആശുപത്രി അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇതിലൂടെ സംസ്ഥാനത്തെ പരമ്പരാഗതവും സംയോജിതവുമായ വൈദ്യശാസ്ത്ര രീതികളിലേക്കുള്ള ലഭ്യത ശക്തിപ്പെടുത്തും.

വിദ്യാഭ്യാസ മേഖലയിൽ യാങ്കാങ്ങിലെ സിക്കിം സർവകലാശാലയുടെ സ്ഥിരം ക്യാമ്പസ്, ചകുങ്ങിലെ നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി ഓഫ് എക്സലൻസിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഗാംഗ്‌ടോക്ക് ജില്ലയിലെ സോചെയ്ഗംഗിലെ ഹെലൻ ലെപ്ച മെഡിക്കൽ കോളേജ്, ഗ്യാൽഷിംഗ് ജില്ലയിലെ ഡെന്റമിൽ ഡെന്റം പ്രൊഫഷണൽ കോളേജ് എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഹീ ഗ്യാതാംഗിലെ മാതൃകാ റെസിഡൻഷ്യൽ സ്കൂളുകൾ, മംഗൻ ജില്ലയിലെ മാങ്ഷിലയിലെ പുതിയ മോഡൽ ഡിഗ്രി കോളേജ്, നാംചി ജില്ലയിലെ ബൂംതർ ഗുംപയിലെ മോണാസ്റ്റിക് ഹോസ്റ്റൽ-കം-ക്ലാസ്റൂം എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ സിക്കിമിലെ 160 സ്കൂളുകളിലായി ഐടി അധിഷ്ഠിത വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികളുടെ നടത്തിപ്പിന് അദ്ദേഹം തുടക്കം കുറിക്കും.

സിക്കിമിലെ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നാംചി, ഗാംഗ്‌ടോക്ക് ജില്ലകളെ ബന്ധിപ്പിക്കുന്ന സിർവാനിയിലും ലോവർ സംദോങ്ങിലും തീസ്ത നദിക്ക് കുറുകെ നിർമ്മിക്കുന്ന രണ്ട് ഹിഞ്ച്ഡ് ഡബിൾ ലെയ്ൻ സ്റ്റീൽ ആർച്ച് പാലങ്ങളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിക്കും. കിച്ചുദുംറ വഴി ബിർദാംഗ് മുതൽ നാംചി വരെയുള്ള റോഡിന്റെ വീതി കൂട്ടുന്ന പ്രവൃത്തിയുടെയും ബലപ്പെടുത്തലിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ഇത് അന്തർ ജില്ല പ്രവേശനക്ഷമത വർധിപ്പിക്കുകയും യാത്രാ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ആളുകളുടെയും ചരക്കുകളുടെയും സുഗമമായ നീക്കത്തിന് സൗകര്യമൊരുക്കുകയും ചെയ്യും.

ഊർജ്ജ മേഖലയിൽ ഗാംഗ്‌ടോക്കിലെ ട്രാൻസ്മിഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ ശൃംഖലയുടെ മെച്ചപ്പെടുത്തൽ, നവീകരണം, പുനരുദ്ധാരണം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ഈ മേഖലയിലെ വിശ്വസനീയമായ വൈദ്യുതി വിതരണത്തെ ശക്തിപ്പെടുത്തും.

നഗരവികസനത്തിന്റെയും ഭരണപരമായ അടിസ്ഥാന സൗകര്യങ്ങളുടെയും മേഖലയിൽ ലംസെയിലെ ജനസേവ സെക്രട്ടേറിയറ്റും (മിനി സെക്രട്ടേറിയറ്റ്), ഗാംഗ്‌ടോക്കിലെ സിവിൽ സർവീസ് ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ലിംഗ്‌ഡിംഗിലെ സിക്കിം അർബൻ ഗരീബ് ആവാസ് യോജന, പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഭവനങ്ങൾ, എസ്എപി പാംഗ്‌താങ്ങിലെ ഗ്രേഡ് ‘സി’ ക്വാർട്ടേഴ്‌സുകൾ എന്നിവയുൾപ്പെടെയുള്ള ഭവന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ, എംജി മാർഗിലെ സദ്‌ഭവ് മണ്ഡപിന്റെ (പബ്ലിക് യൂട്ടിലിറ്റി സെന്റർ) തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നദീമലിനീകരണം തടയുന്നതിനുള്ള പദ്ധതി പ്രകാരം സിംഗ്തം ടൗണിലെ മലിനജല സംവിധാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഗാംഗ്‌ടോക്കിലെ സോൺ III-ൽ റോറോ ചു നദി വഴി റാണി ചു നദിയുടെ മലിനീകരണം തടയുന്നതിനുള്ള പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇത് മെച്ചപ്പെട്ട നഗര ശുചിത്വത്തിനും സുസ്ഥിര ആവാസവ്യവസ്ഥയ്ക്കും സംഭാവന നൽകും.

വിനോദസഞ്ചാര, തീർത്ഥാടന മേഖലയിൽ ഗാംഗ്‌ടോക്കിലെ റിഡ്ജ് പ്രീസിങ്ക്റ്റിന്റെ പുനർവികസനം, സോറെംഗിലെ ദോദക്കിലെ ഇക്കോ ടൂറിസം-തീർത്ഥാടന അടിസ്ഥാന സൗകര്യങ്ങൾ, 18-ാം മൈലിലെയും ഹാംഗു തടാകത്തിലെയും സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കൈലാഷ് മാനസസരോവർ യാത്രയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, നാംഫിംഗിലെ കൃഷ്ണ പ്രണാമി മംഗൾധാമിലെ യാത്രി നിവാസ് എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗ്യാൽഷിംഗ് ജില്ലയിലെ സിൽനോണിൽ ഒരു ഇക്കോ-തീർത്ഥാടന സമുച്ചയത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.

സിക്കിം IFFCO പ്രോസസ്സിംഗ് പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് കാർഷിക സംസ്‌കരണത്തിന് വലിയ ഉത്തേജനം നൽകുമെന്നും സംസ്ഥാനത്തെ കർഷകരുടെ ഉപജീവനമാർഗ്ഗങ്ങളെയും മൂല്യശൃംഖലകളെയും ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. യുവജന പങ്കാളിത്തവും കായിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി പാക്യോങ് ജില്ലയിലെ രംഗ്പോയിലെ മൈനിംഗിലുള്ള ഇൻഡോർ ക്രിക്കറ്റ് സൗകര്യങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രിയുടെ ഈ സന്ദർശനം സിക്കിമിന്റെ സംസ്ഥാന രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി വർഷത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. കൂടാതെ സംസ്ഥാനത്തിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും വേഗത്തിലുള്ളതും സുസ്ഥിരവുമായ വികസനത്തോടുള്ള നിലവിലെ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

***

SK


( റിലീസ് ഐ.ഡി: 2255805) സന്ദര്‍ശക കൗണ്ടര്‍ : 9