സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 15 ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 601 കിലോമീറ്റർ വർധിപ്പിക്കും


24,815 കോടി രൂപയാണ്2030-31 കാലയളവിനുള്ളിൽ പൂർത്തീകരിക്കേണ്ട ഈ പദ്ധതികളുടെ ആകെ ചെലവ്

പോസ്റ്റഡ് ഓണ്‍: 18 APR 2026 3:17PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിറെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ ഏകദേശം 24,815 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് അംഗീകാരം നൽകി.ഈ പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:

പദ്ധതിയുടെ പേര്

പാതയുടെ നീളം (കി.മീ)

ട്രാക്കിന്റെ നീളം(കി.മീ)

പൂർത്തീകരണ ചെലവ് (കോടി രൂപയിൽ)

ഗാസിയാബാദ് –സീതാപൂർമൂന്നാമത്തെയും നാലാമത്തെയും പാത

403

859

14,926

രാജമുദ്രി (നിഡദാവോലു) – വിശാഖപട്ടണം(ദുവ്വാഡ)മൂന്നാമത്തെയും നാലാമത്തെയും പാത

198

458

9,889

ആകെ

601

1,317

24,815

 

ലൈൻ ശേഷി വർധിപ്പിക്കുന്നത് സഞ്ചാര സൗകര്യം ഗണ്യമായി മെച്ചപ്പെടുത്തും.ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവന വിശ്വാസ്യതയും കൂട്ടും.ഈ മൾട്ടി-ട്രാക്കിംഗ് നിർദ്ദേശങ്ങൾ റെയിൽവേ പ്രവർത്തനങ്ങൾ സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും തയ്യാറെടുക്കുകയാണ്.ഈ മേഖലയിലെ സമഗ്രവികസനത്തിലൂടെ ആളുകളെ "ആത്മനിർഭർ" ആക്കുകയും അവരുടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നവ ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പദ്ധതികൾ.

സംയോജിത ആസൂത്രണത്തിലൂടെയും ഓഹരിപങ്കാളികളുടെ കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പി.എം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.ഈ പദ്ധതികൾ ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും.

ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ 15 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ രണ്ട് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 601 കിലോമീറ്റർ വർധിപ്പിക്കും.

നിർദ്ദിഷ്ട ശേഷി വർധിപ്പിക്കൽ രാജ്യത്തുടനീളമുള്ള നിരവധി പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.ഇതിൽ ദുധേശ്വർനാഥ് ക്ഷേത്രം, ഗർഹ്മുക്തേശ്വർ ഗംഗാഘട്ട്, ദർഗ ഷാ വിലായത്ത് ജമാ മസ്ജിദ് (അമ്രോഹ), നൈമിഷാരണ്യം (സീതാപൂർ), അന്നാവരം, അന്തർവേദി, ദ്രാക്ഷാരാമം തുടങ്ങിയവ ഉൾപ്പെടുന്നു.

കൽക്കരി, ഭക്ഷ്യധാന്യങ്ങൾ, സിമന്റ്, പെട്രോളിയം ഉത്പന്നങ്ങൾ (POL), ഇരുമ്പും ഉരുക്കും, കണ്ടെയ്‌നറുകൾ, രാസവളങ്ങൾ, പഞ്ചസാര, രാസലവണങ്ങൾ, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് നിർദ്ദിഷ്ട പദ്ധതികൾ അനിവാര്യപാതകളാണ്.റെയിൽവേ പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമതയുള്ളതുമായ ഗതാഗത മാർഗ്ഗമായതിനാൽഇത് കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും.കൂടാതെ കാർബൺ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളുന്നത് 180.31 കോടി കിലോ കുറയ്ക്കാൻ സാധിക്കും.ഇത് 7.33 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്.

ഗാസിയാബാദ് സീതാപൂർ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ (403 കി.മീ)

  • ഗാസിയാബാദ് സീതാപൂർ സെക്ഷൻ നിലവിൽ ഒരു ഇരട്ട ലൈൻ പാതയാണ്.ഇത് ഡൽഹി-ഗുവാഹത്തി ഹൈ ഡെൻസിറ്റി നെറ്റ്‌വർക്കിന്റെ (HDN 4) പ്രധാന ഭാഗമാണ്.
  • രാജ്യത്തിന്റെ ഉത്തരേന്ത്യൻ മേഖലയും കിഴക്കൻ മേഖലയും തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതി നിർണ്ണായകമാണ്.
  • ഈ സെക്ഷന്റെ നിലവിലെ ലൈൻ ശേഷി വിനിയോഗം 168% വരെയാണ്.ഈ പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ ഇത് 207% വരെയായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.
  • ഉത്തർപ്രദേശിലെ ഗാസിയാബാദ്, ഹാപ്പൂർ, അമ്രോഹ, മൊറാദാബാദ്, രാംപൂർ, ബറേലി, ഷാജഹാൻപൂർ, ലഖിംപൂർ ഖേരി, സീതാപൂർ എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.
  • ഗാസിയാബാദ് (യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ്, ഔഷധങ്ങൾ), മൊറാദാബാദ് (പിച്ചള പാത്രങ്ങൾ, കരകൗശല വസ്തുക്കൾ), ബറേലി (ഫർണിച്ചർ, തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ്), ഷാജഹാൻപൂർ (പരവതാനി, സിമന്റ് അനുബന്ധ വ്യവസായങ്ങൾ), റോസ (താപനിലയം) തുടങ്ങിയ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൂടെ ഈ പാത കടന്നുപോകുന്നു.
  • തടസ്സമില്ലാത്ത ഗതാഗതത്തിനായിതിരക്കേറിയ ഹാപ്പൂർ, സിംഭാവലി, മൊറാദാബാദ്, രാംപൂർ, ബറേലി, ഷാജഹാൻപൂർ, സീതാപൂർ സ്റ്റേഷനുകളെ ഒഴിവാക്കി പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നു.ഇതിനായി ബൈപാസ് സെക്ഷനുകളിൽ ആറ് പുതിയ സ്റ്റേഷനുകൾ നിർദ്ദേശിച്ചിട്ടുണ്ട്.
  • ദുധേശ്വർനാഥ് ക്ഷേത്രം, ഗർഹ്മുക്തേശ്വർ ഗംഗാഘട്ട്, ദർഗ ഷാ വിലായത്ത് ജമാ മസ്ജിദ് (അമ്രോഹ), നൈമിഷാരണ്യം (സീതാപൂർ) തുടങ്ങിയവ ഈ പദ്ധതി പ്രദേശത്തിനടുത്തുള്ള പ്രധാന വിനോദസഞ്ചാര/തീർത്ഥാടന കേന്ദ്രങ്ങളാണ്.
  • കൽക്കരി, ഭക്ഷ്യധാന്യങ്ങൾ, രാസവളങ്ങൾ, ഉരുക്ക് തുടങ്ങിയവ ഉൾപ്പെടെ പ്രതിവർഷം 35.72 ദശലക്ഷം ടൺ (MTPA) അധിക ചരക്കുനീക്കം പ്രതീക്ഷിക്കുന്നു.
  • കണക്കാക്കിയ ചെലവ്: ഏകദേശം 14,926 കോടി രൂപ.
  • തൊഴിലവസരം: 274 ലക്ഷം തൊഴിൽ ദിനങ്ങൾ.
  • കാർബൺ ഡൈ ഓക്സൈഡ് (CO2) വികിരണത്തിൽ ഉണ്ടായ കുറവ്: ഏകദേശം 128.77 കോടി കിലോ.ഇത് 5.15 കോടി മരങ്ങൾക്ക് തുല്യമാണ്.
  • ലോജിസ്റ്റിക്സ് ചെലവിലെ ലാഭം: റോഡ് ഗതാഗതവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം 2,877.46 കോടി രൂപ.

ഗാസിയാബാദ് സീതാപൂർ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ (403 കി.മീ)

 

 

രാജമുദ്രി(നിഡദാവോലു) – വിശാഖപട്ടണം(ദുവ്വാഡ)മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ (198 കി.മീ)

  • രാജമുദ്രി (നിഡദാവോലു) വിശാഖപട്ടണം (ദുവ്വാഡ) സെക്ഷൻ ഹൗറ ചെന്നൈ ഹൈ ഡെൻസിറ്റി നെറ്റ്‌വർക്കിന്റെ (HDN) ഭാഗമാണ്.
  • ഹൗറചെന്നൈ ഹൈ ഡെൻസിറ്റി നെറ്റ്‌വർക്ക് റൂട്ട് നാലുവരിപ്പാതയാക്കുന്നപദ്ധതിയുടെ ഭാഗമാണ് ഈ നിർദ്ദിഷ്ട പദ്ധതി.
  • ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി, കോനസീമ, കാക്കിനാഡ, അനകപ്പള്ളി, വിശാഖപട്ടണം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.
  • ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിൽവിശാഖപട്ടണത്തെ ഒരു 'ആസ്പിരേഷണൽ ജില്ല' ആയി അടയാളപ്പെടുത്തിയിട്ടുണ്ട്.
  • വിശാഖപട്ടണം, ഗംഗാവരം, മച്ചിലിപട്ടണം, കാക്കിനാഡ തുടങ്ങിയ കിഴക്കൻ തീരത്തെ പ്രധാന തുറമുഖങ്ങളിലേക്ക് ഇത് കണക്റ്റിവിറ്റി നൽകുന്നു.
  • കിഴക്കൻ തീരദേശത്തുകൂടെ കടന്നുപോകുന്ന ഈ പാതഈസ്റ്റ് കോസ്റ്റ് റെയിൽ ഇടനാഴിയിലെ ഏറ്റവും തിരക്കേറിയതുംചരക്കുനീക്കത്തിന് പ്രാധാന്യമുള്ളതുമായ സെക്ഷനുകളിൽ ഒന്നാണ്.
  • ഈ സെക്ഷനിലെ ലൈൻ ശേഷി വിനിയോഗം ഇതിനകം 130% വരെ എത്തിയിട്ടുണ്ട്.ഇത് ഇടയ്ക്കിടെയുള്ള ഗതാഗതക്കുരുക്കിനും പ്രവർത്തന തടസ്സങ്ങൾക്കും കാരണമാകുന്നു.
  • ഈ മേഖലയിലെ തുറമുഖങ്ങളുടെയും വ്യവസായങ്ങളുടെയും വിപുലീകരണത്തോടെ ലൈൻ ശേഷിയുടെ ആവശ്യം ഇനിയും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഈ പദ്ധതിയിൽ ഗോദാവരി നദിക്ക് കുറുകെ 4.3 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാലം, 2.67 കിലോമീറ്റർ വയഡക്റ്റ്, 3 ബൈപാസുകൾ എന്നിവ ഉൾപ്പെടുന്നു.പുതിയ അലൈൻമെന്റ് നിലവിലുള്ള പാതയേക്കാൾ ഏകദേശം 8 കിലോമീറ്റർ കുറവാണ്.ഇത് കണക്റ്റിവിറ്റിയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തും.
  • നിർദ്ദിഷ്ട സെക്ഷൻ അന്നാവരം, അന്തർവേദി, ദ്രാക്ഷാരാമം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിലൂടെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകും.
  • കൽക്കരി, സിമന്റ്, രാസവളങ്ങൾ, ഇരുമ്പും ഉരുക്കും, ഭക്ഷ്യധാന്യങ്ങൾ, കണ്ടെയ്‌നറുകൾ, ബോക്‌സൈറ്റ്, ജിപ്‌സം, ചുണ്ണാമ്പുകല്ല് തുടങ്ങിയവ ഉൾപ്പെടെ പ്രതിവർഷം 29.04 ദശലക്ഷം ടൺ (MTPA) അധിക ചരക്കുനീക്കം പ്രതീക്ഷിക്കുന്നു.
  • കണക്കാക്കിയ ചെലവ്: ഏകദേശം 9,889 കോടി രൂപ.
  • തൊഴിലവസരം: 135 ലക്ഷം തൊഴിൽ ദിനങ്ങൾ.
  • കാർബൺ ഡൈ ഓക്സൈഡ് (CO2) വികിരണത്തിൽ ഉണ്ടായ കുറവ്: ഏകദേശം 51.49 കോടി കിലോ.ഇത് 2.06 കോടി മരങ്ങൾക്ക് തുല്യമാണ്.
  • ലോജിസ്റ്റിക്സ് ചെലവിലെ ലാഭം: റോഡ് ഗതാഗതവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം 1,150.56 കോടി രൂപ.

സാമ്പത്തിക ശാക്തീകരണം:

  • ആസ്പിരേഷണൽ ജില്ലകൾ - വിശാഖപട്ടണം ജില്ലയ്ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭിക്കും.
  • ടൂറിസം, വ്യവസായങ്ങൾ എന്നിവയിലൂടെ ഈ മേഖലയിൽ കൂടുതൽ സാമ്പത്തിക അവസരങ്ങൾ ഉണ്ടാകും.
  • മെച്ചപ്പെട്ട റെയിൽ കണക്റ്റിവിറ്റി കാരണം പൗരന്മാർക്ക് മികച്ച ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും ലഭ്യമാകും.

രാജമുദ്രി (നിഡദാവോലു) വിശാഖപട്ടണം (ദുവ്വാഡ) മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ (198 കി.മീ).

റെയിൽവേയിലുള്ള പ്രധാനമന്ത്രിയുടെ ഊന്നൽ:

  • 2026-27 സാമ്പത്തിക വർഷത്തേക്ക് 2,65,000 കോടി രൂപയുടെ റെക്കോർഡ് ബജറ്റ് വിഹിതം.
  • 1600-ലധികം ട്രെയിനുകൾ നിർമ്മിച്ചു- ട്രെയിൻനിർമാണത്തിൽ അമേരിക്കയെയും യൂറോപ്പിനെയും മറികടന്നു.
  • 2026 സാമ്പത്തിക വർഷത്തിൽ 1.6 ബില്യൺ ടൺ ചരക്കുനീക്കം ചെയ്തുകൊണ്ട് ഇന്ത്യൻ റെയിൽവേ ചരക്കുകടത്തിൽ ആഗോളതലത്തിൽ മികച്ച മൂന്ന് സ്ഥാനങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് മെട്രോ കോച്ചുകളും യു.കെ, സൗദി അറേബ്യ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് ബോഗികളും കയറ്റുമതി ചെയ്യാൻ ആരംഭിച്ചു.

-SK-

 


( റിലീസ് ഐ.ഡി: 2253674) സന്ദര്‍ശക കൗണ്ടര്‍ : 12