പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക്‌സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
16 APR 2026 5:43PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട സ്പീക്കർ സർ,
ഈ സുപ്രധാന ബില്ലിന്മേലുള്ള(നാരി ശക്തി വന്ദൻ അധീനിയം)ചർച്ച ഇന്ന് രാവിലെയാണ് ആരംഭിച്ചത്. എന്റെ സഹപ്രവർത്തകരിൽ പലരും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും സഭയിൽ വസ്തുതകളും വാദമുഖങ്ങളും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ആ വിഷയങ്ങളിലേക്ക് വീണ്ടും കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
ഒരു രാഷ്ട്രത്തിന്റെ ജീവിതത്തിൽ ചില സുപ്രധാന നിമിഷങ്ങളുണ്ടാകാറുണ്ട്; ആ സമയത്തെ സമൂഹത്തിന്റെ മാനസികാവസ്ഥയും നേതൃത്വത്തിന്റെ കാര്യക്ഷമതയും അത്തരം നിമിഷങ്ങളെ ഒപ്പിയെടുക്കുകയും അവയെ ഒരു ദേശീയ പൈതൃകമായി മാറ്റിത്തീർക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യ ചരിത്രത്തിലെ അത്തരമൊരു നിമിഷമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. തീർച്ചയായും, 25-30 വർഷങ്ങൾക്ക് മുമ്പ് ഈ ആശയം ആദ്യമായി ഉയർന്നുവന്നപ്പോൾ തന്നെ, അതിന്റെ ആവശ്യം തിരിച്ചറിഞ്ഞ് നാം അത് നടപ്പിലാക്കേണ്ടതായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഇന്നത്തേക്ക് അത് പൂർണ്ണതയിൽ എത്തുമായിരുന്നു. കാലാകാലങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താമായിരുന്നു, അത് തന്നെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും.നാം ജനാധിപത്യത്തിന്റെ മാതാവാണ്. നമ്മുടെ ജനാധിപത്യത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ വികാസപരിണാമങ്ങളുടെ ചരിത്രമുണ്ട്. ആ യാത്രയിലേക്ക് ഒരു പുതിയ മാനം കൂടി ചേർക്കാനുള്ള സഭ്യമായ അവസരമാണ് ഇന്ന് നമുക്ക് കൈവന്നിരിക്കുന്നത്. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, രാഷ്ട്രനിർമ്മാണത്തിന്റെ നയരൂപീകരണ പ്രക്രിയയിൽ രാജ്യത്തെ പകുതിയോളം വരുന്ന ജനവിഭാഗത്തെ പങ്കാളികളാക്കാൻ സാധിക്കുന്നത് നമ്മുടെ ഭാഗ്യമാണ്. ഈ സുപ്രധാന അവസരം കൈവിട്ടു കളയരുതെന്ന് ഞാൻ എല്ലാ ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.നമ്മൾ ഇന്ത്യക്കാർ ഒത്തുചേർന്ന് രാജ്യത്തിന് ഒരു പുതിയ ദിശാബോധം നൽകാൻ പോവുകയാണ്. നമ്മുടെ ഭരണസംവിധാനത്തെ കൂടുതൽ സംവേദനക്ഷമമാക്കാനുള്ള അർത്ഥവത്തായ ശ്രമമാണ് നമ്മൾ നടത്തുന്നത്. ഈ മഥനത്തിലൂടെ (churning) ഉയർന്നുവരുന്ന അമൃത് രാജ്യത്തിന്റെ രാഷ്ട്രീയ രൂപത്തെ രൂപപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ ഗതിയും വിധിയും നിർണ്ണയിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത്രത്തോളം നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് നാം ഇന്ന് നിൽക്കുന്നത്.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുതിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ മുന്നോട്ട് കുതിക്കുന്നത്. ഇന്ന് ലോകമെമ്പാടും ഇന്ത്യക്ക് ലഭിക്കുന്ന അംഗീകാരം നാം ഓരോരുത്തരും അനുഭവിക്കുന്നുണ്ട്, ഇത് നമുക്ക് അഭിമാനത്തിന്റെ നിമിഷമാണ്. ഒരു കാലഘട്ടം വന്നെത്തിയിരിക്കുന്നു, ഈ സമയത്തെ വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയവുമായി നാം ബന്ധിപ്പിച്ചിരിക്കുന്നു. വികസിത ഇന്ത്യ എന്നാൽ കേവലം മികച്ച റെയിൽവേയോ റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക വളർച്ചയുടെ ചില കണക്കുകളോ മാത്രമല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വികസിത ഇന്ത്യയെക്കുറിച്ച് ഇത്ര പരിമിതമായ ഒരു സങ്കല്പമല്ല നമുക്കുള്ളത്. 'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികാസം) എന്ന മന്ത്രം നയരൂപീകരണത്തിൽ അലിഞ്ഞുചേർന്ന ഒരു വികസിത ഇന്ത്യയാണ് നാം ആഗ്രഹിക്കുന്നത്.രാജ്യത്തെ 50 ശതമാനം ജനസംഖ്യയും നയരൂപീകരണത്തിന്റെ ഭാഗമാകുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണങ്ങൾ എന്തുതന്നെയായാലും, ഉത്തരവാദി ആരായാലും, ഇതിനകം തന്നെ നാം വൈകിപ്പോയിട്ടുണ്ട്, ആ സത്യം നാം അംഗീകരിച്ചേ മതിയാകൂ. വ്യക്തിപരമായി കാണുമ്പോൾ നമ്മൾ ഇത് സമ്മതിക്കാറുണ്ട്, എന്നാൽ കൂട്ടമായി ഇരിക്കുമ്പോൾ കാര്യങ്ങൾ മാറുന്നു. ഈ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്ത് എല്ലാ കക്ഷികളുമായും യോഗങ്ങൾ നടന്നത് ഞാൻ ഓർക്കുന്നു. ഒരു പാർട്ടിയൊഴികെ മറ്റെല്ലാവരും തത്വത്തിൽ ഇത് അംഗീകരിച്ചിരുന്നു. പിന്നീട് എന്ത് സംഭവിച്ചെന്നറിയില്ല , രാഷ്ട്രീയപരമായ നിലപാടുകൾ സ്വീകരിക്കപ്പെട്ടു.എന്നാൽ രാഷ്ട്രീയമായി മാത്രം ചിന്തിക്കുന്നവരോട് ഒരു സുഹൃത്ത് എന്ന നിലയിൽ എനിക്ക് ചിലത് ഉപദേശിക്കാനുണ്ട്, ഈ ഉപദേശം എല്ലാവർക്കും ഉപകാരപ്പെടും. വനിതാ സംവരണത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത് മുതൽ, അതിനുശേഷം നടന്ന ഓരോ തിരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് ഈ അവകാശം നൽകുന്നതിനെ എതിർത്തവരെ രാജ്യത്തെ സ്ത്രീകൾ ഒരിക്കലും ക്ഷമിച്ചിട്ടില്ല. അവരോട് കഠിനമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ 2024-ലെ തിരഞ്ഞെടുപ്പ് നോക്കൂ - അന്ന് അത് സംഭവിച്ചില്ല. എന്തുകൊണ്ട്? കാരണം 2024-ൽ എല്ലാവരും ഇത് പാസാക്കാൻ സമ്മതിച്ചു, അതുകൊണ്ട് തന്നെ അതൊരു തിരഞ്ഞെടുപ്പ് വിഷയമായില്ല. ആർക്കും രാഷ്ട്രീയ ലാഭമുണ്ടായില്ല, ആർക്കും രാഷ്ട്രീയ നഷ്ടവുമുണ്ടായില്ല. 2024-ൽ എല്ലാവരും ഒന്നിച്ചുനിന്നതിനാൽ മറ്റ് വിഷയങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് പോരാട്ടം നടന്നത്. ചിലർ ഇവിടെയുണ്ട്, ചിലർ ഇവിടെയില്ല, എങ്കിലും എല്ലാവരും ഒപ്പമുണ്ടായിരുന്നു.ഇന്നും ഞാൻ പറയുന്നു, നമ്മൾ എല്ലാവരും ഒരുമിച്ച് മുന്നോട്ട് നീങ്ങുകയാണെങ്കിൽ, ചരിത്രം സാക്ഷിയാണ് - ഇതിന്റെ നേട്ടം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് മാത്രമായിരിക്കില്ല. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിനും, രാഷ്ട്രത്തിന്റെ കൂട്ടായ തീരുമാനമെടുക്കാനുള്ള കരുത്തിനും ഗുണകരമാകും. അതിന്റെ കീർത്തിക്ക് നാമെല്ലാവരും അർഹരായിരിക്കും. ഭരണപക്ഷമോ മോദിയോ മാത്രമല്ല, ഇവിടെ ഇരിക്കുന്ന എല്ലാവരും അതിന് അർഹരായിരിക്കും. അതിനാൽ ഇതിൽ രാഷ്ട്രീയം കാണുന്നവർ കഴിഞ്ഞ 30 വർഷത്തെ ഫലങ്ങളിലേക്ക് നോക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഗുണവും ഇതിലാണ്, നഷ്ടങ്ങളിൽ നിന്ന് നിങ്ങൾ രക്ഷപ്പെടും എന്ന ഗുണകരമായ പാതയാണ് ഞാൻ കാണിച്ചുതരുന്നത്. അതുകൊണ്ടുതന്നെ ഇതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
എനിക്ക് ഓർമ്മയുണ്ട്, അന്ന് ഞാൻ പാർലമെന്ററി രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല, ഒരു സംഘടനയുടെ പ്രവർത്തകനായി ജോലി ചെയ്യുകയായിരുന്നു. പഞ്ചായത്തുകളിൽ സംവരണം നൽകുന്ന കാര്യം വന്നപ്പോൾ അവർ അത് വളരെ എളുപ്പത്തിൽ നൽകി എന്ന ചർച്ചകൾ അക്കാലത്ത് പലപ്പോഴും ഇടനാഴികളിൽ കേൾക്കാമായിരുന്നു. കാരണം, പഞ്ചായത്തുകളിൽ സംവരണം നൽകുന്നതിലൂടെ സ്വന്തം പദവികൾ നഷ്ടപ്പെടുമെന്ന് അവർ ഭയപ്പെട്ടിരുന്നില്ല. തങ്ങൾ സുരക്ഷിതരാണെന്ന് അവർക്ക് തോന്നി, അതുകൊണ്ട് അവിടെ സംവരണം നൽകിക്കൊള്ളാൻ അവർ പറഞ്ഞു. അന്ന് ഇടനാഴികളിലെ സജീവ ചർച്ച ഇതായിരുന്നു—അവർ ഒരിക്കലും ഇവിടെ പാർലമെന്റിൽ ഇത് ചെയ്യില്ല, കാരണം ഇവിടെ അവർക്ക് എന്തൊക്കെയോ നഷ്ടപ്പെടാനുണ്ട്. അതുകൊണ്ടാണ് പഞ്ചായത്ത് സംവരണം 50 ശതമാനം വരെ എത്തിയത്.
സുഹൃത്തുക്കളെ, രാഷ്ട്രീയപരമായി മറ്റൊരു കാര്യം കൂടി ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു,
25–30 വർഷങ്ങൾക്ക് മുമ്പ് ഇതിനെ ആരൊക്കെ എതിർത്താലും, അന്നത്തെ പ്രതിപക്ഷം രാഷ്ട്രീയ ഉപരിതലത്തിന് താഴേക്ക് പോകുമായിരുന്നില്ല. ഇന്ന് അതേ തെറ്റ് ആവർത്തിക്കരുത്. കഴിഞ്ഞ 25–30 വർഷത്തിനിടയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച സഹോദരിമാർ രാഷ്ട്രീയ ബോധം വളർത്തിയെടുത്തിട്ടുണ്ട്. താഴെത്തട്ടിൽ അഭിപ്രായരൂപീകരണം നടത്തുന്നവരാണ് അവർ. മുപ്പത് വർഷം മുമ്പ് അവർ നിശബ്ദരായിരുന്നു, കാര്യങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിലും അവർ സംസാരിച്ചിരുന്നില്ല. എന്നാൽ ഇന്ന് അവർ ശബ്ദമുയർത്തുന്നു. അതിനാൽ, ഏത് പദവിയിലായാലും, പഞ്ചായത്തുകളിൽ പ്രവർത്തിക്കുകയും ജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ആഴത്തിൽ മനസ്സിലാക്കുകയും ചെയ്ത ദശലക്ഷക്കണക്കിന് സഹോദരിമാർ ഇന്ന് പ്രക്ഷുബ്ധരാണ്. അവർ പറയുന്നു, "മുമ്പ് കുടുംബങ്ങളിൽ ചെയ്തിരുന്നതുപോലെ തൂത്തുവാരാനും വൃത്തിയാക്കാനും മാത്രം നിങ്ങൾ ഞങ്ങളെ തള്ളിവിടുന്നു, എന്നാൽ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ ഞങ്ങളെ ഉൾപ്പെടുത്തുന്നില്ല." തീരുമാനങ്ങൾ എടുക്കുന്നത് നിയമസഭകളിലും പാർലമെന്റിലുമാണ്.അതുകൊണ്ട്, രാഷ്ട്രീയ ജീവിതത്തിൽ പുരോഗതി ആഗ്രഹിക്കുന്നവരോട് - അവർ എംപിമാരോ എംഎൽഎമാരോ ആകട്ടെ, ഏതെങ്കിലും ഒരു പാർട്ടിയെക്കുറിച്ചല്ല ഞാൻ പറയുന്നത് - രാഷ്ട്രീയ ജീവിതത്തിൽ വിജയകരമായി മുന്നേറാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കഴിഞ്ഞ 25-30 വർഷത്തിനുള്ളിൽ ദശലക്ഷക്കണക്കിന് സഹോദരിമാർ താഴെത്തട്ടിൽ നേതാക്കളായി വളർന്നിട്ടുണ്ടെന്ന യാഥാർത്ഥ്യം നിങ്ങൾ അംഗീകരിക്കണം. ഇനി മുതൽ അവർ ഇവിടെയുള്ള 33 ശതമാനത്തിലൂടെ മാത്രമല്ല, പുറത്തും നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കും. അതിനാൽ, ഇന്ന് എതിർക്കുന്നവർ ഇതിന് വലിയ വില നൽകേണ്ടി വരും. താഴെത്തട്ടിൽ ഉയർന്നുവന്നിട്ടുള്ള സ്ത്രീകളുടെ രാഷ്ട്രീയ നേതൃത്വത്തെ പരിഗണിക്കുന്നതിലാണ് രാഷ്ട്രീയ വിവേകം അടങ്ങിയിരിക്കുന്നത്.മുലായം സിംഗ് ജിയുടെ കാലം മുതൽ ഈ വിഷയം ഉന്നയിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബം അത് തുടരുന്നതായും ഞാൻ കേട്ടു. രാജ്യത്തെ സ്ത്രീകളെ വിശ്വസിക്കൂ, അവരുടെ വിവേകത്തിൽ വിശ്വാസമർപ്പിക്കൂ. 33 ശതമാനം സഹോദരിമാരെ ഇവിടെ വരാൻ അനുവദിക്കൂ; ആർക്ക് നൽകണം, ആർക്ക് നൽകരുത്, ഏത് വിഭാഗത്തിന് നൽകണം എന്നൊക്കെ അവർ തീരുമാനിക്കട്ടെ. അവർ തീരുമാനങ്ങൾ എടുക്കും. അവരുടെ കഴിവിൽ നമ്മൾ എന്തിന് സംശയിക്കണം? അവർ ഒരിക്കൽ വരട്ടെ! അവർ ഒരിക്കൽ ഇവിടെ എത്തിച്ചേരട്ടെ! അവർ വരുമ്പോൾ, 2034-ൽ... പിന്നെ ധർമ്മേന്ദ്ര ജി, എന്നെ പരിചയപ്പെടുത്തിയതിന് ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ഞാൻ അങ്ങേയറ്റം പിന്നാക്കമായ ഒരു സമൂഹത്തിൽ നിന്നാണ് വരുന്നത് എന്നത് സത്യമാണ്. ധർമ്മേന്ദ്ര ജി, ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണ്, അഖിലേഷ് ജി എന്റെ സുഹൃത്താണ്, അതുകൊണ്ട് ചിലപ്പോഴൊക്കെ അദ്ദേഹം എന്നെ സഹായിക്കാറുണ്ട്.ഞാൻ അങ്ങേയറ്റം പിന്നാക്കമായ ഒരു സമൂഹത്തിൽ നിന്നാണ് വരുന്നത് എന്നത് ശരിയാണ്, എന്നാൽ എല്ലാവരെയും കൂടെ കൊണ്ടുപോവുക എന്നതാണ് എന്റെ ഉത്തരവാദിത്തം, അതാണ് എന്റെ ഭരണഘടന എന്നെ കാണിച്ചുതരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് പരമപ്രധാനം. ഇത്ര ചെറിയ, അങ്ങേയറ്റം പിന്നാക്കമായ ഒരു സമൂഹത്തിൽ നിന്നുള്ള ഒരാൾക്ക് രാജ്യം ഇത്ര വലിയ ഉത്തരവാദിത്തം നൽകിയത് ഭരണഘടനയുടെ കരുത്തുകൊണ്ടാണ്. അതിനാൽ, രാജ്യത്തെ ജനങ്ങളോടും ഭരണഘടനാ ശില്പികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു, അവരുടെ കാരണത്താലാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്.
പക്ഷേ, ബഹുമാനപ്പെട്ട സ്പീക്കർ സർ!
ബഹുമാനപ്പെട്ട സ്പീക്കർ സർ,
ഇന്ന് ജീവിതത്തിന്റെ ഏത് മേഖല എടുത്തു നോക്കിയാലും, രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നതിലും വിജയക്കൊടി പാറിക്കുന്നതിലും സ്ത്രീകൾ ഒട്ടും പിന്നിലല്ല. ജീവിതത്തിന്റെ വിവിധ തുറകളിൽ നമ്മുടെ അമ്മമാരും സഹോദരിമാരും വലിയ സംഭാവനകൾ നൽകുന്നുണ്ടെന്നതിലും, നമ്മുടെ മകൾ ഓരോ മേഖലയിലും മികവ് പുലർത്തുന്നു എന്നതിലും നമുക്ക് അഭിമാനിക്കാം! ഇത്രയേറെ കരുത്തുള്ള അവരെ പങ്കാളിത്തത്തിൽ നിന്ന് തടയാൻ നമ്മൾ എന്തിനാണ് ഇത്രയധികം ഊർജ്ജം ചിലവഴിക്കുന്നത്? അവർ ഒപ്പം ചേരുന്നത് നമ്മുടെ കരുത്ത് വർദ്ധിപ്പിക്കുകയേയുള്ളൂ. അതുകൊണ്ട്, ഇതിനെ രാഷ്ട്രീയത്തിന്റെ തുലാസിൽ വെച്ച് അളക്കരുത് എന്ന് അഭ്യർത്ഥിക്കാനാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ഇത് രാജ്യതാൽപ്പര്യത്തിന് വേണ്ടിയുള്ള തീരുമാനമാണ്.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
വികസിത ഇന്ത്യയുടെ നിർമ്മാണത്തിൽ നമ്മുടെ സ്ത്രീശക്തിയുടെ പങ്കാളിത്തം അംഗീകരിക്കാൻ ഒത്തൊരുമിച്ച് ഇരിക്കാനും, ഒരേ ദിശയിൽ ചിന്തിക്കാനും, തുറന്ന മനസ്സോടെ തീരുമാനമെടുക്കാനുമുള്ള അവസരമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇന്ന് രാജ്യം മുഴുവൻ, പ്രത്യേകിച്ച് സ്ത്രീശക്തി നമ്മുടെ തീരുമാനങ്ങൾ വീക്ഷിക്കും. എന്നാൽ തീരുമാനങ്ങളേക്കാൾ ഉപരി അവർ നമ്മുടെ ലക്ഷ്യത്തെയാണ് ഉറ്റുനോക്കുന്നത്. അതുകൊണ്ട്, നമ്മുടെ ഉദ്ദേശശുദ്ധിയിൽ പിഴവുണ്ടായാൽ രാജ്യത്തെ സ്ത്രീശക്തി ഒരിക്കലും നമ്മളോട് ക്ഷമിക്കില്ല.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
2023-ൽ, ഈ പുതിയ സഭയിൽ നാം ഐകകണ്ഠ്യേന ഈ നിയമം അംഗീകരിച്ചതാണ്. രാജ്യത്തുടനീളം സന്തോഷകരമായ ഒരന്തരീക്ഷം അന്ന് സൃഷ്ടിക്കപ്പെട്ടു, ഇതിൽ രാഷ്ട്രീയ നിറം കലർത്താതിരുന്നതിനാൽ അതൊരിക്കലും ഒരു രാഷ്ട്രീയ വിഷയമായി മാറിയില്ല. അത് വളരെ നല്ലൊരു സാഹചര്യമായിരുന്നു. ഇനി ചോദ്യം, ഇത് നാം എത്രത്തോളം വൈകിപ്പിക്കും എന്നതാണ്? ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കുന്നവർക്ക് അത് അറിയില്ലേ? സെൻസസ് എപ്പോൾ നടത്തി, കോവിഡ് കാരണം പിന്നീട് എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടായി, എന്തൊക്കെ തടസ്സങ്ങൾ നേരിട്ടു എന്നതിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അമിത് ഭായ് (ശ്രീ അമിത് ഷാ)തന്റെ പ്രസംഗത്തിൽ പരാമർശിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ കാര്യങ്ങളെല്ലാം നമ്മുടെ മുന്നിലുണ്ട്, അതിൽ തർക്കങ്ങളൊന്നുമില്ല.എന്നാൽ 2023-ൽ നമ്മൾ ചർച്ച ചെയ്തപ്പോൾ, ഇത് വേഗത്തിൽ നടപ്പിലാക്കണമെന്നായിരുന്നു പൊതുവായ അഭിപ്രായം, എല്ലാവരും അത് വേഗത്തിൽ ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്. സമയപരിമിതി കാരണം 2024-ൽ അത് സാധ്യമായിരുന്നില്ല. ഇപ്പോൾ 2029-ൽ നമുക്ക് അതിനുള്ള അവസരമുണ്ട്. 2029-ൽ നമ്മൾ ഇത് ചെയ്തില്ലെങ്കിൽ എന്ത് സാഹചര്യമുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ, നമുക്ക് ഈ ശ്രമം ആത്മാർത്ഥമായി നടത്താൻ കഴിയുമെന്ന് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും ബോധ്യപ്പെടുത്താൻ നമുക്ക് കഴിയില്ല. അതിനാൽ, ഇനി ഒട്ടും വൈകിപ്പിക്കാതിരിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഇതിനിടയിൽ രാഷ്ട്രീയ പാർട്ടി അംഗങ്ങളുമായും ഭരണഘടനാ വിദഗ്ധരുമായും വനിതാ പ്രവർത്തകരുമായും മറ്റ് പലരുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. ചിലർ സ്വമേധയാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ കക്ഷികളുമായും ഔദ്യോഗികമായും അനൗദ്യോഗികമായും നിരന്തരമായ ചർച്ചകൾ നടന്നിട്ടുണ്ട്. ഈ ശ്രമത്തിൽ നിന്നെല്ലാം ഒടുവിൽ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കരുത്ത് പ്രയോജനപ്പെടുത്താനുള്ള ഒരു വഴി നാം കണ്ടെത്തുക തന്നെ വേണം.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
ഒരു കാര്യം എനിക്ക് തീർച്ചയായും പറയേണ്ടതുണ്ട്. ഇവിടെ ഇരിക്കുന്ന നമ്മളിൽ ആർക്കും തന്നെ രാഷ്ട്രത്തെ കഷണങ്ങളായി ചിന്തിക്കാനുള്ള അവകാശം ഭരണഘടന നൽകിയിട്ടില്ല. നമ്മൾ എടുത്തിട്ടുള്ള സത്യപ്രതിജ്ഞ രാഷ്ട്രത്തെ ഒന്നായി കാണാൻ നമ്മെ ബാധ്യസ്ഥരാക്കുന്നു. കാശ്മീരായാലും കന്യാകുമാരിയായാലും, നമുക്ക് ഭാഗികമായി ചിന്തിക്കാനോ ഭാഗികമായി തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. അതിനാൽ, യാതൊരു സത്യവുമില്ലാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രം ഉയർത്തുന്ന അടിസ്ഥാനരഹിതമായ കൊടുങ്കാറ്റുകളെക്കുറിച്ച്, സഭയിലെ ഈ പവിത്രമായ സ്ഥാനത്തുനിന്നുകൊണ്ട് പൂർണ്ണ ഉത്തരവാദിത്തത്തോടെ എനിക്ക് പറയാനുള്ളത് ഇതാണ്: തെക്കായാലും വടക്കായാലും കിഴക്കായാലും പടിഞ്ഞാറായാലും, ചെറിയ സംസ്ഥാനങ്ങളായാലും വലിയ സംസ്ഥാനങ്ങളായാലും, ഈ തീരുമാനമെടുക്കൽ പ്രക്രിയ ആരോടും വിവേചനം കാണിക്കില്ലെന്നും ആർക്കും അനീതി ചെയ്യില്ലെന്നും ഞാൻ ഉത്തരവാദിത്തത്തോടെ പറയുന്നു.മുൻ സർക്കാരുകളുടെ കാലത്ത് നടന്ന മണ്ഡല പുനർനിർണ്ണയവും , അന്നുമുതൽ പിന്തുടരുന്ന ആനുപാതവും എന്താണോ, അതിൽ മാറ്റമൊന്നും ഉണ്ടാകില്ല; സീറ്റുകളിൽ വർദ്ധനവുണ്ടായാലും അത് അതേ അനുപാതത്തിൽ തന്നെയായിരിക്കും. "ഗ്യാരണ്ടി" എന്ന വാക്കാണ് വേണ്ടതെങ്കിൽ, ഞാൻ ആ വാക്ക് ഉപയോഗിക്കുന്നു. "വാഗ്ദാനം" എന്ന വാക്കാണ് വേണ്ടതെങ്കിൽ, ഞാൻ ആ വാക്കും ഉപയോഗിക്കുന്നു. തമിഴിൽ ഇതിലും നല്ലൊരു വാക്കുണ്ടെങ്കിൽ അതും ഉപയോഗിക്കാൻ ഞാൻ തയ്യാറാണ്; കാരണം, നമ്മുടെ ലക്ഷ്യം വ്യക്തമാണെങ്കിൽ വാക്കുകൾ കൊണ്ട് കളിക്കേണ്ട ആവശ്യം നമുക്കില്ല.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
സഭയിലെ എല്ലാ സഹപ്രവർത്തകരോടും എനിക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്; നമ്മൾ ആരും തന്നെ വ്യാമോഹങ്ങളിലോ അഹങ്കാരത്തിലോ കഴിയരുത്. "നമ്മൾ" എന്ന വാക്കാണ് ഞാൻ ഉപയോഗിക്കുന്നത്, അല്ലാതെ "ഞാൻ" എന്നോ "നിങ്ങൾ" എന്നോ അല്ല. രാജ്യത്തെ സ്ത്രീശക്തിക്ക് നമ്മൾ എന്തോ ദാനം നൽകുകയാണെന്ന വ്യാമോഹം നമുക്ക് വേണ്ട. അല്ല, ഇത് അവരുടെ അവകാശമാണ്; പതിറ്റാണ്ടുകളായി നമ്മൾ അത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇന്ന് പശ്ചാത്താപത്തിലൂടെ ആ പാപത്തിൽ നിന്ന് മുക്തി നേടാനുള്ള ഒരവസരമാണ് നമുക്ക് കൈവന്നിരിക്കുന്നത്.ഓരോ തവണയും എങ്ങനെയൊക്കെ തന്ത്രങ്ങൾ പ്രയോഗിച്ചുവെന്നും എത്രത്തോളം കൗശലം കാണിച്ചുവെന്നും നമുക്കെല്ലാം അറിയാം. നമ്മൾ അനുകൂലമാണെന്ന് എപ്പോഴും പറയുമെങ്കിലും, ഓരോ തവണയും അത് തടയാനായി ഏതെങ്കിലും സാങ്കേതിക ഒഴികഴിവുകൾ കൂട്ടിച്ചേർക്കും. ഓരോ തവണയും അത്തരം കാര്യങ്ങൾ കൊണ്ടുവന്നു.33 ശതമാനം വനിതാ സംവരണത്തെ എതിർക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല, ആ കാലമൊക്കെ കഴിഞ്ഞുപോയി, നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല; എന്നാൽ അത് തുറന്നു പറയാനുള്ള ധൈര്യം പോലും നിങ്ങൾക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ, ഇനി സാങ്കേതികമായ ഒഴികഴിവുകൾ - അത് ചെയ്യൂ, ഇത് ചെയ്യൂ, ഇത് കൂടി ചേർക്കൂ എന്നൊന്നും പറഞ്ഞ് രാജ്യത്തെ സ്ത്രീകളെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല.സഭയിലെ അംഗബലത്തിന്റെ കളി, സമയം തീരുമാനിക്കും, പക്ഷേ ഒരു കാര്യം ഉറപ്പാണ്; വിവിധ ഒഴികഴിവുകളിലും സാങ്കേതിക പ്രശ്നങ്ങളിലും കുരുക്കി നമ്മൾ മൂന്ന് പതിറ്റാണ്ടോളം ഇത് തടഞ്ഞുവെച്ചു. നിങ്ങൾക്ക് എന്ത് നേടണമായിരുന്നോ അത് നിങ്ങൾ നേടിക്കഴിഞ്ഞു, ഇനി ഇത് വിട്ടേക്കൂ! ഇത് തടഞ്ഞുവെക്കാൻ മൂന്ന് പതിറ്റാണ്ട് പോരേ? മുപ്പത് വർഷം നിങ്ങൾ ഇത് തടഞ്ഞു, എന്നിട്ടും നിങ്ങൾക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല, അതുകൊണ്ട് ഇനി ഇത് നടപ്പിലാക്കൂ.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
ഇവിടെയുള്ള ചിലർക്ക് അങ്ങനെ തോന്നുന്നുണ്ട്.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
ഇതിലെവിടെയോ മോദിയുടെ രാഷ്ട്രീയ താൽപ്പര്യമുണ്ടെന്ന് ഇവിടുത്തെ ചിലർ കരുതുന്നു. അവർ സംസാരിക്കട്ടെ, പാവം അദ്ദേഹത്തിന്റെ വായ അവിടെ അടച്ചുപൂട്ടിയിരിക്കുകയാണ്, ബംഗാളിൽ ആരും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
നോക്കൂ, ഇത് എതിർക്കപ്പെട്ടാൽ സ്വാഭാവികമായും എനിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകും. എന്നാൽ നമ്മൾ ഒരുമിച്ച് നീങ്ങുകയാണെങ്കിൽ, ആർക്കും പ്രത്യേക നേട്ടമുണ്ടാകില്ല, ഇത് നിങ്ങൾ എഴുതി വെച്ചോളൂ. ആർക്കും നേട്ടമുണ്ടാകില്ല, കാരണം അതോടെ ഇതൊരു വ്യത്യസ്തമായ വശമായി മാറും, അപ്പോൾ ആർക്കും (രാഷ്ട്രീയ) ലാഭമില്ല. അതുകൊണ്ട് തന്നെ ഇതിന്റെ ക്രെഡിറ്റ് ഞങ്ങൾക്ക് വേണ്ട. ഈ ബില്ല് പാസാക്കുന്ന നിമിഷം, എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് നാളെത്തന്നെ ഒരു പരസ്യം നൽകാൻ ഞാൻ തയ്യാറാണ്, എല്ലാവരുടെയും ഫോട്ടോ വെച്ച് അത് പ്രസിദ്ധീകരിക്കാനും ഞാൻ തയ്യാറാണ്. നിങ്ങൾ തന്നെ ഇതിന്റെ ക്രെഡിറ്റ് എടുത്തോളൂ! ക്രെഡിറ്റിനെക്കുറിച്ചാണ് നിങ്ങളുടെ ആശങ്കയെങ്കിൽ അത് നിങ്ങൾ എടുത്തോളൂ. ആരുടെ ഫോട്ടോയാണോ പ്രസിദ്ധീകരിക്കേണ്ടത്, അത് സർക്കാർ ചിലവിൽ ഞങ്ങൾ ചെയ്തോളാം. ഇതിന്റെ ക്രെഡിറ്റ് സംബന്ധിച്ച് ഒരു ബ്ലാങ്ക് ചെക്ക് ഞാൻ നിങ്ങൾക്ക് മുൻകൂട്ടി നൽകുകയാണ്.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തം എന്നത് കേവലം ഒരു അക്കക്കളി അല്ല, അല്ലെങ്കിൽ ജനാധിപത്യ സംവിധാനങ്ങളിലെ പരിമിതമായ ഒരു പുരോഗതിയുമല്ല. ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിൽ, ഈ തീരുമാനം ഇന്ത്യയുടെ ഒരു പ്രതിബദ്ധതയാണ്, സാംസ്കാരികമായ ഒരു പ്രതിബദ്ധതയാണ്. ഈ പ്രതിബദ്ധതയുള്ളതുകൊണ്ടാണ് പഞ്ചായത്തുകളിൽ ഇത്തരമൊരു ക്രമീകരണം വരുത്തിയത്, ഇന്ന് ഇരുപതിലധികം സംസ്ഥാനങ്ങളിൽ അത് 50 ശതമാനത്തിൽ എത്തിനിൽക്കുന്നു. നമ്മൾ അത് അനുഭവിച്ചറിഞ്ഞതാണ്.വളരെക്കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കാൻ ജനങ്ങൾ എനിക്ക് അവസരം നൽകി; ആ കാലയളവിൽ താഴെത്തട്ടിലുള്ള സ്ത്രീനേതൃത്വത്തെ ഞാൻ കണ്ടു. പ്രശ്നങ്ങളെ തികഞ്ഞ സംവേദനക്ഷമതയോടെ പരിഹരിക്കാനുള്ള അവരുടെ ആർജ്ജവം വളരെ ഫലപ്രദമായിരുന്നുവെന്നും അത് വികസന യാത്രയ്ക്ക് വലിയ വേഗത നൽകിയെന്നുമാണ് എന്റെ അനുഭവം. ആ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ പറയുന്നു, ഈ സഭയിൽ അവരുടെ ശബ്ദം മുഴങ്ങുന്നത് ഒരു പുതിയ കരുത്തായി മാറും; ഒരു പുതിയ ചിന്തയും രാജ്യത്തിന്റെ ദിശാബോധത്തിൽ കൂടുതൽ സഹാനുഭൂതിയും അത് കൂട്ടിച്ചേർക്കും. വസ്തുതകളോടും വാദമുഖങ്ങളോടും അനുഭവസമ്പത്ത് കൂടി ചേരുമ്പോൾ അതിന്റെ ശക്തി പതിന്മങ്ങ് വർദ്ധിക്കുകയും സഭ കൂടുതൽ സമ്പന്നമാവുകയും ചെയ്യുന്നു.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
നമ്മുടെ രാജ്യത്ത് അനുഭവസമ്പത്തുള്ള സ്ത്രീശക്തിക്കോ പ്രാപ്തിയുള്ള സ്ത്രീകൾക്കോ യാതൊരു കുറവുമില്ല. നമുക്ക് അവരെ വിശ്വസിക്കാം, അവർ വലിയ സംഭാവനകൾ നൽകും, മികച്ച രീതിയിൽ തന്നെ അവർ അത് നിർവ്വഹിക്കും. ഇന്നും, ഇവിടെയുള്ള നമ്മുടെ സഹോദരിമാർക്ക് എപ്പോഴൊക്കെ അവസരം ലഭിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ അവർ തങ്ങളുടെ ആശയങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും സഭയെ ധന്യമാക്കുകയും ചെയ്തിട്ടുണ്ട്.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
ഇന്ന് രാജ്യത്ത് 650-ലധികം ജില്ലാ പഞ്ചായത്തുകളുണ്ട്; അവയിൽ ഏകദേശം 275 എണ്ണത്തിന് നേതൃത്വം നൽകുന്നത് സ്ത്രീകളാണ്. കേന്ദ്ര കാബിനറ്റ് മന്ത്രിമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങളും ഫണ്ടുകളും സംവിധാനങ്ങളും കൈകാര്യം ചെയ്തുകൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്. ഏകദേശം 6,700 ബ്ലോക്ക് പഞ്ചായത്തുകളിൽ 2,700-ലധികം എണ്ണത്തിന് നേതൃത്വം നൽകുന്നത് സ്ത്രീകളാണ്. ഇന്ന് 900-ലധികം നഗരങ്ങളിൽ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മേയർമാരായോ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായോ നമ്മുടെ സഹോദരിമാർ അധികാരം കൈയാളുന്നു. രാജ്യം ഇന്ന് കൈവരിക്കുന്ന പുരോഗതിയിൽ അവരുടെ സംഭാവനകളും വളരെ വലുതാണെന്ന് ഞാൻ വിശ്വസിക്കുന്നു, ആ കടം അംഗീകരിക്കാനുള്ള അവസരമാണിത്. ഈ അനുഭവസമ്പത്ത് കൂടി സഭയിലേക്ക് എത്തുമ്പോൾ, അത് നമ്മുടെ കരുത്ത് പതിന്മങ്ങ് വർദ്ധിപ്പിക്കും.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
നീണ്ട കാത്തിരിപ്പ് നമുക്കെല്ലാവർക്കും മുന്നിൽ ഒരു ചോദ്യചിഹ്നം ഉയർത്തിയിട്ടുണ്ട്, നമ്മൾ തന്നെയാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. മുൻകാലങ്ങളിൽ നിലനിന്നിരുന്ന പരിമിതികളോ ബുദ്ധിമുട്ടുകളോ എന്തുതന്നെയായാലും അവയിൽ നിന്ന് പുറത്തുകടക്കാനും ധൈര്യത്തോടെ മുന്നോട്ട് നീങ്ങാനും രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള അവസരമാണിത്. ഇന്ന് നമ്മൾ ഒന്നിച്ച് തീരുമാനമെടുക്കുകയാണെങ്കിൽ, ഐകകണ്ഠ്യേന മുന്നോട്ട് പോകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു; അങ്ങനെ ഐകകണ്ഠ്യേന മുന്നോട്ട് പോകുമ്പോൾ അത് ഭരണപക്ഷത്തിന് മേൽ ഒരു സമ്മർദ്ദം സൃഷ്ടിക്കും. ഇതിൽ എല്ലാവർക്കും അവകാശമുണ്ടെന്നും എല്ലാവരുടെയും ശബ്ദം പരിഗണിക്കണമെന്നും അവർക്കും തോന്നും, അതിൽ ദോഷമൊന്നുമില്ല. കൂട്ടായ കരുത്ത് നമുക്ക് എന്നും നല്ല ഫലങ്ങൾ നൽകിയിട്ടുണ്ട്.
ബഹുമാനപ്പെട്ട സ്പീക്കർ സർ,
കൂടുതൽ സമയം എടുക്കാതെ ഞാൻ ഇത്രമാത്രം പറയാം: ഇതിനെ രാഷ്ട്രീയത്തിന്റെ തുലാസിൽ വെച്ച് അളക്കരുത്. നമ്മൾ ഒരു തീരുമാനമെടുക്കുമ്പോൾ, ഈ മഹത്തായ രാഷ്ട്രത്തിന്റെ പകുതി ഉത്തരവാദിത്തവും നമ്മൾ ഇവിടെ എത്തിക്കാൻ പോകുന്നവർക്ക് കൂടിയുള്ളതാണ്. ഇവിടെ വരാൻ അവർക്കും അവകാശമുണ്ട്, നമ്മൾ അവരെ തടയാൻ പാടില്ല. അംഗസംഖ്യയെ സംബന്ധിച്ചാണെങ്കിൽ, നേരത്തെ അവരുടെ എണ്ണം കുറയ്ക്കരുത്, അത് വർദ്ധിപ്പിക്കണം എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു; എങ്കിൽ അത് കൂടുതൽ വേഗത്തിലാകും. നേരത്തെ നിശ്ചയിച്ചിരുന്ന 33 ശതമാനം എന്ന പരിധി വർദ്ധിപ്പിക്കണം എന്ന വിഷയം ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്; അങ്ങനെയായാൽ തങ്ങളുടെ അവകാശം കവർന്നെടുക്കപ്പെട്ടുവെന്ന് ആർക്കും തോന്നുകയുമില്ല. ഒരു പുതിയ കരുത്ത് ഇതിലൂടെ കൂട്ടിച്ചേർക്കപ്പെടും, അധിക കരുത്ത് വരും, നമ്മൾ നേരത്തെ ചിന്തിച്ച് തയ്യാറാക്കി വെച്ചിട്ടുള്ളതുപോലെ സഭയുടെ ഘടനയിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തും.
പിന്നെ ബഹുമാനപ്പെട്ട സ്പീക്കർ സർ,
തമാശരൂപേണ പറയട്ടെ, എല്ലാവർക്കും അവരവരുടേതായ രാഷ്ട്രീയ കാരണങ്ങളുണ്ടാകാം; എങ്കിലും പരാജയഭീതി എന്നത് അല്പം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ നമ്മുടെ ആചാരപ്രകാരം, ഒരു നല്ല കാര്യം ചെയ്യുമ്പോൾ ദൃഷ്ടി തട്ടാതിരിക്കാൻ (കണ്ണ് കിട്ടാതിരിക്കാൻ) നമ്മൾ ഒരു കറുത്ത പൊട്ട് തൊടാറുണ്ട്. ആ കറുത്ത പൊട്ട് തൊട്ടതിന് (ആ പരിഹാസത്തിന്) ഞാൻ നിങ്ങളോട് നന്ദി പറയുന്നു!
വളരെ നന്ദി!
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
-SK-
( റിലീസ് ഐ.ഡി: 2253041)
സന്ദര്‍ശക കൗണ്ടര്‍ : 7