തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

IEVP 2026: ഇന്ത്യയുടെ ജനാധിപത്യ ഉത്സവം ലോകം വീക്ഷിക്കുന്നു

ആസൂത്രണം, വ്യാപ്തി , വോട്ടർ പങ്കാളിത്തം എന്നിവയെ 22 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പ്രശംസിച്ചു 

പോസ്റ്റഡ് ഓണ്‍: 11 APR 2026 3:51PM by PIB Thiruvananthpuram

 

1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ, ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്സ് (IEVP) 2026 ന്റെ ഭാഗമായി, 22 രാജ്യങ്ങളിൽ നിന്നുള്ള 38 അന്താരാഷ്ട്ര പ്രതിനിധികൾ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വൈപുല്യം, കൃത്യത, ഊർജ്ജസ്വലത എന്നിവ നേരിട്ട് വീക്ഷിച്ചു. കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈ പരിപാടിയിലൂടെ ആഗോള ശ്രദ്ധ ആകർഷിച്ചു.

2."ജനാധിപത്യത്തിന്റെ യഥാർത്ഥ ഉത്സവം" എന്ന് അനുഭവത്തെ വിശേഷിപ്പിച്ച പ്രതിനിധികൾ, റെക്കോർഡ് വോട്ടർ പങ്കാളിത്തം, സൂക്ഷ്മമായ ആസൂത്രണം, വോട്ടെടുപ്പ് തടസ്സരഹിതമായി നടത്തിയ ECI യുടെ രീതി എന്നിവയെയും അഭിനന്ദിച്ചു . "ഇന്ത്യൻ തെരഞ്ഞെടുപ്പ്, ഇത് ലോകത്തിനാകെ ജനാധിപത്യത്തിന്റെ യഥാർത്ഥ ഉത്സവമാണ്. എനിക്ക് ഏറ്റവും താല്പര്യം തോന്നിയത് വോട്ട് ചെയ്യാനുള്ള ആളുകളുടെ ആവേശമാണ്. ഈ പ്രക്രിയയിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയും, ഇത് ഒരു വലിയ പ്രക്രിയയാണ്, മികച്ച രീതിയിൽ ചെയ്തു". സംഘാംഗമായ ക്രൊയേഷ്യയിൽ നിന്നുള്ള ബ്രാനിമിർ ഫർക്കസ് പറഞ്ഞു. 

3. സംഭരണ, വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചുകൊണ്ടാണ്,അന്താരാഷ്ട്ര പ്രതിനിധികൾ അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനം (ഏപ്രിൽ 8-9) ആരംഭിച്ചത്. മികച്ച രീതിയിൽ ആസൂത്രണം ചെയ്ത ലോജിസ്റ്റിക്സ്, വ്യവസ്ഥാപിതമായ എസ്‌ഒ‌പി എന്നിവ വഴി തിരഞ്ഞെടുപ്പ് സാമഗ്രികൾ പോളിംഗ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നത് അവർ നിരീക്ഷിച്ചു.

4.തെരഞ്ഞെടുപ്പുകളുടെ മൊത്തത്തിലുള്ള നടത്തിപ്പിനെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അതത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാരുമായും സംസ്ഥാന പോലീസ് നോഡൽ ഓഫീസർമാരുമായും പ്രതിനിധികൾ സംവദിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ 100% വെബ്‌കാസ്റ്റിംഗ് നിരീക്ഷിക്കുന്നതിനായി സിഇഒ ഓഫീസുകളിൽ സജ്ജീകരിച്ച സിസിടിവി കൺട്രോൾ റൂമുകളും സംഘം സന്ദർശിച്ചു. അവയെ "സുതാര്യതയുടെ ശക്തമായ സ്തംഭം" എന്ന് വിശേഷിപ്പിച്ചു.

"ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ തീർച്ചയായും പഠിക്കേണ്ട ഒരു രീതിയാണ് " മെക്സിക്കോയിൽ നിന്നുള്ള യുക്-കിബ് എസ്പാഡാസ് അങ്കോണ പറഞ്ഞു.

 5. വോട്ടെടുപ്പ് ദിവസം രാവിലെ പ്രതിനിധികൾ മോക്ക് പോളിംഗ് നിരീക്ഷിച്ചു. തുടർന്ന്, 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഘങ്ങളായി അസമിലെ (കാംരൂപ് മെട്രോ, കാംരൂപ് റൂറൽ), കേരളം (കൊച്ചി, തിരുവനന്തപുരം), പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ച് യഥാർത്ഥ പോളിംഗ് പ്രക്രിയ വീക്ഷിച്ചു.

6. റാമ്പുകൾ, വീൽചെയറുകൾ, വളണ്ടിയർമാർ, ക്രെഷ് സൗകര്യങ്ങൾ, സ്ത്രീകളും ഭിന്നശേഷി വിഭാഗങ്ങളും (പിഡബ്ല്യുഡി) കൈകാര്യം ചെയ്യുന്ന പ്രത്യേക പോളിംഗ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ പോളിംഗ് സ്റ്റേഷനുകളിലെ സമഗ്രവും പങ്കാളിത്തപരവും പ്രവേശനക്ഷമവുമായ സവിശേഷതകളെ അവർ അഭിനന്ദിച്ചു.

“ഉയർന്ന നിലവാരത്തിലുള്ള ഉൾപ്പെടുത്തൽ”കെനിയയിൽ നിന്നുള്ള ശ്രീമതി ഫാഹിമ അറഫത്ത് അബ്ദുള്ള

“പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്ന വിധം, മികച്ച രീതിയിൽ തയ്യാറാക്കിയിരിക്കുന്ന സൗകര്യങ്ങൾ, വീൽചെയർ, ക്രെഷ് സൗകര്യങ്ങൾ എന്നിവയിൽ ഞങ്ങൾക്ക് വളരെ മതിപ്പുണ്ട്” നമീബിയയിൽ നിന്നുള്ള ശ്രീ പൗലസ് ഷിഗ്വേദ അഭിപ്രായപ്പെട്ടു 

7.പ്രതിനിധികൾ ജില്ലാതല മാധ്യമ നിരീക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കുകയും വെബ്‌കാസ്റ്റിംഗിലൂടെ വോട്ടെടുപ്പിന്റെ നിരന്തരമുള്ള മേൽനോട്ടത്തെ പ്രശംസിക്കുകയും ചെയ്തു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ തിരഞ്ഞെടുപ്പ് രീതികൾ പ്രതിഫലിപ്പിച്ചുകൊണ്ട് പോളിംഗ് സ്റ്റേഷനുകളിൽ നടന്ന ചെടിനടൽ യജ്ഞത്തിലും അവർ പങ്കെടുത്തു.

 "ഇന്ത്യൻ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ഇവിഎമ്മുകളുടെ ഉപയോഗമാണ്... നാം മനസ്സിലാക്കിയ ചില കാര്യങ്ങൾ നമുക്ക് നമ്മുടെ രാജ്യത്തിലേക്ക് സ്വീകരിക്കാനും അത് എങ്ങനെ നടപ്പിലാക്കാമെന്ന് ആലോചിക്കാനും കഴിയും. ഇതൊരു ഉത്സവം പോലെയാണ്, ഇതായിരിക്കണം ആവേശം " സിയറ ലിയോണിൽ നിന്നുള്ള അബൂബക്കർ മഹ്മൂദ് കൊറോമ

 8.പുതുച്ചേരിയിൽ, ഫ്ലൈയിംഗ് സ്ക്വാഡുകൾ, ഡ്രോൺ അധിഷ്ഠിത നിരീക്ഷണം തുടങ്ങിയ ജാഗ്രതാ നടപടികളും, വോട്ടർമാരെ സ്വാഗതം ചെയ്യുന്ന റോബോട്ട് -നിള പോലുള്ള നൂതന സംരംഭങ്ങളും പ്രതിനിധികളെ ആകർഷിച്ചു. കേരളത്തിൽ, അവർ ജെൻ സീ പ്രമേയത്തിൽ ഒരുക്കിയ പോളിംഗ് ബൂത്ത് സന്ദർശിക്കുകയും കന്നി വോട്ടർമാരുടെ ആവേശത്തെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം അസമിലെ കാംരൂപിൽ (Rural ) പോളിംഗ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ ആരോഗ്യ പരിശോധനാ സൗകര്യങ്ങളെ പ്രതിനിധികൾ പ്രശംസിക്കുകയും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു.

9. പോളിങ്ങിന്റെ സുഗമമായ നടത്തിപ്പും ഉയർന്ന വോട്ടർ പങ്കാളിത്തവും സന്ദർശകരിൽ ശക്തമായ മതിപ്പ് സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് പരിപാലനത്തിന്റെ വ്യാപ്തിയും മഹത്വവും കാണാൻ അവസരം നൽകിയതിന് അവർ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി രേഖപ്പെടുത്തി. സുതാര്യത, ഉൾക്കൊള്ളൽ, മികവ് എന്നിവയോടുള്ള ഇ സി ഐ യുടെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു. "ലോകം പഠിക്കാൻ കാത്തിരിക്കുമ്പോൾ, സമാനതകളില്ലാത്ത രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഇന്ത്യ നാഴികക്കല്ലുകൾ സ്ഥാപിക്കുന്നത് തുടരുന്നു. യഥാർത്ഥത്തിൽ ജനാധിപത്യത്തിന്റെ ഉത്സവം."

10.തിരഞ്ഞെടുപ്പ് നിർവഹണ സ്ഥാപനങ്ങളുമായും (ഇഎംബി) അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണവും ഇടപെടലും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പ്രധാന സംരംഭമാണ് ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്‌സ് പ്രോഗ്രാം (ഐഇവിപി). ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചട്ടക്കൂട്, സ്ഥാപന സംവിധാനങ്ങൾ, പ്രവർത്തന ഘടന എന്നിവയുടെ സമഗ്രമായ അവലോകനം ഈ പരിപാടിയിലൂടെ നൽകുന്നു. അതോടൊപ്പം തിരഞ്ഞെടുപ്പ് പരിപാലനത്തിലെ മികച്ച രീതികളും നൂതനാശയങ്ങളും പ്രതിനിധികളെ പരിചയപ്പെടുത്തുന്നു.

കുറിപ്പ്: അനുബന്ധം - IEVP 2026 യിൽ അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രസ്താവനകളുടെ YouTube ലിങ്കുകൾ.

****


( റിലീസ് ഐ.ഡി: 2251203) സന്ദര്‍ശക കൗണ്ടര്‍ : 36