പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളെ സംബന്ധിച്ച പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 11 APR 2026 4:45PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന മേഖലകളുടെ തയ്യാറെടുപ്പും തടസരഹിത പ്രവർത്തനവും ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെന്റ് സജീവമായി ഇടപെടുന്നുണ്ട്. ഊർജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം എന്നീ രംഗങ്ങളില്‍ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ താഴെ നൽകുന്നു:

ഊർജ വിതരണവും ഇന്ധന ലഭ്യതയും

ഹോർമുസ് കടലിടുക്കിനെ ബാധിക്കുന്ന നിലവിലെ സംഭവവികാസങ്ങൾക്കിടയിലും പെട്രോളിയം ഉല്പന്നങ്ങളുടെയും എൽ.പി.ജി.യുടെയും തടസരഹിതമായ ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വിവരങ്ങൾ പങ്കുവെച്ചു. താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും മന്ത്രാലയം ശ്രദ്ധയിൽപ്പെടുത്തിയത്:

പൊതുജന നിർദേശങ്ങളും  പൗര ബോധവൽക്കരണവും

  • പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവ പരിഭ്രാന്തി കാരണം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജനങ്ങള്‍ക്ക് നിർദേശം നൽകുന്നു.  
  • എൽ.പി.ജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കാനും വിതരണക്കാരെ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.
  • പി.എൻ.ജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ അടുപ്പുകള്‍ തുടങ്ങിയ ബദൽ ഇന്ധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
  • നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജം ലാഭിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.

ഗവൺമെന്റ് സജ്ജീകരണങ്ങളും വിതരണ നിര്‍വഹണ നടപടികളും

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിലും ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകുന്ന മുൻഗണനയ്ക്കൊപ്പം ആഭ്യന്തര എൽ.പി.ജി, പി.എൻ.ജി വിതരണത്തിനും ഗവൺമെന്റ് മുൻഗണന നല്‍കുന്നു.  
  • എണ്ണ സംസ്കരണശാലകളിലെ ഉല്പാദന വർധന, ബുക്കിങ് ഇടവേള നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും പുനഃക്രമീകരണം,  വിതരണത്തിനായി വിവിധ മേഖലകളുടെ  മുൻഗണനാക്രമം എന്നിവയടക്കം വിതരണ-ആവശ്യകതാ മേഖലകളുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ഇതിനകം യുക്തിസഹമായ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
  • എൽ.പി.ജി ആവശ്യകത മൂലമുണ്ടാകുന്ന സമ്മർദ്ദം ലഘൂകരിക്കാന്‍ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
  • ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി ലഭ്യമാക്കാന്‍ കോൾ ഇന്ത്യയോടും സിംഗരേണി കോളിയറീസിനോടും കൽക്കരി മന്ത്രാലയം നിർദേശിച്ചു.
  • ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക്  പുതിയ പി.എൻ.ജി കണക്ഷനുകൾ നല്‍കുന്നതിലെ  നടപടിക്രമം സുഗമമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിത പരിശ്രമങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും

  • 1955-ലെ അവശ്യ സാധന നിയമം, 2000-ത്തിലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം വിതരണം നിരീക്ഷിക്കാനും പെട്രോളിയം ഉല്പന്നങ്ങളുടെ പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരമുണ്ട്.
  • ഇന്ധന ലഭ്യതയെക്കുറിച്ച് പൗരന്മാർക്ക് ഉറപ്പ് നൽകുന്നതിന് പൊതു ആശയവിനിമയം സജീവമായി നടത്തേണ്ടതിന്റെ ആവശ്യകത 2026 മാര്‍ച്ച് 27, 2026 ഏപ്രില്‍ 02 തീയതികളിലെ കത്തുകളിലൂടെ കേന്ദ്ര ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്.  സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവ് അവലോകന യോഗങ്ങൾ ചേരുന്നു. ഈ സാഹചര്യത്തിൽ 2026 ഏപ്രില്‍ 2-ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലും  2026 ഏപ്രില്‍ 6-ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരുടെ സംയുക്ത അധ്യക്ഷതയിലും  യോഗങ്ങൾ വിളിച്ചുചേർത്തു. ഈ യോഗങ്ങളിൽ താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങൾക്കാണ് ഊന്നൽ നൽകിയത്:
    • പ്രതിദിന വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്ക് പതിവായി നിർദേശങ്ങള്‍ നല്‍കുകയും ചെയ്യുക
    • സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
    • ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ പ്രതിദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ചേർന്ന് പരിശോധാ നടപടികള്‍ തുടരുകയും ചെയ്യുക.  
    • സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽ.പി.ജി വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.
    • സംസ്ഥാനങ്ങൾക്ക് അനുവദിച്ച അധിക മണ്ണെണ്ണയുടെ  വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.
    • പി.എൻ.ജി ഉപയോഗവും ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
    • എൽ.പി.ജി വിതരണത്തിന് - പ്രത്യേകിച്ച് ഗാർഹിക പാചകവാതകത്തിന് - മുൻഗണന നൽകുകയും വിതരണ സ്ഥിരത ഉറപ്പാക്കാൻ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യാധിഷ്ഠിത വിതരണം ഉറപ്പാക്കുകയും ചെയ്യുക.
  • പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന്  എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്. 
  • ‌നിലവിൽ 24 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ പതിവ് വാര്‍ത്താ സമ്മേളനങ്ങൾ നടത്തിവരുന്നു.

നിയമനിര്‍വഹണ നടപടികളും നിരീക്ഷണങ്ങളും

  • എൽ.പി.ജി പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ രാജ്യവ്യാപകമായി കർശന നടപടികൾ തുടരുകയാണ്. 2026 ഏപ്രില്‍ 10-ന് രാജ്യത്തുടനീളം 3400-ലധികം പരിശോധനകള്‍ നടത്തി. 
  • ‌പൊതുമേഖലാ എണ്ണക്കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമാക്കുകയും നിയമലംഘനം നടത്തിയ 214 എൽ.പി.ജി വിതരണക്കാർക്ക് പിഴ ചുമത്തുകയും 55 വിതരണക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

എൽ.പി.ജി വിതരണം

ഗാർഹിക എൽ.പി.ജി വിതരണം: 

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം മൂലം എൽ.പി.ജി വിതരണത്തിൽ തടസ്സങ്ങൾ തുടരുന്നുണ്ട്.
  • എൽ.പി.ജി വിതരണ കേന്ദ്രങ്ങളിൽ സ്റ്റോക്ക് തീർന്നുപോകുന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഓൺലൈൻ എൽ.പി.ജി ബുക്കിങ് ഏകദേശം 98 ശതമാനമായി വർധിച്ചു.
  • ദുരുപയോഗം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ഡെലിവറി ഓതന്റിക്കേഷൻ കോഡ്  അധിഷ്ഠിത വിതരണം ഏകദേശം 93 ശതമാനമായി ഉയർന്നു.
  • ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിൽ തുടരുന്നു.
  • 2026 ഏപ്രില്‍ 10-ന്  51.5 ലക്ഷത്തിലധികം ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്തു.

വാണിജ്യ എൽ.പി.ജി വിതരണ നടപടികള്‍:

  • ആകെ വാണിജ്യ എൽ.പി.ജി വിതരണം പ്രതിസന്ധിക്ക് മുന്‍പത്തേതിന്റെ 70 ശതമാനമായി വർധിപ്പിച്ചു. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട അധിക വിഹിതമാണ്.  
  • 2026 ഏപ്രില്‍ 8-ലെ കത്തിലൂടെ കേന്ദ്രഗവൺമെന്റ് അറിയിച്ചതനുസരിച്ച്:
    • മരുന്ന്, ഭക്ഷണം, പോളിമർ, കൃഷി, പാക്കേജിങ്, പെയിന്റ്, യുറേനിയം, ഘനജലം, സ്റ്റീൽ, വിത്തുകൾ, ലോഹം, സെറാമിക്, ഫൗണ്ടറി, ഫോർജിംഗ്, ഗ്ലാസ്, എയറോസോൾ തുടങ്ങിയ മേഖലകളിലെ വ്യാവസായിക കേന്ദ്രങ്ങള്‍ക്ക്  2026 മാർച്ചിന് മുൻപത്തെ മാസങ്ങളിലെ ശരാശരി ഗാര്‍ഹികേതര ഉപഭോഗത്തിന്റെ 70 ശതമാനം  എൽ.പി.ജി ലഭിക്കും. ഇത് പ്രതിദിനം പരമാവധി 0.2 ടി.എം.ടി  എന്ന മേഖലാതല പരിധിക്ക് വിധേയമായിരിക്കും.
    • ഈ ആനുകൂല്യം ലഭിക്കാന്‍ 2026 മാര്‍ച്ച് 21-ലെ കത്തിലെ വ്യവസ്ഥകൾ പ്രകാരം എണ്ണ വിപണന കമ്പനികളില്‍ രജിസ്റ്റർ ചെയ്യേണ്ടതും പി.എൻ.ജി  കണക്ഷന്  അപേക്ഷിക്കേണ്ടതും നിർബന്ധമാണ്. എന്നാൽ ഉല്പാദന പ്രക്രിയയിൽ എൽ.പി.ജി ഒഴിച്ചുകൂടാനാവാത്ത ഘടകമാണെങ്കിലും പ്രകൃതിവാതകം പകരം ഉപയോഗിക്കാനാവാത്ത  പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടി എൽ.പി.ജി  ഉപയോഗിക്കുന്ന സാഹചര്യത്തിലും   പി.എൻ.ജി അപേക്ഷാ വ്യവസ്ഥയിൽ ഇളവ് നൽകും.
    • ആഗോള പ്രതിസന്ധികൾക്കിടയിലും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും അവശ്യ സാധനങ്ങളുടെ ക്ഷാമം തടയാനും വ്യാവസായിക പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും ഈ നടപടികൾ സഹായിക്കും.
  • 2026 ഏപ്രില്‍ 6-ലെ കത്തിലൂടെ കേന്ദ്രഗവൺമെന്റ് അറിയിച്ചത് പ്രകാരം അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ചുകിലോ എഫ്.ടി.എൽ  സിലിണ്ടറുകളുടെ പ്രതിദിന അളവ് ഇരട്ടിയാക്കി. 2026 മാര്‍ച്ച് 21-ലെ കത്തിൽ പറഞ്ഞിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ സിലിണ്ടറുകൾ എണ്ണക്കമ്പനികളുടെ സഹായത്തോടെ അതിഥി തൊഴിലാളികൾക്ക് മാത്രമായി വിതരണം ചെയ്യാൻ സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരം നൽകിയിട്ടുണ്ട്.
  • കഴിഞ്ഞ 8 ദിവസത്തിനിടെ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളെക്കുറിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ 2900 ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിലൂടെ 29,000-ലേറെ സിലിണ്ടറുകൾ വിറ്റഴിച്ചു.
  • 2026 ഏപ്രില്‍‌ 10-ന് രാജ്യത്തുടനീളം ഏകദേശം 1 ലക്ഷം അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളാണ് വിറ്റത്. 2026 ഫെബ്രുവരിയിലെ പ്രതിദിന ശരാശരി 77,000 ആയിരുന്നു.
  • 2026 മാർച്ച് 23 മുതൽ വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾ ഉൾപ്പെടെ ദുർബല വിഭാഗങ്ങൾക്കുമായി 12 ലക്ഷത്തിലധികം അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകൾ വിറ്റു.
  • ഐ.ഒ.സി.എൽ, എച്ച്.പി.സി.എല്‍, ബി.പി.സി.എൽ  എന്നിവിടങ്ങളിലെ  എക്സിക്യൂട്ടീവ് ഡയറക്ടർമാരടങ്ങുന്ന മൂന്നംഗ സമിതി വാണിജ്യ എൽ.പി.ജി വിതരണം ആസൂത്രണം ചെയ്യുന്നതിന് സംസ്ഥാന അധികാരികളുമായും വ്യവസായ സംഘടനകളുമായും ഏകോപനം നടത്തിവരുന്നു.  
  • 2026 മാർച്ച് 14 മുതൽ ഏകദേശം 1,13,233 മെട്രിക് ടൺ വാണിജ്യ എൽ.പി.ജി (19 കിലോയുടെ 60 ലക്ഷത്തിലധികം സിലിണ്ടറുകൾക്ക് തുല്യം) വിറ്റു. 2026 ഏപ്രില്‍‌ 10-ന്  മാത്രം 7140 മെട്രിക് ടൺ (19 കിലോയുടെ 3.76 ലക്ഷത്തിലധികം സിലിണ്ടറുകൾക്ക് തുല്യം) വാണിജ്യ എൽ.പി.ജി വില്‍പന നടത്തി. 

പ്രകൃതിവാതക വിതരണവും PNG വിപുലീകരണ സംരംഭങ്ങളും

• ഗാർഹിക പിഎൻജി, ഗതാഗത മേഖലയിലെ സിഎൻജി എന്നിവയ്ക്ക്  നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നല്കിയിട്ടുണ്ട്.

• നിലവിലെ ഇന്ധന ശേഖരത്തിൻ്റേയും എത്തിച്ചേരാനിരിക്കുന്ന എൽഎൻജി ചരക്കുകൾ സംബന്ധിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിൽ,  വളം നിർമ്മാണ ശാലകൾക്കുള്ള മൊത്തം ഗ്യാസ് വിഹിതം അഞ്ച് ശതമാനം കൂടി വർദ്ധിപ്പിച്ചു. ഇതോടെ 2026 ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വരുംവിധം, ഈ ശാലകൾക്ക് അവരുടെ കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 95 ശതമാനം ഗ്യാസ് ലഭ്യമാകും.

• വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പിഎൻജി കണക്ഷനുകൾ നല്കുന്നതിന് മുൻഗണന നല്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

• ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ എന്നിവയുൾപ്പെടെയുള്ള സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അപേക്ഷകൾക്ക് വേഗത്തിൽ അംഗീകാരം നല്കണമെന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

• എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ ഇന്ത്യ ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

• പിഎൻജി വിപുലീകരണ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് 18 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ  ഇതിനകം തന്നെ അധിക വാണിജ്യ എൽപിജി വിഹിതം കൈപ്പറ്റുന്നുണ്ട്.

•  സിജിഡി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിനായി റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക്  ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട് നടപ്പിലാക്കിയിട്ടുണ്ട്.

• 1955-ലെ അവശ്യവസ്തു നിയമപ്രകാരം,  2026-ലെ പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങൾ എന്നിവയിലൂടെ) ഉത്തരവ് 24.03.2026-ലെ ഗസറ്റിലൂടെ ഇന്ത്യ ഗവൺമെന്റ് വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികൾ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎൻജി ശൃംഖലയുടെ വളർച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകൾ  മെച്ചപ്പെടുത്തുകയും,  പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട്  കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

• പിഎൻജി വിപുലീകരണത്തിൻ്റെ വേഗത നിലനിർത്തുന്നതിനായി ദേശീയ പിഎൻജി ഡ്രൈവ് 2.0, 2026 ജൂൺ 30 വരെ പിഎൻജിആർബി ദീർഘിപ്പിച്ചു.

• ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യ ഗവൺമെന്റ് ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കൽ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക്, അധിക വാണിജ്യ എൽപിജി വിഹിതത്തിൻ്റെ അടുത്ത ഗഡു അനുവദിക്കുന്നതിൽ മുൻഗണന നല്കുന്നതാണ്.

• പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പൈപ്പ് ലൈൻ ഗ്യാസ് ഉപയോഗം വർദ്ധിപ്പിക്കുന്നതിനുമായി, ആന്ധ്രാപ്രദേശ് ഗവൺമെന്റ് 10.04.2026-ലെ കത്ത് പ്രകാരം "ആന്ധ്രാപ്രദേശ് പിഎൻജി സബ്‌വെൻഷൻ സ്കീമിന്" കീഴിൽ ഗാർഹിക പിഎൻജി ഉപഭോക്താക്കൾക്ക് സബ്‌സിഡി പിന്തുണ  ലഭ്യമാക്കിയിട്ടുണ്ട്.

• 2026 മാർച്ച് മുതൽ ഏകദേശം 4.15 ലക്ഷം പിഎൻജി കണക്ഷനുകളിൽ വാതക വിതരണം ആരംഭിച്ചു. കൂടാതെ ഏകദേശം 4.55 ലക്ഷം പുതിയ ഉപഭോക്താക്കൾ കണക്ഷനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

• ഇതുവരെ, 26,000-ത്തിലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in എന്ന വെബ്‌സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ തിരിച്ചേൽപ്പിച്ചു.

 

ക്രൂഡ് ഓയിൽ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും

• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്കും രാജ്യം നിലനിർത്തുന്നുണ്ട്.

• ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

• സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിച്ചിട്ടുള്ള നിശ്ചിത അളവിൻ്റേയും റിഫൈനറി സ്രോതസ്സിൻ്റേയും അടിസ്ഥാനത്തിൽ, ഫാർമസ്യൂട്ടിക്കൽ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, കെമിക്കൽസ്-പെട്രോകെമിക്കൽസ് വകുപ്പ് തുടങ്ങിയ നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇന്ത്യ ഗവൺമെന്റ് രാജ്യത്തെ എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് അനുമതി നല്കിയിട്ടുണ്ട്.

•  മേൽപ്പറഞ്ഞ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് പ്രതിദിനം 800 മെട്രിക് ടൺ എന്ന തോതിൽ വിഹിതം അനുവദിച്ചിട്ടുണ്ട്.

ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

•  രാജ്യത്തുടനീളമുള്ള  ചില്ലറ വില്പനശാലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

•  മിഡിൽ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനവിന്  കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യ ഗവൺമെന്റ് പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.

• ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി, ഇന്ത്യ ഗവൺമെന്റ് ഡീസലിന് ലിറ്ററിന് 21.5 രൂപയും വിമാന ഇന്ധനത്തിന് ലിറ്ററിന് 29.5 രൂപയും കയറ്റുമതി നികുതി ഏർപ്പെടുത്തി.

•  പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന വിലകളിൽ മാറ്റമില്ല. ചില്ലറ വില്പന ശാലകളിൽ വില വർദ്ധനവ് ഉണ്ടായിട്ടില്ല.

•  വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ഗവൺമെന്റ് പൗരന്മാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. പത്രസമ്മേളനങ്ങളിലൂടെ ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാനഇന്ത്യ ഗവൺമെന്റുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

•  പതിവ് വിഹിതത്തിന് പുറമെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.

• 2026 മാർച്ച് 29-ലെ ഗസറ്റ് വിജ്ഞാപനം വഴി, മണ്ണെണ്ണ വിതരണം ഇല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പാചകത്തിനും വെളിച്ചത്തിനും വേണ്ടി മാത്രമായി ഗുണനിലവാരമുള്ള റേഷൻ മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ഇന്ത്യ ഗവൺമെന്റ് അനുമതി നല്കി:

◦ ഒരു ജില്ലയിൽ പരമാവധി രണ്ട് പൊതുമേഖലാ ഓയിൽ കമ്പനി സർവീസ് സ്റ്റേഷനുകൾക്ക് (കമ്പനി നേരിട്ട് നടത്തുന്നവയ്ക്ക് മുൻഗണന) 5,000 ലിറ്റർ വരെ പിഡിഎസ് മണ്ണെണ്ണ സംഭരിക്കാൻ അനുമതിയുണ്ട്.

◦ ഓരോ ജില്ലയിലും ഇത്തരം പൊതുമേഖലാ ഓയിൽ കമ്പനി സർവീസ് സ്റ്റേഷനുകളെ അതത് സംസ്ഥാന സർക്കാരോ കേന്ദ്രഭരണ പ്രദേശ ഭരണകൂടമോ നിശ്ചയിക്കേണ്ടതാണ്.

• 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവടങ്ങളിൽ മണ്ണെണ്ണയുടെ ആവശ്യമില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്.


സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി തുറമുഖ, ഷിപ്പിംഗ്, ജലപാതാ  മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം അറിയിച്ച പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

• ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

• ജഗ് വിക്രം എന്ന ഇന്ത്യൻ എൽപിജി കപ്പൽ ഇന്ന് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു.

• 24 നാവികർ ഉൾപ്പെടുന്ന ഈ കപ്പലിൽ ഏകദേശം 20,400 മെട്രിക് ടൺ എൽപിജി ശേഖരമാണുള്ളത്. ഇത് 2026 ഏപ്രിൽ 15-ന് മുംബൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

• ഷിപ്പിംഗ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ 5,973 കോളുകളും 12,675-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 128 കോളുകളും 319 ഇമെയിലുകളും ലഭിച്ചു.

• ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡി.ജി ഷിപ്പിംഗ്) വഴി ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇതുവരെ 2,009-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ മന്ത്രാലയത്തിന് സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തിയ 81 പേരും ഇതിൽ ഉൾപ്പെടുന്നു.

•  ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.

•  ഇന്ത്യൻ നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, മറ്റ് സമുദ്ര പങ്കാളികൾ എന്നിവയുമായി ഏകോപനം തുടരുന്നു.


മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും പ്രവാസി സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ആവശ്യമായ സഹായങ്ങൾ നല്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം അറിയിച്ച വിവരങ്ങൾ താഴെ പറയുന്നവയാണ്:

• ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ ഗവൺമെന്റ് അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.

• വിവരങ്ങൾ കൈമാറുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി വിദേശകാര്യ മന്ത്രാലയം ഇന്ത്യ ഗവൺമെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി സമ്പർക്കം പുലർത്തുന്നുണ്ട്.

•  മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന് ഗവൺമെന്റ് മുൻഗണന നല്കുന്നു.

•  മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ അവർ മുൻകൈയെടുത്ത് നല്കിവരുന്നു.

•  പ്രാദേശിക ഗവൺമെന്റുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകൾ കൃത്യമായ ഇടവേളകളിൽ  പുറപ്പെടുവിക്കുന്നുണ്ട്.

• മേഖലയിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവയുമായി മിഷനുകൾ നിരന്തരം സമ്പർക്കം പുലർത്തുന്നു.

• വ്യോമപാത തുറന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 8,71,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

• യുഎഇയിൽ, സുരക്ഷാ-പ്രവർത്തന കാരണങ്ങൾ മുൻനിർത്തി യുഎഇക്കും ഇന്ത്യയ്ക്കുമിടയിൽ  പരിമിതമായ രീതിയിൽ ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഇന്ന് ഏകദേശം 95 വിമാന സർവീസുകളാണ് പ്രതീക്ഷിക്കുന്നത്.

• സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നുണ്ട്.

• ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8 മുതൽ 10 വരെ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

• കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നു. കുവൈറ്റിലെ ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന സർവീസുകൾ നടത്തുന്നത്. കുവൈറ്റിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി തുടരുന്നു.

• ബഹ്‌റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. ഗൾഫ് എയർ ഉടൻ തന്നെ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇവർ സർവീസ് നടത്തുന്നത്. ബഹ്‌റൈനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള യാത്ര സൗദി അറേബ്യ വഴി തുടരുന്നു.

• ടെഹ്‌റാനിലെ ഇന്ത്യൻ എംബസി വഴി ഇതുവരെ 981 ഇന്ത്യൻ വിദ്യാർത്ഥികളും 662 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 2,225   ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്ക് എത്തിക്കാൻ സാധിച്ചു.

• ഇസ്രായേൽ വ്യോമപാത അടഞ്ഞുകിടക്കുന്നു. ഇന്ത്യയിലേക്കുള്ള പൗരന്മാരുടെ യാത്ര ജോർദ്ദാൻ, ഈജിപ്ത്  വഴി സുഗമമായി തുടരുന്നു.

• ഇറാഖ് വ്യോമപാത നിയന്ത്രിത വിമാന സർവീസുകളോടെ തുറന്നിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ യാത്ര ജോർദ്ദാൻ, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് സുഗമമായി തുടരുന്നു.

***

 

( റിലീസ് ഐ.ഡി: 2251193) സന്ദര്‍ശക കൗണ്ടര്‍ : 18