പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളിലെ പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
05 APR 2026 2:38PM by PIB Thiruvananthpuram
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആശങ്കകൾ ഉൾപ്പെടെ പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ തടസരഹിത ഊർജ വിതരണം, സമുദ്ര സുരക്ഷ, ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം എന്നിവ ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെൻറ് ഏകോപിത നടപടികൾ സ്വീകരിച്ചു.
പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ മതിയായ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടരുതെന്നും അനാവശ്യമായി എൽ.പി.ജി ബുക്ക് ചെയ്യരുതെന്നും ജനങ്ങൾക്ക് നിർദേശം നൽകി. എൽ.പി.ജി ബുക്കിങിന് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ ഗവൺമെൻറ് പ്രോത്സാഹിപ്പിക്കുന്നു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം ആശ്രയിക്കാനും ഊർജം സംരക്ഷിക്കാനും പി.എൻ.ജി, ഇൻഡക്ഷൻ - ഇലക്ട്രിക് അടുപ്പുകള്‍ തുടങ്ങിയ ബദൽ ഇന്ധന മാർഗങ്ങൾ പരിഗണിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഗാർഹിക എൽ.പി.ജി, പി.എൻ.ജി എന്നിവയ്‌ക്കൊപ്പം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്. എണ്ണ സംസ്കരണ ശാലകളിലെ ഉല്പാദന വർധന, എൽ.പി.ജി ബുക്കിങ് ഇടവേളകള്‍ ഉയര്‍ത്തല്‍ (നഗരപ്രദേശങ്ങളിൽ 21 മുതൽ 25 ദിവസം വരെയും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസം വരെയും), മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധനങ്ങളുടെ പ്രോത്സാഹനം എന്നിവ നടപടികളിൽ ഉൾപ്പെടുന്നു. കൽക്കരി വിഹിതം വർധിപ്പിക്കാൻ കോൾ ഇന്ത്യയ്ക്കും സിംഗരേണി കോളിയറീസിനും നിർദേശം നൽകിയിട്ടുണ്ട്. പി.എൻ.ജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാൻ 1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ദിവസേന വാർത്താ സമ്മേളനങ്ങൾ നടത്താനും കൺട്രോൾ റൂമുകൾ സ്ഥാപിക്കാനും വ്യാജപ്രചാരണങ്ങൾ നിരീക്ഷിക്കാനും പരിശോധനകൾ ശക്തിപ്പെടുത്താനും സംസ്ഥാനങ്ങളോട് നിർദേശിച്ചു. നിലവിൽ 22 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ വാർത്താ സമ്മേളനങ്ങൾ നടത്തുന്നുണ്ട്. കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും രാജ്യത്തുടനീളം പ്രവർത്തിക്കുന്നു.
പരിശോധനകളിലൂടെ മാർച്ചിൽ മാത്രം 50,000-ത്തിലേറെ എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തു. പൊതുമേഖലാ എണ്ണക്കമ്പനികൾ 1,400-ലധികം കാരണം കാണിക്കൽ നോട്ടീസുകൾ അയക്കുകയും 36 എൽ.പി.ജി വിതരണ ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
എൽ.പി.ജി വിതരണ ഏജൻസികളിലൊന്നും ഇന്ധനം തീർന്നുപോയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഓൺലൈൻ ബുക്കിങ് ഇന്നലെ 95 ശതമാനമായി ഉയർന്നു. ഡെലിവറി ഓതന്റിക്കേഷൻ കോഡ് അധിഷ്ഠിത വിതരണം 2026 ഫെബ്രുവരിയിലെ 53 ശതമാനത്തിൽ നിന്ന് 90 ശതമാനമായി വർധിച്ചു. 51 ലക്ഷത്തിലധികം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളാണ് ഇന്നലെ മാത്രം വിതരണം ചെയ്തത്.
വാണിജ്യ എൽ.പി.ജി വിഹിതം പ്രതിസന്ധിക്ക് മുൻപത്തെ അളവിന്റെ 70 ശതമാനമായി കുറച്ചിട്ടുണ്ട്. 2026 മാർച്ച് 14 മുതൽ 78,833 മെട്രിക് ടൺ വാണിജ്യ എൽ.പി.ജി വിറ്റഴിച്ചു. 90,000-ത്തിലധികം അഞ്ചുകിലോ എഫ്ടിഎല്‍ സിലിണ്ടറുകളാണ് ഇന്നലെ വിറ്റത്. 2026 മാർച്ച് 23 മുതൽ ഇതുവരെ 6.6 ലക്ഷം എഫ്ടിഎല്‍ സിലിണ്ടറുകൾ വിറ്റു. ഈ സിലിണ്ടറുകൾക്ക് സാധുവായ തിരിച്ചറിയൽ രേഖ മാത്രമാണ് വേണ്ടത്; വിലാസരേഖകള്‍ ആവശ്യമില്ല.
ഗാർഹിക-ഗതാഗത മേഖലകളിലെ പി.എൻ.ജി വിതരണം 100 ശതമാനമായി തുടരുന്നു. വളം പ്ലാന്റുകൾക്ക് 2026 ഏപ്രിൽ 6 മുതൽ ശരാശരി ഉപഭോഗത്തിന്റെ 90 ശതമാനം വിഹിതം ലഭിക്കും. വ്യവസായങ്ങൾക്കും സിറ്റി ഗ്യാസ് വിതരണ ശൃംഖലയ്ക്കും വിതരണത്തിൽ 10 ശതമാനം വർധനയുണ്ടാകും. 2026 മാർച്ച് മുതൽ 3.6 ലക്ഷം പി.എൻ.ജി കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കുകയും 3.9 ലക്ഷത്തിലധികം കണക്ഷനുകളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
നയപരമായ പരിഷ്കാരങ്ങൾ, അതിവേഗ അനുമതികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ സിറ്റി ഗ്യാസ് വിതരണ ശൃംഖലയുടെ വിപുലീകരണം ത്വരിതപ്പെടുത്തുകയാണ്. ഹോസ്റ്റലുകൾ, സ്കൂളുകൾ, സമൂഹ അടുക്കളകള്‍ തുടങ്ങിയവയ്ക്ക് പി.എൻ.ജി കണക്ഷനുകൾ ലഭ്യമാക്കാന്‍ മുൻഗണന നൽകുന്നു.
ആവശ്യത്തിന് അസംസ്‌കൃത എണ്ണ ശേഖരവുമായി രാജ്യത്തെ എണ്ണ സംസ്കരണ ശാലകൾ ഉയർന്ന ശേഷിയിലാണ് പ്രവർത്തിക്കുന്നത്. ചില്ലറ വിൽപന കേന്ദ്രങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണവില വർധന നേരിടാൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു. ഡീസല്‍ ലിറ്ററിന് 21.5 രൂപയും വ്യോമയാന ഇന്ധനം ലിറ്ററിന് 29.5 രൂപയും കയറ്റുമതി തീരുവ ഏർപ്പെടുത്തി. പെട്രോൾ, ഡീസൽ വിൽപന വിലയിൽ മാറ്റമില്ല.
48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചു. നേരത്തെ മണ്ണെണ്ണ രഹിത മേഖലകളായി പ്രഖ്യാപിച്ച ഇടങ്ങളിലും റേഷൻ വഴി മണ്ണെണ്ണ വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ വിഹിതം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
പശ്ചിമേഷ്യന്‍ മേഖലയില്‍ ഇന്ത്യൻ നാവികരെല്ലാം സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ കപ്പലുകൾ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. 460 ഇന്ത്യൻ നാവികരുമായി 17 കപ്പലുകൾ പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിലുണ്ട്. ഇതുവരെ 5,088 ഫോൺ കോളുകളും 10,547 ഇമെയിലുകളും (കഴിഞ്ഞ 24 മണിക്കൂറിനിടെ 73 കോളുകളും 122 ഇമെയിലുകളും) കൈകാര്യം ചെയ്ത ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍ ഈയിടെ തിരിച്ചെത്തിച്ച 159 പേരടക്കം ആകെ 1,479 നാവികരെ തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കി. രാജ്യത്തുടനീളം തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്.
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ 24 മണിക്കൂറും സഹായം നൽകുന്നത് തുടരുന്നു. ഇറാനിൽ കുടുങ്ങിയ 345 മത്സ്യത്തൊഴിലാളികൾ അർമേനിയ വഴി തിരിച്ചെത്തി. ഫെബ്രുവരി 28 മുതൽ ഏകദേശം 7,02,000 യാത്രക്കാർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. മേഖലയിലുടനീളം വിമാന സർവീസുകൾ ക്രമേണ സാധാരണ നിലയിലാകുന്നുണ്ട്. വ്യോമപാത നിയന്ത്രണമേര്‍പ്പെടുത്തിയ മേഖലകളില്‍ ബദൽ യാത്രാ മാർഗങ്ങളൊരുക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: https://www.pib.gov.in/PressReleasePage.aspx?PRID=2249118®=3&lang=1
****
( റിലീസ് ഐ.ഡി: 2249148)
സന്ദര്‍ശക കൗണ്ടര്‍ : 29
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada