പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ വാവ്-തരാഡിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 31 MAR 2026 8:27PM by PIB Thiruvananthpuram

ഭാരതാംബയ്ക്ക് ജയം!

ഭാരതാംബയ്ക്ക് ജയം!

ഭാരതാംബയ്ക്ക് ജയം!

ഈ പരിപാടിയിൽ പങ്കെടുക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ്, ഗുജറാത്ത് നിയമസഭാ സ്പീക്കർ ശങ്കർ ഭായ്, ഉപമുഖ്യമന്ത്രി ഭായ് ഹർഷ് സംഘവി, ഗുജറാത്ത് സർക്കാരിലെ എല്ലാ മന്ത്രിമാരേ, സഹ എം.എൽ.എമാരേ, ബനസ്‌കന്ത, വാവ്, തരാഡ് , വടക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, സഹോദരിമാരെ.

ഇന്ന്, ഇത്രയധികം വലിയ സംഖ്യയിൽ എന്റെ അമ്മമാർ ഇവിടെ എത്തിയിരിക്കുന്നു;  അമ്മമാരും സഹോദരിമാരും ഇത്രയധികം വലിയ സംഖ്യയിൽ ഇവിടേക്ക് വന്നിരിക്കുന്നു. ഈ അമ്മമാർക്കും സഹോദരിമാർക്കും എന്റെ പ്രത്യേക പ്രണാമം.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പവിത്രമായ നവരാത്രി ആഘോഷങ്ങൾ സമാപിച്ചത്. ഇന്ന് അംബാജി മാതാവിന്റെ പാദങ്ങളിൽ എത്താൻ എനിക്ക് ഭാഗ്യം ലഭിച്ചത് ആ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്. ആ കാരുണ്യത്താൽ ഇന്ന് എന്റെ സ്വന്തം കുടുംബാംഗങ്ങളായ നിങ്ങളെയെല്ലാം കാണാനുള്ള അവസരവും എനിക്ക് കൈവന്നിരിക്കുന്നു. അംബാജി മാതാവിന്റെ പാദങ്ങളിൽ ഞാൻ ശിരസ്സ് നമിക്കുന്നു. നമ്മുടെ വരാഹ രൂപത്തിലുള്ള ഭഗവാൻ ശ്രീ ധരണിധർ ജിക്കും "മുഖ്ദ കൃഷ്ണനും" ഞാൻ ഇന്ന് എന്റെ ആദരവുകൾ അർപ്പിക്കുന്നു.

ഇന്ന് നമ്മൾ ഭഗവാൻ മഹാവീര ജയന്തി ആഘോഷിക്കുന്നു എന്നതും മനോഹരമായ ഒരു യാദൃശ്ചികതയാണ്. നമ്മുടെ ഈ പ്രദേശം നിരവധി ജൈന തീർത്ഥാടന കേന്ദ്രങ്ങളുടെ പുണ്യഭൂമിയാണ്. ഞാൻ ഭഗവാൻ മഹാവീരനെ വണങ്ങുന്നു, കൂടാതെ പവിത്രമായ മഹാവീര ജന്മ കല്യാണക് ദിനമായ ഇന്ന്  മഹാവീര ജയന്തി ആശംസകൾ നിങ്ങൾക്കേവർക്കും നേരുന്നു.

സുഹൃത്തുക്കളെ,

ഇന്ന് മറ്റൊരു കാരണം കൊണ്ട് കൂടി എന്റെ മനസ്സ് സന്തോഷത്തിലാണ്. ഞാനിവിടെ വന്നപ്പോൾ, ആദ്യമായി എന്റെ വിമാനം നേരിട്ട് ദീസ (Deesa) എയർബേസിലാണ് ഇറങ്ങിയത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് വെറും 130 കിലോമീറ്റർ മാത്രം അകലെയാണ് ഈ എയർബേസ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇത് എത്രത്തോളം പ്രധാനമാണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

പക്ഷേ സുഹൃത്തുക്കളെ,

ഈ  ദീസ വിമാനത്താവള പദ്ധതിയെക്കുറിച്ചുള്ള ചിന്ത ഇന്ന് തുടങ്ങിയതല്ല. ഞാൻ ഇവിടെ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നമ്മൾ ഇതിനായി ഭൂമി ഏറ്റെടുത്തിരുന്നു, എന്റെ കർഷക സഹോദരങ്ങൾ അതിനായി ഭൂമി വിട്ടുനൽകി. ഇന്ത്യയുടെ  പടിഞ്ഞാറൻ അതിർത്തിയുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കായി ദീസ അതീവ പ്രാധാന്യമുള്ള സ്ഥലമാണെന്നും ഇവിടെ ഒരു എയർബേസ് അനിവാര്യമാണെന്നും നമ്മൾ ആഗ്രഹിച്ചു. എന്നാൽ അന്ന് ഡൽഹി ഭരിച്ചിരുന്നവർക്ക് ഗുജറാത്തിനോട് എന്ത് വെറുപ്പായിരുന്നു എന്ന് അറിയില്ല; ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഈ പദ്ധതി പോലും വർഷങ്ങളോളം ഫയലുകളിൽ ഒതുങ്ങിക്കിടന്നു.നിങ്ങൾ എന്നെ ഡൽഹിയിലേക്ക് അയച്ചപ്പോൾ, ഞാൻ ആ ഫയലുകൾ പുറത്തെടുത്തു. അതിന്റെ ഫലമായാണ് ഇന്ന് വ്യോമസേനയുടെ ഒരു വലിയ താവളം നമ്മുടെ ദീസയിൽ യാഥാർത്ഥ്യമായത്. ഇത് വെറുമൊരു വിമാനത്താവളം മാത്രമല്ല; ഇതിലൂടെ ഇവിടെ വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടക്കും, ധാരാളം സൈനികർ ഇവിടെ താമസമൊരുക്കും. ഈ പ്രദേശത്തിന്റെ വികസനത്തിന് ഇത് വലിയ സംഭാവന നൽകും. എന്നാൽ, അന്ന് ഡൽഹിയിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാരിന്റെ നിലപാട് കാരണമാണ് ഈ കാലതാമസം ഉണ്ടായത്. ദേശീയ സുരക്ഷയോടുള്ള ഇത്തരം അവഗണന രാജ്യം ഒരിക്കലും ക്ഷമിക്കില്ല. നമ്മുടെ സർക്കാർ ദീസ എയർപോർട്ടിന്റെ ജോലികൾക്ക് മുൻഗണന നൽകി പൂർത്തിയാക്കി. ഇന്ന് ഈ വിമാനത്താവളം ഈ പ്രദേശത്തിന്റെ വികസനത്തിലെ ഒരു നാഴികക്കല്ലായി മാറുന്നതിനൊപ്പം രാജ്യത്തിന്റെ തന്ത്രപരമായ കരുത്തുകൂടിയായി മാറുകയാണ്. ഈ വിമാനത്താവളത്തിന്റെ പേരിൽ നിങ്ങളെ എല്ലാവരെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

ഈ വാവ്-തരാഡ് , ബനസ്‌കന്ത പ്രദേശം... നിങ്ങൾക്കെല്ലാവർക്കും അറിയാം, എനിക്ക് ഇവിടത്തോട് എത്രമാത്രം അടുപ്പമുണ്ടെന്ന്. എന്റെ ഓർമ്മകളില്ലാത്ത ഒരു ഗ്രാമം പോലും ഇവിടെ ഉണ്ടാകില്ല. ഇന്ന് ഞാൻ വന്നപ്പോൾ, പഴയകാലത്തെ നിരവധി മുഖങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. റോഡ്‌ഷോ ഇത്ര ഗംഭീരമായി നടന്നതുകൊണ്ട് എനിക്കൊരു ഗുണമുണ്ടായി; വളരെ ദൂരെയുള്ള പഴയ സുഹൃത്തുക്കളെപ്പോലും കാണാൻ എനിക്ക് സാധിച്ചു. ഞാൻ പാർട്ടി സംഘടനയുടെ ചുമതല വഹിച്ചിരുന്ന കാലത്ത് ഇവിടെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. സ്കൂട്ടറിലായിരുന്നു അന്നത്തെ യാത്രകൾ. നിങ്ങളെയെല്ലാം നേരിട്ട് കാണാൻ എനിക്ക് അവസരം ലഭിക്കുമായിരുന്നു. എന്റെ വടക്കൻ ഗുജറാത്തിൽ വരുമ്പോഴെല്ലാം ഇവിടുത്തെ അമ്മമാരും സഹോദരിമാരും നല്ല രുചിയുള്ള റൊട്ടികൾ ഉണ്ടാക്കി നൽകുമായിരുന്നു. ബാജറ റൊട്ടിയും നെയ്യും ശർക്കരയും വെളുത്തുള്ളി ചമ്മന്തിയും നല്ല ശുദ്ധമായ വെണ്ണയും... നിങ്ങളുടെ ആ സ്നേഹം, ആ വലിയ കരുണ, എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.നിങ്ങൾ എനിക്ക് നൽകിയ സ്നേഹം, എന്നെ നിങ്ങളുടെ കുടുംബത്തിലെ ഒരു മകനെപ്പോലെ വളർത്തിയ രീതി—അതുകൊണ്ടാണ് ഞാൻ എവിടെയായിരുന്നാലും വികസനപ്രവർത്തനങ്ങളിലൂടെ ആ സ്നേഹത്തിന് പലിശ സഹിതം നന്ദി വീട്ടാൻ ശ്രമിക്കുന്നത്. രാപ്പകൽ ഒരുമിച്ച് ജോലി ചെയ്ത സംഘടനയിലെ പഴയകാല പ്രവർത്തകർ പലരും ഇവിടെയുണ്ട്. പല മുതിർന്നവരും ഇന്ന് നമ്മോടൊപ്പമില്ല, പക്ഷേ അവരിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. അങ്ങനെയുള്ള ഒട്ടേറെ പേരുടെ പിൻഗാമികളായ ബി.ജെ.പി പ്രവർത്തകരുടെ ഒരു പുതിയ തലമുറ തന്നെയാണ് ഇന്ന് എന്റെ മുന്നിലുള്ളത്. ഇത്രയും വിജയകരമായ ഒരു പുതിയ തലമുറയെ കാണുമ്പോൾ, ജീവിതത്തിൽ എന്തൊക്കെയോ നേടിയെന്ന സംതൃപ്തി എനിക്കുണ്ടാകുന്നു. നമ്മുടെ യുവപ്രവർത്തകർ അതേ നൈപുണ്യത്തോടെ സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഞാൻ കാണുന്നുണ്ട്. ഈ പരിപാടിയും ഈ റാലിയും ഇതിന്റെ ക്രമീകരണങ്ങളും ഇത്രയധികം ജനപങ്കാളിത്തവും അതിന് തെളിവാണ്. ഞാൻ രണ്ട് വശങ്ങളിലേക്കും നോക്കി, ഏറ്റവും ദൂരെയുള്ളവർക്ക് നേരെ ഒന്ന് കൈവീശണമെന്ന് തോന്നി, പക്ഷേ എന്റെ കാഴ്ച എത്തുന്നതിലും അപ്പുറമാണ് ജനങ്ങൾ ഇരിക്കുന്നത്; ഒരുപാട് പേർ പുറത്ത് നിൽക്കുന്നുമുണ്ട്. ബനസ്‌കന്തയ്ക്ക് പുറമെ പഠാൻ, മെഹ്‌സാന തുടങ്ങി പല ജില്ലകളിൽ നിന്നുള്ളവരെയും കാണാൻ എനിക്ക് സാധിച്ചു, ഇതിന് നിങ്ങളെയെല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് എന്റെ അമ്മമാരെയും സഹോദരിമാരെയും ഒരിക്കൽ കൂടി ഞാൻ വണങ്ങുന്നു.

സുഹൃത്തുക്കളെ,

ഇന്ന് മുതൽ 25 വർഷങ്ങൾക്ക് മുമ്പാണ് ബനസ്‌കന്തയുടെയും ഈ പ്രദേശത്തിന്റെയും വികസനത്തിനായുള്ള ഉത്തരവാദിത്തം നിങ്ങൾ എന്നെ ഏൽപ്പിച്ചത്. ഞാൻ ഗുജറാത്തിൽ ഉണ്ടായിരുന്ന കാലത്തോളം ഒരു മിഷൻ മോഡിൽ തന്നെ ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ഗുജറാത്തിനെ പരമാവധി മുന്നോട്ട് നയിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി നിങ്ങൾ അനുഭവിച്ചിരുന്ന പ്രശ്നങ്ങളും ഈ പ്രദേശത്തോടുള്ള അവഗണനയും പ്രയാസങ്ങളുമെല്ലാം അതോടെ അവസാനിച്ചു. വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഓരോന്നായി സഫലമായിക്കൊണ്ടിരുന്നു. ഇവിടെ തുടങ്ങാൻ എനിക്ക് ഭാഗ്യം ലഭിച്ച ആ വികസന പരമ്പര ഇന്നും തടസ്സമില്ലാതെ തുടരുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്.2014 മുതൽ ഇതിനോടൊപ്പം ഇരട്ട എഞ്ചിൻ ഗവൺമെൻ്റിൻ്റെ  കരുത്തും കൂടിച്ചേർന്നിരിക്കുന്നു. ഇന്ന് പോലും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഏകദേശം 20 ആയിരം കോടി രൂപയുടെ പദ്ധതികളാണ് ഇവിടെ ആരംഭിക്കുന്നത്; 20 ആയിരം കോടി രൂപ! ഈ പദ്ധതികളിലൂടെ ഈ പ്രദേശത്തിന്റെയാകെ ചിത്രം മാറും. ഊർജം, റോഡ്, റെയിൽവേ, പാർപ്പിടം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഈ പദ്ധതികൾ ഇവിടുത്തെ ജീവിതത്തിന് പുതിയൊരു വേഗത നൽകും. ഈ വികസന പ്രവർത്തനങ്ങൾക്കെല്ലാം വാവ്-തരാഡ് , ബനസ്‌കന്ത, കൂടാതെ മുഴുവൻ ഗുജറാത്തിനെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

റോഡ് പശ്ചാത്തല സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് തറക്കല്ലിട്ട പദ്ധതികൾ വടക്കൻ ഗുജറാത്തിനാകെ പുതിയ വേഗത നൽകും. ഇവിടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇദാർ മുതൽ വദാലി ബൈപാസ് വരെയുള്ള 4-വരി പാതയുടെ നിർമ്മാണവും, ധോളവീര മുതൽ സാന്തൽപൂർ വരെയുള്ള ഹൈവേയുടെ നവീകരണവും ഗ്രാമങ്ങളെ വിപണികളുമായും, കർഷകരെ പുതിയ അവസരങ്ങളുമായും, യുവാക്കളെ തൊഴിലുമായും ബന്ധിപ്പിക്കും. അഹമ്മദാബാദ്-ധോലേര എക്സ്പ്രസ് വേ, ഈ മുഴുവൻ ഇടനാഴിയും ഇന്ന് ഈ പ്രദേശത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഇത്തരം വലിയ കണക്റ്റിവിറ്റി  ഉണ്ടാകുമ്പോൾ, അതിനോടൊപ്പം വ്യവസായങ്ങളും നിക്ഷേപങ്ങളും കടന്നുവരും. കൂടാതെ, ഈ പ്രദേശത്തെ റെയിൽ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഹിമ്മത്‌നഗർ മുതൽ ഖേദ്‌ബ്രഹ്മ വരെയുള്ള ഗേജ് മാറ്റം വടക്കൻ ഗുജറാത്തിലെ നമ്മുടെ ഗോത്രവർഗ മേഖലയെ നാഷണൽ ബ്രോഡ് ഗേജ് നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്നു. ഖേദ്‌ബ്രഹ്മ, ഹിമ്മത്‌നഗർ, അസർവ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസും ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,

മികച്ച റോഡുകൾ, ഹൈവേകൾ, റെയിൽവേ എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികളെല്ലാം ഗുജറാത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനായുള്ള പദ്ധതിയുടെ ഭാഗമാണ്. ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഇവിടുത്തെ ഊർജ്ജ ആവശ്യങ്ങളിലും ഞങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം പുതിയ വ്യവസായങ്ങളും പുതിയ നിക്ഷേപങ്ങളും പുതിയ അവസരങ്ങളും ഉണ്ടാകണമെങ്കിൽ അവിടെ വൈദ്യുതി അത്യാവശ്യമാണ്. അതുകൊണ്ടാണ് ഖാവ്‌ഡ റിന്യൂവബിൾ എനർജി പാർക്കുമായി (Khavda Renewable Energy Park) ബന്ധപ്പെട്ട ട്രാൻസ്മിഷൻ പദ്ധതികൾ ഇത്രയധികം പ്രാധാന്യമർഹിക്കുന്നത്. ഇവിടെ നിന്ന് നാലര ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും. ഈ വൈദ്യുതി പുതിയ ഫാക്ടറികൾക്ക് പ്രയോജനപ്പെടും എന്ന് മാത്രമല്ല, അത് നിങ്ങളുടെ വീടുകളിലെത്തുകയും കർഷകരുടെ കൃഷിയിടങ്ങൾക്ക് ഗുണകരമാവുകയും ചെയ്യും.

സുഹൃത്തുക്കളെ,

ഇന്ന് സൗരോർജ്ജ രംഗത്ത് ഗുജറാത്തിന്റെ പതാക പൂർണ്ണ പ്രഭാവത്തോടെ പാറുകയാണ്. പുനരുപയോഗ ഊർജ്ജത്തിൽ ഗുജറാത്ത് ഇന്ന് ഇത്രയധികം മുന്നിലെത്താൻ കാരണം, ഇന്ത്യയിൽ ഇതിനെക്കുറിച്ച് വലിയ ചിന്തകൾ ഇല്ലാതിരുന്ന കാലത്ത് തന്നെ ഗുജറാത്ത് ഇതിന് തുടക്കമിട്ടു എന്നതാണ്. 2010-ൽ, അതായത് ഏകദേശം 15-16 വർഷങ്ങൾക്ക് മുമ്പ്, മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചരങ്കയിലെ രത്തൻപൂരിന് സമീപം രാജ്യത്തെ ആദ്യത്തെ സോളാർ പാർക്കിന്റെ നിർമ്മാണത്തിന് ഞാൻ തുടക്കം കുറിച്ചു. ഇന്നത്തെ 15-16 വയസ്സുള്ള കുട്ടികൾ അന്ന് ജനിച്ചിട്ടുപോലും ഉണ്ടാകില്ല. സൗരോർജ്ജ വിപ്ലവത്തിന് തുടക്കമിട്ട ഈ പാർക്ക് വൈവിധ്യമാർന്ന സാങ്കേതിക വിദ്യകളുടെ സംഗമസ്ഥാനമാണ്. ഖാവ്‌ഡ റിന്യൂവബിൾ എനർജി പാർക്കുമായി ബന്ധപ്പെട്ട ഇന്നത്തെ പദ്ധതികൾ പോലെ, ഗുജറാത്തിൽ സൗരോർജ്ജ ഉൽപ്പാദനം നടക്കുന്ന രീതി കാണുമ്പോൾ, ലോകത്തിലെ തന്നെ പുനരുപയോഗ ഊർജ്ജത്തിന്റെ ഒരു വലിയ കേന്ദ്രമായി ഗുജറാത്ത് മാറുന്ന കാലം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,

ഇന്ന് ലോകം ഭാരതത്തിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഭാരതത്തിന്റെ വളർച്ചാ ചരിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, 'ഗുജറാത്ത് മോഡൽ' പ്രശംസിക്കപ്പെടുന്നു. വികസനത്തിന് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എത്രത്തോളം അത്യാവശ്യമാണോ, അത്രതന്നെ പ്രധാനമാണ് ജനക്ഷേമ പദ്ധതികളുമെന്ന് ഗുജറാത്ത് കാണിച്ചുതന്നു. അതായത്, റോഡുകളും ഹൈവേകളും റെയിൽവേയും വികസിക്കണം, ഒപ്പം തന്നെ ഗ്രാമങ്ങളിലെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ജീവിതനിലവാരവും മെച്ചപ്പെടണം. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഇന്ന് നമ്മുടെ കൺമുന്നിൽ നാം ഇത് കാണുകയാണ്.ഇന്ന് നിങ്ങൾ ചിന്തിച്ചുനോക്കൂ, ഗുജറാത്തിലെ 40,000 കുടുംബങ്ങൾക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സ്വന്തമായി ഉറപ്പുള്ള വീടുകൾ (Permanent houses) ലഭിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ലഭിച്ച ഈ സ്ഥിരം വീടുകൾ അവർക്കൊരു സുരക്ഷയാണ്, ജീവിതത്തിന് ഒരു അടയാളമാണ്; പുതിയ സ്വപ്നങ്ങൾ നെയ്യാൻ അത് അവർക്ക് ധൈര്യം നൽകുന്നു. ഇത് ജീവിതത്തിൽ എത്ര വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്! ജീവിതത്തിൽ ഇതുവരെ സ്വന്തമായി ഒരു വീടില്ലാതിരുന്നവർ, ഫുട്പാത്തിലും കുടിലുകളിലും മൺവീടുകളിലും ജീവിതം തള്ളിനീക്കിയവർ—അവർക്ക് ഈ വീടുകൾ ലഭിക്കുമ്പോൾ അതിന്റെ അനുഗ്രഹം ലഭിക്കേണ്ടതല്ലേ? അതിന്റെ പുണ്യം ലഭിക്കേണ്ടതല്ലേ?ഈ പുണ്യം ആരിലേക്കാണ് പോകുന്നത്? ആർക്കാണ് ഇതിന്റെ അവകാശം? ഇന്ന് 40,000 പേർക്ക് വീട് ലഭിച്ചുവെങ്കിൽ ആ അനുഗ്രഹത്തിനും പുണ്യത്തിനും അർഹർ നിങ്ങളാണ്, ഈ രാജ്യത്തെ പൗരന്മാരാണ്. കാരണം നിങ്ങ‌ളുടെ ഒരു വോട്ടിന്റെ കരുത്താണ് എനിക്ക് സേവനം ചെയ്യാൻ അവസരം നൽകിയത്, അങ്ങനെയാണ് ഇവിടെ 40,000 പേർക്ക് വീടുകൾ നിർമ്മിക്കപ്പെട്ടത്. ഈ പുണ്യത്തിന്റെ യഥാർത്ഥ അവകാശികൾ നിങ്ങളാണ്, ഞാൻ വെറുമൊരു നിമിത്തം മാത്രമാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളായ എല്ലാ സഹോദരീ സഹോദരന്മാരെയും ഇന്ന് ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ന് ഞാൻ നിങ്ങളുടെ ഇടയിൽ എത്തിയപ്പോൾ, പതിറ്റാണ്ടുകൾ പഴക്കമുള്ള ഇവിടുത്തെ പഴയ സാഹചര്യങ്ങളും എന്റെ മനസ്സിലേക്ക് വരികയാണ്. വടക്കൻ ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ മറ്റൊരു ചിത്രമായിരുന്നു തെളിഞ്ഞിരുന്നത്; ആ ദിവസങ്ങൾ ആർക്കും മറക്കാൻ കഴിയില്ല. വരൾച്ചയും ദാരിദ്ര്യവും - പത്ത് വർഷത്തിനിടയിൽ ഏഴ് തവണയും ഇവിടെ ക്ഷാമമായിരുന്നു. കുടിവെള്ളത്തിനായി കുടങ്ങളുമായി മൂന്ന്-നാല് കിലോമീറ്റർ നടക്കേണ്ടി വരുമായിരുന്നു. ദുരിതം നിറഞ്ഞ ആ ജീവിതവും, കോൺഗ്രസ് സർക്കാരുകൾ നമ്മളെ നിരന്തരം അവഗണിച്ചതും ആർക്കാണ് മറക്കാൻ കഴിയുക? കിലോമീറ്ററുകൾ താണ്ടി വെള്ളം എത്തിക്കേണ്ടി വന്നിരുന്ന ആ കാലം... വീട്ടിലെ സ്ത്രീകളുടെയും പെൺമക്കളുടെയും ഭൂരിഭാഗം സമയവും വെള്ളം കണ്ടെത്താനായിട്ടായിരുന്നു ചിലവഴിച്ചിരുന്നത്. ജലക്ഷാമം കാരണം കർഷകർക്ക് അവരുടെ കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിച്ചിരുന്നില്ല. കന്നുകാലികൾക്ക് വെള്ളവും തീറ്റയും നൽകാൻ കഴിയാതെ കന്നുകാലി വളർത്തുകാരും ദുരിതത്തിലായിരുന്നു.ഈ പ്രശ്നം വളരെക്കാലമായി തുടർന്നുപോന്ന ഒന്നായിരുന്നു. പണ്ട് വേനൽക്കാലം വരുമ്പോൾ ഇവിടെ കന്നുകാലി ക്യാമ്പുകൾ തുടങ്ങേണ്ടി വരുമായിരുന്നു. സർക്കാർ പുല്ല് എത്തിച്ചു നൽകണമായിരുന്നു. കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് അതെല്ലാം അവസാനിച്ചു. ഇന്നവിടെ അത്തരം കാഴ്ചകളില്ല, അതിന്റെ ആവശ്യവുമില്ല. നമ്മുടെ കഠിനാധ്വാനം കൊണ്ട് വിധി മാറ്റിക്കുറിക്കുമെന്ന് നമ്മൾ ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു ഗുജറാത്തിലെ ജനങ്ങളുടെ കരുത്ത്. 'സുജലാം സുഫലാം' (Sujalam Sufalam Yojana) പദ്ധതിയിലൂടെ നമ്മൾ ജലക്ഷാമത്തിന് പരിഹാരം കണ്ടു. നർമ്മദയിലെ വെള്ളം ദൂരദേശങ്ങളിലേക്ക് ഒഴുകിയെത്തി. നനയ്ക്കാനായി പുതിയൊരു ജലസേചന സംവിധാനം തന്നെ ഇവിടെ രൂപപ്പെട്ടു.

സുഹൃത്തുക്കളെ,

ഇന്ന് ഇവിടുത്തെ കർഷകൻ ഒരു വിളയെ മാത്രം ആശ്രയിച്ചല്ല കഴിയുന്നത്. സ്വന്തം താല്പര്യത്തിനനുസരിച്ച് കൃഷി ആസൂത്രണം ചെയ്യാൻ ഇന്ന് അവർക്ക് സാധിക്കുന്നു. ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ ബനസ്‌കന്ത ഇന്ന് കൈവരിച്ചിരിക്കുന്ന നേട്ടം ലോകത്തിന് തന്നെ ഒരു മാതൃകയാണ്.

അതുപോലെ സഹോദരീ സഹോദരന്മാരേ,

നമ്മൾ ഇന്ന് മുന്നോട്ട് കൊണ്ടുപോകുന്ന ഈ വികസന പ്രവർത്തനങ്ങളുടെ ഗുണം വടക്കൻ ഗുജറാത്തിനാകെ ലഭിക്കും. വാവ്-തരാഡ് , ബനസ്‌കന്ത, പഠാൻ, മെഹ്‌സാന എന്നിങ്ങനെ ഓരോ ജില്ലയിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള വഴികൾ തുറക്കപ്പെടുകയും ചെയ്യും.

സുഹൃത്തുക്കളെ,

കഴിഞ്ഞ 25 വർഷമായി വികസനത്തിന്റെ ഈ മഹാപ്രയാണം തടസ്സമില്ലാതെ തുടരുന്നു എന്നതാണ് ഗുജറാത്തിന്റെ ഏറ്റവും വലിയ കരുത്ത്. ഗുജറാത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു; സ്വന്തം റെക്കോർഡുകൾ തന്നെ തിരുത്തിക്കുറിച്ചു. വീണ്ടും പുതിയ റെക്കോർഡുകൾ ഇടുന്നു, അത് വീണ്ടും ഭേദിക്കുന്നു. ഗുജറാത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചല്ലോ, അതുപോലെ ഗുജറാത്തിലെ ഗ്രാമങ്ങളെ മുഴുവൻ നമ്മൾ നല്ല റോഡുകൾ വഴി ബന്ധിപ്പിച്ചു. അതിവേഗ പാതകൾ നിർമ്മിച്ചു. വന്ദേ ഭാരത് പോലുള്ള അതിവേഗ ട്രെയിനുകളുടെ സൗകര്യവും ഇന്ന് ഗുജറാത്തിന് ലഭിക്കുന്നുണ്ട്.

സഹോദരീ സഹോദരന്മാരേ,

2005-ൽ ഗുജറാത്തിന്റെ എല്ലാ കോണുകളിലും വികസനമെത്തിക്കാൻ ഞാൻ 'നഗരവികസന വർഷത്തിന്' തുടക്കം കുറിച്ചു. അന്ന് അതിന്റെ ബജറ്റ് ഏകദേശം 650 കോടി രൂപയായിരുന്നു. എന്നാൽ വികസനത്തിന്റെ ചക്രം ഇന്ന് അത്രവേഗം തിരിഞ്ഞുകൊണ്ടിരിക്കുകയാണ്; ആ ബജറ്റ് ഇന്ന് 33,000 കോടി രൂപയിലധികമായി വളർന്നിരിക്കുന്നു. ഈ ദിശയിൽ, 9 പുതിയ മുനിസിപ്പൽ കോർപ്പറേഷനുകൾക്കായി ഏകദേശം 2300 കോടി രൂപയുടെ 300-ഓളം നിർദ്ദേശങ്ങൾ അംഗീകാരത്തിനായി വന്നിട്ടുണ്ട്. 72 നഗരസഭകൾ നവീകരിച്ചു. ഈ വർഷം ഗുജറാത്ത് ഗവൺമെൻറ്   അവതരിപ്പിച്ച ബജറ്റും 4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഈ പണം ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും നഗരങ്ങളുടെയും മാറ്റത്തിനായി വിനിയോഗിക്കും. എല്ലാ ഗ്രാമങ്ങളിലും മികച്ച സൗകര്യങ്ങൾ ഒരുങ്ങുന്നു. പൈപ്പുകളിലൂടെ വീടുവീടാന്തരം വെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ നിങ്ങളുടെ ഈ വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം, വികസനത്തിന്റെ ഈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇതേ വേഗതയിൽ തന്നെ കുതിച്ചുകൊണ്ടിരിക്കും.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ  വലിയ കരുത്ത് എപ്പോഴും ഇതാണ് - സമയം എത്ര കഠിനമായാലും, എത്ര വലിയ പ്രതിസന്ധി വന്നാലും നമ്മുടെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. കഴിഞ്ഞ കുറച്ചു കാലമായി നിങ്ങൾ കാണുന്നുണ്ടാകും, ലോകത്തെ പല രാജ്യങ്ങളും യുദ്ധത്തിലും അശാന്തിയിലും അസ്ഥിരതയിലും വലയുകയാണ്. പശ്ചിമേഷ്യയിലെ സാഹചര്യം ലോകത്തെയാകെ ബാധിച്ചിരിക്കുന്നു. ഊർജ്ജ ആവശ്യങ്ങൾക്കും ഡീസൽ, പെട്രോൾ, ഗ്യാസ് എന്നിവയ്ക്കും ലോകമെമ്പാടും ബുദ്ധിമുട്ട് വർദ്ധിച്ചു. ഇത്രയും വലിയ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ സാഹചര്യങ്ങളെ നിയന്ത്രണവിധേയമാക്കി നിർത്തി. ഇതിന് പിന്നിൽ രാജ്യത്തിന്റെ വിജയകരമായ വിദേശനയത്തിന്റെ കരുത്തും നാട്ടുകാരുടെ ഐക്യവുമാണ്.

പക്ഷേ സഹോദരീ സഹോദരന്മാരേ,

നമ്മുടെ രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികൾ ഈ ആഗോള പ്രതിസന്ധിയുടെ കാലത്ത് പോലും രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നത് എത്ര വലിയ നിർഭാഗ്യമാണെന്ന് നോക്കൂ! ഈ രാഷ്ട്രീയ ഗൂഢാലോചനയിൽ ആരെങ്കിലും മുൻപന്തിയിലുണ്ടെങ്കിൽ അത് കോൺഗ്രസ് പാർട്ടിയാണ്. ഇന്ന് രാജ്യത്തിന് ഐക്യവും ഒരുമയും ആവശ്യമായ സമയത്ത് കോൺഗ്രസ് നേതാക്കൾ രാജ്യത്തെ വിഭജിക്കുന്ന തിരക്കിലാണ്. ഇന്ന് രാജ്യത്തിന് വിശ്വാസമാണ് വേണ്ടത്, എന്നാൽ കോൺഗ്രസ് ഭയവും കിംവദന്തികളും പ്രചരിപ്പിക്കുന്ന തിരക്കിലാണ്. ഇന്ന് രാജ്യത്തിന് ആത്മസംയമനം ആവശ്യമായ ഘട്ടത്തിൽ കോൺഗ്രസ് ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയ കഴുകന്മാരെപ്പോലെ, രാജ്യം എപ്പോഴാണ് പ്രതിസന്ധിയിലാവുകയെന്നും ആ തക്കം നോക്കി എങ്ങനെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്നും കാത്തിരിക്കുകയാണ് കോൺഗ്രസ്!

സഹോദരീ സഹോദരന്മാരേ,

ഇന്ന് ലോകത്തിലെ ചെറിയ രാജ്യങ്ങൾ മുതൽ വൻശക്തികൾ വരെ ഡീസലിന്റെയും പെട്രോളിന്റെയും വിലയിൽ പത്ത് ശതമാനവും ഇരുപത് ശതമാനവും ചിലയിടങ്ങളിൽ 25 ശതമാനം വരെയും വർദ്ധനവ് നേരിടുകയാണ്. എന്നാൽ, അതിന്റെ ആഘാതം രാജ്യത്തെ ജനങ്ങളിലേക്ക് എത്താതിരിക്കാൻ ഇന്ത്യ  ശ്രദ്ധിക്കുന്നു. കോൺഗ്രസിന് ഇത് സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് അവർ നിരന്തരം കിംവദന്തികൾ പരത്തുന്നത്. രാജ്യത്ത് ഭീതിയുടേതായ ഒരന്തരീക്ഷം സൃഷ്ടിക്കാനും, ആളുകൾ പെട്രോൾ പമ്പുകൾക്കും ഗ്യാസ് ഏജൻസികൾക്കും മുന്നിൽ വരി നിൽക്കാനും അതുവഴി അരാജകത്വം പടരാനും അവർ ആഗ്രഹിക്കുന്നു! ഇതിനെക്കുറിച്ച് കുപ്രചരണങ്ങൾ നടത്തുക എന്നതാണ് അവരുടെ ലക്ഷ്യം!

സുഹൃത്തുക്കളെ,

അധികാരത്തിൽ നിന്നുള്ള അകലം കോൺഗ്രസ് പാർട്ടിയെ വിഭ്രാന്തിയിലാക്കുന്നു. അടുത്തിടെ ഡൽഹിയിൽ നടന്ന ആഗോള എഐ (AI) ഉച്ചകോടിയിൽ നിങ്ങൾ അത് കണ്ടതാണ്; ലോകമെമ്പാടുമുള്ള അതിഥികൾ അവിടെയുണ്ടായിരുന്നു, ഡൽഹിയിലെ എഐ ഉച്ചകോടി ലോകമൊട്ടാകെ പ്രശംസിക്കപ്പെടുകയായിരുന്നു. എന്നാൽ പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസുകാർ സ്വന്തം വസ്ത്രം പോലും വലിച്ചുകീറി; ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനായിരുന്നു അവരുടെ ശ്രമം! ഇന്നത്തെ സാഹചര്യത്തിൽ പോലും, ഇന്ത്യയെ വെറുക്കുന്ന വിദേശ ശക്തികളുടെ ഭാഷയിലാണ് കോൺഗ്രസ് സംസാരിക്കുന്നത്. കോൺഗ്രസിന്റെ ഈ ഗൂഢാലോചനയെക്കുറിച്ച് നാം ജാഗ്രത പാലിക്കണം.

സുഹൃത്തുക്കളെ,

ഏത് കഠിനമായ സാഹചര്യത്തെയും ദൃഢമായി നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കൊറോണ കാലത്തും നമ്മൾ തെളിയിച്ചതാണ്. അതുപോലെ തന്നെ, ഇത് നമ്മൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ലോകം മുഴുവൻ സ്വന്തം പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഇന്ത്യ സ്ഥിരത നിലനിർത്തുക മാത്രമല്ല, ഓരോ ദിവസവും വികസനത്തിന്റെ പാതയിൽ മുന്നേറുകയും ചെയ്യുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഇന്ന് ഗുജറാത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടക്കുന്നത് ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ഈ വികസന പ്രവർത്തനങ്ങൾക്ക് ഞാൻ നിങ്ങളെ എല്ലാവരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നാട്ടുകാരുടെ ആത്മസംയമനത്തിനും സഹകരണത്തിനും അച്ചടക്കത്തിനും ഞാൻ അവരോട് നന്ദി പറയുന്നു.

നിങ്ങളെയെല്ലാം കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. ഇനി നിങ്ങളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ മുന്നോട്ട് പോകുന്നു. എല്ലാവർക്കും വളരെ നന്ദി.


നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.

 

-SK-


( റിലീസ് ഐ.ഡി: 2248746) സന്ദര്‍ശക കൗണ്ടര്‍ : 9