പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
28 MAR 2026 5:40PM by PIB Thiruvananthpuram
പശ്ചിമേഷ്യയിൽ വികസിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, പ്രധാന മേഖലകളിലെ സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പും പ്രവർത്തന നടപടികളും ഇന്ത്യാ ഗവണ്മെൻ്റ് നിരന്തരം സ്വീകരിക്കുന്നു. ഊർജ്ജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള സഹായം എന്നീ രംഗങ്ങളിൽ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ:
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി ഇപ്രകാരമാണ്:
ക്രൂഡ്/റിഫൈനറികൾ
- എല്ലാ എണ്ണ ശുദ്ധീകരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. മതിയായ അസംസ്കൃത എണ്ണ സംഭരണം നിലവിലുണ്ട്. രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ സംഭരണമുണ്ട്.
- ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചു.
ചില്ലറ വിൽപ്പനശാലകൾ
- രാജ്യത്തുടനീളമുള്ള എല്ലാ ചില്ലറ വിൽപ്പന ശാലകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
- പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്ര ഗവണ്മെൻ്റ് ലിറ്ററിന് 10 രൂപ കുറച്ചു.
- കൂടാതെ, ഗവണ്മെൻ്റ് ഡീസലിന് ലിറ്ററിന് 21.5 രൂപയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് (എടിഎഫ്) ലിറ്ററിന് 29.5 രൂപയും കയറ്റുമതി തീരുവ ചുമത്തി. ആഭ്യന്തര വിപണിയിൽ ഈ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് ഈ നടപടി
- ചില പ്രദേശങ്ങളിൽ പരിഭ്രാന്തി മൂലം അധികമായി ഇന്ധനം വാങ്ങൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ചില സംസ്ഥാനങ്ങളിലെ ഏതാനും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പരിഭ്രാന്തി ഉണ്ടാക്കുന്ന വിധത്തിൽ ചില കിംവദന്തികൾ സൃഷ്ടിക്കപ്പെട്ടു. ഇത് അസാധാരണമാംവിധം ഉയർന്ന വിൽപ്പനയ്ക്കും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വലിയ തിരക്കിനും കാരണമായി. എങ്കിലും , രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് അറിയിക്കുന്നു.
- കിംവദന്തികൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് ഗവണ്മെൻ്റ് ആവർത്തിച്ച് അറിയിക്കുന്നു.
പ്രകൃതി വാതകം
- ആഭ്യന്തര പിഎൻജി, സിഎൻജി-ഗതാഗത മേഖലയിലേക്ക് 100% വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
- ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്ക് അവരുടെ ശരാശരി ഉപഭോഗത്തിൻ്റെ 80% വിതരണം ചെയ്യുന്നു.
- വാണിജ്യ എൽപിജിയുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്, എല്ലാ പ്രദേശങ്ങളിലുമുള്ള റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾ പിഎൻജി കണക്ഷനുകൾക്ക് മുൻഗണന നൽകണമെന്ന് നഗരവാതക വിതരണ (സിജിഡി) സ്ഥാപനങ്ങളോട് ഇന്ത്യാ ഗവണ്മെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്.
- ഐജിഎൽ, എംജിഎൽ, ഗെയ്ൽ ഗ്യാസ്, ബിപിസിഎൽ തുടങ്ങിയ സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നതിന് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
- സിജിഡി ശൃംഖല വിപുലീകരിക്കുന്നതിന് ആവശ്യമായ അപേക്ഷകൾക്കുള്ള അനുമതി നൽകൽ വേഗത്തിലാക്കാൻ സംസ്ഥാന/യുടി ഗവണ്മെൻ്റുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ഇന്ത്യാ ഗവണ്മെൻ്റ് അഭ്യർത്ഥിച്ചു.
- എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറാൻ നടപടി സ്വീകരിക്കുമെങ്കിൽ, എല്ലാ സംസ്ഥാന/യുടി ഗവണ്മെൻ്റുകൾക്കും വാണിജ്യ എൽപിജിയുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വാഗ്ദാനം നൽകിയിട്ടുണ്ട്. തുടർന്ന്, സിജിഡി ശൃംഖല പ്രോത്സാഹിപ്പിക്കുന്നതിനായി പരിഷ്കാരങ്ങൾ സ്വീകരിച്ച നിരവധി സംസ്ഥാനങ്ങളിൽ നിന്ന് പെട്രോളിയം മന്ത്രാലയത്തിന് അപേക്ഷകൾ ലഭിച്ചു. അതനുസരിച്ച്, ചില സംസ്ഥാനങ്ങൾക്ക് അധിക വിഹിതം ശുപാർശ ചെയ്തിട്ടുണ്ട്.
- വേഗത്തിലുള്ള ഉപയോക്തൃ/വഴി അവകാശം (RoU/RoW) അനുമതി, കൂടുതൽ ജോലി സമയം, RoU/RoW ചാർജുകൾ യുക്തിസഹമാക്കൽ എന്നിവയ്ക്കുള്ള നയങ്ങൾ ചില സംസ്ഥാനങ്ങൾ ആവിഷ്കരിച്ചു.
- സമീപത്തായി പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്ന റെസിഡൻഷ്യൽ സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, സാമൂഹ്യ അടുക്കളകൾ, അങ്കണവാടി അടുക്കളകൾ മുതലായവയെ പിഎൻജി വഴി ബന്ധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് PNGRB 23.03.2026 ലെ ഉത്തരവ് പ്രകാരം, എല്ലാ സിജിഡി സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
- "കുറഞ്ഞ സമയപരിധിയ്ക്കുള്ളിൽ സിജിഡി അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ത്വരിതപ്പെടുത്തിയ അംഗീകാര ചട്ടക്കൂട്" എന്ന പ്രത്യേക നടപടി 3 മാസത്തേക്ക് സ്വീകരിച്ചതായി റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം 24.03.2026 ലെ കത്തിൽ പ്രസ്താവിച്ചു. അതിൽ സിജിഡി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കും.
- ഇന്ത്യാ ഗവണ്മെൻ്റ് 1955 ലെ അവശ്യവസ്തു നിയമപ്രകാരം പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണ (പൈപ്പ്‌ലൈനുകളുടെയും മറ്റ് സൗകര്യങ്ങളുടെയും സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെ) ഉത്തരവ് 2026, ഗസറ്റ് വിജ്ഞാപനം (24.03.2026) ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും, അനുമതി, ഭൂമി ലഭ്യതയ്ക്കുള്ള കാലതാമസം എന്നിവ പരിഹരിക്കുന്നതിനും ജനവാസ മേഖലകളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഈ ഉത്തരവ് കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് നൽകുന്നു. ഇത് പിഎൻജി ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലാ കോണിലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ ഇത് ശുദ്ധ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും, അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
- പ്രതിരോധ മന്ത്രാലയം 2026 ജൂൺ 30 വരെ പ്രാബല്യത്തിൽ ഉണ്ടാകുന്ന ഒരു ഹ്രസ്വകാല നയ പരിഷ്കരണം പുറപ്പെടുവിച്ചു. എല്ലാ ജനവാസ കേന്ദ്രങ്ങളിലും / പ്രതിരോധ യൂണിറ്റ് ലൈനുകളിലും പിഎൻജി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കാൻ ഇതിലൂടെ നിർദ്ദേശം നൽകി.
Ø 24 മണിക്കൂറിനുള്ളിൽ അടിയന്തര ജോലികൾ നടത്തുന്നതിന് ആവശ്യമായ അനുമതി.
Ø ലൈസൻസ് കാലയളവിൻ്റെ ആദ്യ 10 വർഷത്തേക്ക് റണ്ണിംഗ് മീറ്ററിന് 1 രൂപ വാർഷിക ലൈസൻസ് ഫീസിൽ ഭൂഗർഭ പൈപ്പ്‌ലൈനും വാൽവ് ചേമ്പറും സ്ഥാപിക്കുന്നതിന് പ്രതിരോധ ഭൂമി ഉപയോഗിക്കുന്നതിനുള്ള അനുമതി.
Ø റോഡ് പുനരുദ്ധാരണ നിരക്കുകൾ ഒഴിവാക്കി. പൊതു ആസ്തികൾ സിജിഡി സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് പുനഃസ്ഥാപിക്കേണ്ടതാണ്.
- 110 കേന്ദ്രീകൃത പ്രദേശങ്ങളിലായി 11,463 പിഎൻജി കണക്ഷനുകൾ (പുതിയ കണക്ഷനുകളും പഴയ ഗ്യാസ്-ഇൻ) ഇന്നലെ സിജിഡി സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തു.
എൽപിജി
- നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിച്ചു.
ആഭ്യന്തര എൽപിജി വിതരണം:
- എൽപിജി വിതരണക്കാർ ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല.
- വ്യാവസായിക അടിസ്ഥാനത്തിലുള്ള ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗുകൾ ഇന്നലെ 91% ആയി വർദ്ധിച്ചു.
- വിതരണക്കാരുടെ തലത്തിൽ സിലിണ്ടറുകളുടെ വഴിതിരിച്ചുവിടൽ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം നടക്കുന്നു. അത് ഇന്നലെ 53% (ഫെബ്രുവരി-2026) ൽ നിന്ന് 84% ആയി വർദ്ധിച്ചു.
- ഇന്നലെ, 54 ലക്ഷത്തിലധികം എൽപിജി റീഫില്ലുകൾ വിതരണം ചെയ്തു.
- ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്
വാണിജ്യ എൽപിജി വിതരണം:
- വാണിജ്യ ഉപഭോക്താക്കൾക്ക് ഭാഗികമായി എൽപിജി വിതരണം (20%) ഗവണ്മെൻ്റ് ഇതിനകം പുനഃസ്ഥാപിച്ചു. കൂടാതെ, പിഎൻജി വിപുലീകരണത്തിനായി നടത്തുന്ന ബിസിനസ്സ് പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ വാണിജ്യ എൽപിജിയുടെ 10% അധികമായി സംസ്ഥാനങ്ങൾക്കും യുടികൾക്കും അനുവദിക്കാൻ ഇന്ത്യാ ഗവണ്മെൻ്റ് 18.03.2026 ലെ കത്തിൽ നിർദ്ദേശിച്ചിരുന്നു.
- 21.03.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് സംസ്ഥാനങ്ങൾക്ക് വാണിജ്യ എൽപിജിയുടെ 20% കൂടി അനുവദിച്ചിട്ടുണ്ട്. ഇത് മൊത്തം വിഹിതം 50% ആക്കി ഉയർത്തും. (പിഎൻജി വിപുലീകരണത്തിനായുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള 10% വിഹിതം ഉൾപ്പെടെ). റസ്റ്റോറൻ്റുകൾ, ധാബകൾ, ഹോട്ടലുകൾ, വ്യാവസായിക കാൻ്റീനുകൾ, ഭക്ഷ്യ സംസ്കരണം/ക്ഷീര വ്യവസായം, സംസ്ഥാന ഗവണ്മെൻ്റോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി കാൻ്റീനുകൾ/ഔട്ട്‌ലെറ്റുകൾ, ഭക്ഷണത്തിനായുള്ള കമ്മ്യൂണിറ്റി അടുക്കളകൾ, കുടിയേറ്റ തൊഴിലാളികൾക്ക് നൽകുന്ന 5 കിലോഗ്രാം എഫ്‌ടിഎൽ തുടങ്ങിയ മുൻഗണന മേഖലകൾക്ക് ഈ അധിക 20% വിഹിതം നൽകും.
- 27.03.2026 ലെ കത്തിലൂടെ വാണിജ്യ എൽപിജിക്ക് 20% കൂടി അനുവദിക്കാൻ ഇന്ത്യാ ഗവണ്മെൻ്റ് തീരുമാനിച്ചു (ഇത് മൊത്തം വാണിജ്യ വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള കാലയളവിൻ്റെ 70% ആക്കും). സ്റ്റീൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ്, ഡൈ, കെമിക്കൽസ്, പ്ലാസ്റ്റിക് തുടങ്ങിയ വ്യവസായമേഖലയ്ക്ക് മുൻഗണന നൽകി ഈ അധിക 20% വിഹിതം നൽകും. ഇതിൽ, സംസ്കരണ വ്യവസായങ്ങൾക്കും പ്രത്യേക ചൂടാക്കൽ ആവശ്യങ്ങൾക്കായി പ്രകൃതിവാതകം ഉപയോഗിക്കാൻ കഴിയാത്തതും എൽപിജി ആവശ്യകതയുള്ള വ്യവസായ മേഖലയ്ക്കും മുൻഗണന നൽകണം.
- ഇന്നലെ, 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ 46,000 എണ്ണം വിറ്റു.
- ഇന്ത്യാ ഗവണ്മെൻ്റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 28 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഗാർഹിക ഇതര എൽപിജി അനുവദിക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചു. ബാക്കിയുള്ള സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾക്ക്, പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകുന്നു. 2026 മാർച്ച് 14 മുതൽ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാണിജ്യ സ്ഥാപനങ്ങൾ ആകെ 33781 മെട്രിക് ടൺ എൽപിജി കൊണ്ടുപോയി.
മണ്ണെണ്ണ
- എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാധാരണ വിഹിതത്തിന് പുറമേ 48000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
- മണ്ണെണ്ണ വിതരണത്തിനായി ജില്ലകളിലെ സ്ഥലങ്ങൾ തിരിച്ചറിയാൻ സംസ്ഥാനങ്ങളോടും/കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
- 17 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും SKO വിതരണ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, SKO ആവശ്യകതയില്ലെന്ന് ഹിമാചൽ പ്രദേശും ലഡാക്കും അറിയിച്ചു.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ പങ്ക്:
- 1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം, പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാൻ സംസ്ഥാന ഗവണ്മെൻ്റിന് അധികാരമുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെൻ്റുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിരവധി കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും ഇന്ത്യാ ഗവണ്മെൻ്റ് ഇത് സംബന്ധിച്ച നിർദേശം ആവർത്തിച്ചു.
- എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ, എസിഎസ്/പ്രിൻസിപ്പൽ സെക്രട്ടറി/ഭക്ഷ്യ-സിവിൽ സപ്ലൈസ് സെക്രട്ടറി എന്നിവരോട് ഇപ്രകാരം അഭ്യർത്ഥിക്കുന്നു –
Ø സംസ്ഥാന/ജില്ലാ തലങ്ങളിൽ ദിവസേനയുള്ള പത്രസമ്മേളനങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് നിരന്തരം മുന്നറിയിപ്പ് നൽകുകയും ചെയ്യുക.
Ø പ്രത്യേക കൺട്രോൾ റൂമുകൾ/ഹെൽപ്പ് ലൈനുകൾ സ്ഥാപിക്കുക
Ø സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ/തെറ്റായ വാർത്തകൾ എന്നിവ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
Ø ജില്ലാ അഡ്മിനിസ്ട്രേറ്ററുടെ ദൈനംദിന എൻഫോഴ്‌സ്‌മെൻ്റ് യജ്ഞo ശക്തമാക്കുക, ഒഎംസികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുക.
Ø സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി അനുവദിക്കുന്നതിന് ഉത്തരവുകൾ പുറപ്പെടുവിക്കുക
Ø സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചിട്ടുള്ള അധിക എസ്‌കെഒകൾക്കായി എസ്‌കെഒ അനുവദിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുക.
Ø ആർഒഡബ്ല്യു/ആർഒയു അനുമതികൾ ത്വരിതപ്പെടുത്തൽ, 24x7 അടിസ്ഥാനത്തിൽ ജോലിയ്ക്കുള്ള അനുമതികൾ എന്നിവയുൾപ്പെടെ സിജിഡി വിപുലീകരണം വേഗത്തിലാക്കാനുള്ള നടപടികൾ
Ø പിഎൻജിയും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
Ø പെട്രോളിയം മന്ത്രാലയവുമായി ഏകോപിപ്പിക്കുന്നതിന് മുതിർന്ന നോഡൽ ഓഫീസർമാരെ നാമനിർദ്ദേശം ചെയ്യുക.
- ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും കിംവദന്തികൾ ഇല്ലാതാക്കുന്നതിനും ദിവസേനയുള്ള പത്രസമ്മേളനങ്ങളും സമൂഹ മാധ്യമ /ഇലക്ട്രോണിക്സ് മാധ്യമങ്ങളിൽ സജീവമായ ഇടപെടലും നടത്തണമെന്ന് 27.03.2026 ലെ കത്തിലൂടെ കേന്ദ്ര ഗവണ്മെൻ്റ് വീണ്ടും എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് അഭ്യർത്ഥിച്ചു. നിലവിൽ, 14 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ദിവസേനയുള്ള പത്രസമ്മേളനങ്ങൾ നടത്തുന്നു.
എൻഫോഴ്‌സ്‌മെൻ്റ് നടപടികൾ
- എൽപിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും പരിശോധിക്കുന്നതിനായി പല സംസ്ഥാനങ്ങളിലും / യുടികളിലും റെയ്ഡുകൾ തുടരുന്നു. ഏകദേശം 2900 റെയ്ഡുകൾ നടത്തി. ഇന്നലെ 1700 ൽ അധികം സിലിണ്ടറുകൾ പിടിച്ചെടുത്തു.
- സുഗമമായ വിതരണം ഉറപ്പാക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള പൂഴ്ത്തിവെപ്പ് / കരിഞ്ചന്ത കേസുകൾ പരിശോധിക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള 1600 ൽ അധികം ചില്ലറ വില്പന കേന്ദ്രങ്ങളിലും, എൽപിജി വിതരണ കേന്ദ്രങ്ങളിലും ഇന്നലെ പൊതുമേഖലാ ഒഎംസി ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധനകൾ നടത്തി.
- എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് ഇതുവരെ 390 ൽ അധികം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
മറ്റ് ഗവണ്മെൻ്റ് നടപടികൾ
- ഈ പ്രതിസന്ധി സാഹചര്യത്തിനിടയിലും ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന മുൻഗണന നൽകുന്നതിനൊപ്പം, ഗാർഹിക എൽപിജി, പിഎൻജി എന്നിവയ്ക്കും ഗവണ്മെൻ്റ് മുൻഗണന നൽകിയിട്ടുണ്ട്.
- വിതരണം, ആവശ്യകത എന്നിവയിൽ നിരവധി യുക്തിസഹമാക്കൽ നടപടികൾ ഗവണ്മെൻ്റ് ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. റിഫൈനറി ഉൽപാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി മുൻഗണന മേഖലകൾ നിശ്ചയിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധന സാദ്ധ്യതകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
- ചെറുകിട, ഇടത്തരം, മറ്റ് ഉപഭോക്താക്കൾക്ക് കൽക്കരി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് ഉയർന്ന അളവിൽ അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗറേനി കോളിയറിക്കും ഇതിനകം ഉത്തരവ് നൽകിയിട്ടുണ്ട്.
- ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
പൊതു മാർഗ്ഗനിർദ്ദേശം
- പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നു. പെട്രോൾ, ഡീസൽ എന്നിവ വാങ്ങുന്നതിലും എൽപിജി ബുക്കിംഗ് ചെയ്യുന്നതിലും പരിഭ്രാന്തി ഒഴിവാക്കുക.
- കിംവദന്തികൾ സൂക്ഷിക്കുക, ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.
- എൽപിജി സംബന്ധിച്ച് പൗരന്മാരോട് ഇപ്രകാരം അഭ്യർത്ഥിക്കുന്നു–
Ø ബുക്കിംഗുകൾക്ക് ഡിജിറ്റൽ രീതി ഉപയോഗിക്കുക
Ø എൽപിജി വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക
- പൗരന്മാരോട് പിഎൻജി, ഇൻഡക്ഷൻ/ഇലക്ട്രിക് കുക്ക്ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നു.
- നിലവിലെ സാഹചര്യത്തിൽ, എല്ലാ പൗരന്മാരും അവരുടെ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളെയും നാവികരെയും സംരക്ഷിക്കുന്നതിന് തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം ഇപ്രകാരം അറിയിച്ചു:
- സമുദ്ര വ്യാപാരത്തിൻ്റെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഇന്ത്യൻ നാവികരുടെ ഷിപ്പിംഗ് നീക്കങ്ങൾ, തുറമുഖ പ്രവർത്തനങ്ങൾ, സുരക്ഷ എന്നിവ നിരീക്ഷിക്കുന്നത് തുടരുന്നു.
- മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
- 540 ഇന്ത്യൻ നാവികരുമായി 20 ഇന്ത്യൻ പതാകവാഹക കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുന്നു; കപ്പൽ ഉടമകൾ, ആർപിഎസ്‌എൽ ഏജൻസികൾ, ഇന്ത്യൻ എംബസികൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്, പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിക്കുന്നു.
- ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24x7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു; സജീവമാക്കിയതിനുശേഷം 4,431 കോളുകളും 8,865 ഇമെയിലുകളും കൈകാര്യം ചെയ്തു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ 105 കോളുകളും 309 ഇമെയിലുകളും ഇതിൽ ഉൾപ്പെടുന്നു.
- ഡിജി ഷിപ്പിംഗ് ഇതുവരെ 938 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ചു. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തിരിച്ചയച്ച 25 പേർ ഉൾപ്പെടുന്നു.
- ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ തിരക്കില്ലാതെ സാധാരണ നിലയിലാണ്; അധിക ചരക്ക് സ്ഥലം അനുവദിച്ചു; ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാന മാരിടൈം ബോർഡുകൾ സുഗമമായ പ്രവർത്തനം സ്ഥിരീകരിച്ചു.
- നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് ഇന്ത്യൻ മിഷനുകൾ, സമുദ്ര പങ്കാളികൾ എന്നിവരുമായി വിദേശകാര്യ മന്ത്രാലയം ഏകോപനം തുടരുന്നു.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും ഇന്ത്യൻ സമൂഹവുമായി ബന്ധം പുലർത്തുകയും സഹായം നൽകുന്നത് തുടരുകയും അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം:
- ഗൾഫിലെയും പശ്ചിമേഷ്യയിലെയും സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു; ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു; പ്രത്യേക കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്; വിവരങ്ങൾ പങ്കിടുന്നതിനും പ്രതികരിക്കുന്നതിനുമായി സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുമായി പതിവായി ഏകോപനം നടത്തുന്നു.
- മേഖലയിലുടനീളമുള്ള മിഷനുകളും പോസ്റ്റുകളും 24x7 അടിസ്ഥാനത്തിൽ ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുന്നു; പതിവ് നിർദേശങ്ങൾ നൽകുന്നു; ഇന്ത്യൻ സമൂഹ ഗ്രൂപ്പുകളുമായും തദ്ദേശ ഗവണ്മെൻ്റുകളുമായും തുടർച്ചയായ ഇടപെടൽ; നാവികർ, വിദ്യാർത്ഥികൾ, ഒറ്റപ്പെട്ടുപോയ പൗരന്മാർ, ഹ്രസ്വകാല സന്ദർശകർ എന്നിവർക്ക് വിസ, കോൺസുലാർ സേവനങ്ങൾ, ലോജിസ്റ്റിക്സ് എന്നിവയിലൂടെ സഹായം നൽകുന്നു.
- ഫെബ്രുവരി 28 മുതൽ, ഈ മേഖലയിൽ നിന്ന് ഏകദേശം 4,97,000 യാത്രക്കാർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി
Ø യുഎഇ: വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത ഏകദേശം 85 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു
Ø സൗദി അറേബ്യയും ഒമാനും: ഇന്ത്യയിലേക്ക് വിമാനങ്ങൾ സർവീസ് തുടരുന്നു
Ø ഖത്തർ: വ്യോമാതിർത്തി ഭാഗികമായി വീണ്ടും തുറന്നതിനാൽ, ഇന്ന് ഷെഡ്യൂൾ ചെയ്യാത്ത ഏകദേശം 8–10 വിമാനങ്ങൾ പ്രതീക്ഷിക്കുന്നു
Ø കുവൈറ്റ്, ബഹ്‌റൈൻ: വ്യോമാതിർത്തി അടച്ചിരിക്കുന്നു; കുവൈറ്റിലെ ജസീറ എയർവേയ്‌സിൻ്റെയും ബഹ്‌റൈനിലെ ഗൾഫ് എയറിൻ്റെയും ഷെഡ്യൂൾ ചെയ്യാത്ത പ്രത്യേക വാണിജ്യ വിമാനങ്ങൾ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നു
Ø ഇറാൻ: അർമേനിയ, അസർബൈജാൻ വഴി ഇന്ത്യൻ പൗരന്മാരുടെ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നു
Ø ഇസ്രായേൽ: ജോർദാൻ വഴി യാത്രയ്ക്ക് സൗകര്യമൊരുക്കുന്നു
Ø ഇറാഖ്: ജോർദാൻ, സൗദി അറേബ്യ വഴി യാത്രയ്ക്ക് സൗകര്യമൊരുക്കുന്നു
• അബുദാബിയിൽ അവശിഷ്ടങ്ങൾ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു; ഇവർക്ക് സഹായം നൽകുന്നതിനും വൈദ്യസഹായം ഉറപ്പാക്കുന്നതിനും ഇന്ത്യൻ എംബസി പ്രവർത്തനം നടത്തുന്നു; എല്ലാവരും അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.
***
( റിലീസ് ഐ.ഡി: 2246585)
സന്ദര്‍ശക കൗണ്ടര്‍ : 6