പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അന്തർ മന്ത്രാലയ വാര്‍ത്താസമ്മേളനം

പോസ്റ്റഡ് ഓണ്‍: 27 MAR 2026 6:16PM by PIB Thiruvananthpuram

പശ്ചിമേഷ്യയിൽ രൂപപ്പെടുന്ന  പുതിയ സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ കൃത്യമായി അറിയിക്കുന്നതിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ നാഷണൽ മീഡിയ സെന്ററിൽ കേന്ദ്ര സര്‍ക്കാര്‍ ഇന്നും പതിവ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു.  പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, തുറമുഖ-കപ്പൽ ഗതാഗത ജലപാത മന്ത്രാലയം,  വിദേശകാര്യ മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവിടങ്ങളിലെ  പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. മേഖലയിലെ ഇന്ധനലഭ്യത, സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ,  ഇന്ത്യൻ പൗരന്മാർക്ക് നല്‍കിവരുന്ന സഹായം, വിവിധ മേഖലകളിൽ സ്ഥിരത ഉറപ്പാക്കാൻ കൈക്കൊള്ളുന്ന നടപടികൾ എന്നിവയെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ അവര്‍‌ മാധ്യമങ്ങളുമായി പങ്കുവെച്ചു. ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര പരോക്ഷനികുതി  കസ്റ്റംസ് ബോര്‍ഡിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ എക്സൈസ് തീരുവയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ അറിയിച്ചു.  

നികുതിയും തീരുവയുമായി ബന്ധപ്പെട്ട വിവരങ്ങൾ

വിതരണത്തിൽ സ്ഥിരത ഉറപ്പാക്കാനായി നടപ്പാക്കിയ പുതിയ നികുതി-തീരുവ നടപടികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ:

  • പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധി പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണമടക്കം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ട്.
  • പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വിലയിൽ വൻ വർധനയുണ്ടായി. പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം (എടിഎഫ്) എന്നിവയുടെ അന്താരാഷ്ട്ര വിലയും കുത്തനെ ഉയർന്നു.
  • പെട്രോളിയം ഉല്പന്നങ്ങൾ ഉയർന്ന അന്താരാഷ്ട്ര വിലയ്ക്ക് കയറ്റുമതി ചെയ്യാൻ നിലവിലെ വിപണി സാഹചര്യം എണ്ണ സംസ്കരണശാലകളെ പ്രേരിപ്പിക്കുന്നു.  
  • ഈ സാഹചര്യം നേരിടാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
  • പ്രത്യേക അധിക എക്സൈസ് തീരുവ (SAED), റോഡ് - അടിസ്ഥാനസൗകര്യ സെസ് എന്നിവയുടെ രൂപത്തിൽ കയറ്റുമതി തീരുവകൾ ഏർപ്പെടുത്തി. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ഡീസലിന്റെയും വ്യോമയാന ഇന്ധനത്തിന്റെയും  കയറ്റുമതിക്കാണ് ഈ തീരുവകൾ ഏർപ്പെടുത്തിയത്.
  • വിജ്ഞാപനം ചെയ്ത നിരക്കുകൾ പ്രകാരം:
    • ഡീസൽ കയറ്റുമതി തീരുവ: ലിറ്ററിന് 21.50 രൂപ
    • വ്യോമയാന ഇന്ധന കയറ്റുമതി തീരുവ: ലിറ്ററിന് 29.50 രൂപ
    • പെട്രോളിന് നിലവില്‍ കയറ്റുമതി തീരുവയില്ല (നിലവിലെ ലാഭവിഹിതം കണക്കിലെടുത്ത്) 
  • ഈ നിരക്കുകൾ  രണ്ടാഴ്ചയിലൊരിക്കല്‍ പുനപരിശോധിക്കും.
  • ഡീസലിന്റെയും വ്യോമായാന ഇന്ധനത്തിന്റെയും ആഭ്യന്തര ലഭ്യതയ്ക്ക് മുൻഗണന നൽകാന്‍ നടപടികൾ ലക്ഷ്യമിടുന്നു. 
  • ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തിന്റെ ഊർ‍ജസുരക്ഷ ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുന്നു. വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും പ്രതിസന്ധി വർധിപ്പിച്ചിട്ടുണ്ട്.
  • കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടികൾക്ക് പുറമെ രാജ്യത്ത് ഉപയോഗിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
  • പെട്രോളിനും ഡീസലിനും ആഭ്യന്തര അധിക  എക്സൈസ് തീരുവ ഘടകത്തിൽ ലിറ്ററിന് 10 രൂപ വീതം കുറവ് വരുത്തി.
  • പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് പെട്രോൾ, ഡീസൽ ചില്ലറവില്പന വില വർധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ നടപടികൾ ലക്ഷ്യമിടുന്നു.  
  • സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം കാലാനുസൃതമായി സംഭവവികാസങ്ങൾ വിലയിരുത്തുകയും ആവശ്യമെങ്കിൽ വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഊർജ വിതരണവും ഇന്ധന ലഭ്യതയും

ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും തടസരഹിത ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ:

അസംസ്‌കൃത എണ്ണയും എണ്ണസംസ്കരണശാലകളും 

  • എല്ലാ എണ്ണസംസ്കരണശാലകളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നു. അസംസ്‌കൃത എണ്ണയുടെ ശേഖരം ആവശ്യത്തിന് ലഭ്യമാണ്. പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്ക് നിലനിർത്തുന്നുണ്ട്.
  • ആഭ്യന്തര ഉപഭോഗം മുൻനിർത്തി എണ്ണസംസ്കരണശാലകളിലെ  എൽ.പി.ജി. ഉല്പാദനം 40% വർധിപ്പിച്ചു.

ചില്ലറവില്പന കേന്ദ്രങ്ങള്‍ 

  • രാജ്യത്തെ എല്ലാ ഇന്ധന ചില്ലറവില്പന കേന്ദ്രങ്ങളും  സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
  • പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം അസംസ്‌കൃത എണ്ണവില വർധിച്ച സാഹചര്യത്തിൽ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ കുറവുവരുത്തി.  
  • ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് 21.5 രൂപയും വ്യോമയാന ഇന്ധന കയറ്റുമതിക്ക് ലിറ്ററിന് 29.5 രൂപയും തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്.
  • കയറ്റുമതി ചെയ്യുന്ന പെട്രോളിന്റെ 50 ശതമാനവും ഡീസലിന്റെ 30 ശതമാനവും ആഭ്യന്തര വിപണിയിൽ വിതരണം ചെയ്യണമെന്ന് സർക്കാർ എണ്ണസംസ്കരണ ശാലകള്‍ക്ക് നിർദേശം നൽകി.
  • അഭ്യൂഹങ്ങൾ മൂലം ചിലയിടങ്ങളിൽ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുന്ന പ്രവണതയും പമ്പുകളിൽ തിരക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് ഇന്ധന സ്റ്റോക്ക് ലഭ്യമാണ്.
  • ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് സർക്കാർ പൊതുജനങ്ങളോട് വീണ്ടും അഭ്യര്‍ത്ഥിച്ചു.  

പ്രകൃതിവാതകം

  • ഗാർഹിക പി.എൻ.ജി, ഗതാഗതത്തിനായി ഉപയോഗിക്കുന്ന സി.എൻ.ജി എന്നിവയ്ക്ക് 100% വിതരണമെന്ന മുൻഗണന തുടരുന്നു. വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്ക് ശരാശരി ഉപഭോഗത്തിന്റെ 80% വിതരണം നിലനിർത്തുന്നുണ്ട്.
  • റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പി.എൻ.ജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിറ്റി ഗ്യാസ് വിതരണ ഏജൻസികൾക്ക് നിർദേശം നൽകി.
  • ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ  തുടങ്ങിയ കമ്പനികൾ പി.എൻ.ജി കണക്ഷനുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
  • സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കാനാവശ്യമായ അനുമതികൾ ത്വരിതപ്പെടുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സർക്കാർ അഭ്യർത്ഥിച്ചു. 
  • എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് മാറുന്നതിന്റെ ഭാഗമായി 18.03.2026-ലെ കത്ത് പ്രകാരം സംസ്ഥാനങ്ങൾക്ക് 10% അധിക വാണിജ്യ എൽ.പി.ജി വിഹിതം കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.
  • റൈറ്റ് ഓഫ് വേ / റൈറ്റ് ഓഫ് യൂസര്‍ അനുമതികൾ ലളിതമാക്കിയും നിരക്കുകള്‍ പരിഷ്കരിച്ചും പല സംസ്ഥാനങ്ങളും പി.എൻ.ജി വ്യാപനം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
  • പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) സിറ്റി ഗ്യാസ് വിതരണ അപേക്ഷകൾ 10 ദിവസത്തിനകം തീർപ്പാക്കാൻ നിർദേശം നൽകി.
  • റെസിഡൻഷ്യൽ സ്കൂളുകൾ, ഹോസ്റ്റലുകൾ, സമൂഹ അടുക്കളകള്‍,  അങ്കണവാടികൾ എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തിനകം പി.എൻ.ജി കണക്ഷനുകൾ നൽകാൻ പി.എൻ.ജി.ആർ.ബി 23.03.2026-ന് ഉത്തരവിട്ടു.
  • റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം സിറ്റി ഗ്യാസ് വിതരണ അടിസ്ഥാന സൗകര്യങ്ങൾക്ക് മൂന്ന് മാസത്തേക്ക് അതിവേഗ  അനുമതി ചട്ടക്കൂടിന്  അംഗീകാരം നല്‍കി.  
  • പൈപ്പ് ലൈൻ ശൃംഖല വിപുലീകരിക്കാന്‍ 'പ്രകൃതിവാതകത്തിന്റെയും പെട്രോളിയം ഉല്പന്നങ്ങളുടെയും വിതരണ ഉത്തരവ് 2026'  കേന്ദ്രസർക്കാർ 24.03.2026-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചു.  
  • കഴിഞ്ഞ ദിവസം മാത്രം 110 ഭൂമിശാസ്ത്ര മേഖലകളിലായി 10,568 പുതിയ പി.എൻ.ജി കണക്ഷനുകൾ നൽകിയതായി സിറ്റി  ഗ്യാസ് വിതരണ ഏജൻസികൾ അറിയിച്ചു.

എൽ.പി.ജി  

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മൂലം എൽ.പി.ജി വിതരണത്തിൽ തടസങ്ങൾ നേരിടുന്നുണ്ട്.
  • എൽ.പി.ജി വിതരണ ഏജൻസികളിൽ എവിടെയും സ്റ്റോക്ക് തീർന്നുപോയ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിൽ തുടരുന്നു.
  • വാണിജ്യ എൽ.പി.ജി വിതരണം നേരത്തെ തന്നെ ഭാഗികമായി (20%) പുനഃസ്ഥാപിച്ചിരുന്നു. പി.എൻ.ജി പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് 10% അധിക വിഹിതവും അനുവദിച്ചിട്ടുണ്ട്.
  • 21.03.2026-ലെ കത്ത് പ്രകാരം കേന്ദ്ര സർക്കാർ 20% വിഹിതം കൂടി അനുവദിച്ചു. ഇതോടെ ആകെ വിതരണം 50 ശതമാനമായി വർധിച്ചു. റെസ്റ്റോറന്റുകൾ, വഴിയോര ഭക്ഷണശാലകള്‍,  ഹോട്ടലുകൾ, വ്യാവസായിക കാന്റീനുകൾ, ഭക്ഷ്യസംസ്‌കരണം/ക്ഷീരമേഖല, സർക്കാർ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സാമ്പത്തിക സഹായത്തോടെ നടത്തുന്ന കാന്റീനുകൾ, സമൂഹ അടുക്കളകള്‍,  അതിഥി തൊഴിലാളികൾക്ക് നല്‍കുന്ന അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ എന്നിവയ്ക്ക് ഇതിൽ മുൻഗണന നൽകുന്നു.
  • 27.03.2026-ലെ കത്ത് പ്രകാരം വാണിജ്യ എൽ.പി.ജി വിതരണത്തിൽ 20% അധിക വിഹിതം കൂടി സർക്കാർ അനുവദിച്ചു. ഇതോടെ ആകെ വിതരണം പ്രതിസന്ധിക്ക് മുൻപത്തെ കാലയളവിലെ 70 ശതമാനത്തിലേക്ക് ഉയര്‍ന്നു.  സ്റ്റീൽ, വാഹനനിര്‍മാണം,  വസ്ത്രനിര്‍മാണം,  ഡൈ, രാസവസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയ മേഖലകൾക്കാണ് ഇതിൽ മുൻഗണന. പ്രകൃതിവാതകം പകരമായി ഉപയോഗിക്കാനാവാത്ത പ്രത്യേക താപ ആവശ്യങ്ങള്‍ക്കായി എൽ.പി.ജി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്കും മുൻഗണന നൽകും.
  • കഴിഞ്ഞ ദിവസം മാത്രം 40,000-ത്തിലധികം അഞ്ചുകിലോ എഫ്.ടി.എൽ  സിലിണ്ടറുകൾ വിറ്റഴിച്ചു.
  • ഗാര്‍ഹികേതര എൽ.പി.ജി വിതരണത്തിന് 28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിതരണ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ബാക്കി ഇടങ്ങളിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിട്ട് വിതരണം നടത്തുന്നു.
  • 2026 മാർച്ച് 14 മുതൽ ഏകദേശം 29,656 മെട്രിക് ടൺ വാണിജ്യ എൽ.പി.ജി വിതരണം ചെയ്തു.

മണ്ണെണ്ണ 

  • സാധാരണ വിഹിതത്തിന് പുറമെ 48,000 കിലോലിറ്റർ മണ്ണെണ്ണ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചു.
  • ജില്ലാതല വിതരണ കേന്ദ്രങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
  • 17 സംസ്ഥാനങ്ങൾ മണ്ണെണ്ണ വിതരണ ഉത്തരവുകള്‍  പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശും ലഡാക്കും നിലവിൽ അധിക വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചു.

സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്ക്

  • 1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്.
  • കേന്ദ്ര സസർക്കാർ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഇക്കാര്യങ്ങള്‍ അഭ്യർത്ഥിച്ചു:
    • ദിവസേന വാര്‍ത്താസമ്മേളനങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുക.
    • പ്രത്യേക കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈനുകളും സജ്ജീകരിക്കുക.
    • സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങൾ നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
    • നിയമനിര്‍വഹണ നടപടികളും പരിശോധനകളും ശക്തമാക്കുക.
    • വാണിജ്യ എൽ.പി.ജി, മണ്ണെണ്ണ എന്നിവയുടെ വിതരണ ഉത്തരവുകള്‍  പുറപ്പെടുവിക്കുക.
    • പി.എൻ.ജി വ്യാപന അനുമതികൾ ത്വരിതപ്പെടുത്തുക.
    • പി.എൻ.ജി ഉപയോഗവും ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
    • മന്ത്രാലയവുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍  മുതിര്‍ന്ന  നോഡൽ ഓഫീസർമാരെ നിയോഗിക്കുക.
  • നിലവിൽ 14 സംസ്ഥാനങ്ങൾ ദിവസേന വാര്‍ത്താസമ്മേളനങ്ങൾ നടത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളോടും ഇത് പിന്തുടരാൻ ആവശ്യപ്പെട്ടു.

നിയമനിര്‍വഹണ നടപടികൾ 

  • സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ പരിശോധനകൾ നടന്നുവരുന്നു. ഇതുവരെ 3,000-ത്തിലധികം പരിശോധനകള്‍ നടത്തുകയും 1,500-ലേറെ എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
  • പൊതുമേഖലാ എണ്ണക്കമ്പനികൾ രാജ്യത്തുടനീളം പെട്രോൾ പമ്പുകളിലും എൽ.പി.ജി ഏജൻസികളിലും 1,500-ലധികം മിന്നൽ പരിശോധനകൾ നടത്തി.
  • ചട്ടലംഘനം കണ്ടെത്തിയ 350-ലേറെ എൽ.പി.ജി വിതരണ ഏജൻസികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

മറ്റ് സർക്കാർ നടപടികൾ

  • ഗാർഹിക എൽ.പി.ജി, പി.എൻ.ജി വിതരണത്തിനൊപ്പം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾക്കും സർക്കാർ മുൻഗണന നൽകുന്നു.
  • എണ്ണസംസ്കരണ ശാലകളിലെ ഉല്പാദന വർധന, സിലിണ്ടർ ബുക്കിങ് ഇടവേളകളുടെ പരിഷ്കരണം, മുൻഗണനാടിസ്ഥാനത്തിൽ വിതരണം  തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
  • എൽ.പി.ജി ആവശ്യകത കുറയ്ക്കാന്‍ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
  • ചെറുകിട-ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങളുടെ കൽക്കരി വിഹിതം വർധിപ്പിക്കാന്‍  കോൾ ഇന്ത്യയോടും സിംഗരേണി കൊളിയറീസിനോടും കൽക്കരി മന്ത്രാലയം നിർദേശിച്ചു.
  • ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പി.എൻ.ജി കണക്ഷനുകൾ നൽകാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.  

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നിർദേശങ്ങൾ 

  • പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാൽ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്ന പ്രവണത ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
  • ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക.  
  • എൽ.പി.ജി ഉപഭോക്താക്കൾ താഴെ പറയുന്നവ ശ്രദ്ധിക്കുക:
    • ബുക്കിങിന് ഡിജിറ്റൽ സംവിധാനങ്ങൾ മാത്രം ഉപയോഗിക്കുക.
    • അനാവശ്യമായി എൽ.പി.ജി വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.
  • പി.എൻ.ജി, ഇലക്ട്രിക്/ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ തുടങ്ങിയ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.
  • ദൈനംദിന ജീവിതത്തിൽ ഊർജ ഉപഭോഗം കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും എല്ലാ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത പ്രവർത്തനങ്ങളും

പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിലെ നിലവിലെ സമുദ്ര സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ:

  • നിലവിൽ ഈ മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • പടിഞ്ഞാറൻ പേർഷ്യൻ ഉള്‍ക്കടല്‍‌ മേഖലയിൽ 540-ഓളം ഇന്ത്യൻ നാവികരുമായി 20 ഇന്ത്യൻ കപ്പലുകളുണ്ട്.  കപ്പലുടമകൾ, ആർ.പി.എസ്.എൽ  ഏജൻസികൾ, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവയുമായി ഏകോപനത്തോടെ  ഷിപ്പിങ് ഡയറക്ടറേറ്റ്  ജനറല്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.  
  • ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെ 4,326 ഫോൺ കോളുകളും 8,556 ഇ-മെയിലുകളും കൺട്രോൾ റൂം കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ച 98 കോളുകളും 335 ഇമെയിലുകളും ഇതിലുൾപ്പെടുന്നു.
  • വിമാനത്താവളങ്ങൾ വഴിയും വിവിധ പ്രാദേശിക കേന്ദ്രങ്ങൾ വഴിയും ഇതുവരെ 699-ലേറെ ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ  ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന് സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേരെയും 48 മണിക്കൂറിനിടെ  64 പേരെയും ഇത്തരത്തിൽ നാട്ടിലെത്തിച്ചു.
  • ഇന്ത്യയുടെ സമുദ്രമേഖലയിലെ പ്രവർത്തനങ്ങൾ സുഗമമായി തുടരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മാരിടൈം ബോർഡുകൾ നൽകുന്ന വിവരമനുസരിച്ച് തുറമുഖങ്ങളിൽ ഗതാഗതക്കുരുക്കോ മറ്റ് തടസങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഇന്ത്യൻ നാവികരുടെ ക്ഷേമവും തടസരഹിത സമുദ്ര ഗതാഗതവും ഉറപ്പാക്കാന്‍  വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങള്‍, മറ്റ് സമുദ്ര സുരക്ഷാ ഏജൻസികൾ എന്നിവയുമായി മന്ത്രാലയം നിരന്തരം ഏകോപനം നടത്തിവരുന്നു.  
  • പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് കപ്പലുകളുടെ നീക്കം, തുറമുഖ പ്രവർത്തനങ്ങൾ, നാവികരുടെ സുരക്ഷ, സമുദ്ര വ്യാപാരത്തിന്റെ തുടർച്ച എന്നിവ തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.  

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ  

മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ വഴി നൽകുന്ന സഹായങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചു.  നല്‍കിയ പ്രധാന വിവരങ്ങള്‍:

  • 2026 മാർച്ച് 26–27 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന ജി-7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ഫ്രാൻസ് സന്ദർശിക്കുകയാണ്.
  • യോഗത്തോടനുബന്ധിച്ച് അദ്ദേഹം വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്തി. ഉഭയകക്ഷി വിഷയങ്ങൾക്ക് പുറമെ പശ്ചിമേഷ്യയിലെ മാറിവരുന്ന സാഹചര്യങ്ങളും ചർച്ചയായി. ഫ്രാൻസ്, കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ, ബ്രസീൽ, യുകെ, ജർമനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
  • മാർച്ച് 26-ന് ചേര്‍ന്ന ജി-7 യോഗത്തിൽ ആഗോള ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച്   വിദേശകാര്യമന്ത്രി സംസാരിച്ചു. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ പരിഷ്കാരങ്ങൾ, സമാധാന പരിപാലന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കൽ, മാനുഷിക സഹായ ശൃംഖലകൾ ശക്തിപ്പെടുത്തൽ എന്നിവയുടെ അനിവാര്യത അദ്ദേഹം എടുത്തുപറഞ്ഞു.
  • ഊർജ പ്രതിസന്ധി, വളം വിതരണം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ആശങ്കകളും അദ്ദേഹം യോഗത്തിൽ ഉന്നയിച്ചു.
  • മാർച്ച് 26-ന് ചേര്‍ന്ന ജി-7 വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത്തെ സെഷനിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉയർത്തുന്ന അനിശ്ചിതത്വം കൂടുതൽ കരുത്തുറ്റ വ്യാപാര ഇടനാഴികളും വിതരണ ശൃംഖലകളും അനിവാര്യമാക്കുന്നതായി വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
  • ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് രാജ്യം പരമപ്രധാന മുൻഗണന നൽകുന്നത്.
  • ഇന്ത്യൻ പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിന്  പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം ഏകോപനം തുടരുന്നു.  
  • മേഖലയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജീകരിക്കുകയും കൃത്യമായ ഇടവേളകളിൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
  • നാവികർ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ, സന്ദർശകർ എന്നിവർക്ക് വിസ സേവനങ്ങളും ലോജിസ്റ്റിക് പിന്തുണയും ഉറപ്പാക്കുന്നുണ്ട്.
  • ഗൾഫ് മേഖലയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു.  അധ്യയന വർഷത്തെ ബാധിക്കാത്ത തരത്തില്‍‌ നടപടികൾ സ്വീകരിച്ചു വരുന്നു.
  • സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേരള ബോർഡ് എന്നിവയുമായി നയതന്ത്ര കാര്യാലയങ്ങള്‍ ഏകോപനം നടത്തുന്നുണ്ട്. സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും പശ്ചിമേഷ്യൻ മേഖലയിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ  റദ്ദാക്കി. കേരള ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. ഏപ്രിൽ 6-ന് സാഹചര്യം വിലയിരുത്തി ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. 
  • കുവൈറ്റ്, ദുബായ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ഉദ്യോഗാർത്ഥികൾക്കായി ജെ.ഇ.ഇ - മെയിന്‍ 2026 ഉൾപ്പെടെ മത്സര പരീക്ഷകളെക്കുറിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി  പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു.
  • ഫെബ്രുവരി 28 മുതൽ ഏകദേശം 4,75,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
  • യു.എ.ഇയിൽ നിന്ന് 80-ഓളം വിമാനങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
  • ഖത്തർ വ്യോമപാത ഭാഗികമായി തുറന്നതോടെ ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് പത്തോളം സർവീസുകൾ നടത്തും.
  • കുവൈറ്റ്, ബഹ്‌റൈൻ വ്യോമപാതകള്‍ അടഞ്ഞുകിടക്കുന്നതിനാൽ ജസീറ എയർവേയ്‌സും ഗൾഫ് എയറും സൗദിയിലെ ദമാം വിമാനത്താവളം വഴിയാണ് സർവീസ് നടത്തുന്നത്.
  • വിമാന നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക്  താഴെ പറയുന്ന ബദൽ വഴികള്‍ സജ്ജീകരിച്ചിട്ടുണ്ട്:
    • ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി 
    • ഇസ്രായേലിൽ നിന്ന് ജോർദാൻ വഴി 
    • ഇറാഖിൽ നിന്ന് ജോർദാൻ, സൗദി അറേബ്യ വഴി 
    • കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന്  സൗദി അറേബ്യ വഴി 
  • അബുദാബിയിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരണപ്പെട്ടതിൽ സർക്കാർ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നയതന്ത്ര കാര്യാലയം പ്രാദേശിക അധികൃതരുമായി ഏകോപനം നടത്തുകയാണ്. 
  • നിസാരമായി പരിക്കേറ്റ മറ്റൊരു ഇന്ത്യൻ പൗരൻ ആശുപത്രി വിട്ടു.
  • വിവിധ സംഭവങ്ങളിലായി ഇതുവരെ 7 ഇന്ത്യക്കാര്‍ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തിയെ കണ്ടെത്താനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ഒമാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ അധികൃതരുമായി ബന്ധപ്പെട്ടു വരുന്നു.

പൊതു ആശയവിനിമയം

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കി:

  • ലോക്ക്ഡൗൺ പോലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളോട്  അഭ്യർത്ഥിക്കുന്നു.  സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് വേദികളിലൂടെയും പ്രചരിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണം.
  • നേരത്തെ എൽ.പി.ജി സിലിണ്ടറുകൾക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ വ്യാപിച്ചിരുന്നു. ഇത് ചിലയിടങ്ങളിൽ  ജനങ്ങള്‍ പരിഭ്രാന്തരായി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചു.
  • മാധ്യമ പിന്തുണയോടെയും സർക്കാർ  ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും സിലിണ്ടറുകളുടെ അനാവശ്യ ബുക്കിങ്  പിന്നീട് കുറയ്ക്കാനായി.  
  • കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തില്‍ സമാന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
  • രാജ്യത്ത് പെട്രോൾ, ഡീസൽ വിതരണത്തിൽ യാതൊരു കുറവുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
  • പൗരന്മാർ പെട്രോൾ പമ്പുകളിലേക്ക് ഇരച്ചുകയറാനോ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടാനോ മുതിരരുത്.
  • പെട്രോളിന്റെയും ഡീസലിന്റെയും മതിയായ ശേഖരം രാജ്യത്ത് ലഭ്യമാണ്. വിതരണ ശൃംഖലകൾ പൂർണമായും പ്രവർത്തനസജ്ജവുമാണ്.
  • ചില കേന്ദ്രങ്ങളിൽ നിന്ന് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിക്കാനും ശ്രമങ്ങൾ നടക്കുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നു.
  • വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • പെട്രോൾ, ഡീസൽ, എൽ.പി.ജി സിലിണ്ടറുകൾ എന്നിവയുടെ പൂഴ്ത്തിവെപ്പിനോ കരിഞ്ചന്തയ്ക്കോ  നടത്തുന്ന ഏതൊരു ശ്രമത്തിനെതിരെയും കർശന നടപടി സ്വീകരിക്കണം.
  • പെട്രോളിയം ഉല്പന്നങ്ങൾക്കോ എൽ.പി.ജി സിലിണ്ടറുകൾക്കോ യാതൊരു ക്ഷാമവുമില്ലെന്ന് സർക്കാർ ആവര്‍ത്തിച്ച് ഉറപ്പുനൽകുന്നു.  ജനങ്ങള്‍ പരിഭ്രാന്തരാകുകയോ പെട്രോൾ പമ്പുകളിലും വിതരണ ഏജൻസികളിലും തിരക്കുകൂട്ടുകയോ ചെയ്യേണ്ടതില്ല.

 

****


( റിലീസ് ഐ.ഡി: 2246340) സന്ദര്‍ശക കൗണ്ടര്‍ : 16