|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ-മന്ത്രാലയ പത്ര സമ്മേളനം
പോസ്റ്റഡ് ഓണ്‍:
25 MAR 2026 4:52PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് വിവിധ മന്ത്രാലയങ്ങൾ നടത്തുന്ന പതിവ് ആശയവിനിമയങ്ങളുടെ തുടർച്ചയായി, പെട്രോളിയം പ്രകൃതിവാതകം, തുറമുഖങ്ങൾ, ഷിപ്പിംഗ് ജലപാത, വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ നാഷണൽ മീഡിയ സെൻ്ററിൽ ഇന്ന് മാധ്യമങ്ങളുമായി സംവദിച്ചു. ഇന്ധന വിതരണവും ലഭ്യതയും, മേഖലയിലെ സമുദ്ര പ്രവർത്തനങ്ങൾ, ഇന്ത്യൻ പൗരന്മാർക്ക് നിലവിൽ നൽകുന്ന പിന്തുണാ നടപടികൾ തുടങ്ങിയ പ്രധാന വസ്തുതകളെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ പങ്കിട്ടു. ഈ മേഖലകളിലുടനീളം സ്ഥിരത നിലനിർത്തുന്നതിനും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും സ്വീകരിക്കുന്ന നടപടികളും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്ക് അടച്ചതിൻ്റെ പശ്ചാത്തലത്തിൽ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്നിവ പത്ര സമ്മേളനത്തിൽ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വിവരിച്ചു. മന്ത്രാലയം ഇപ്രകാരം അറിയിച്ചു:
അസംസ്കൃത എണ്ണയും റിഫൈനറികളും
- എല്ലാ റിഫൈനറികളും മതിയായ അസംസ്കൃത എണ്ണ സംഭരണത്തോടെ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. കൂടാതെ പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ സംഭരണമുണ്ട്.
- ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി എണ്ണ ശുദ്ധീകരണശാലകളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
ചെറുകിട വിപണന കേന്ദ്രങ്ങൾ
- രാജ്യത്തുടനീളമുള്ള എല്ലാ ചെറുകിട വിപണന കേന്ദ്രങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നു.
- കിംവദന്തികൾ കാരണം ചില പ്രദേശങ്ങളിൽ പരിഭ്രാന്തിയോടെ അധികമായി ഇന്ധനം വാങ്ങുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് അസാധാരണമാംവിധം ഉയർന്ന വിൽപ്പനയ്ക്കും ചെറുകിട വിപണന കേന്ദ്രങ്ങളിൽ വലിയ തിരക്കിനും കാരണമായി. എന്നിരുന്നാലും, എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണ്.
- കിംവദന്തികൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങൾക്ക് ഗവണ്മെൻ്റ് നിർദ്ദേശം നൽകി.
പ്രകൃതി വാതകം
- ആഭ്യന്തര പിഎൻജി, സിഎൻജി ഗതാഗതത്തിനുള്ള 100% വിതരണത്തോടെ മുൻഗണനാ മേഖലയ്ക്കുള്ള വിഹിതം തുടരുന്നു. അതേസമയം, ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 80% നിലനിർത്തുന്നു.
- റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പിഎൻജി കണക്ഷനുകൾ ലഭ്യമാക്കാൻ മുൻഗണന നൽകാൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ എന്നിവയുൾപ്പെടെയുള്ള സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
- സിജിഡി ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ ഇന്ത്യാ ഗവണ്മെൻ്റ് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചു.
- എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും യു.ടികൾക്കും വാണിജ്യ എൽപിജിയുടെ 10% അധിക വിഹിതം ഇന്ത്യാ ഗവണ്മെൻ്റ് 18.03.2026 ലെ കത്തിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്.
- വേഗത്തിലുള്ള ഉപയോക്തൃ/വഴി അവകാശ അനുമതി (RoU/RoW), കൂടുതൽ ജോലി സമയം, RoU/RoW ചാർജുകൾ യുക്തിസഹമാക്കൽ എന്നിവ നടപ്പാക്കുന്നതിന് ചില സംസ്ഥാനങ്ങൾ നയങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഡൽഹിയിലെ DDA, റോഡ് പുനഃസ്ഥാപന ചാർജുകൾ ഒഴിവാക്കുകയും പുതിയ പിഎൻജി പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ 24x7 അടിസ്ഥാനത്തിൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
- സിജിഡി അപേക്ഷകൾ ലഭിച്ച് 10 ദിവസത്തിനുള്ളിൽ മുൻഗണനാക്രമത്തിൽ തീർപ്പാക്കാൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അതിൻ്റെ അനുബന്ധ ഓഫീസുകൾക്ക് നിർദേശം നൽകി .
- പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (PNGRB) 23.03.2026 ലെ ഉത്തരവ് പ്രകാരം, റെസിഡൻഷ്യൽ സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, സമൂഹ അടുക്കളകൾ, അങ്കണവാടി അടുക്കളകൾ തുടങ്ങി സാധ്യമാകുന്നിടത്തെല്ലാം പിഎൻജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- 1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെയും മറ്റ് സൗകര്യങ്ങളിലൂടെയും) ഉത്തരവ്, 2026, ഇന്ത്യാ ഗവണ്മെൻ്റ് 24.03.2026 ലെ ഗസറ്റ് വഴി വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമവും സമയബന്ധിതവുമായ നിയമ ചട്ടക്കൂട് ഈ ഉത്തരവ് നൽകുന്നു. ഇത് അനുമതി, ഭൂമി ലഭ്യതയിലെ കാലതാമസം എന്നിവ പരിഹരിക്കുകയും റെസിഡൻഷ്യൽ പ്രദേശങ്ങളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുകയും ചെയ്യുന്നു. ഇത് പിഎൻജി ശൃംഖലയെ ത്വരിതപ്പെടുത്തുകയും എല്ലാ കോണിലും സമ്പർക്ക സൗകര്യം ലഭ്യമാക്കുകയും ചെയ്യും. കൂടാതെ, ശുദ്ധ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ ഇത് പിന്തുണയ്ക്കുകയും അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
- സിജിഡി സ്ഥാപനങ്ങൾ ഇന്നലെ 110 ഇടങ്ങളിലായി 9,046 പിഎൻജി കണക്ഷനുകൾ (പുതിയതും ഗ്യാസ്-ഇൻ ചെയ്തതും) റിപ്പോർട്ട് ചെയ്തു.
എൽപിജി
- നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിച്ചിട്ടില്ല.
- എൽപിജി വിതരണക്കാർ ലഭ്യതയില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.
- ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണപോലെ തുടരുന്നു.
- വാണിജ്യ ഉപഭോക്താക്കൾക്ക് ഭാഗികമായി എൽപിജി വിതരണം (20%) പുനഃസ്ഥാപിച്ചു. കൂടാതെ, പിഎൻജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് 10% അധിക വിഹിതം നൽകാൻ ഇന്ത്യാ ഗവണ്മെൻ്റ് 18.03.2026 ലെ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
- സംസ്ഥാനങ്ങൾക്ക് വാണിജ്യ എൽപിജിയുടെ 20% കൂടി അനുവദിച്ചുകൊണ്ട് ഇന്ത്യാ ഗവണ്മെൻ്റ് 21.03.2026 ലെ കത്ത് വഴി അനുമതി നൽകി. ഇതോടെ മൊത്തം വിഹിതം 50% ആയി (പിഎൻജി വിപുലീകരണത്തിനുള്ള പരിഷ്കാരങ്ങൾ എളുപ്പമാക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള 10% വിഹിതം ഉൾപ്പെടെ). റസ്റ്റോറൻ്റുകൾ, ധാബകൾ, ഹോട്ടലുകൾ, വ്യാവസായിക കാൻ്റീനുകൾ, ഭക്ഷ്യ സംസ്കരണം/ക്ഷീരശാലകൾ, സംസ്ഥാന ഗവണ്മെൻ്റോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കാൻ്റീനുകൾ/ഔട്ട്‌ലെറ്റുകൾ, സമൂഹ അടുക്കളകൾ, കുടിയേറ്റ തൊഴിലാളികൾക്ക് 5 കിലോ എഫ്ടിഎൽ തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകിയിരിക്കുന്നു.
- 26 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഗാർഹികേതര എൽപിജി വിഹിതം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, അവശേഷിക്കുന്ന ഇടങ്ങളിൽ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ വിതരണം ചെയ്യുന്നു. 2026 മാർച്ച് 14 മുതൽ ഏകദേശം 22,268 മെട്രിക് ടൺ വാണിജ്യ എൽപിജി നീക്കം ചെയ്തിട്ടുണ്ട്.
മണ്ണെണ്ണ
- പതിവ് വിഹിതത്തിന് പുറമേ എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്. ജില്ലാതല വിതരണ പോയിൻ്റുകൾ തിരിച്ചറിയാൻ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
- 16 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എസ്‌കെഒ അനുമതി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകത ഉന്നയിച്ചിട്ടില്ല. 16 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഇതുവരെ അനുമതി ഉത്തരവുകൾ ആവശ്യപ്പെട്ടിട്ടില്ല.
സംസ്ഥാന ഗവണ്മെൻ്റുകളുടെയും / കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്ക്
- 1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം, പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണം നിയന്ത്രിക്കുന്നതിൽ പ്രാഥമിക പങ്ക് വഹിക്കാനും സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരമുണ്ട്.
- 13.03.2026 ലും 18.03.2026 ലും ഇന്ത്യാ ഗവണ്മെൻ്റ് അയച്ച കത്തുകൾ വഴി എല്ലാ സംസ്ഥാനങ്ങളോടും / കേന്ദ്രഭരണ പ്രദേശങ്ങളോടും ഇപ്രകാരം അഭ്യർത്ഥിച്ചിട്ടുണ്ട്:
Ø ആഭ്യന്തര എൽപിജിയുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, മറിച്ചുവിൽക്കൽ എന്നിവ തടയുന്നതിന് കർശനമായ ജാഗ്രത പാലിക്കുക.
Ø പ്രസക്തമായ നിയമ വ്യവസ്ഥകൾ പ്രകാരം കർശന നടപടി സ്വീകരിക്കുക.
Ø വാണിജ്യ എൽപിജിക്ക് ഉചിതമായ വിതരണ സംവിധാനങ്ങൾ വികസിപ്പിക്കുക.
Ø പരിഭ്രാന്തി പരത്തി അധികമായുള്ള വാങ്ങലുകൾ തടയുന്നതിനും ന്യായമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പൊതു മാർഗ്ഗനിർദേശങ്ങൾ നൽകുക.
- ജില്ലാ കളക്ടർമാരും ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ദിവസേന എൻഫോഴ്‌സ്‌മെൻ്റ് നടപടികൾ നടത്തുന്നു.
- മിക്ക സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ കമ്മിറ്റികളും സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ളവരോട് ഈ സംവിധാനങ്ങൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
- കൃത്യമായ വിവരങ്ങൾ നൽകുന്നതിന് ദിവസവും പത്രസമ്മേളനങ്ങൾ നടത്താനും സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
എൻഫോഴ്‌സ്‌മെൻ്റ് നടപടി
- എൽപിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും എൻഫോഴ്‌സ്‌മെൻ്റ് നടപടികൾ നടക്കുന്നുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ 2,700-ലധികം റെയ്ഡുകൾ നടത്തുകയും ഏകദേശം 2,000 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
- രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും എൽപിജി വിതരണ കേന്ദ്രങ്ങളിലും പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 1,700-ലധികം മിന്നൽ പരിശോധനകൾ നടത്തി.
- ഇതുവരെ 650-ലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 155 പേരെ അറസ്റ്റ് ചെയ്തു.
ഗവണ്മെൻ്റിൻ്റെ മറ്റ് നടപടികൾ
- ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾക്കൊപ്പം ഗാർഹിക എൽപിജി, പിഎൻജി വിതരണത്തിനും ഗവണ്മെൻ്റ് ഉയർന്ന മുൻഗണന നൽകുന്നത് തുടരുന്നു.
- റിഫൈനറിയിൽ നിന്നുള്ള ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ 21 മുതൽ 25 ദിവസം വരെയും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസം വരെയുമായി ബുക്കിംഗ് ഇടവേളകൾ പരിഷ്കരിക്കുക, വിതരണത്തിൽ മുൻഗണനാ വിഹിതം ഉറപ്പിക്കുക എന്നിവ നടപടികളിൽ ഉൾപ്പെടുന്നു.
- എൽപിജി ആവശ്യകത ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു
- ചെറുകിട, ഇടത്തരം, മറ്റ് ഉപഭോക്താക്കൾക്ക് കൽക്കരി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് അവ ഉയർന്ന അളവിൽ അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗറേനി കോളിയറീസിനും ഇതിനകം ഉത്തരവ് നൽകിയിട്ടുണ്ട്.
- ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
പൊതു അറിയിപ്പ്
- പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കൂടാതെ പൗരന്മാർ പരിഭ്രാന്തിയോടെ അധികമായുള്ള വാങ്ങലുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്നു.
- പൗരന്മാർ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികൾ വിശ്വസിക്കരുതെന്നും നിർദ്ദേശിക്കുന്നു.
- എൽപിജി, ബുക്കിംഗുകൾക്കായി ഡിജിറ്റൽ രീതികൾ ഉപയോഗിക്കാനും എൽപിജി വിതരണ കേന്ദ്രം സന്ദർശിക്കുന്നത് ഒഴിവാക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
- പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
- എല്ലാ പൗരന്മാരും അവരുടെ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
പേർഷ്യൻ ഉൾക്കടൽ മേഖലയിലെ നിലവിലുള്ള സമുദ്ര സാഹചര്യത്തെക്കുറിച്ചും ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചു. മന്ത്രാലയം ഇങ്ങനെ അറിയിച്ചു:
- മേഖലയിൽ നിലവിൽ ഉള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.
- ഇന്ത്യൻ പതാകയുള്ള 20 കപ്പലുകൾ ഏകദേശം 540 ഇന്ത്യൻ നാവികരുമായി പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുന്നു. കപ്പൽ ഉടമകൾ, ആർപിഎസ്‌എൽ ഏജൻസികൾ, ഇന്ത്യൻ എംബസികൾ എന്നിവരുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) സൂക്ഷ്മ നിരീക്ഷണം തുടരുന്നു.
- ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായി തുടരുന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 187 കോളുകളും 462 ഇമെയിലുകളും ഉൾപ്പെടെ നാവികരിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും സമുദ്ര പങ്കാളികളിൽ നിന്നുമുള്ള 4,108 ഫോൺ കോളുകളും 7,909 ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്.
- വിമാനത്താവളങ്ങളിൽ നിന്നും വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50 പേർ ഉൾപ്പെടെ 635 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുപോകാൻ ഡിജി ഷിപ്പിംഗ് സഹായിച്ചിട്ടുണ്ട്.
- തുറമുഖങ്ങളിലുടനീളം ഒരു തിരക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യയുടെ സമുദ്ര മേഖല സുഗമമായി പ്രവർത്തിക്കുന്നതായി ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവയുൾപ്പെടെയുള്ള സംസ്ഥാന മാരിടൈം ബോർഡുകൾ സ്ഥിരീകരിച്ചു.
- തുറമുഖങ്ങൾ, കപ്പൽ നീക്കവും ചരക്ക് പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സുഗമമായ ചരക്ക് കൈകാര്യം ചെയ്യൽ ഉറപ്പാക്കുന്നതിനായി ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റി (ജെഎൻപിഎ), വി.ഒ. ചിദംബരനാർ തുറമുഖ അതോറിറ്റി (VOCPA), വിശാഖപട്ടണം തുറമുഖം, മുന്ദ്ര, ദീനദയാൽ തുറമുഖ അതോറിറ്റി (DPA), ന്യൂ മംഗലാപുരം തുറമുഖ അതോറിറ്റി (NMPA), കൊച്ചി തുറമുഖ അതോറിറ്റി (CoPA), ചെന്നൈ തുറമുഖ അതോറിറ്റി (ChPA), കാമരാജർ തുറമുഖ ലിമിറ്റഡ് (KPL) തുടങ്ങിയ പ്രധാന തുറമുഖങ്ങളിൽ ഇതിനകം തന്നെ അധിക സ്ഥലം സൃഷ്ടിച്ചിട്ടുണ്ട്.
- കൂടാതെ, മിഡിൽ ഈസ്റ്റിലേക്കുള്ള കയറ്റുമതി കണ്ടെയ്‌നറുകൾക്ക് 15 ദിവസത്തെ സൗജന്യ സംഭരണം, റീഫർ പ്ലഗ്-ഇൻ ചാർജുകളിൽ 80% ഇളവ്, ലിഫ്റ്റ്-ഓൺ/ലിഫ്റ്റ്-ഓഫ് ചാർജുകളിൽ ഇളവ്, ഷട്ട്ഔട്ട് ചാർജുകൾ, ഗതാഗത ചാർജുകൾ, ബാക്ക്-ടു-ടൗൺ കണ്ടെയ്‌നറുകൾക്ക് 15 ദിവസത്തെ സൗജന്യ സംഭരണം എന്നിവ ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ മുന്ദ്ര തുറമുഖം ഒരുക്കിയിട്ടുണ്ട്.
- പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം ഷിപ്പിംഗ് നീക്കങ്ങൾ, തുറമുഖ പ്രവർത്തനങ്ങൾ, ഇന്ത്യൻ നാവികരുടെ സുരക്ഷ, സമുദ്ര വ്യാപാരത്തിൻ്റെ തുടർച്ച എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഇന്ത്യൻ എംബസികൾ വഴി നൽകുന്ന സഹായവും ഇടപെടലും ഉൾപ്പെടെ മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പത്രസമ്മേളനത്തിൽ പങ്കുവെച്ചു. ഇനിപ്പറയുന്നവ അറിയിച്ചു:
- അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രിയെ ടെലിഫോണിൽ ബന്ധപ്പെട്ടു. പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. സംഘർഷം ലഘൂകരിക്കുന്നതിനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
- ആഗോള സമാധാനം, സ്ഥിരത, സാമ്പത്തിക ക്ഷേമം എന്നിവയ്ക്ക് ഹോർമുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവും പ്രവേശനക്ഷമവുമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താൻ ഇരു നേതാക്കളും സമ്മതിച്ചു.
- ശ്രീലങ്കൻ പ്രസിഡൻ്റ് ശ്രീ. അനുര കുമാര ദിസനായകയും പ്രധാനമന്ത്രിയെ ഫോൺകോളിലൂടെ ബന്ധപ്പെട്ടു. പശ്ചിമേഷ്യയിലെ വികസിക്കുന്ന സാഹചര്യത്തെക്കുറിച്ച്, പ്രത്യേകിച്ച് ആഗോള ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന തടസ്സങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
- ആഗോള വ്യാപാരത്തിൻ്റെയും സ്ഥിരതയുടെയും താൽപ്പര്യങ്ങൾക്കായി കപ്പൽ പാതകൾ തുറന്നതും സുരക്ഷിതവുമായി നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ഇരു നേതാക്കളും ആവർത്തിച്ചു. ഇന്ത്യ-ശ്രീലങ്ക ഊർജ്ജ സഹകരണവും പ്രാദേശിക സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെ പുരോഗതി ഇരുവരും അവലോകനം ചെയ്തു.
- അയൽപക്കം ആദ്യം എന്ന നയത്തിനും മഹാസാഗർ ദർശനത്തിനും അനുസൃതമായി പൊതുവായ വെല്ലുവിളികളെ നേരിടുന്നതിൽ ശ്രീലങ്കയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
- വിദേശകാര്യ മന്ത്രി ഇന്ത്യയിലെ ഇറാൻ അംബാസഡറെ സന്ദർശിക്കുകയും പശ്ചിമേഷ്യയിലെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് ഇറാൻ നൽകുന്ന പിന്തുണയ്ക്ക് മന്ത്രി നന്ദി അറിയിച്ചു.
- ഗൾഫിലെയും പശ്ചിമേഷ്യയിലെയും വികസിക്കുന്ന സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നു.
- സംശയങ്ങൾ പരിഹരിക്കുന്നതിനും ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനുമായി മന്ത്രാലയത്തിൻ്റെ സമർപ്പിത കൺട്രോൾ റൂം ഇപ്പോഴും പ്രവർത്തിക്കുന്നു. സംസ്ഥാന ഗവണ്മെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ഏകോപനം നടത്തുന്നു.
- മേഖലയിലെ ഇന്ത്യൻ എംബസികളും പോസ്റ്റുകളും ഹെൽപ്പ് ലൈനുകളുമായി 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇവ തത്സമയം പ്രതികരിക്കുകയും ഇന്ത്യൻ സമൂഹ സംഘടനകളുമായും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായും അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു.
- എംബസികൾ നിരന്തരം മാർഗ്ഗനിർദേശങ്ങൾ നൽകുകയും വിദ്യാർത്ഥികൾ, നാവികർ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ, ഹ്രസ്വകാല സന്ദർശകർ എന്നിവരെ വിസ സൗകര്യം, കോൺസുലാർ സേവനങ്ങൾ, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയിലൂടെ മുൻകൈയെടുക്കുകയും ചെയ്യുന്നു.
- മേഖലയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാന സ്ഥിതി മെച്ചപ്പെടുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 4,26,000 യാത്രക്കാർ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. ഈ കാലയളവിൽ, ഇന്ത്യൻ, വിദേശ വിമാനക്കമ്പനികളുടെ ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ വിമാനങ്ങൾ ഉൾപ്പെടെ ആകെ 2,149 വിമാനങ്ങൾ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തി.
- യുഎഇയിൽ, പ്രവർത്തന സാഹചര്യം അടിസ്ഥാനമാക്കി വിമാനക്കമ്പനികൾ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ പരിമിതമായ എണ്ണത്തിൽ സർവീസ് നടത്തുന്നു. ഇന്ന് വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഏകദേശം 80 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
- സൗദി അറേബ്യയിൽ നിന്നും ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു.
- ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത ഏകദേശം 9 വാണിജ്യ വിമാന സർവീസുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
- കുവൈറ്റ്, ബഹ്‌റൈൻ വ്യോമാതിർത്തികൾ അടച്ചിട്ടിരിക്കുന്നു. ജസീറ എയർവേയ്‌സ്, ഗൾഫ് എയർ തുടങ്ങിയ വിമാനക്കമ്പനികൾ സൗദി അറേബ്യയിൽ നിന്ന് ഷെഡ്യൂൾ ചെയ്യാത്ത പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇത് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
- ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് സഹായം തുടരുന്നു.717 വിദ്യാർത്ഥികളും 326 ഇന്ത്യൻ പൗരന്മാരും ഉൾപ്പെടെ 1,043 വ്യക്തികൾ ഇറാനിൽ നിന്ന് നമ്മുടെ എംബസിയുടെ സഹായത്തോടെ അതിർത്തി കടന്നു.
- ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജോർദാൻ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നു.
- കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്കായി സൗദി അറേബ്യ വഴിയുള്ള യാത്രസൗകര്യം ഇപ്പോഴും സജ്ജമാക്കുന്നു.
- ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മന്ത്രാലയം പിന്തുണ നൽകുന്നു. മാർച്ച് 18 ന് റിയാദിൽ അന്തരിച്ച ഒരു ഇന്ത്യൻ പൗരൻ്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിച്ചു. കുടുംബവുമായി ഗവണ്മെൻ്റ് അടുത്ത ബന്ധം പുലർത്തുന്നു.
- കാണാതായവരോ മരിച്ചവരോ ആയ ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് പ്രാദേശിക അധികൃതരുമായി ഒമാൻ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾ ബന്ധപ്പെടുകയും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കുകയും ചെയ്യുന്നു.
****
( റിലീസ് ഐ.ഡി: 2245406)
|