പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ച അന്തർ-മന്ത്രാലയ വാർത്താസമ്മേളനം

പോസ്റ്റഡ് ഓണ്‍: 19 MAR 2026 5:26PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് മാധ്യമങ്ങളെ പതിവായി അറിയിക്കാന്‍ ഗവണ്മെൻ്റ്     നടത്തുന്ന നിരന്തര ശ്രമത്തിൻ്റെ  ഭാഗമായി ഇന്ന് (2026 മാർച്ച് 19) വീണ്ടും ന്യൂഡല്‍ഹിയിലെ നാഷണൽ മീഡിയ സെൻ്ററിൽ അന്തർ-മന്ത്രാലയ വാർത്താസമ്മേളനം സംഘടിപ്പിച്ചു.  പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം, തുറമുഖ കപ്പൽ ഗതാഗത ജലപാത മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ധന വിതരണവും സമുദ്ര പ്രവർത്തനങ്ങളും മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന സഹായങ്ങളും തുടങ്ങി പ്രധാന മേഖലകളിലെ ഏറ്റവും പുതിയ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചു.

ഊർജ വിതരണവും ഇന്ധന ലഭ്യതയും

ഹോർമുസ് കടലിടുക്ക് അടച്ച പശ്ചാത്തലത്തില്‍ ഇന്ധന വിതരണ നിലയെക്കുറിച്ചും പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും തുടർച്ചയായ ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയത്തിൻ്റെ അറിയിപ്പ് പ്രകാരം:

ക്രൂഡ് ഓയിലും എണ്ണ സംസ്കരണശാലകളും 

  • ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലനിർത്തി എല്ലാ എണ്ണ സംസ്കരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്.

ചില്ലറ വില്പന കേന്ദ്രങ്ങൾ

  • ചില്ലറ വില്പന കേന്ദ്രങ്ങളിൽ ഇന്ധനം തീർന്നുപോയ  സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോൾ, ഡീസൽ വിതരണം കൃത്യമായി തുടരുന്നു. 

  • ആവശ്യത്തിന് ശേഖരം ലഭ്യമായതിനാൽ ജനങ്ങൾ പരിഭ്രാന്തി മൂലം അനാവശ്യമായി വാങ്ങിക്കൂട്ടരുതെന്ന് മന്ത്രാലയം നിർദേശിക്കുന്നു.

പ്രകൃതിവാതകം 

  • ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എൻ.ജി  എന്നിവയുടെ 100 ശതമാനം വിതരണം ഉൾപ്പെടെ മുൻഗണനാ മേഖലകൾക്ക് സംരക്ഷിത ഗ്യാസ് വിതരണം തുടരുന്നു. അതേസമയം വ്യാവസായിക-വാണിജ്യ ഉപഭോക്താക്കളുടെ വിതരണം ഏകദേശം 80 ശതമാനമായി നിയന്ത്രിച്ചിട്ടുണ്ട്.

  • ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ പി.എൻ.ജി കണക്ഷനുകൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകാൻ സിറ്റി ഗ്യാസ് വിതരണ  ഏജൻസികള്‍ക്ക് നിർദേശം നല്‍കി.  അംഗീകൃത സിറ്റി ഗ്യാസ് വിതരണ ഏജൻസികളിൽ നിന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് കണക്ഷനുകളെടുക്കാം.  

  • ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികൾ പി.എൻ.ജി കണക്ഷനുകൾക്ക് ഇതിനകം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കണക്ഷൻ ലഭ്യമാക്കുന്ന സമയപരിധി കുറയ്ക്കാനും വ്യാപക ബോധവൽക്കരണ പരിപാടികൾ നടത്താനും നിർദേശം നല്‍കിയിട്ടുണ്ട്.  

  • പി.എൻ.ജി യജ്ഞത്തിൻ്റെ ഭാഗമായി സിറ്റി ഗ്യാസ് വിതരണ ഏജൻസികൾക്ക് പി.എൻ.ജി.ആർ.ബി ബോധവൽക്കരണ നിർദേശങ്ങൾ നൽകി.

  • സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ച് കേന്ദ്ര ഗവണ്മെൻ്റ്    2026 മാർച്ച് 16-ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. കുടിശ്ശികയുള്ള അപേക്ഷകൾക്ക് അനുമതി നൽകുക, 24 മണിക്കൂറിനകം പുതിയ അനുമതികൾ ലഭ്യമാക്കുക, റോഡ് പുനരുദ്ധാരണ-അനുമതി നിരക്കുകൾ ഒഴിവാക്കുക, പ്രവൃത്തി സമയത്തിലും സീസണുകളിലും ഇളവ് നൽകുക, ഏകോപനത്തിന് സംസ്ഥാന നോഡൽ ഓഫീസർമാരെ നിയമിക്കുക എന്നിവ ഇതിലുൾപ്പെടുന്നു.

  • എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് മാറുന്നതിന്  പിന്തുണ നൽകുന്ന പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട്  2026 മാർച്ച് 18-ലെ കത്തിലൂടെ കേന്ദ്ര ഗവണ്മെൻ്റ്     സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി 10 ശതമാനം വാണിജ്യ എൽ.പി.ജി വിഹിതം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൻ്റെ വിശദാംശങ്ങൾ താഴെ:

 

  • സിറ്റി ഗ്യാസ് വിതരണ അപേക്ഷകൾ അംഗീകരിക്കാനും പരാതികൾ പരിഹരിക്കാനും സംസ്ഥാന-ജില്ലാ സമിതികൾ രൂപീകരിക്കുന്നതിന് 1% അധിക വിഹിതം.

  • സിറ്റി ഗ്യാസ് വിതരണ അനുമതികൾ നൽകുന്നതിന് ഉത്തരവുകൾ പുറപ്പെടുവിക്കാന്‍ 2% അധിക വിഹിതം.

  • സിറ്റി ഗ്യാസ് വിതരണ ഏജൻസികൾക്ക് "ഡിഗ് ആൻഡ് റീസ്റ്റോർ" പദ്ധതി നടപ്പാക്കാന്‍ 3% അധിക വിഹിതം.

  • വാർഷിക വാടക/പാട്ട നിരക്കുകൾ കുറയ്ക്കാന്‍ 4% അധിക വിഹിതം.

 

  • ഗാർഹിക, വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്ക് പി.എൻ.ജി കണക്ഷനുകൾ വേഗത്തിൽ ലഭ്യമാക്കാനും സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കാനും ലക്ഷ്യമിട്ട് ഈ പരിഷ്കാരങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. 

  • നഗരപ്രദേശങ്ങളിലെ വാണിജ്യ എൽ.പി.ജി ഉപഭോക്താക്കളെ പി.എൻ.ജിയിലേക്ക് മാറാൻ മന്ത്രാലയം നിര്‍ദേശിക്കുന്നു; ഇക്കഴിഞ്ഞ ദിവസങ്ങളിലായി 5,600-ലേറെ ഉപഭോക്താക്കൾ പി.എൻ.ജിയിലേക്ക് മാറിയിട്ടുണ്ട്. ഇത് എൽ.പി.ജി ആവശ്യകതയുടെ സമ്മർദം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എൽ.പി.ജി  

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എൽ.പി.ജി വിതരണം കേന്ദ്രം തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.

  • വിതരണ ഏജൻസികളിൽ സ്റ്റോക്ക് തീർന്നുപോയ സാഹചര്യങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

  • ദുരുപയോഗം തടയുന്നതിനായി നടപ്പാക്കിയ 'ഡെലിവറി ഓതൻ്റിക്കേഷൻ കോഡ്' സംവിധാനം 83 ശതമാനമായി വർധിപ്പിച്ചു. ഇതോടെ ഓൺലൈൻ എൽ.പി.ജി ബുക്കിംഗ് 84 ശതമാനത്തിൽ നിന്ന് 94 ശതമാനമായി ഉയർന്നു.

  • പരിഭ്രാന്തി മൂലം ജനങ്ങള്‍ സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് 57 ലക്ഷമായി കുറഞ്ഞു. ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിൽ തുടരുന്നു.

  • 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഗാർഹികേതര എൽ.പി.ജി വിതരണം സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വാണിജ്യ എൽ.പി.ജി വിതരണം രാജ്യത്തുടനീളം ലഭ്യമാക്കി.  

മണ്ണെണ്ണ  

  • സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 48,000 കിലോലിറ്റർ  മണ്ണെണ്ണ അധികമായി അനുവദിച്ചു. ഇതിൻ്റെവിതരണ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നടപടികൾ പുരോഗമിക്കുകയാണ്.  

  • 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മണ്ണെണ്ണ വിതരണ ഉത്തരവുകൾ പുറപ്പെടുവിച്ചു. ചില സംസ്ഥാനങ്ങൾ  മണ്ണെണ്ണ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

 

സംസ്ഥാന  ഗവണ്മെൻ്റ്  യോഗങ്ങൾ

  • അവശ്യ സാധന നിയമം, എൽ.പി.ജി നിയന്ത്രണ ഉത്തരവ്  എന്നിവ പ്രകാരം സംസ്ഥാന ഗവണ്മെൻ്റുകളും കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ധന വിതരണം നിരീക്ഷിച്ചുവരുന്നു.  ഏകോപിത പരിശോധനകളും മിന്നൽ പരിശോധനകളും നടത്താൻ അവർക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

  • പെട്രോൾ പമ്പുകൾ, എൽ.പി.ജി വിതരണ - സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്രമക്കേടുകൾ തടയുന്നതിന് ജില്ലാ കലക്ടർമാർക്കും മറ്റ് നിയമ നിര്‍വഹണ ഏജൻസികൾക്കും നിർദേശം നൽകണമെന്ന് 2026 മാർച്ച് 13-ലെ കത്തിലൂടെ കേന്ദ്ര ഗവണ്മെൻ്റ്    എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരുന്നു.

  • തുടർന്ന് 2026 മാർച്ച് 18-ലെ കത്തിലൂടെ കേന്ദ്ര ഗവണ്മെൻ്റ്    എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ ആവശ്യപ്പെട്ടു:

    • പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ഗാർഹിക പാചകവാതകം വകമാറ്റി ഉപയോഗിക്കൽ എന്നിവ തടയാൻ കർശന ജാഗ്രത പാലിക്കുക.

    • നിയമലംഘകർക്കെതിരെ അവശ്യ സാധന നിയമം (1955), പെട്രോളിയം നിയമം (1934), പെട്രോളിയം ചട്ടങ്ങള്‍ (2002), മോട്ടോർ സ്പിരിറ്റ് ആൻഡ് എച്ച്.എസ്.ഡി ഓർഡർ (2005) എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കുക.

    • എൽ.പി.ജി ടാങ്കറുകളുടെയും സിലിണ്ടറുകളുടെയും തടസരഹിത നീക്കം ഉൾപ്പെടെ ഭരണപരവും ചരക്കുനീക്കവുമായി ബന്ധപ്പെട്ടതുമായ നടപടികൾ ഉറപ്പാക്കുക.

    • പ്രാദേശിക മുൻഗണനകളും ആവശ്യകതകളും കണക്കിലെടുത്ത് വാണിജ്യ എൽ.പി.ജി വിതരണത്തിന് ഉചിതമായ രീതികൾ വികസിപ്പിക്കുക.

    • പരിഭ്രാന്തി മൂലം സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്  തടയാനും എൽ.പി.ജിയുടെ മിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കൃത്യമായ വിവരങ്ങൾ പ്രചരിപ്പിക്കാനും പൊതു നിർദേശങ്ങൾ  പുറപ്പെടുവിക്കുക.

 

  • എല്ലാ ജില്ലാ കലക്ടർമാരും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിദിനം പരിശോധനകൾ നടത്തേണ്ടതുണ്ട്. 

  • കൂടാതെ ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദിവസേന വാർത്താക്കുറിപ്പുകൾ പുറത്തിറക്കണം.

  • സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഹെൽപ്പ് ലൈൻ നമ്പറുകൾ സ്ഥാപിച്ച് അവയ്ക്ക് വ്യാപകമായ പ്രചാരം നൽകണം.  

  • നിലവിൽ 31 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സാഹചര്യം നിരീക്ഷിക്കാൻ കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ദിവസേന പത്രക്കുറിപ്പുകൾ പുറത്തിറക്കുന്നുമുണ്ട്. 

  • 25 സംസ്ഥാനങ്ങളിൽ ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.  ‌‌

  • ഇതുവരെ കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും രൂപീകരിക്കാത്ത സംസ്ഥാനങ്ങൾ അടിയന്തരമായി അവ സജ്ജമാക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.  

നിയമനിര്‍വഹണ നടപടികൾ 

  • പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ നിയമനിര്‍വഹണ നടപടികൾ തുടരുന്നു.  ഇതിനകം 6,000-ത്തിലേറെ പരിശോധനകള്‍ നടത്തുകയും 11,000-ത്തിലധികം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.

  • ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പരിശോധനകളും എഫ്ഐആറും അറസ്റ്റുകളുമടക്കം  ശക്തമായ നടപടികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  • കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്  എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവണ്മെൻ്റുകള്‍ കൃത്യമായ ഇടവേളകളിൽ പരിശോധനകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

  • ഇന്ധന വിതരണം സുഗമമാണെന്ന് ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനും ചില്ലറ വിൽപന കേന്ദ്രങ്ങളിലും എൽ.പി.ജി വിതരണ ഏജൻസികളിലും പൊതുമേഖലാ എണ്ണക്കമ്പനികൾ  പ്രതിദിനം 2,000-ത്തിലേറെ മിന്നൽ പരിശോധനകൾ നടത്തിവരുന്നു.

ഗവണ്മെൻ്റ്    നടപടികൾ 

  • തടസരഹിത എൽ.പി.ജി വിതരണത്തിനും പി.എൻ.ജി ശൃംഖല വിപുലീകരണത്തിനുമാണ് ഗവണ്മെൻ്റ്    മുൻഗണന നൽകുന്നത്. പ്രത്യേകിച്ച് വീടുകൾക്കും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്കും ഇത് ഉറപ്പാക്കുന്നു.

  • എണ്ണ സംസ്കരണശാലകളിലെ ഉല്പാദനം വർധിപ്പിക്കുക, എൽ.പി.ജി ബുക്കിങ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും പുതുക്കി നിശ്ചയിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

  • എൽ.പി.ജി ആവശ്യകതയുടെ സമ്മർദം കുറയ്ക്കാന്‍ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദല്‍ ഇന്ധന മാർഗങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.  മണ്ണെണ്ണയും കൽക്കരിയും ഇതര ഇന്ധനങ്ങളായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

  • ചെറുകിട-ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങൾക്ക് കൂടുതൽ കൽക്കരി അനുവദിക്കുന്നതിന് കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കോളിയറീസിനും ഉത്തരവ് നൽകി.

  • ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പി.എൻ.ജി കണക്ഷനുകൾ നൽകുന്നത് വേഗത്തിലാക്കാൻ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.  ഈ പ്രക്രിയ വേഗത്തിലാക്കുന്ന സംസ്ഥാനങ്ങൾക്ക് 10 ശതമാനം അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകുന്നതിന് നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

  • അവശ്യ സാധന നിയമം (1955) സെക്ഷൻ 3 പ്രകാരം വിവരങ്ങൾ ശേഖരിക്കാനും അവ വിശകലനം ചെയ്യാനും സൂക്ഷിക്കാനും നോഡൽ ഏജൻസിയായി പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിനെ   നിശ്ചയിച്ച് 2026 മാർച്ച് 18-ന് ഗവണ്മെൻ്റ്    ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. പെട്രോളിയം ഉല്പന്നങ്ങളുടെയും പ്രകൃതിവാതകത്തിൻ്റെയും ഉല്പാദനം, സംസ്കരണം, സംഭരണം, ഗതാഗതം, ഇറക്കുമതി-കയറ്റുമതി, വിപണനം, വിതരണം എന്നിവയിൽ ഏർപ്പെട്ട എല്ലാ സ്ഥാപനങ്ങളോടും പി.പി.എ.സി-ക്ക് വിവരങ്ങൾ നൽകാൻ നിർദേശം നല്‍കിയിട്ടുണ്ട്.  

പൊതുജനങ്ങള്‍ക്കുള്ള നിർദേശങ്ങൾ

  • ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മാത്രം ആശ്രയിക്കാനും അഭ്യൂഹങ്ങളിൽ വിശ്വസിക്കാതിരിക്കാനും പൊതുജനങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകി.    

  • ഗാർഹിക വിതരണം തടസരഹിതമായി തുടരുന്ന  സാഹചര്യത്തില്‍  ഉപഭോക്താക്കൾ പരിഭ്രാന്തി മൂലം അനാവശ്യ ബുക്കിങ് നടത്തുന്നത് ഒഴിവാക്കണം. പാചകവാതക വിതരണ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കി ഡിജിറ്റൽ സംവിധാനങ്ങള്‍ വഴി ബുക്കിങ് നടത്താൻ മന്ത്രാലയം അഭ്യർത്ഥിക്കുന്നു.

  • പി.എൻ.ജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ബദല്‍ ഇന്ധന മാർഗങ്ങൾ ഉപയോഗിക്കാനും ഊർജം ലാഭിക്കാനും പൗരന്മാരെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു.

സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത പ്രവർത്തനങ്ങളും

പേർഷ്യൻ ഉള്‍ക്കടലിലെ നിലവിലെ സമുദ്രസാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും തുറമുഖ കപ്പൽ ഗതാഗത ജലപാത മന്ത്രാലയം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. മന്ത്രാലയം അറിയിച്ച പ്രധാന കാര്യങ്ങൾ:

  • മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

  • നിലവിൽ പടിഞ്ഞാറൻ പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിൽ 611 ഇന്ത്യൻ നാവികരുമായി 22 ഇന്ത്യൻ കപ്പലുകളുണ്ട്. കപ്പലുടമകൾ, ആർ.പി.എസ്.എൽ  ഏജൻസികൾ, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവരുമായി ഏകോപിച്ച് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.

  • 'ജഗ് ലാഡ്കി'  എന്ന ക്രൂഡ് ഓയിൽ കപ്പൽ മാർച്ച് 18-ന് രാവിലെ 06:00-ന് മുന്ദ്ര തുറമുഖത്ത് എത്തിച്ചേർന്നു. നിലവിൽ ചരക്കിറക്കൽ നടന്നുകൊണ്ടിരിക്കുന്നു.  മാർച്ച് 19-ഓടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

  • ഷിപ്പിങ് ഡയറക്ടര്‍ ജനറലിൻ്റെ ഓഫീസിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നു. പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെ 3,425 കോളുകളും 6,539 ഇമെയിലുകളും കൺട്രോൾ റൂം കൈകാര്യം ചെയ്തു. ഇതിൽ 150 കോളുകളും 215 ഇമെയിലുകളും കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചതാണ്.   

  • വിമാനത്താവളങ്ങളും മറ്റ് പ്രാദേശിക കേന്ദ്രങ്ങളും വഴി 488-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ  ഷിപ്പിങ് ഡയറക്ടര്‍‍ ജനറല്‍ സൗകര്യമൊരുക്കി. ഇതിൽ 16 പേരെ കഴിഞ്ഞ 24 മണിക്കൂറിടെയാണ് എത്തിച്ചത്.

  • ഇന്ത്യയുടെ സമുദ്രമേഖല സുഗമമായി പ്രവർത്തിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാന  മാരിടൈം ബോർഡുകൾ സ്ഥിരീകരിച്ച പ്രകാരം തുറമുഖങ്ങളിൽ ഗതാഗതക്കുരുക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

  • ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റി, വി.ഒ. ചിദംബരനാർ തുറമുഖം,  വിശാഖപട്ടണം തുറമുഖം, മുന്ദ്ര തുറമുഖം എന്നിവിടങ്ങളിൽ അധിക സംഭരണശേഷി ഒരുക്കുന്നതുൾപ്പെടെ കപ്പൽ നീക്കങ്ങളും ചരക്കുനീക്കങ്ങളും തുറമുഖങ്ങൾ നിരീക്ഷിച്ചുവരുന്നു.

  • ദീൻദയാൽ തുറമുഖ അതോറിറ്റി 54 ഏക്കറോളം ഭൂമി അനുവദിച്ച്  അധിക സംഭരണശേഷി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ നിരക്കുകളില്‍ ഇളവുകളും പ്രവർത്തന പിന്തുണയും നൽകിവരുന്നു.  തുറമുഖ മൊബൈൽ ക്രെയിൻ നിരക്കുകളില്‍ 50% കിഴിവും തുറമുഖ ഉപയോക്താക്കൾക്ക് അനുവദിച്ചിട്ടുണ്ട്.

  • പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കപ്പൽ നീക്കങ്ങളും തുറമുഖ പ്രവർത്തനങ്ങളും നാവികരുടെ സുരക്ഷയും സമുദ്ര വ്യാപാരത്തിൻ്റെ തുടർച്ചയും തുറമുഖ കപ്പൽ ഗതാഗത ജലപാത മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരുന്നു.  

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍  വഴി നൽകിവരുന്ന സഹായങ്ങളെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയം അറിയിച്ച പ്രധാന കാര്യങ്ങൾ:

  • പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാ അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായി സംസാരിക്കുകയും പെരുന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു.

  • പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ഇരു നേതാക്കളും ആശയവിനിമയം നടത്തുകയും സമീപകാല സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. കുവൈറ്റിൻ്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേലുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു.

  • ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസരഹിതവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിൻ്റെപ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു. പ്രാദേശിക സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ നിരന്തര നയതന്ത്ര ഇടപെടലുകളുടെ അനിവാര്യത ഇരു നേതാക്കളും അംഗീകരിച്ചു.  

  • കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൻ്റെസുരക്ഷയ്ക്കും ക്ഷേമത്തിനും നൽകുന്ന പിന്തുണയ്ക്ക് കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി  നന്ദി അറിയിച്ചു.

  • ഗൾഫിലെയും പശ്ചിമേഷ്യയിലെയും സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ സമൂഹത്തിൻ്റെ  സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് രാജ്യം പ്രഥമ മുൻഗണന നൽകുന്നത്.

  • വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രത്യേക കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നു. വിവരങ്ങൾ കൈമാറാനും ദ്രുതഗതിയില്‍  പ്രതികരണം ഉറപ്പാക്കാനും സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപനം തുടരുന്നു.

  • മേഖലയിലെ  ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും കോണ്‍സുലേറ്റുകളും  24 മണിക്കൂറും പ്രവർത്തിക്കുന്നു. കൃത്യമായ ഇടവേളകളിൽ നിർദേശങ്ങൾ  പുറപ്പെടുവിക്കുകയും പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു.

  • നാവികർ, വിദ്യാർത്ഥികൾ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ, സന്ദർശകർ എന്നിവർക്ക് വിസ, കോൺസുലാർ സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ നയതന്ത്ര കാര്യാലയങ്ങള്‍ സജീവമായി ഇടപെടുന്നു.

  • ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 2,80,000 യാത്രക്കാർ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

  • ചില രാജ്യങ്ങളിൽ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ടെങ്കിലും വിമാന സർവീസുകൾ ക്രമേണ മെച്ചപ്പെടുന്നു;  കൂടുതൽ സർവീസുകൾ ആരംഭിച്ചുവരികയാണ്. 

  • യു.എ.ഇയിൽ ഷെഡ്യൂള്‍ ചെയ്യാത്ത പരിമിത വിമാന സർവീസുകൾ തുടരുന്നു. മാർച്ച് 18-ന് 75 വിമാനങ്ങളും ഇന്ന് വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഏകദേശം 90 വിമാനങ്ങളും പ്രതീക്ഷിക്കുന്നു. 

  • ഒമാനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്ക് വിമാന സർവീസുകൾ തുടരുന്നു.

  • ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഒന്‍പത്  സർവീസുകൾ നടത്തുന്നുണ്ട്.

  • 2026 ഫെബ്രുവരി 28 മുതൽ കുവൈറ്റ് വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. സൗദി അറേബ്യയിലെ അൽ-ഖൈസുമ വിമാനത്താവളത്തിൽ നിന്ന് ജസീറ എയർവേയ്‌സ് പ്രത്യേക സർവീസുകൾ നടത്തുന്നു. ഇതിലെ ആദ്യ വിമാനം നാളെ കൊച്ചിയിലേക്ക് തിരിക്കും.  

  • ബഹ്‌റൈൻ വ്യോമപാത അടച്ചതിനാല്‍  ഗൾഫ് എയർ സൗദിയിലെ ദമാമിൽ നിന്ന് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നു.

  • കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴി യാത്രാസൗകര്യം ഒരുക്കുന്നത് തുടരുന്നു. അടിയന്തര സാഹചര്യങ്ങളിലാണ് ഇതിലെ മുൻഗണന.

  • ഇറാഖിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ 'എം.ടി സേഫ്‌സീ വിഷ്ണു'  എന്ന കപ്പലിലെ 15 ഇന്ത്യൻ ജീവനക്കാർ ഉടൻ ഇന്ത്യയിൽ തിരിച്ചെത്തും.

  • മരണപ്പെട്ട ഇന്ത്യൻ പൗരൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ ഇറാഖ് അധികൃതരുമായി ബന്ധപ്പെട്ടുവരുന്നു.  

പൊതു ആശയവിനിമയം

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ച പ്രധാന വിവരങ്ങൾ താഴെ:

  • ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കണക്കിലെടുത്ത് കയറ്റുമതിക്കാർക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.

  • റിലീഫ് (റിസിലിയന്‍സ് ആന്‍ഡ് ലോജിസ്റ്റിക്സ്  ഇൻ്റര്‍വെന്‍ഷന്‍ ഫോര്‍ എക്സ്പോര്‍ട്ട് ഫെസിലിറ്റേഷന്‍) എന്ന് പേരിട്ട ഈ പാക്കേജിന് കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന്  കീഴിലാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.  

  • നിലവിലെ ബാഹ്യ തടസങ്ങൾക്കിടയിൽ കയറ്റുമതിക്കാരെ സഹായിക്കുകയും വ്യാപാരം സുഗമമാക്കുകയുമാണ് റിലീഫ് പാക്കേജിൻ്റെ ലക്ഷ്യം.

  • അന്താരാഷ്ട്ര വ്യാപാരത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികള്‍ക്കെതിരെ ഗവണ്മെൻ്റ്    ദ്രുതഗതിയില്‍ കൈക്കൊള്ളുന്ന  പ്രതികരണത്തെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നു. 

  • വിതരണ ശൃംഖലയിലെ പ്രതിരോധശേഷി ഉറപ്പാക്കാന്‍ ഒരു അന്തർ-മന്ത്രാലയ സംഘത്തെ രൂപീകരിക്കുകയും 2026 മാർച്ച് 3 മുതൽ ഇത് പ്രവർത്തനക്ഷമമാവുകയും ചെയ്തു.

  • മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അന്തർ-മന്ത്രാലയ സംഘം ദിവസേന അവലോകന യോഗങ്ങൾ ചേരുകയും ഏകോപിത നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. തുടർച്ചയായ വിലയിരുത്തലുകളുടെയും മന്ത്രാലയങ്ങൾ തമ്മിലെ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് റിലീഫ് പാക്കേജിന് രൂപം നല്‍കിയിരിക്കുന്നത്.  

  • റിലീഫ് പാക്കേജിനായി ആകെ 497 കോടി രൂപയുടെ സാമ്പത്തിക വിഹിതമാണ് വകയിരുത്തിയിരിക്കുന്നത്. കയറ്റുമതി പ്രോത്സാഹന ദൗത്യത്തിൻ്റ  ചട്ടക്കൂടിന് കീഴിൽ ഇത് നടപ്പാക്കും. കയറ്റുമതി സുഗമമാക്കാനും ചരക്കുനീക്കത്തിന്  പിന്തുണ നൽകാനും ഒന്നിലേറെ ഘടകങ്ങൾ ഈ പാക്കേജിൽ ഉൾപ്പെടുന്നു.

  • എൽ.പി.ജി ബുക്കിങുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പുകൾ ചില സംസ്ഥാനങ്ങളിൽ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍  വാട്ട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി “ഗ്യാസ് ബില്‍ അപ്ഡേറ്റ്” പോലുള്ള വ്യാജ അപ്ലിക്കേഷന്‍ ഫയലുകൾ അയച്ച് തട്ടിപ്പുകാർ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നു.

  • സന്ദേശങ്ങൾ വഴി ലഭിക്കുന്ന സംശയാസ്പദമായ ഫയലുകളോ അപ്ലിക്കേഷനുകളോ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് ഉപഭോക്താക്കൾക്ക് മന്ത്രാലയം  നിർദേശം നൽകുന്നു. ഇവ  വ്യക്തിഗത വിവരങ്ങളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും അനധികൃത പ്രവേശനം നൽകിയേക്കാം. എൽ.പി.ജി ബുക്കിങിന് ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കാൻ ജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിക്കുന്നു.

  • തടസരഹിത എൽ.പി.ജി വിതരണം ഉറപ്പാക്കുന്നതിന്  ഭരണപരവും ചരക്കുനീക്കവുമായി ബന്ധപ്പെട്ടതുമായ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

  • ജില്ലാ തലത്തിൽ എൽ.പി.ജി വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ടാങ്കറുകളുടെയും സിലിണ്ടറുകളുടെയും നീക്കം സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പാക്കുന്നു.

  • പരിഭ്രാന്തി മൂലം ജനങ്ങള്‍ അനാവശ്യമായി പാചകവാതകം ബുക്ക് ചെയ്യുന്നത് ഒഴിവാക്കാനും എൽ.പി.ജിയുടെ മിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കൃത്യമായ വിവരങ്ങൾ നല്‍കാനും ലക്ഷ്യമിട്ട് പൊതു നിർദേശങ്ങൾ  പുറപ്പെടുവിക്കാനും അവ വ്യാപകമായി പ്രചരിപ്പിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

  • കേന്ദ്ര ഗവണ്മെൻ്റ്    നിർദേശങ്ങൾ ഉടനടി നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ഇതിനകം കൈമാറിയിട്ടുണ്ട്. 

 
****

( റിലീസ് ഐ.ഡി: 2242734) സന്ദര്‍ശക കൗണ്ടര്‍ : 12