വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഐ & ബി സെക്രട്ടറി ഐഐസിടി സന്ദർശിച്ചു; വിപുലീകരണ പദ്ധതികളും കണ്ടന്റ്-ക്രിയേറ്റർ ലാബ് ആസൂത്രണപദ്ധതിയും അവലോകനം ചെയ്തു.

പോസ്റ്റഡ് ഓണ്‍: 18 MAR 2026 6:13PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു ഇന്ന് മുംബൈയിലെ എൻഎഫ്ഡിസി കോംപ്ലക്സിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐഐസിടി) സന്ദർശിച്ചു.ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ചാ പാതയും വിപുലീകരണ പദ്ധതികളും അവലോകനം ചെയ്തു.

ശ്രീ ജാജുവിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ എല്ലാ ബോർഡ് അംഗങ്ങളും വ്യവസായ പ്രതിനിധികളും പങ്കെടുത്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വവുമായി തന്ത്രപരമായ കർമപദ്ധതിയെക്കുറിച്ച് ശ്രീ ജാജു വിശദമായ ചർച്ചകൾ നടത്തി. സൃഷ്ടിപരവും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വികസിച്ചുകൊണ്ടിരിക്കുന്നതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഐഐസിടിയുടെ അക്കാദമിക പ്രോഗ്രാമുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്. വ്യവസായ-അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിലവിലുള്ള സംരംഭങ്ങളും അദ്ദേഹം അവലോകനം ചെയ്തു.

 

 "അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാണ്. ഏകദേശം 150 വിദ്യാർത്ഥികൾ ഇതിനകം ഐഐസിടിയിൽ പഠന പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു" എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ ജാജു പറഞ്ഞു. ജൂലൈ മാസത്തോടെ 400 വിദ്യാർത്ഥികളെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. 20 സ്റ്റാർട്ടപ്പുകൾ നേരിട്ടും മറ്റു പലതും വെർച്വൽ രീതിയിലും ഉൾപ്പെടുത്തുക എന്നതാണ് ലക്ഷ്യം. നിർമാണത്തിനും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്കുമായി ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നു". നിലവിൽ, 11 സ്റ്റാർട്ടപ്പുകൾ ഐഐസിടിയിൽ ഇൻകുബേറ്റ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഗോരേഗാവിലെ ഫിലിം സിറ്റിയിൽ ഉടൻ തന്നെ വലിയ കാമ്പസ് വികസിപ്പിക്കുമെന്നും അവിടെ ക്ലാസുകൾ 2028 ൽ ആരംഭിക്കുമെന്നും ശ്രീ ജാജു പറഞ്ഞു.

 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വിഷ്വൽ ഗെയിമിംഗ്, വിഎഫ്എക്സ്, കണ്ടന്റ് ക്രിയേഷൻ ലാബുകൾ എന്നിവയുമായി ബന്ധപ്പെട്ട്, അനുബന്ധ വ്യവസായ പ്രമുഖരുമായി ചർച്ചകൾ നടത്തിയതായി ഐ & ബി സെക്രട്ടറി അറിയിച്ചു. സർഗാത്മക സമ്പദ്‌വ്യവസ്ഥയെ എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം എന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ശ്രീ ജാജു പറഞ്ഞു. കഴിഞ്ഞ വർഷം, വേവ്സ് ഉച്ചകോടിയിൽ, "ഓറഞ്ച് ഇക്കണോമി" സംരംഭത്തിന് കീഴിൽ 2 ദശലക്ഷം പേരെ ഉള്ളടക്ക സൃഷ്ടിയുമായും സർഗാത്മക മേഖലകളുമായും ബന്ധിപ്പിക്കുന്നതിനുള്ള ഒരു ലക്ഷ്യം നിശ്ചയിച്ചിരുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ നടപടികളിലാണ് ഇന്നത്തെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ശ്രീ ജാജു പറഞ്ഞു.

 

രാജ്യത്തുടനീളമുള്ള 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും കണ്ടന്റ് ക്രിയേറ്റേഴ്‌സ് ലാബുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു സന്ദർശനത്തിന്റെ മറ്റൊരു പ്രധാന ഉദ്ദേശ്യം . ഡിജിറ്റൽ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുക, മാധ്യമ സാക്ഷരത വർദ്ധിപ്പിക്കുക, സർഗാത്മക സമ്പദ്‌വ്യവസ്ഥയിലെ ഉയർന്നുവരുന്ന അവസരങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിൽ ഉള്ളടക്ക നിർമാണ നൈപുണ്യം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

പരിശീലന പരിപാടികൾ, നിർമാണ അടിസ്ഥാന സൗകര്യം , നൂതനാശയ ഹബ്ബുകൾ എന്നിവയുൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അത്യാധുനിക സൗകര്യങ്ങൾ ശ്രീ ജാജു സന്ദർശിച്ചു. ബോർഡ് അംഗങ്ങളുമായി അദ്ദേഹം സംവദിക്കുകയും ഇന്ത്യയുടെ സർഗ്ഗാത്മക പ്രതിഭാ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ ഐഐസിടിയുടെ പങ്കിനെക്കുറിച്ച് കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുകയും ചെയ്തു.

 ആനിമേഷൻ, ഗെയിമിംഗ്, പോസ്റ്റ്-പ്രൊഡക്ഷൻ, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയിലായി 18 പ്രത്യേക കോഴ്‌സുകൾ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വാഗ്ദാനം ചെയ്യുന്നു. ഗെയിമിംഗിൽ ആറ് കോഴ്‌സുകളും പോസ്റ്റ്-പ്രൊഡക്ഷനിൽ നാല് കോഴ്‌സുകളും ആനിമേഷൻ, കോമിക്‌സ്, എക്‌സ്‌ആർ എന്നിവയിൽ എട്ട് കോഴ്‌സുകളും ഇതിൽ ഉൾപ്പെടുന്നു. ആനിമേഷൻ ഫിലിം ഡിസൈൻ, ഇന്ററാക്ടീവ് വീഡിയോ ഗെയിം ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, പോസ്റ്റ് പ്രൊഡക്ഷൻ ആൻഡ് വിഷ്വൽ ഇഫക്‌ട്‌സിലെ ആർട്ട് ആൻഡ് സയൻസ് എന്നിവയിൽ 24 മാസത്തെ ബിരുദ ഡിപ്ലോമകളും പ്രധാന പ്രോഗ്രാമുകളിൽ ഉൾപ്പെടുന്നു.

 കൂടാതെ, കഥാപാത്രങ്ങളുടെ 3D രൂപകൽപ്പന, വിഷ്വൽ ഇഫക്റ്റുകൾ, സിനിമാറ്റിക് വെർച്വൽ റിയാലിറ്റി ഫിലിം മേക്കിംഗ്, ഇ-സ്പോർട്സ് മാനേജ്മെന്റ്, ചലച്ചിത്ര നിർമ്മാണത്തിലെ നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിൽ മൂന്ന് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഹ്രസ്വകാല ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ IICT വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയുടെ അതിവേഗം വളരുന്ന മാധ്യമ, വിനോദ മേഖലയെ പിന്തുണയ്ക്കുന്നതിനായി ഡിജിറ്റൽ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിലും സ്ഥാപനപരമായ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിലും കേന്ദ്ര I&B മന്ത്രാലയം നൽകുന്ന നിരന്തര പ്രാധാന്യത്തെ ഈ സന്ദർശനം അടിവരയിടുന്നു.

NFDC കോംപ്ലക്സിലെ IICT സന്ദർശനത്തോടനുബന്ധിച്ച് കേന്ദ്ര I&B സെക്രട്ടറി, നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ (NMIC) സന്ദർശിച്ചു. അവിടെ സന്ദർശകരായെത്തിയ സ്കൂൾ കുട്ടികളുടെ ഒരു സംഘവുമായി ശ്രീ ജാജു സംവദിച്ചു. 

 

*****


( റിലീസ് ഐ.ഡി: 2242321) സന്ദര്‍ശക കൗണ്ടര്‍ : 3