വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സിനിമാട്ടോഗ്രാഫ് (ഭേദഗതി) നിയമം, 2023, വ്യാജപതിപ്പുകൾ തടയുന്നതിനുള്ള നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നു; കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 3 വർഷം വരെ തടവും നിർമ്മാണച്ചെലവിന്റെ 5% വരെ പിഴയും ശിക്ഷയായി ലഭിക്കും.

പോസ്റ്റഡ് ഓണ്‍: 18 MAR 2026 3:19PM by PIB Thiruvananthpuram

സിനിമാട്ടോഗ്രാഫ് (ഭേദഗതി) നിയമം, 2023  ചലച്ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ തടയുന്നതിനുള്ള നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തിയിട്ടുണ്ട്. സിനിമാട്ടോഗ്രാഫ് നിയമത്തിലെ സെക്ഷൻ 6AA, 6AB എന്നിവ സിനിമകളുടെ അനധികൃത പകർത്തലും പ്രക്ഷേപണവും നിരോധിക്കുന്നു. സെക്ഷൻ 6AA, 6AB യിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് കുറഞ്ഞത് 3 മാസം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സെക്ഷൻ 7 (1A) വ്യവസ്ഥ ചെയ്യുന്നു. ഇത് 3 വർഷം വരെ തടവായും ഓഡിറ്റ് ചെയ്ത നിർമ്മാണച്ചെലവിന്റെ 5% വരെ പിഴയായും വർദ്ധിപ്പിക്കാവുന്നതാണെന്നും  വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ, വിവരസാങ്കേതിക നിയമം 2000 ന്റെ സെക്ഷൻ 79(3) പ്രകാരം  വ്യാജ ഉള്ളടക്കം ഹോസ്റ്റ് ചെയ്യുന്ന ഇടനിലക്കാരോട് (വെബ്‌സൈറ്റുകൾ, ആപ്പുകൾ, പ്ലാറ്റ്‌ഫോമുകൾ പോലുള്ളവ) പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാൻ ഔദ്യോഗികമായി നിർദ്ദേശിക്കാൻ സെക്ഷൻ 7(1B)(ii) സർക്കാരിനെ പ്രാപ്തമാക്കുന്നു.

03.11.2023 ലെ പൊതു അറിയിപ്പ് പ്രകാരം പ്രസിദ്ധീകരിച്ച നിർദ്ദിഷ്ട ഫോർമാറ്റിൽ പരാതികൾ സ്വീകരിക്കുന്നതിനായി നിയുക്ത നോഡൽ ഓഫീസർമാർ മുഖേന സ്ഥാപനപരമായ ഒരു സംവിധാനം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്.സിനിമകളുടെ യഥാർത്ഥ പകർപ്പവകാശമുള്ളവർ, അവർ ചുമതലപ്പെടുത്തിയ വ്യക്തികൾ, ഇന്റർനെറ്റിൽ സിനിമകളുടെ വ്യാജ പകർപ്പുകൾ പ്രദർശിപ്പിക്കുന്നത്  ശ്രദ്ധയിൽപ്പെട്ട  വ്യക്തികൾ എന്നിവർക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്. പരാതി ലഭിച്ച ഉടനെ, നിർദ്ദിഷ്ട ലിങ്കുകളിലേക്കുള്ള പ്രവേശനം  പ്രവർത്തനരഹിതമാക്കുന്നതിന് ഇടനിലക്കാർക്ക് നിർദ്ദേശം നൽകും.

വിവരസാങ്കേതിക നിയമം 2000 ന്റെ സെക്ഷൻ 79(3)(ബി) പ്രകാരം, ബന്ധപ്പെട്ട സർക്കാരുകൾക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളോ ഉള്ളടക്കങ്ങളോ ഇടനിലക്കാരെ അറിയിക്കാനുള്ള അവകാശമുണ്ട്. ആ ഉള്ളടക്കം ഉടനടി നീക്കംചെയ്യുകയോ പ്രവേശം നിരോധിക്കുകയോ ചെയ്യണം. കോടതി ഉത്തരവിലൂടെയോ അല്ലെങ്കിൽ ബന്ധപ്പെട്ട  സർക്കാരോ, അംഗീകൃത ഏജൻസിയോ നോട്ടീസ് മുഖേനയോ അറിയിപ്പ് നൽകുമ്പോൾ നിലവിലുള്ള നിയമം ലംഘിക്കുന്ന ഏതൊരു ഉള്ളടക്കവും നീക്കം ചെയ്യാൻ ഇടനിലക്കാർ ബാധ്യസ്ഥരാണ്.

2000-ലെ ഐടി ആക്ട് പ്രകാരം, ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ്  ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ, 2021 (ഐടി നിയമങ്ങൾ 2021) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.  സാമൂഹിക മാധ്യമ ഇടനിലക്കാർ ഉൾപ്പെടെയുള്ള ഇടനിലക്കാരെ സംബന്ധിച്ച 2021-ലെ ഐടി നിയമങ്ങളുടെ രണ്ടാം ഭാഗം, അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ഹോസ്റ്റ് ചെയ്‌തതോ പ്രദർശിപ്പിക്കുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ കൈമാറുന്നതോ സംഭരിക്കുന്നതോ പങ്കിടുന്നതോ ആയ വിവരങ്ങളുമായി ബന്ധപ്പെട്ട് ഇടനിലക്കാർക്ക് പ്രത്യേക ബാധ്യതകൾ നിർദ്ദേശിക്കുന്നു.

ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ്  ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങളിലെ, ചട്ടം 3(1)(b) പ്രകാരം ഇടനിലക്കാർ യുക്തമായ ശ്രമങ്ങൾ സ്വയം നടത്തണം. പേറ്റന്റ്, ട്രേഡ്മാർക്ക്, പകർപ്പവകാശം അടക്കമുള്ള ഉടമസ്ഥാവകാശങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും വിവരങ്ങൾ ഹോസ്റ്റ് ചെയ്യാനോ പ്രദർശിപ്പിക്കാനോ അപ്‌ലോഡ് ചെയ്യാനോ പരിഷ്ക്കരിക്കാനോ പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സംഭരിക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ പങ്കിടാനോ അവരുടെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അനുവദിക്കരുത്.

പൈറസി (വ്യാജപതിപ്പുകൾ) തടയാനുള്ള നടപടി

മുകളിൽ സൂചിപ്പിച്ച നിയമ വ്യവസ്ഥകൾ അനുസരിച്ച്, 1957 ലെ പകർപ്പവകാശ നിയമം ലംഘിക്കുന്ന വിധത്തിൽ അംഗീകാരമില്ലാതെ തന്നെ പ്രവർത്തിച്ച ചില ഉള്ളടക്ക നിർമ്മാതാക്കൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, നിർമ്മാതാക്കൾ എന്നിവരുടെ ഉടമസ്ഥതയിലുള്ളതോ ലൈസൻസുള്ളതോ ആയ 3,142 ചാനലുകളിലേക്കുള്ള പ്രവേശനം നീക്കം ചെയ്യാനും പ്രവർത്തനരഹിതമാക്കാനും, 2000 ലെ ഐ.ടി. ആക്റ്റിലെ സെക്ഷൻ 79(3)(ബി) പ്രകാരം ഇടനിലക്കാരനായ ടെലിഗ്രാം ആപ്പിന് 11.03.2026-ന് നിയമപരമായ അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, വ്യാജപതിപ്പുകൾ  ഹോസ്റ്റ് ചെയ്യുന്ന ഏകദേശം 800 വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം ഇന്റർനെറ്റ് സേവനദാതാക്കൾ (ISP-കൾ) മുഖേന തടഞ്ഞിട്ടുണ്ട്.

ഇന്ന് ലോക്‌സഭയിൽ വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ശ്രീ പ്രദ്യുത് ബോർഡോലോയിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ ലഭ്യമാക്കിയത്.

 

**


( റിലീസ് ഐ.ഡി: 2241957) സന്ദര്‍ശക കൗണ്ടര്‍ : 8