ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

പാർലമെൻ്റിലെ അഭിപ്രായസ്വാതന്ത്ര്യം നിയമങ്ങൾക്ക് വിധേയമാണ്; ഈ നിയമങ്ങളുടെ ചട്ടക്കൂടിന് പുറത്ത് സംസാരിക്കാൻ സഭയിലെ ഒരംഗത്തിനും പ്രത്യേക പദവിയില്ല: ലോക്‌സഭാ സ്പീക്കർ

പോസ്റ്റഡ് ഓണ്‍: 12 MAR 2026 4:33PM by PIB Thiruvananthpuram

പാർലമെൻ്റിൽ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്കുന്നുണ്ടെങ്കിലും അത് ഭരണഘടനയ്ക്കും പാർലമെൻ്റിൻ്റെ നടപടിക്രമങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും സ്റ്റാൻഡിംഗ് ഓർഡറുകൾക്കും വിധേയമാണെന്ന് ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള ഇന്ന് ഊന്നിപ്പറഞ്ഞു. സഭയിൽ സംസാരിക്കുമ്പോൾ അംഗങ്ങൾ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ചട്ടങ്ങൾക്ക് കീഴിൽ നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാർലമെൻ്റിലെ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭരണഘടനയുടെ 105-ാം അനുച്ഛേദത്തെ പരാമർശിച്ചുകൊണ്ട്, ഭരണഘടന തന്നെ ഈ സ്വാതന്ത്ര്യത്തെ പാർലമെൻ്ററി നിയമങ്ങളുടെ  ചട്ടക്കൂടിനുള്ളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് സ്പീക്കർ വ്യക്തമാക്കി.

തന്നെ സ്പീക്കർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേലുള്ള ചർച്ച അവസാനിച്ചതിൻ്റെ അടുത്ത ദിവസം സഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സഭയിൽ പന്ത്രണ്ട് മണിക്കൂറിലധികം ചർച്ച നടന്നുവെന്നും അതിൽ വിവിധ പാർട്ടികളിൽ നിന്നുള്ള അംഗങ്ങൾ അവരുടെ അഭിപ്രായങ്ങളും വാദങ്ങളും ആശങ്കകളും പ്രകടിപ്പിച്ചുവെന്നും സ്പീക്കർ പറഞ്ഞു.

“ഓരോ ബഹുമാനപ്പെട്ട അംഗത്തേയും ഞാൻ ശ്രദ്ധയോടും താൽപ്പര്യത്തോടും കൂടി കേട്ടു. ഈ സഭയിലെ എല്ലാ അംഗങ്ങൾക്കും - അവർ പിന്തുണച്ച് സംസാരിച്ചവരായാലും വിമർശനത്തിലൂടെ നിർദ്ദേശങ്ങൾ നല്കിയവരായാലും - ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഇതാണ് ജനാധിപത്യത്തിൻ്റെ  കാതൽ: ഓരോ ശബ്ദവും കേൾക്കപ്പെടുകയും ഓരോ അഭിപ്രായത്തിനും വില കല്പിക്കപ്പെടുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

സംസാരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് ചർച്ചയ്ക്കിടയിൽ ഉയർന്ന ആശങ്കകളോട് പ്രതികരിച്ചുകൊണ്ട്, എല്ലാ അംഗങ്ങളും സഭയുടെ ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി. “പ്രതിപക്ഷ നേതാവിന് എപ്പോൾ വേണമെങ്കിലും എഴുന്നേറ്റു നിന്ന് ഇഷ്ടമുള്ള ഏത് വിഷയത്തിലും സംസാരിക്കാനുള്ള  പ്രത്യേക പദവി ഉണ്ടെന്ന് ചില അംഗങ്ങൾ വിശ്വസിക്കുന്നു. സഭ തന്നെ രൂപീകരിച്ച ചട്ടങ്ങൾക്കനുസരിച്ചാണ് സഭ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ചട്ടങ്ങൾ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ബാധകമാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി. “ഈ  നിയമങ്ങളുടെ ചട്ടക്കൂടിന് പുറത്ത് സംസാരിക്കാൻ ഈ സഭയിലെ ഒരംഗത്തിനും പ്രത്യേക പദവിയില്ല,” അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങളുടെ മൈക്രോഫോണുകൾ അധ്യക്ഷൻ ഓഫ് ചെയ്യുന്നു എന്ന ആരോപണത്തോടും സ്പീക്കർ പ്രതികരിച്ചു. “മൈക്രോഫോണുകൾ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ ഉള്ള ഒരു ബട്ടണും അധ്യക്ഷൻ്റെ പക്കലില്ലെന്ന് ഞാൻ ഒരിക്കൽ കൂടി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സഭയിലെ സംവിധാനം അനുസരിച്ച്, സംസാരിക്കാൻ അനുവാദം ലഭിച്ച അംഗത്തിൻ്റെ മൈക്രോഫോൺ മാത്രമേ സജീവമാകുകയുള്ളൂ,” അദ്ദേഹം വിശദീകരിച്ചു.

സഭയുടെ അധ്യക്ഷപദവി ഏതെങ്കിലും വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതല്ലെന്ന് സ്പീക്കർ അടിവരയിട്ടു പറഞ്ഞു. “ഈ ഇരിപ്പിടം ആരുടെയും സ്വന്തമല്ല. ഇത് ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളുടേയും ഭരണഘടനയുടെ ആത്മാവിൻ്റേയും ഈ മഹത്തായ സ്ഥാപനത്തിൻ്റെ അന്തസ്സിൻ്റേയും പ്രതീകമാണ്. എൻ്റെ മുൻഗാമികൾ ഈ സഭയുടെ  അന്തസ്സും പാരമ്പര്യങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്, അതിൻ്റെ അന്തസ്സ് തുടർന്നും വർദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള എൻ്റെ നിരന്തരമായ ശ്രമമാണിത്," സ്പീക്കർ പറഞ്ഞു. സഭ രൂപീകരിച്ച ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി നിഷ്പക്ഷതയോടും അച്ചടക്കത്തോടും തുല്യതയോടും കൂടിയാണ് താൻ എപ്പോഴും സഭാ നടപടികൾ നിയന്ത്രിച്ചിട്ടുള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യയിലെ 1.4 ബില്യൺ പൗരന്മാരുടെ പരമാധികാര ഇച്ഛാശക്തിയെയാണ് സഭ പ്രതിനിധീകരിക്കുന്നതെന്നും ഓരോ അംഗവും ദശലക്ഷക്കണക്കിന് ആളുകളുടെ പ്രാതിനിധ്യവും പ്രതീക്ഷകളും വഹിക്കുന്നുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. “ജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാനുമുള്ള ഉത്തരവാദിത്തവുമായാണ് ഓരോ അംഗവും ഇവിടെ വരുന്നത്,” അദ്ദേഹം പറഞ്ഞു.

വനിതാ അംഗങ്ങളോടുള്ള ബഹുമാനം സംബന്ധിച്ച് പ്രകടിപ്പിച്ച ആശങ്കകളെക്കുറിച്ച്  പരാമർശിച്ചുകൊണ്ട്, എല്ലാ വനിതാ എം.പിമാരോടും താൻ പുലർത്തുന്ന ആഴത്തിലുള്ള ബഹുമാനം സ്പീക്കർ ആവർത്തിച്ചു. “എല്ലാ ബഹുമാനപ്പെട്ട വനിതാ അംഗങ്ങളോടും ഞാൻ എപ്പോഴും പരമമായ ബഹുമാനം പുലർത്തിയിട്ടുണ്ട്. സഭയിൽ സംസാരിക്കാൻ ഓരോ വനിതാ അംഗത്തിനും അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് എൻ്റെ ശ്രമം എപ്പോഴും ഉണ്ടായിട്ടുള്ളത്. എൻ്റെ ഔദ്യോഗിക കാലാവധിയിൽ, ആദ്യമായി അംഗമാകുന്നവർ ഉൾപ്പെടെ   ഓരോ വനിതാ അംഗത്തിനും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങൾക്ക് ചർച്ചകളിൽ മതിയായ അവസരം നല്കിയില്ലെന്ന അവകാശവാദവും സ്പീക്കർ നിഷേധിച്ചു. സമീപകാല ലോക്‌സഭാ നടപടികളിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, അംഗബലത്തിന് ആനുപാതികമായ സമയക്രമം നോക്കുകയാണെങ്കിൽ, പ്രധാന ചർച്ചകളിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ സമയം പ്രതിപക്ഷ അംഗങ്ങൾക്ക് പലപ്പോഴും ലഭിച്ചിട്ടുണ്ട്. ചെറിയ പാർട്ടികളിലെ അംഗങ്ങൾ, ഏകാംഗ പാർട്ടികൾ, സ്വതന്ത്ര അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “കൂടുതൽ അംഗങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ  പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിൽ ചർച്ചകൾക്കും ശൂന്യവേളയ്ക്കും അനുവദിച്ചിട്ടുള്ള സമയം ഞാൻ പലപ്പോഴും ദീർഘിപ്പിക്കാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയ്ക്കുള്ളിലെ തടസ്സപ്പെടുത്തുന്ന പെരുമാറ്റത്തെ സ്പീക്കർ ശക്തമായി വിമർശിച്ചു. മുദ്രാവാക്യം വിളിക്കുന്നതും, പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുന്നതും, കടലാസുകൾ കീറിയെറിയുന്നതും, സഭയുടെ നടുത്തളത്തിലിറങ്ങുന്നതും നിലവിലുള്ള പാർലമെൻ്ററി പാരമ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. “ഇത്തരം പ്രവൃത്തികൾ സഭയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, അതിൻ്റെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുന്നു,” അദ്ദേഹം ഊന്നിപ്പറഞ്ഞു. പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ ഉന്നതമായ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം പാർലമെൻ്റ്  അംഗങ്ങളോട് അഭ്യർത്ഥിച്ചു.

1997-ലേയും 2001-ലേയും പ്രിസൈഡിംഗ് ഓഫീസർമാരുടേയും പാർലമെൻ്ററി നേതാക്കളുടേയും സമ്മേളനങ്ങളിൽ - മുദ്രാവാക്യം വിളി, പ്ലക്കാർഡ് പ്രദർശനം, അനുചിതമായ ആംഗ്യങ്ങൾ കാണിക്കൽ, നടപടികൾ തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള പെരുമാറ്റങ്ങൾ നിയമനിർമ്മാണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ള കാര്യം ശ്രീ ബിർള അനുസ്മരിച്ചു. “ജനാധിപത്യത്തിൽ  അഭിപ്രായവ്യത്യാസവും തീവ്രമായ സംവാദവും സ്വാഭാവികമാണ്, എന്നാൽ ജനാധിപത്യപരമായ സംവാദത്തിനും ക്രമക്കേടിനും ഇടയിൽ വ്യക്തമായ അതിർവരമ്പുണ്ട്,” അദ്ദേഹം നിരീക്ഷിച്ചു.

പാർലമെൻ്റിൻ്റെ അന്തസ്സും മാന്യതയും നിലനിർത്തുക എന്നത് എല്ലാ അംഗങ്ങളുടേയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് സ്പീക്കർ ഊന്നിപ്പറഞ്ഞു. “സ്ഥാപനങ്ങൾ ശാശ്വതമാണ്, അവ ശക്തമായ ജനാധിപത്യത്തിൻ്റെ അടിത്തറയാണ്. നമ്മൾ തന്നെ നമ്മുടെ സ്ഥാപനങ്ങളുടെ അന്തസ്സ് കുറച്ചാൽ, ആ നഷ്ടം ഏതെങ്കിലും വ്യക്തിക്കോ പാർട്ടിക്കോ ആയിരിക്കില്ല, മറിച്ച് മുഴുവൻ രാഷ്ട്രത്തിനുമായിരിക്കും,” അദ്ദേഹം പറഞ്ഞു. സഭയിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, പാർലമെൻ്റ്  ഗൗരവത്തോടും ഉത്തരവാദിത്തത്തോടും കൂടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന പൗരന്മാർക്കിടയിൽ അത് നിരാശയുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെൻ്റിനെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനുമായി എല്ലാ പാർട്ടികളിലുംപെട്ട അംഗങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൻ്റെ പ്രസ്താവനകൾ ഉപസംഹരിച്ചുകൊണ്ട് ശ്രീ ബിർള അഭ്യർത്ഥിച്ചു. “ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഈ സ്ഥാപനത്തിൻ്റെ  തുല്യ സംരക്ഷകരായാണ് ഞാൻ കണക്കാക്കുന്നത്. പ്രശംസയായാലും വിമർശനമായാലും, എൻ്റെ  തീരുമാനം ഒന്നുതന്നെയാണ് - ഈ സഭയുടെ അന്തസ്സ് സംരക്ഷിക്കുകയും അതിൻ്റെ  ചട്ടങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക,” അദ്ദേഹം പറഞ്ഞു.

തീവ്രമായ ചർച്ചയ്ക്ക് ശേഷം ക്രിയാത്മകമായി മുന്നോട്ട് പോകാൻ അംഗങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് സ്പീക്കർ പറഞ്ഞു, “ഇന്ന് മുതൽ നമുക്ക് പുതിയതും പോസിറ്റീവും ക്രിയാത്മകവുമായ ഒരു അധ്യായം ആരംഭിക്കാം. രാഷ്ട്രസേവനത്തിൻ്റേയും രാഷ്ട്രനിർമ്മാണത്തിൻ്റേയും പാതയിൽ നമുക്ക് ഐക്യത്തോടെ മുന്നോട്ട് പോകാം.”

 

*****


( റിലീസ് ഐ.ഡി: 2239167) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Marathi , Bengali , Gujarati , Odia , Tamil , Telugu , Kannada