വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യയുടെ കാർഷിക വിഭവങ്ങളുടെയും സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും കയറ്റുമതി കരുത്ത് ആഹാർ 2026-ൽ എ.പി.ഇ.ഡി.എ പ്രദർശിപ്പിക്കുന്നു
ഇന്ത്യയുടെ കാർഷിക വിഭവങ്ങളുടെയും സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും കയറ്റുമതി മൂല്യം 5 ലക്ഷം കോടി രൂപ കവിഞ്ഞു; സ്വതന്ത്ര വ്യാപാര കരാറുകൾ പുതിയ ആഗോള അവസരങ്ങൾ തുറക്കുന്നു- കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ
പോസ്റ്റഡ് ഓണ്‍:
11 MAR 2026 12:43PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക വിഭവങ്ങളുടെയും സംസ്‌കരിച്ച ഭക്ഷ്യോല്പന്നങ്ങളുടെയും കയറ്റുമതി വികസന അതോറിറ്റി (അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്സ്പോർട്ട് ഡെവലപ്മെൻ്റ് അതോറിറ്റി-എ.പി.ഇ.ഡി.എ) ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ മാർച്ച് 10 മുതൽ 14 വരെ നടക്കുന്ന ആഹാർ (എ.എ.എച്ച്.എ.ആർ) 2026 ൻ്റെ നാല്പതാമത് പതിപ്പിൽ പങ്കെടുത്തു. കയറ്റുമതിക്കാരെയും സംസ്ഥാന പ്രതിനിധികളെയും വ്യവസായ പങ്കാളികളെയും ഒരു പൊതു വേദിയിൽ ഒരുമിച്ച് കൊണ്ടുവന്നുകൊണ്ട്, ഇന്ത്യയുടെ കാർഷിക, സംസ്‌കരിച്ച ഭക്ഷ്യോത്പന്ന കയറ്റുമതി കാര്യക്ഷമതകൾ ഉയർത്തിക്കാട്ടുന്ന ഒരു പവലിയൻ എ.പി.ഇ.ഡി.എ അവതരിപ്പിച്ചു.
ആഹാറിൻ്റെ 40-ാമത് പതിപ്പായി 'അന്താരാഷ്ട്ര ഭക്ഷ്യ, ഹോസ്പിറ്റാലിറ്റി മേള (ദി ഇൻ്റർനാഷണൽ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി ഫെയർ) കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ഐ.ടി.പി.ഒ) സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ സുപ്രധാന പതിപ്പ് ഇറ്റലിയെ പങ്കാളിത്ത രാഷ്ട്രമായി അവതരിപ്പിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ ഇറ്റലി എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഐ.ടി.പി.ഒ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, പ്രദർശകർ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഇന്ത്യയുടെ ഭക്ഷ്യ-കാർഷിക മേഖല ആഗോള അവസരങ്ങളുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ പറഞ്ഞു. കാർഷിക വസ്തുക്കളുടെയും സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും കയറ്റുമതി പ്രതിവർഷം 5 ലക്ഷം കോടി രൂപ കവിയുമ്പോൾ, ഇന്ന് ലോകത്തെ മുൻനിര കയറ്റുമതി രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ നിലകൊള്ളുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തിൽ, സംസ്‌കരിച്ച ഭക്ഷണങ്ങൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ കയറ്റുമതി ഗണ്യമായി വളർന്നു, ഇത് രാജ്യത്തുടനീളമുള്ള കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഭക്ഷ്യ സംസ്‌കരണം നടത്തുന്നവരുടേയും ശക്തിയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകളുടെ വിപുലമായ ശൃംഖല രാജ്യത്തിൻ്റെ ഭക്ഷ്യ, കാർഷിക കയറ്റുമതിക്ക് ഗണ്യമായ അവസരങ്ങൾ തുറന്നിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സമീപ വർഷങ്ങളിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ആസ്ത്രേലിയ, സ്വിറ്റ്സർലൻഡ്, മറ്റ് ഇ.എഫ്.ടി.എ (യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ) രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള രാഷ്ട്രങ്ങളുമായും പ്രദേശങ്ങളുമായും ഇന്ത്യ വ്യാപാര കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. അതേസമയം ജപ്പാൻ, കൊറിയ, യുണൈറ്റഡ് കിംഗ്ഡം, ഒമാൻ, മൗറീഷ്യസ് തുടങ്ങിയ പങ്കാളികളുമായുള്ള ഇടപഴകൽ ശക്തിപ്പെടുത്തുകയും കാനഡയുും യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
ഈ കരാറുകൾ ആഗോള വ്യാപാരത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗത്തിലുടനീളം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മുൻഗണനാ വിപണി പ്രവേശനം സാധ്യമാക്കുന്നതായും, കർഷകർ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഭക്ഷ്യ സംസ്‌കരണക്കാർ എന്നിവർക്ക് കയറ്റുമതി വിപുലീകരിക്കുന്നതിനും ഉയർന്ന മൂല്യമുള്ള വിപണികളിൽ പ്രവേശിക്കുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി (ഐ.ഐ.പി) സഹകരിച്ച് വികസിപ്പിച്ചെടുത്ത തിരഞ്ഞെടുത്ത മേഖലാ കാർഷിക ഉൽപ്പന്നങ്ങൾക്കായി പാക്കേജിംഗ് രൂപകല്പനാ പരിഹാരങ്ങളുടെയും സാങ്കേതിക മാനദണ്ഡങ്ങളുടെയും സമാരംഭവും എ.പി.ഇ.ഡി.എ പ്രഖ്യാപിച്ചു.
ഈ സംരംഭം പ്രത്യേകിച്ച് ജി.ഐ.ടാഗ് ചെയ്തവയിലും ജൈവ ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും കയറ്റുമതിക്കുള്ള ഉൽപ്പന്ന സംരക്ഷണം, കേടുകൂടാതെയിരിക്കുന്ന കാലയളവ് (ഷെൽഫ് ലൈഫ്) വർധിപ്പിക്കൽ, വിപണി അവതരണം എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുകയും ചെയ്യുന്നു. ഈ സംരംഭത്തിന് കീഴിൽ വരുന്ന ഉത്പന്നങ്ങളിൽ കർബി ആംഗ്ലോങ് ഇഞ്ചി (അസം), ജി4 മുളക്, ജൽഗാവ് വാഴപ്പഴം (മഹാരാഷ്ട്ര), അസം കാജി നാരങ്ങ (അസം), പ്രയാഗ്രാജ് സുർഖ പേരക്ക (ഉത്തർപ്രദേശ്) എന്നിവ ഉൾപ്പെടുന്നു.
ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ നിരവധി സംസ്ഥാന പവലിയനുകൾ എ.പി.ഇ.ഡി.എയുടെ നിർദിഷ്ട സ്ഥലത്ത് പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയുടെ കാർഷിക-ഭക്ഷ്യ മേഖലയുടെ വൈവിധ്യവും ശക്തിയും പ്രതിഫലിപ്പിക്കുന്ന തനത് പ്രാദേശിക ഉത്പ്പന്നങ്ങൾ, പരമ്പരാഗത ഭക്ഷ്യയിനങ്ങൾ, കയറ്റുമതി സജ്ജമായ കാർഷികോത്പന്നങ്ങൾ എന്നിവ ഈ പവലിയനുകൾ പ്രദർശിപ്പിച്ചു.
'ആഹാർ 2026'ൽ എ.പി.ഇ.ഡി.എയുടെ പങ്കാളിത്തം ഗണ്യമായ വ്യവസായ ഇടപെടലിനെ ആകർഷിച്ചു, അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഇതിനകം ഒരു ലക്ഷത്തിലധികം സന്ദർശകരെത്തി. കയറ്റുമതിക്കാർ, ഭക്ഷ്യ സംസ്‌കരണക്കാർ, കാർഷിക സംരംഭകർ എന്നിവർക്ക് ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കൾ, വിതരണക്കാർ, സ്ഥാപന പങ്കാളികൾ എന്നിവരുമായി സംവദിക്കുന്നതിന് പ്രദർശനം അവസരങ്ങൾ സൃഷ്ടിച്ചു.
ഇന്ത്യൻ കാർഷിക വിഭവങ്ങളും, സംസ്‌കരിച്ച ഭക്ഷ്യോത്പ്പന്നങ്ങളും ഉപയോഗിച്ചുള്ള നൂതന പാചകക്കുറിപ്പുകളും പ്രയോഗങ്ങളും അവതരിപ്പിക്കുന്ന ഒരു പ്രശസ്ത ഷെഫ് നടത്തിയ തത്സമയ വെറ്റ് സാബ്ലിങ് (രുചിക്കാൻ അവസരമേകുന്ന തത്സമയ ഉത്പന്ന പ്രദർശനം) സെഷനുകളായിരുന്നു എ.പി.ഇ.ഡി.എ പവലിയൻ്റെ ഒരു പ്രധാന ആകർഷണം. ബസുമതി അരി, ബസുമതി ഇതര അരി, ജൈവ ഉൽപ്പന്നങ്ങൾ, സസ്യാധിഷ്ഠിത ഭക്ഷ്യ ഉത്പ്പന്നങ്ങൾ എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രദർശനങ്ങളും പവലിയനിൽ ഉണ്ടായിരുന്നു. ഇത് ഉപഭോക്താക്കൾക്കും സന്ദർശകർക്കും ഇന്ത്യയുടെ കയറ്റുമതി സജ്ജമായ ഉത്പന്നങ്ങളും സേവനങ്ങളും പര്യവേക്ഷണം ചെയ്യാൻ പ്രാപ്തമാക്കി.
കാർഷിക-ഭക്ഷ്യ മൂല്യ ശൃംഖലയിലുടനീളം ബിസിനസ് നെറ്റ് വർക്കിംഗ്, ഉത്പന്ന പ്രോത്സാഹനം, വിജ്ഞാന വിനിമയം എന്നിവയ്ക്കുള്ള ഒരു പ്രധാന സമ്പർക്കമുഖം വാഗ്ദാനം ചെയ്തുകൊണ്ട്, ദക്ഷിണേഷ്യയിലെ ഭക്ഷ്യ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിനായുള്ള ഏറ്റവും വലിയ ബിസിനസ് ടു ബിസിനസ് (ബി.ടു ബി) പ്ലാറ്റ്ഫോമുകളിൽ ഒന്നായി 'ആഹാർ' തുടരുന്നു,
'ആഹാർ 2026' ലെ പങ്കാളിത്തത്തിലൂടെ, ഉയർന്ന നിലവാരമുള്ള കാർഷിക ഉത്പാദനം, മൂല്യവർദ്ധന, കയറ്റുമതി അധിഷ്ഠിത വിതരണ ശൃംഖലകൾ എന്നിവയിൽ ഇന്ത്യയുടെ വളരുന്ന ശേഷികൾ എ.പി.ഇ.ഡി.എ പ്രദർശിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള അവസരങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, കയറ്റുമതിക്കാർ, സ്റ്റാർട്ടപ്പുകൾ, സംസ്ഥാന ഏജൻസികൾ, ഉത്പാദക സംഘടനകൾ എന്നിവരെ പവലിയൻ ഒരുമിച്ച് കൊണ്ടുവന്നു.
***
( റിലീസ് ഐ.ഡി: 2238507)
സന്ദര്‍ശക കൗണ്ടര്‍ : 6