രാഷ്ട്രപതിയുടെ കാര്യാലയം
ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
08 MAR 2026 2:55PM by PIB Thiruvananthpuram
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം ഇന്ന് (2026 മാർച്ച് 8) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു. വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളും സംഭാവനകളും ആഘോഷിക്കുന്നതിനോടൊപ്പം ലിംഗസമത്വം, സ്ത്രീകളുടെ സുരക്ഷ, മാന്യത, ശാക്തീകരണം എന്നിവയോടുള്ള സംയുക്ത പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതിനായാണ് ഈ ദേശീയതല പരിപാടി സംഘടിപ്പിച്ചത്.

വിദ്യാഭ്യാസം, ഭരണം, നീതിന്യായ വ്യവസ്ഥ, സൈന്യം, വൈദ്യശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ, കല, സംരംഭകത്വം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകൾ നേതൃപാടവം പുലർത്തുന്നുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ രാഷ്ട്രപതി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ സാമ്പത്തികമായി സ്വയംപര്യാപ്തരാകുകയാണ്. പഞ്ചായത്തുകളിൽ ഗ്രാമവികസനത്തിന് അവർ നേതൃത്വം നൽകുന്നു. വ്യവസായം, സ്റ്റാർട്ടപ്പുകൾ, കോർപ്പറേറ്റ് മേഖല എന്നിവയിലും സ്ത്രീകൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും കായികരംഗത്ത് അവർ മികച്ച നേട്ടങ്ങൾ കൈവരിക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ആവശ്യമായ അവസരങ്ങളും പിന്തുണയും നൽകിയാൽ ഏത് മേഖലയിലും മികവ് പുലർത്താൻ സ്ത്രീകൾക്ക് കഴിയുമെന്ന ആത്മവിശ്വാസം ഇത്തരം ഉദാഹരണങ്ങൾ നൽകുന്നുണ്ടെന്നും ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു.

ഇന്ത്യ അതിവേഗം സ്ത്രീശക്തിയുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് നീങ്ങുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, സ്ത്രീകളുടെ പാതയിലെ തടസ്സങ്ങൾ നീക്കുന്നതിനായി ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിൽ രാജ്യം ലിംഗസമത്വം കൈവരിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിൽ പോലും, പ്രവേശനം നേടിയ അകെ വിദ്യാർഥികളുടെ അനുപാതത്തിന്റെ (Gross Enrolment Ratio) കാര്യത്തിൽ പെൺകുട്ടികളുടെ എണ്ണം കൂടുതലാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ വിദ്യാഭ്യാസശാഖകളിൽ സ്ത്രീകളുടെ പങ്കാളിത്തം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. STEM വിദ്യാർത്ഥിനികൾക്ക് പഠനം തുടരാൻ സഹായിക്കുന്നതിനായി ഓരോ ജില്ലയിലും വനിതാ ഹോസ്റ്റൽ സ്ഥാപിക്കുന്നതിന് 2026-27 ലെ കേന്ദ്ര ബജറ്റ് വ്യവസ്ഥ ചെയ്യുന്നു. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ നേതൃപാടവം കാണിക്കാൻ നമ്മുടെ പെൺമക്കൾ തയ്യാറെടുക്കുകയാണ്.

സ്ത്രീകൾ തൊഴിൽ സ്രഷ്ടാക്കളായി ഉയർന്നുവരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. സ്റ്റാർട്ട്-അപ്പ് ഇന്ത്യ പദ്ധതി പ്രകാരം പിന്തുണ ലഭിക്കുന്ന സ്റ്റാർട്ടപ്പുകളിൽ പകുതിയിലധികം ഇടങ്ങളിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറുണ്ട്. നിലവിൽ വനിതാ ഉടമസ്ഥതയിലുള്ള രണ്ട് ലക്ഷത്തിലധികം എം എസ് എം ഇ കൾ ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസിൽ (GeM) സജീവമാണ്. സ്വയംസഹായ സംഘങ്ങളും ഗ്രാമീണ സ്ത്രീകളും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കുന്നതിനായി 2026-27 ബജറ്റിൽ 'ഷീ-മാർട്ട്' (SHE-Mart) പദ്ധതി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നടപ്പാക്കിയ തൊഴിൽ കോഡുകൾ വനിതാ തൊഴിലാളികളെ കൂടുതൽ ഉൾക്കൊള്ളുന്നതും സുരക്ഷിതവും ശക്തിപ്പെടുത്തുന്നതുമായ തൊഴിൽപരിസ്ഥിതി ഒരുക്കുന്നത് ലക്ഷ്യമിട്ടുള്ളതാണെന്നും അവർ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനായി നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, അവരുടെ വികസന യാത്രയിൽ ഇപ്പോഴും നിരവധി തടസ്സങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഉദാഹരണത്തിന്, ഇന്നും പല സ്ത്രീകൾക്കും വിവേചനം, തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കാത്ത സാഹചര്യം, ഗാർഹിക പീഡനം തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. നിയമനിർമ്മാണത്തിലൂടെ മാത്രം ഇവ പരിഹരിക്കാൻ കഴിയില്ല. സാമൂഹിക മനോഭാവത്തിൽ മാറ്റം അനിവാര്യമാണ്. ലിംഗാധിഷ്ഠിത വിവേചന മനോഭാവം മാറിയാലേ സമൂഹത്തിൽ യഥാർത്ഥ സമത്വം സ്ഥാപിക്കാൻ കഴിയൂ എന്നും രാഷ്ട്രപതി പറഞ്ഞു.
യഥാർത്ഥ അർത്ഥത്തിലുള്ള വികസനം കൈവരിക്കണമെങ്കിൽ, രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ തുല്യപങ്കാളിത്തം നാം ഉറപ്പാക്കണമെന്ന് ശ്രീമതി മുർമു പറഞ്ഞു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം നമ്മുടെ മുന്നിലുണ്ട്. രാജ്യം വേഗത്തിൽ പുരോഗമിക്കുന്നതിനും ദേശീയ നേട്ടത്തിനായി പൗരന്മാരുടെ പൂർണ്ണ ശേഷി സാക്ഷാത്കരിക്കുന്നതിനും, സ്ത്രീകളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിക്കുക മാത്രമല്ല, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ഓരോ ഘട്ടത്തിലും അവരെ പിന്തുണയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഭയവും വിവേചനവുമില്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ സ്ത്രീകൾക്ക് രാഷ്ട്രനിർമ്മാണത്തിൽ തങ്ങളുടെ പരമാവധി സംഭാവനകൾ നൽകാൻ കഴിയൂ. ഈ അന്താരാഷ്ട്ര വനിതാദിനത്തിൽ എല്ലാ പൗരന്മാരും ഓരോ പെൺകുട്ടിക്കും വിദ്യാഭ്യാസവും സമാന അവസരങ്ങളും ഉറപ്പാക്കാൻ പ്രതിജ്ഞ ചെയ്യണമെന്നും, സ്ത്രീകളുടെ അഭിമാനത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്നും, സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ഇങ്ങനെ ചെയ്താൽ സ്ത്രീശാക്തീകരണത്തിന്റെ ഉത്തമ മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ നമുക്ക് സാധിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
( റിലീസ് ഐ.ഡി: 2236610)
സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada