ആഭ്യന്തരകാര്യ മന്ത്രാലയം
ഒഡീഷയിലെ മുണ്ടാലിയിൽ 57-ാമത് സിഐഎസ്എഫ് സ്ഥാപക ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
പോസ്റ്റഡ് ഓണ്‍:
06 MAR 2026 2:45PM by PIB Thiruvananthpuram
ഒഡീഷയിലെ മുണ്ടാലിയിൽ സംഘടിപ്പിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻ്റെ (സിഐഎസ്എഫ്) 57-ാം സ്ഥാപക ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ചടങ്ങിനെ അഭിസംബോധന ചെയ്തു. 890 കോടി രൂപ ചിലവിൽ നിർമിക്കുന്ന സിഐഎസ്എഫിൻ്റെ മൂന്ന് പാർപ്പിട സമുച്ചയങ്ങള്‍ക്ക് (കാംരൂപ്, നാസിക്, സെഹോർ) കേന്ദ്ര ആഭ്യന്തര മന്ത്രി ചടങ്ങില്‍ തറക്കല്ലിടുകയും രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ (രാജർഹട്ട്, ഡൽഹി) ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിഐഎസ്എഫ് ഡയറക്ടർ ജനറൽ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.

ഇന്ന് 56 വർഷം പൂർത്തീകരിക്കുന്ന സിഐഎസ്എഫ് വ്യാവസായിക സുരക്ഷാ രംഗത്ത് ശൂന്യതയില്‍നിന്ന് ഉന്നതങ്ങളിലേക്ക് ഉയർന്നിരിക്കുകയാണെന്നും സേനയുടെ അർപ്പണബോധത്തിൻ്റെയും ധീരതയുടെയും വിജയഗാഥയാണിതെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധനയില്‍ പറഞ്ഞു. ശക്തമായ ദേശീയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനും ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനും ലക്ഷ്യമിടുന്ന കാഴ്ചപ്പാട് വ്യാവസായിക വികസനമില്ലാതെ യാഥാർത്ഥ്യമാക്കാനാവില്ലെന്നും വ്യാവസായിക വളർച്ചയ്ക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കാന്‍ ദേശീയ തലത്തില്‍ സിഐഎസ്എഫ് സുരക്ഷാ സേന അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 56 വർഷത്തിനിടെ സിഐഎസ്എഫ് അതിൻ്റെ സ്ഥാപിതലക്ഷ്യം നിറവേറ്റുക മാത്രമല്ല, വ്യത്യസ്ത വെല്ലുവിളികളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കാലാനുസൃതമായി നിരന്തരം പരിണമിച്ചിട്ടുണ്ടെന്നും ശ്രീ ഷാ പ്രസ്താവിച്ചു. പാരമ്പര്യങ്ങൾ സജീവമായി നിലനിർത്തിയാണ് സിഐഎസ്എഫ് ആധുനികതയെ അവലംബിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ സമ്പന്ന പാരമ്പര്യങ്ങള്‍ക്കൊപ്പം ധീരതയും ത്യാഗവും അർപ്പണബോധവും സംയോജിപ്പിച്ചും ആധുനിക ആയുധങ്ങളാല്‍ സജ്ജീകരിച്ചും എല്ലാത്തരം വെല്ലുവിളികളെയും നേരിടാന്‍ സിഐഎസ്എഫ് നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

സിഐഎസ്എഫിൻ്റെ അഭാവത്തില്‍ ഇന്ത്യയുടെ വ്യാവസായിക വികസന കാഴ്ചപ്പാട് സങ്കൽപ്പിക്കാനാവില്ലെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സിഐഎസ്എഫ് എപ്പോഴും രാജ്യത്തിൻ്റെ കവചമായി ഉറച്ചുനിന്നിട്ടുണ്ട്. രാജ്യത്തെ എല്ലാ തുറമുഖങ്ങളുടെയും സുരക്ഷ സിഐഎസ്എഫിനെ ഏൽപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം അടുത്തിടെ തീരുമാനിച്ചതായും ശ്രീ ഷാ അറിയിച്ചു. 2047-ഓടെ ഇന്ത്യയെ സമ്പൂര്‍ണ വികസിത രാഷ്ട്രമാക്കി എല്ലാ മേഖലകളിലും ആഗോളതലത്തിൽ ഒന്നാം സ്ഥാനം കൈവരിക്കുക, 2027-ഓടെ ഇന്ത്യയെ ലോകത്തെ മൂന്നാമത് വലിയ സമ്പദ് വ്യവസ്ഥയാക്കുക എന്നിങ്ങനെ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സിഐഎസ്എഫ് ചാലകശക്തിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രീ ഷാ വ്യക്തമാക്കി.

രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ എക്കാലവും വലിയ പങ്കുവഹിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സ്വന്തം ചുമതലകളിൽ നിന്ന് സിഐഎസ്എഫ് ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രപതിയുടെ ഒന്‍പത് വിശിഷ്ട സേവാ പുരസ്കാരങ്ങള്‍, മികച്ച ബറ്റാലിയനുള്ള രണ്ട് പുരസ്കാരങ്ങള്‍, അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ പ്രകടനത്തിന് താരങ്ങൾക്ക് ലഭിച്ച മെഡലുകൾ എന്നിവ എല്ലാ മേഖലകളിലും മികവ് പുലർത്താൻ സിഐഎസ്എഫ് എപ്പോഴും സജ്ജമാണെന്ന വസ്തുതയുടെ നേര്‍സാക്ഷ്യമാണ്. കഴിഞ്ഞ 56 വർഷത്തിനിടെ ധീരതയ്ക്കും വിശിഷ്ട സേവനത്തിനും ആകെ 13,693 മെഡലുകൾ ഏറ്റുവാങ്ങി ഒരു സേനയെന്ന നിലയിൽ സിഐഎസ്എഫ് കാര്യക്ഷമത തെളിയിച്ചതായും ശ്രീ ഷാ കൂട്ടിച്ചേർത്തു.

890 കോടി രൂപ ചെലവില്‍ അഞ്ച് വ്യത്യസ്ത പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ചടങ്ങില്‍ നടന്നതായി ശ്രീ അമിത് ഷാ അറിയിച്ചു. രാജർഹട്ടിലെയും മൈദാൻഗർഹിയിലെയും പാര്‍പ്പിട സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയായെന്നും ഇത് രാജ്യത്തെ ജവാന്മാർക്കും കുടുംബങ്ങൾക്കും സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഐഎസ്എഫ് വാർഷിക ജേണല്‍ ‘സെൻ്റിനൽ’ ചടങ്ങില്‍ പ്രകാശനം ചെയ്തു.

രാജ്യത്തെ 70 വിമാനത്താവളങ്ങൾക്കും 361 സുപ്രധാന സ്ഥാപനങ്ങൾക്കും ഇന്ന് സിഐഎസ്എഫ് സുരക്ഷ നൽകുന്നതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഡ്രോൺ സുരക്ഷയിൽ നോഡൽ ഏജൻസിയുടെ ചുമതലയും സിഐഎസ്എഫിന് നൽകിയിട്ടുണ്ട്. കർത്തവ്യ ഭവൻ, സേവാ തീർത്ഥ്, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം, നവി മുംബൈ വിമാനത്താവളം, ലെങ്പുയി വിമാനത്താവളം, ജവഹർപൂർ താപവൈദ്യുത പദ്ധതി, ഭക്ര അണക്കെട്ട് പദ്ധതി തുടങ്ങി നിരവധി പദ്ധതികളുടെ സുരക്ഷാ ചുമതല കഴിഞ്ഞ ഒരു വർഷത്തിനിടെ സിഐഎസ്എഫിനെ ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
തുറമുഖ സുരക്ഷ ഏറ്റെടുത്ത സാഹചര്യത്തില്‍ രാജ്യത്തെ വിശാല സമുദ്രാതിർത്തിയിലെ തുറമുഖങ്ങൾക്കും ഇനി സിഐഎസ്എഫ് സുരക്ഷ നൽകുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. നാലുവർഷം മുന്‍പ് സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകുന്നതിന് ഒരു 'ഹൈബ്രിഡ് മാതൃക' വികസിപ്പിക്കാൻ സിഐഎസ്എഫിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അത്യാധുനിക സംവിധാനങ്ങളോടെ അത് തയ്യാറായിക്കഴിഞ്ഞതായും ശ്രീ ഷാ പറഞ്ഞു. വരും ദിവസങ്ങളിൽ സിഐഎസ്എഫ് ഹൈബ്രിഡ് മാതൃകയില്‍ സ്വകാര്യ വ്യാവസായിക ഗ്രൂപ്പുകൾക്കും സുരക്ഷ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
2026 മാർച്ച് 31-ഓടെ രാജ്യത്തെ നക്സലിസത്തിൽ നിന്ന് മുക്തമാക്കുമെന്നത് മോദി സർക്കാരിൻ്റെ നിശ്ചയദാര്‍ഢ്യമാണെന്നും ഇതിൽ സിഐഎസ്എഫിന് സുപ്രധാന പങ്കുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ സിഐഎസ്എഫ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മാർച്ച് 31-ഓടെ രാജ്യം നക്സലിസത്തിൽ നിന്ന് പൂർണമായി മുക്തമാകുമെന്നും തിരുപ്പതി മുതൽ പശുപതിനാഥ് വരെ ‘റെഡ് കോറിഡോർ’ സ്വപ്നം കാണുന്നവർ പൂർണമായി പരാജയപ്പെടുമെന്നും നക്സല്‍ ബാധിത മേഖലകളില്‍ രാജ്യത്തെ സുരക്ഷാ സേനകൾ ആധിപത്യം സ്ഥാപിക്കുമെന്നും ആഭ്യന്തര മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സുരക്ഷാ സേനകളുടെ വലിയ നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നാം രാജ്യത്തെ നക്സൽ വിമുക്തമാക്കുന്നതിൻ്റെ വക്കിലാണ്. രാജ്യം മുഴുവൻ വികസിപ്പിക്കുകയും 2047-ഓടെ വികസിത ഭാരതം സാക്ഷാത്കരിക്കുകയും ചെയ്യുകയാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമെന്നും ഇതിനായി രാജ്യത്തിൻ്റെ ആഭ്യന്തര, ബാഹ്യ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് രാജ്യത്തിനകത്തും അതിർത്തികളിലും സുപ്രധാന പങ്കുവഹിക്കാൻ ആഭ്യന്തര മന്ത്രാലയം പൂർണസജ്ജമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
****
( റിലീസ് ഐ.ഡി: 2236061)
സന്ദര്‍ശക കൗണ്ടര്‍ : 27
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada