ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2027-ലെ സെൻസസിനായുള്ള ഡിജിറ്റൽ ഉപകരണങ്ങളുടേയും മാസ്കോട്ടുകളായ പ്രഗതി (സ്ത്രീ), വികാസ് (പുരുഷൻ) എന്നിവയുടേയും സോഫ്റ്റ് ലോഞ്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ നിർവ്വഹിച്ചു

രണ്ട് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന 2027-ലെ സെൻസസ് ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയയാണ്.

ഇതാദ്യമായാണ് സെൻസസ് പ്രക്രിയ ഡിജിറ്റലായി നടത്തുന്നത്, കൂടാതെ പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി സെൽഫ് എന്യൂമറേഷൻ സൗകര്യവും ആദ്യമായി ലഭ്യമാക്കിയിട്ടുണ്ട്.

വീടുതോറുമുള്ള സർവ്വേയ്ക്ക് മുൻപായി 16 ഭാഷകളിൽ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ സാധിക്കുന്ന സുരക്ഷിതമായ ഒരു വെബ് അധിഷ്ഠിത സംവിധാനമാണ് സെൽഫ് എന്യൂമറേഷൻ.

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിൽ സ്ത്രീകളുടേയും പുരുഷന്മാരുടേയും തുല്യ പങ്കാളിത്തത്തെ പ്രതീകപ്പെടുത്തുന്നതാണ് 2027-ലെ സെൻസസ് മാസ്കോട്ടുകളായ "പ്രഗതി", "വികാസ്" എന്നിവ.

രാജ്യത്തുടനീളമുള്ള 3 ദശലക്ഷത്തിലധികം എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും മറ്റ് ഉദ്യോഗസ്ഥരും 2027-ലെ സെൻസസ് പ്രക്രിയയിൽ പങ്കാളികളാകും.

പോസ്റ്റഡ് ഓണ്‍: 05 MAR 2026 1:11PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, 2027-ലെ സെൻസസിനായുള്ള നാല് ഡിജിറ്റൽ  ഉപകരണങ്ങളുടെ സോഫ്റ്റ് ലോഞ്ചും “പ്രഗതി” (സ്ത്രീ), “വികാസ്” (പുരുഷൻ) എന്നീ മാസ്കോട്ടുകളുടെ ഔദ്യോഗിക അനാച്ഛാദനവും ന്യൂഡൽഹിയിൽ നിർവ്വഹിച്ചു. രാജ്യത്തുടനീളമുള്ള എന്യൂമറേഷൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ്  ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) വിപുലമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, രജിസ്ട്രാർ ജനറൽ,  സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

2025 ജൂൺ 16-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ 2027-ലെ സെൻസസ് നടത്താനുള്ള തീരുമാനം അറിയിക്കുകയും സെൻസസ് നടപടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു. രണ്ട് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന 2027-ലെ സെൻസസ് ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയയാണ്. ഇതാദ്യമായാണ് സെൻസസ് ഡിജിറ്റലായി നടക്കുന്നത്, കൂടാതെ പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യവും ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്.


മാസ്കോട്ടുകൾ: "പ്രഗതിയും" "വികാസും"

2027 ലെ സെൻസസിൻ്റെ സൗഹൃദപരവും പരിചിതവുമായ മുഖങ്ങളായി വർത്തിക്കാൻ  "പ്രഗതി" (സ്ത്രീ എന്യൂമറേറ്റർ), "വികാസ്" (പുരുഷ എന്യൂമറേറ്റർ) എന്നീ മാസ്കോട്ടുകൾ അനാച്ഛാദനം ചെയ്തു. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിൽ സ്ത്രീകളുടേയും പുരുഷന്മാരുടേയും തുല്യ പങ്കാളിത്തത്തെ ഈ മാസ്കോട്ടുകൾ പ്രതീകപ്പെടുത്തുന്നു. ഈ മാസ്കോട്ടുകളിലൂടെ, 2027 ലെ സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങൾ, ലക്ഷ്യങ്ങൾ, പ്രധാന സന്ദേശങ്ങൾ എന്നിവ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് ഫലപ്രദവും ജനസൗഹൃദപരവുമായ രീതിയിൽ എത്തിക്കും.


നാല് ഡിജിറ്റൽ ഉപകരണങ്ങൾ

ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സെൻസസ് ആയിരിക്കും 2027-ലെ സെൻസസ്. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സോഫ്റ്റ് ലോഞ്ച് ചെയ്ത നാല് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇവയാണ്:

1. ഹൗസ്‌ലിസ്റ്റിംഗ് ബ്ലോക്ക് ക്രിയേറ്റർ (HLBC) വെബ് ആപ്ലിക്കേഷൻ: രാജ്യത്തുടനീളം കൃത്യവും ഏകീകൃതവുമായ ഭൂമിശാസ്ത്രപരമായ പരിധി ഉറപ്പാക്കിക്കൊണ്ട്, സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് ഹൗസ്‌ലിസ്റ്റിംഗ് ബ്ലോക്കുകൾ ഡിജിറ്റലായി നിർമ്മിക്കാൻ ചാർജ്ജ്  ഓഫീസർമാരെ സഹായിക്കുന്ന ഒരു വെബ്-മാപ്പ് ആപ്ലിക്കേഷനാണിത്.

2. HLO മൊബൈൽ ആപ്ലിക്കേഷൻ: എന്യൂമറേറ്റർമാർക്ക് ഹൗസ്‌ലിസ്റ്റിംഗ് വിവരങ്ങൾ ശേഖരിക്കുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള സുരക്ഷിതമായ ഒരു ഓഫ്‌ലൈൻ മൊബൈൽ ആപ്ലിക്കേഷനാണിത്. CMMS പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എന്യൂമറേറ്റർമാർക്ക് മാത്രമേ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയൂ. പരമ്പരാഗത പേപ്പർ ജോലികൾ  ഒഴിവാക്കിക്കൊണ്ട്, ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് സെർവറിലേക്ക് അയക്കാൻ ഈ ആപ്പ് സഹായിക്കുന്നു. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ ആപ്പിലൂടെയാണ് എല്ലാ ഹൗസ്‌ലിസ്റ്റിംഗ് വിവരങ്ങളും ശേഖരിക്കുക. ആൻഡ്രോയിഡ്, iOS പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്ലിക്കേഷൻ 16 പ്രാദേശിക ഭാഷകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.

3. സെൽഫ് എന്യൂമറേഷൻ (SE) പോർട്ടൽ: ഇതാദ്യമായാണ് പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ഏർപ്പെടുത്തുന്നത്. ഫീൽഡ് പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു വീട്ടിലെ യോഗ്യരായ  അംഗങ്ങൾക്ക് അവരുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ പ്രാപ്തമാക്കുന്ന സുരക്ഷിതമായ ഒരു വെബ് അധിഷ്ഠിത സംവിധാനമാണിത്. വിവരങ്ങൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ ഒരു പ്രത്യേക സെൽഫ് എന്യൂമറേഷൻ ഐഡി (SE ID) ലഭിക്കും. ഈ സെൽഫ് എന്യൂമറേഷൻ ഐഡി എന്യൂമറേറ്റർക്ക് നല്കുന്നതിലൂടെ എന്യൂമറേറ്റർമാർക്ക് വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും.

4. സെൻസസ് മാനേജ്മെൻ്റ്  ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CMMS) പോർട്ടൽ: ഭരണപരമായ എല്ലാ തലങ്ങളിലും സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും നടപ്പിലാക്കാനും നിരീക്ഷിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കേന്ദ്രീകൃത വെബ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് സെൻസസ് പുരോഗതിയും ഫീൽഡിലെ പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കാൻ ഇതിലെ സംയോജിത ഡാഷ്‌ബോർഡ് വഴി സാധിക്കും.

2027-ലെ സെൻസസിന് കീഴിൽ, വീടുവീടാന്തരം കയറി സുരക്ഷിതമായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും സമ്പൂർണ്ണ കവറേജ് ഉറപ്പാക്കുകയും ചെയ്യും. 2027-ലെ സെൻസസിനായി രാജ്യത്തുടനീളം 30 ലക്ഷത്തിലധികം എന്യൂമറേറ്റർമാരേയും സൂപ്പർവൈസർമാരേയും മറ്റ് സെൻസസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും.

സാങ്കേതികവിദ്യയുടെ ഈ കൃത്യമായ സ്വീകരണം നവീകരണത്തേയും എല്ലാവരേയും ഉൾക്കൊള്ളുന്ന സ്വഭാവത്തേയും ഒരുപോലെ സംയോജിപ്പിക്കുന്നു. ഇത് 2027-ലെ സെൻസസ് കൃത്യതയുള്ളതും സുരക്ഷിതവും സമഗ്രവുമായിരിക്കുമെന്ന് ഉറപ്പാക്കുന്നു.


2027-ലെ സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്:

ഒന്നാം ഘട്ടം: ഹൗസ്‌ലിസ്റ്റിംഗും ഭവന സെൻസസും (HLO)

ഒന്നാം ഘട്ടത്തിൽ, വീടുകളുടെ അവസ്ഥയെക്കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ രാജ്യത്തെ ഓരോ വ്യക്തിയുടേയും ജനസംഖ്യാപരവും സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങൾ രേഖപ്പെടുത്തും.

ഒന്നാം ഘട്ടത്തിനായുള്ള വിജ്ഞാപനം 2026 ജനുവരി 7-ന് പുറപ്പെടുവിച്ചു. ഹൗസ്‌ലിസ്റ്റിംഗും ഭവന സെൻസസും 2026 ഏപ്രിൽ 1-നും  സെപ്റ്റംബർ 30-നും ഇടയിൽ, ഓരോ സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും നിശ്ചയിക്കുന്ന തുടർച്ചയായ 30 ദിവസത്തെ കാലയളവിൽ നടത്തപ്പെടും. വീടുവീടാന്തരമുള്ള സർവ്വേയ്ക്ക് മുൻപായി താൽപ്പര്യമുള്ളവർക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനായി 15 ദിവസത്തെ കാലയളവ് ഉണ്ടായിരിക്കും.

രണ്ടാം ഘട്ടം: ജനസംഖ്യാ കണക്കെടുപ്പ് (PE)

ഇന്ത്യയിലുടനീളം ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടത്തപ്പെടും. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുവീഴ്ചയുള്ള മറ്റു പ്രദേശങ്ങളിലും 2026 സെപ്റ്റംബറിലാകും കണക്കെടുപ്പ് നടക്കുക. സെൻസസിൻ്റെ  രണ്ടാം ഘട്ടത്തിൽ ജാതി സംബന്ധമായ ചോദ്യങ്ങളും ഉൾപ്പെടുത്തും.

2027-ലെ സെൻസസിൻ്റെ റഫറൻസ് തീയതി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 2027 മാർച്ച് 1-ന് 00:00 മണിയായിരിക്കും. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുവീഴ്ചയുള്ള മറ്റു പ്രദേശങ്ങളിലും റഫറൻസ് തീയതി 2026 ഒക്ടോബർ 1-ന്  00:00 മണിയായിരിക്കും.

 
***
 
ഏഷ്യൻ ഗെയിംസ് 2026-ന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്ത് കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ
 
ഇന്ത്യൻ അത്‌ലറ്റുകൾക്ക് കേന്ദ്രമന്ത്രി പൂർണ പിന്തുണ ഉറപ്പുനൽകി
 
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന 2026-ലെ ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യാന്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. ഏഷ്യന്‍ ഗെയിംസിലേക്ക് രാജ്യം നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് ഡോ. മാണ്ഡവ്യയെ ധരിപ്പിച്ച യുവജനകാര്യ കായിക മന്ത്രാലയത്തിലെയും സ്പോർട്സ് അതോറിറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും വൻകരയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ മികവ് പുലർത്താന്‍ കായികതാരങ്ങള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് യോഗത്തില്‍ വ്യക്തമാക്കി.  

അത്‍ലറ്റുകളുടെ ക്ഷേമത്തിനും മികച്ച പ്രകടനത്തിനും സർക്കാര്‍ പുലര്‍ത്തുന്ന പ്രതിബദ്ധത യോഗത്തിൽ ആവർത്തിച്ച ഡോ. മൻസുഖ് മാണ്ഡവ്യ, ‌രാജ്യത്തെ കായികതാരങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും പരിശീലനവും കായിക ശാസ്ത്രവും മുതല്‍  ലോജിസ്റ്റിക്സ്, കായിക കിറ്റ്, ഭക്ഷണം, വൈദ്യസഹായം തുടങ്ങി സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കി. അതുവഴി  പ്രതിബന്ധങ്ങളേതുമില്ലാതെ തയ്യാറെടുക്കാനും ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കായികതാരങ്ങള്‍ക്ക് സാധിക്കും. അവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മത്സരത്തിൽ രാജ്യത്തിന്റെ മെഡൽ പട്ടിക ഉയര്‍ത്തുന്നതില്‍ താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  

കായിക മേഖലയിലെ എല്ലാ പങ്കാളികളും തമ്മില്‍  ഏകോപിത പരിശ്രമത്തിന്റെ ആവശ്യകത കേന്ദ്രമന്ത്രി യോഗത്തില്‍ എടുത്തുപറഞ്ഞു.  ചിട്ടയായ തയ്യാറെടുപ്പ്, ശക്തമായ പിന്തുണാ സംവിധാനങ്ങൾ, സമയബന്ധിത ആസൂത്രണം എന്നിവ 2026-ലെ ഏഷ്യൻ ഗെയിംസിൽ പുതിയ നാഴികക്കല്ലുകൾ കൈവരിക്കാൻ ഇന്ത്യയെ സഹായിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

തയ്യാറെടുപ്പുകളുടെ ഭാഗമായി ഏഷ്യൻ ഗെയിംസ് സാങ്കേതിക കൈപ്പുസ്തകത്തിനായി ഓരോ ദേശീയ കായിക ഫെഡറേഷനും ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗെയിംസിൽ മികച്ച പ്രകടനം ഉറപ്പാക്കുന്നതിന്  അതത് കായിക ഇനങ്ങളിലെ സാങ്കേതിക വിവരങ്ങൾ മനസ്സിലാക്കാനും അവ കളിക്കാർക്കും പരിശീലകർക്കും മറ്റ് പിന്തുണാ ഉദ്യോഗസ്ഥര്‍ക്കും വിശദീകരിച്ചു നൽകാനുമാണ് ഈ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. കായികതാരങ്ങള്‍ക്ക് ഓരോ ഇനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് തയ്യാറെടുക്കാന്‍ മതിയായ സമയം നൽകുന്നതിന് ടീമുകളെ വളരെ നേരത്തെ തന്നെ അന്തിമമാക്കും. ലോജിസ്റ്റിക് സൗകര്യങ്ങൾക്ക് വിദേശത്തെ ഇന്ത്യൻ എംബസികളുമായി തടസരഹിത ഏകോപനം ഉറപ്പാക്കുന്നതിനൊപ്പം മെഡിക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെടെ  പിന്തുണാ ഉദ്യാഗസ്ഥരുടെ  ശേഷി ഉയര്‍ത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. പരിശീലന പര്യടനങ്ങളും മത്സര സമയക്രമങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഫെഡറേഷനുകൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പ്രവർത്തനപരമായ ആസൂത്രണത്തില്‍ വെല്ലുവിളിയേറിയ വിഭാഗങ്ങൾക്ക് ഓരോ വേദിയിലും പ്രത്യേക പിന്തുണാ ഉദ്യോഗസ്ഥരെ വിന്യസിച്ച് വിവിധയിടങ്ങളില്‍ സഹായം ഉറപ്പാക്കും. ഭക്ഷണം, പാരിസ്ഥിതിക സാഹചര്യങ്ങൾ തുടങ്ങിയവയിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഗെയിംസിന് മുന്നോടിയായി ഇന്ത്യയിൽ മത്സര അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കാനും നടപടികള്‍ ആലോചിക്കുന്നുണ്ട്.

തന്ത്രപരമായ ആസൂത്രണത്തിലൂടെയും പ്രത്യേക തയ്യാറെടുപ്പിലൂടെയും എല്ലാ പങ്കാളികളും തമ്മിലെ ഏകീകൃത ഏകോപനത്തിലൂടെയും 2022-ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ നേടിയ 106 മെഡലുകളെന്ന ചരിത്രം മറികടക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. 2026-ലെ ഗെയിംസിൽ 40-ലേറെ കായിക ഇനങ്ങളിലായി 700-ലധികം ഇന്ത്യൻ കായികതാരങ്ങള്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ്  അഞ്ച് ക്ലസ്റ്ററുകളടങ്ങുന്ന അതുല്യ മത്സര മാതൃകയാണ് പിന്തുടരുന്നതെന്ന് യോഗം വിലയിരുത്തി. ഒരൊറ്റ ഒളിമ്പിക് വില്ലേജ് മാതൃകയില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പകരം ഒന്നിലധികം പ്രവിശ്യകളിലായാണ് കായികതാരങ്ങള്‍ മത്സരിക്കുന്നത്. ഐച്ചി, ഗിഫു, ഷിസുവോക്ക, എയർപോർട്ട്-എക്സ്പോ മേഖല തുടങ്ങിയ ക്ലസ്റ്ററുകളിലായാണ് വേദികൾ വ്യാപിച്ചുകിടക്കുന്നത്. യാത്ര, ലോജിസ്റ്റിക്സ്, മെഡിക്കൽ പിന്തുണ, കായികതാരങ്ങളുടെ ആരോഗ്യം വീണ്ടെടുക്കല്‍ എന്നിവയ്ക്ക് വിശദമായ ആസൂത്രണം അനിവാര്യമാക്കുന്നു.  

ഗെയിംസിലെ താമസ സൗകര്യങ്ങളുമായി കായികതാരങ്ങള്‍ക്ക് പൊരുത്തപ്പെടാൻ സഹായിക്കുന്ന തരത്തില്‍ പട്യാലയിലെയും ബംഗളൂരുവിലെയും സായ് മേഖലാ കേന്ദ്രങ്ങളില്‍ പ്രത്യേക താൽക്കാലിക കണ്ടെയ്‌നർ യൂണിറ്റുകൾ സ്ഥാപിക്കും. ഗെയിംസ് വേളയിൽ പ്രതീക്ഷിക്കുന്ന കണ്ടെയ്‌നർ മാതൃകയിലെ താമസക്രമങ്ങളുമായി പരിചിതമാകാൻ ഇത് കായികതാരങ്ങള്‍ക്ക് അവസരമൊരുക്കും. താമസ സാഹചര്യങ്ങളുമായി നേരത്തെ പൊരുത്തപ്പെടുന്നതിലൂടെ മത്സരത്തിനിടയിലെ ശ്രദ്ധ തിരിക്കലുകൾ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തില്‍ വിശദീകരിച്ചു.  

ജനുവരിയിൽ ഐഒഎ പ്രതിനിധി സംഘം നടത്തിയ നാലുദിവസത്തെ പരിശോധനാ സന്ദർശനവും യോഗം വിലയിരുത്തി. ജപ്പാനിലെ പ്രധാന മത്സര വേദികൾ, കായികതാരങ്ങള്‍ക്കായി ഒരുക്കിയ സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംഘം പരിശോധിച്ചിരുന്നു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ അത്‌ലറ്റുകൾക്ക് തടസരഹിത പ്രവർത്തനങ്ങൾ ഉറപ്പാക്കാന്‍ ഓരോ ക്ലസ്റ്ററിനും പ്രത്യേക ലോജിസ്റ്റിക്സ് ഓഫീസർമാരെയും മെഡിക്കൽ സംഘങ്ങളെയും പിന്തുണാ ഉദ്യോഗസ്ഥരെയും  നിയോഗിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തില്‍ ഏകോപനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരികയാണ്.  

ഗെയിംസിന് മുന്‍പത്തെ മാസങ്ങളിൽ സുഗമമായ തയ്യാറെടുപ്പ് ഉറപ്പാക്കാന്‍ കായികതാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി നടപടികൾ യോഗം ചർച്ച ചെയ്തു. ടീമിനായി ഒരു മുഖ്യ മെഡിക്കൽ ഡോക്ടറുടെ നിയമനം,  നിയുക്ത സായ്  പാചക വിദഗ്ധരുടെ സഹായത്തോടെ കായികതാരങ്ങളുടെ ഇന്ത്യൻ ഭക്ഷണങ്ങള്‍  അന്തിമമാക്കല്‍, കായികതാരങ്ങള്‍ക്ക്  ഔദ്യോഗിക കിറ്റുകൾ മുൻകൂട്ടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍ എന്നിവയടക്കം നടപടികളാണ് ചര്‍ച്ചയായത്.  കായിക ഇനം തിരിച്ച് പ്രകടന അവലോകനങ്ങൾ, ടീമിനെ നേരത്തെ അന്തിമമാക്കൽ, മെഡിക്കൽ-റിക്കവറി ടീമുകൾ ഉൾപ്പെടെ പിന്തുണാ ഉദ്യോഗസ്ഥരുടെ  വർധന എന്നിവയുടെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.

ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഒരുക്കങ്ങളില്‍ ഇന്ത്യ നിർണായക ഘട്ടത്തിലേക്ക്  പ്രവേശിക്കുന്ന  സാഹചര്യത്തില്‍ ടീമിന്റെ വലിപ്പം, യാത്രാ സൗകര്യങ്ങൾ, പ്രവർത്തന സജ്ജത എന്നിവയെക്കുറിച്ച് അന്തിമ ചർച്ചകൾക്കായി സമിതിയുടെ അടുത്ത യോഗം മാർച്ച് 20-ന് ചേരും.
 
***** 
 

( റിലീസ് ഐ.ഡി: 2235570) സന്ദര്‍ശക കൗണ്ടര്‍ : 96