പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യത്തെ നമോ ഭാരത് ആർആർടിഎസ് ഉദ്ഘാടനം ചെയ്യുകയും ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

ഉത്തർപ്രദേശും രാജ്യം മുഴുവനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണിന്ന്: പ്രധാനമന്ത്രി

മീററ്റ് മെട്രോ, നമോ ഭാരത് ട്രെയിൻ, പ്രാദേശിക ദ്രുത ഗതാഗത സംവിധാനതിന്റെ പുതിയ ഭാഗം എന്നിവയുടെ ഉദ്ഘാടനം ദശീയ തലസ്ഥാന മേഖലയിലെ ജനജീവിതം കൂടുതൽ ലളിതവും സുഗമവും സൗകര്യപ്രദവുമാക്കും: പ്രധാനമന്ത്രി

ഒരു പദ്ധതിയുടെ തറക്കല്ലിട്ടു കഴിഞ്ഞാൽ അത് പൂർത്തിയാക്കാൻ അഘോരാത്രം പ്രയത്നിക്കുന്നതാണ് ഞങ്ങളുടെ പ്രവർത്തന സംസ്കാരം, അതുകൊണ്ടാണ് ഇപ്പോൾ പദ്ധതികൾ മുമ്പത്തെപ്പോലെ പാതിവഴിയിൽ മുടങ്ങിക്കിടക്കാത്തത്: പ്രധാനമന്ത്രി

നമോ ഭാരതായാലും മെട്രോ സർവീസായാലും, രണ്ടിനും തറക്കല്ലിടാൻ എനിക്ക് അവസരം ലഭിച്ചു, ഇന്ന് അവ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യവും എനിക്ക് കൈവന്നിനിരിക്കുന്നു: പ്രധാനമന്ത്രി

രാജ്യത്ത് ആദ്യമായാണ് നമോ ഭാരതും മെട്രോ റെയിലും ഒരേ സ്റ്റേഷനിലും ഒരേ ട്രാക്കിലും സർവീസ് നടത്തുന്നത്: പ്രധാനമന്ത്രി

ഒരേ പ്ലാറ്റ്‌ഫോമിൽ നിന്ന് നഗരത്തിനുള്ളിൽ യാത്ര ചെയ്യാനും അതേ സ്റ്റേഷനിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യാനും സാധിക്കും: പ്രധാനമന്ത്രി

ലോകത്തിലെ പല വികസിത രാജ്യങ്ങളും ഇന്ന് ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുന്നു: പ്രധാനമന്ത്രി

വികസിത രാജ്യങ്ങൾ ഇന്ത്യയുമായി പങ്കാളികളാകാൻ ആഗ്രഹിക്കുകയാണിന്ന്. ഇന്ത്യയുടെ വികസനത്തിൽ അവർ സ്വന്തം ഭാവി കാണുകയും  ഇന്ത്യയുടെ യുവശക്തിയിൽ അവർ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ കഴിയുന്ന ശക്തിയാണ് ഇന്ത്യയെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു: പ്രധാനമന്ത്രി

മീററ്റ്-ഹാപൂർ മേഖലയും പരിസര പ്രദേശങ്ങളും തുടക്കം മുതലേ ചൗധരി ചരൺ സിംഗ് ജിയുടെ ദർശനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചൗധരി ചരൺ സിംഗ് ജിക്ക് ഭാരതരത്ന നൽകി ആദരിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഗവണ്മെന്റിന്റെ ഭാഗ്യമാണ്: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 FEB 2026 4:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മീററ്റിൽ നമോ ഭാരത് റാപ്പിഡ് റെയിലും മീററ്റ് മെട്രോ പാതയും ഉദ്ഘാടനം ചെയ്തു. പദ്ധതിയെ 'വികസിത് ഉത്തർപ്രദേശിനും' 'വികസിത ഭാരതത്തിനും' വേണ്ടിയുള്ള കരുത്തിന്റെ പുതിയ കുതിച്ചുചാട്ടമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരേ ദിവസം ഒരേ പ്ലാറ്റ്‌ഫോമിൽ നിന്ന് റാപ്പിഡ് റെയിൽ, മെട്രോ സേവനങ്ങൾ ഒന്നിച്ചാരംഭിക്കുന്നത്.

വികസിത ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങൾ എങ്ങനെയുള്ളതായിരിക്കുമെന്നതിന്റെ മഹത്തായ ദൃഷ്ടാന്തമാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സംയോജിത സംവിധാനത്തിൽ നഗരത്തിനുള്ളിലെ യാത്രയ്ക്കായി മെട്രോയും, 'ഇരട്ട നഗരങ്ങൾ' എന്ന കാഴ്ചപ്പാട് ത്വരിതപ്പെടുത്താൻ നമോ ഭാരത് ട്രെയിനുകളും ഉപയോഗിക്കുന്നു. ഡബിൾ എൻജിൻ ഗവണ്മെന്റിന്റെ പ്രവർത്തന സംസ്കാരം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതികൾ ഇനി പഴയതുപോലെ പാതിവഴിയിൽ തടസ്സപ്പെടില്ലെന്ന് വ്യക്തമാക്കി. ഏത് പദ്ധതിക്കാണോ തറക്കല്ലിടുന്നത് അത് തന്റെ ഗവണ്മെന്റ് തന്നെ പൂർത്തിയാക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ രണ്ട് സേവനങ്ങളുടെയും തറക്കല്ലിടലിനും ഉദ്ഘാടനത്തിനും നേരിട്ട് നേതൃത്വം നൽകാൻ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സന്ദർശന വേളയിൽ പ്രധാനമന്ത്രി മീററ്റ് മെട്രോയിൽ യാത്ര ചെയ്യുകയും വിദ്യാർത്ഥികളുമായും യാത്രക്കാരുമായും സംവദിക്കുകയും ചെയ്തു. ട്രെയിൻ ഓപ്പറേറ്റർമാരിലും സ്റ്റേഷൻ കൺട്രോൾ ജീവനക്കാരിലും ഭൂരിഭാഗവും സ്ത്രീകളാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഈ പദ്ധതിയെ 'നാരീശക്തി'യുടെ പ്രതീകമായി വിശേഷിപ്പിച്ചു. രാജ്യത്തെ ആദ്യ നമോ ഭാരത് റാപ്പിഡ് റെയിൽ സേവനത്തിന് അദ്ദേഹം ഉത്തർപ്രദേശിലെ ജനങ്ങളെ അഭിനന്ദിച്ചു.

മീററ്റുമായുള്ള തന്റെ പ്രത്യേക ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, 2014, 2019, 2024 വർഷങ്ങളിലെ തന്റെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചത് ഈ വിപ്ലവ മണ്ണിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടി. മേഖലയിലെ കർഷകർ, കരകൗശല തൊഴിലാളികൾ, സംരംഭകർ എന്നിവരുടെ നിരന്തരമായ അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. "2014-ന് മുമ്പ് മെട്രോ സേവനങ്ങൾ 5 നഗരങ്ങളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ മെട്രോ 25-ലധികം നഗരങ്ങളിൽ സർവീസ് നടത്തുന്നു, ഇത് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ ശൃംഖലയാക്കി മാറ്റി," ശ്രീ മോദി പറഞ്ഞു. "സരായ് കാലെ ഖാൻ, ആനന്ദ് വിഹാർ, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ റെയിൽവേ, മെട്രോ, ബസ് സ്റ്റാൻഡുകൾ എന്നിവയെ സംയോജിപ്പിച്ചു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ഇന്ത്യയിൽ ആദ്യമായാണ് നമോ ഭാരതും മെട്രോ റെയിലും ഒരേ ട്രാക്കിലും ഒരേ സ്റ്റേഷനിലും ഓടുന്നത്," ശ്രീ മോദി എടുത്തുപറഞ്ഞു. ഈ സംയോജനം നഗരത്തിനുള്ളിലേയ്‌ക്കോ നേരിട്ട് ഡൽഹിയിലേക്കോ ഉള്ള യാത്ര സാധ്യമാക്കിത്തീർക്കുന്നുവെന്നും, ഇത് ഡൽഹിയിൽ വാടക വീടുകളിൽ താമസിക്കാൻ നിർബന്ധിതരായിട്ടുള്ള തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ട് പരിഹരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

"അതിവേഗ പാതകൾ, ചരക്ക് ഇടനാഴികൾ, ജെവാർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെയുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങളിലെ ഗവണ്മെന്റിന്റെ നിക്ഷേപം വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം പദ്ധതികൾ ഈ മേഖലയിലേക്ക് പുതിയ വ്യവസായങ്ങളെയും ബിസിനസ്സുകളെയും ആകർഷിക്കുന്നു," പ്രധാനമന്ത്രി പ്രസ്താവിച്ചു.

ഉത്തർപ്രദേശിനെ അധ്വാനത്തിന്റെയും സൃഷ്ടിയുടെയും നാട് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ കർഷകരും കരകൗശല തൊഴിലാളികളും പൈതൃകത്തിന്റെയും വികസനത്തിന്റെയും മന്ത്രം വിജയകരമായി സാക്ഷാത്കരിക്കുകയാണെന്ന് പറഞ്ഞു. ആഗോള തലത്തിൽ  ഇന്ത്യയുടെ ശക്തി വളരുന്നതിനനുസരിച്ച്, രാജ്യത്തെ യുവശക്തി പ്രയോജനപ്പെടുത്താൻ വികസിത രാഷ്ട്രങ്ങൾ വ്യാപാര കരാറുകളിൽ ഒപ്പിടാൻ താല്പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി."ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികൾ പരിഹരിക്കാൻ ശേഷിയുള്ള ഒരു ശക്തികേന്ദ്രമായി ഇന്ന് ലോകം ഇന്ത്യയെ കാണുകയും ഇതിന്റെ ഗുണം നേരിട്ട് ഉത്തർപ്രദേശിലെ പൗരന്മാർക്ക് ലഭിക്കുകയും ചെയ്യുന്നു," ശ്രീ മോദി അഭിപ്രായപ്പെട്ടു.

എം.എസ്.എം.ഇ മേഖലയെ അഭിസംബോധന ചെയ്തുകൊണ്ട്, ഈ വർഷത്തെ കേന്ദ്ര ബജറ്റിലെ 10,000 കോടി രൂപയുടെ പ്രത്യേക ഫണ്ടിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് ചെറുകിട ഇടത്തരം സംരംഭകർക്ക് വായ്പകൾ എളുപ്പമാക്കും. നെയ്ത്തുകാർക്ക് ആഗോള വിപണിയിൽ എത്താൻ സഹായിക്കുന്ന മഹാത്മാഗാന്ധി ഗ്രാം സ്വരാജ് യോജനയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൊറിയർ വഴി സാധനങ്ങൾ അയക്കുന്നതിനുള്ള 10 ലക്ഷം രൂപയുടെ പരിധി നീക്കം ചെയ്തു. ഇത് മീററ്റിലെയും ഉത്തർപ്രദേശിലുടനീളമുള്ള ചെറുകിട സംരംഭകർക്കും ഓൺലൈൻ ആപ്പുകൾ വഴി അമേരിക്കയിലെയും യൂറോപ്പിലെയും ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കാൻ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

“ചൗധരി ചരൺ സിംഗ് ജിയുടെ ദർശനങ്ങളെ ആദരിക്കുന്നതിനായി ഗവണ്മെന്റ് അദ്ദേഹത്തിന് ഭാരതരത്ന നൽകി. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഭക്ഷ്യ സംസ്കരണത്തിലൂടെയും പിഎം കിസാൻ സമ്മാൻ നിധിയിലൂടെയും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ഡബിൾ എൻജിൻ ഗവണ്മെന്റ് പ്രവർത്തിക്കുന്നു. ഈ പദ്ധതി പ്രകാരം ഉത്തർപ്രദേശിലെ കർഷകർക്ക് ഇതിനോടകം ഏകദേശം 95,000 കോടി രൂപ നൽകിക്കഴിഞ്ഞു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

കലാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാലഘട്ടത്തിൽ നിന്ന് ബ്രഹ്മോസ്, മൊബൈൽ നിർമ്മാണം, ടൂറിസം എന്നിവയിലൂടെയുള്ള ഇന്നത്തെ അംഗീകാരത്തിലേക്കുള്ള മാറ്റം ചൂണ്ടിക്കാട്ടിക്കൊണ്ട്, ഉത്തർപ്രദേശിന്റെ വികസനം പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ന് കുറ്റവാളികൾ ജയിലിലാണെന്നും പെൺമക്കളുടെ അന്തസ്സ് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും മെച്ചപ്പെട്ട ക്രമസമാധാന നില വലിയ സാമ്പത്തിക കുതിച്ചുചാട്ടത്തിനും നിർമ്മാണ മേഖലയിലെ വളർച്ചയ്ക്കും കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

“ഉത്തർപ്രദേശ് ഒരു നിർമ്മാണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്, അടുത്തിടെ സംസ്ഥാനത്തെ ആദ്യത്തെ സെമികണ്ടക്ടർ ഫാക്ടറിയ്ക്ക് തറക്കല്ലിടുകയുണ്ടായി. വികസിത ഭാരതത്തിന് വികസിത ഉത്തർപ്രദേശ് അത്യന്താപേക്ഷിതമാണ്,” പ്രധാനമന്ത്രി ഉപസംഹരിച്ചു.

NK

****


( റിലീസ് ഐ.ഡി: 2231543) സന്ദര്‍ശക കൗണ്ടര്‍ : 8