പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ന്റെ ഭാഗമായി സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് ആദരണീയ ഗൈ പാർമെലിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
19 FEB 2026 6:29PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ന്റെ ഭാഗമായി ഫെബ്രുവരി 19-20 തീയതികളിൽ സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് ഇന്ത്യയിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നു.
കൂടിക്കാഴ്ചയിൽ ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള സൗഹൃദപരവും ബഹുമുഖവുമായ ബന്ധം ഇരുനേതാക്കളും ആവർത്തിച്ചുറപ്പിച്ചു. വ്യാപാരം, നിക്ഷേപം, ശാസ്ത്ര-സാങ്കേതിക വിദ്യ, നൂതനാശയങ്ങൾ, നൈപുണ്യ വികസനം, സാംസ്കാരിക വിനിമയങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ സമഗ്ര മേഖലകളും നേതാക്കൾ അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അവർ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. സ്വിറ്റ്സർലൻഡ് പ്രധാന അംഗമായ യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടന (EFTA) ഇന്ത്യയുമായി അടുത്തിടെ ഒപ്പുവെച്ച ചരിത്രപരമായ ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (TEPA) നടപ്പിലാക്കലിൽ ഉണ്ടായ അനുകൂല മാറ്റങ്ങൾ അവർ എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര-നിക്ഷേപ പ്രവാഹം ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് ഈ കരാറിന് വൻ സാധ്യതകളാണുള്ളത്.
നൂതനാശയങ്ങൾ അടിസ്ഥാനമാക്കിയുള്ള വളർച്ച, സംയുക്ത ഗവേഷണം, മികച്ച മാതൃകകൾ പങ്കുവെക്കൽ, പരിശീലനത്തിലൂടെയും നൈപുണ്യ വികസന പരിപാടികളിലൂടെയുമുള്ള ശേഷി വികസനം എന്നിവയിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുപക്ഷവും സമ്മതിച്ചു. ഇന്ത്യ-സ്വിറ്റ്സർലൻഡ് പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന പങ്കിട്ട കാഴ്ചപ്പാടോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
യുഎഇയ്ക്ക് ശേഷം AI ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള സ്വിറ്റ്സർലൻഡിന്റെ ശ്രമത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
-NK-
( റിലീസ് ഐ.ഡി: 2230410)
സന്ദര്‍ശക കൗണ്ടര്‍ : 9