ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

AI-യുടെ പരിവർത്തനാത്മക കാലഘട്ടം: ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി 2026 ൽ പങ്കെടുക്കുന്ന ലോക നേതാക്കളും മുൻനിര ടെക് കമ്പനി മേധാവിമാരും ഉത്തരവാദിത്ത പൂർണ്ണമായ എഐ നൂതനാശയങ്ങൾക്ക് പിന്തുണ അറിയിച്ചു

പോസ്റ്റഡ് ഓണ്‍: 19 FEB 2026 3:00PM by PIB Thiruvananthpuram

ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി  2026 ൽ ലോക നേതാക്കളുടെയും പ്രമുഖ ടെക് കമ്പനി മേധാവിമാരുടെയും ആഗോള സംഗമം നടന്നു. ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയുടെ ഉന്നത തല ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചാണ്  സംഗമം നടന്നത്. ചടങ്ങ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.  ഉത്തരവാദിത്ത പൂർണ്ണമായ എഐ നൂതനാശയങ്ങൾ, ശാസ്ത്ര പുരോഗതി,  നിർമ്മിത ബുദ്ധിയുടെ ഭാവി രൂപപ്പെടുത്തുന്നതിലെ അന്താരാഷ്ട്ര സഹകരണം എന്നിവയടക്കമുള്ള ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ ഈ ഉദ്ഘാടനച്ചടങ്ങിൽ വ്യക്തമാക്കപ്പെട്ടു.

ജനാധിപത്യവത്ക്കരണം, വ്യാപ്തി, പരമാധികാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്  ഇന്ത്യയുടെ AI തന്ത്രമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ആപ്ലിക്കേഷനുകൾ, മോഡലുകൾ, കമ്പ്യൂട്ടിംഗ് ശേഷി, പ്രതിഭ, ഊർജ്ജം എന്നീ എഐ സ്റ്റാക്കിൻ്റെ അഞ്ച് തലങ്ങളടങ്ങിയ സമഗ്ര സമീപനം അദ്ദേഹം വിശദീകരിച്ചു.  ആരോഗ്യസംരക്ഷണം, കൃഷി, വിദ്യാഭ്യാസം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇവയെ പ്രയോഗികവത്ക്കരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭാവിയുടെ അടിസ്ഥാന അടിസ്ഥാന സൗകര്യം എന്നാണ് ടാറ്റ സൺസിൻ്റെ  ചെയർമാൻ എൻ. ചന്ദ്രശേഖരൻ എഐയെ വിശേഷിപ്പിച്ചത്. നീരാവി എഞ്ചിനുകൾ, വൈദ്യുതി, ഇൻ്റർനെറ്റ് എന്നിവയോട് താരതമ്യപ്പെടുത്താവുന്ന പരിവർത്തന സാധ്യതകൾ  "ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങൾ" എന്ന് വിശേഷിപ്പിക്കാവുന്ന  എഐയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലെ നേട്ടങ്ങൾ അദ്ദേഹം ഊന്നിപ്പറയുകയും, ചിപ്പുകളും സിസ്റ്റങ്ങളും മുതൽ ഊർജവും അപ്ലിക്കേഷനുകളും വരെ മുഴുവൻ സ്റ്റാക്കും ഉൾക്കൊള്ളുന്ന രീതിയിൽ നിർമ്മിക്കപ്പെടുന്ന തന്ത്രപ്രധാന ദേശീയ ശേഷിയാണ് എഐ എന്ന് വിശദീകരിക്കുകയും ചെയ്തു.

2023-ൽ ബ്ലെച്ച്‌ലി പാർക്കിൽ നടന്ന പ്രഥമ ആഗോള AI സുരക്ഷാ ഉച്ചകോടിക്ക് ശേഷമുള്ള AI മുന്നേറ്റത്തിൻ്റെ  അസാധാരണമായ വേഗതയെക്കുറിച്ച് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി വിശദീകരിച്ചു, കഴിഞ്ഞ രണ്ടര വർഷത്തെ പുരോഗതി "അമ്പരപ്പിക്കുന്നതാണ്" എന്ന് അദ്ദേഹം വാദിച്ചു. ഏകദേശം ഒരു ദശാബ്ദക്കാലമായി AI ബഹുഗുണീകൃതമായി മുന്നേറുന്നുണ്ടെന്നും അധികം വൈകാതെ  പല മേഖലകളിലും മനുഷ്യരുടെ ബൗദ്ധിക ശേഷിയെ മറികടക്കാൻ കഴിവുള്ള സംവിധാനങ്ങളിലേക്ക് അത് എത്തിച്ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


  “ഒരു ജീവിതകാലത്തിലെ ഏറ്റവും വലിയ പ്ലാറ്റ് ഫോം പരിവർത്തനം” എന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തൻ്റെ പ്രസംഗത്തിൽ എഐയെ വിശേഷിപ്പിച്ചത്. ശാസ്ത്രീയ കണ്ടെത്തലുകൾ വേഗത്തിലാക്കാനുള്ള അതിൻ്റെ  ശേഷി അദ്ദേഹം ഊന്നിപ്പറഞ്ഞു. അദ്ദേഹം പറഞ്ഞു: “എഐ ഒരു ജീവിതകാലത്തിലെ ഏറ്റവും വലിയ പ്ലാറ്റ് ഫോം പരിവർത്തനമാണ്. അതിവേഗ പുരോഗതിയുടെയും പുതിയ കണ്ടെത്തലുകളുടെയും സമീപത്താണ് നാം.  ഉയർന്നുവരുന്ന സാമ്പത്തിക വ്യവസ്ഥകൾക്ക് പഴയ കുറവുകൾ മറികടക്കാൻ സഹായിക്കും. എന്നാൽ ആ ഫലം സ്വാഭാവികമായുണ്ടാകുന്നതോ ഉറപ്പുള്ളതോ അല്ല. അക്ഷരാർത്ഥത്തിൽ, എല്ലാവർക്കും സഹായകരമായ എഐ നിർമ്മിക്കാൻ, നാം ധൈര്യപൂർവ്വം മുന്നോട്ട് പോകുകയും, ഉത്തരവാദിത്വത്തോടെ സമീപിക്കുകയും, ഈ നിർണായക ഘട്ടത്തിൽ ഒരുമിച്ച് പ്രവർത്തിക്കുകയും വേണം. ഡിജിറ്റൽ വിഭജനത്തെ ഒരു എഐ വിഭജനമായി മാറാൻ അനുവദിക്കരുത്.”

ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ ആദ്യ AI ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ സ്വാഗതം ചെയ്ത ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, നിർമ്മിതബുദ്ധിയുടെ ഭാവി ഒരു ചെറിയ കൂട്ടം രാജ്യങ്ങളോ സ്വകാര്യ താത്പര്യങ്ങളോ നിർണ്ണയിക്കരുതെന്ന് നിർദ്ദേശിച്ചു. യുഎൻ പൊതു സഭ സ്വീകരിച്ച രണ്ട് പ്രധാന നടപടികൾ അദ്ദേഹം ഉയർത്തിക്കാട്ടി: 40 ആഗോള വിദഗ്ധരെ ഉൾപ്പെടുത്തി AI-യിൽ ഒരു സ്വതന്ത്ര അന്താരാഷ്ട്ര ശാസ്ത്ര പാനലിൻ്റെ  സൃഷ്ടി, എല്ലാവരെയും ഉൾക്കൊള്ളുന്ന, ബഹുസ്വര പങ്കാളിത്തം ഉറപ്പാക്കുന്നതിനായി AI ഗവേണൻസിനെക്കുറിച്ചുള്ള ആഗോള സംഭാഷണം എന്നിവ ആരംഭിച്ചു. മനുഷ്യരുടെ നിയന്ത്രണവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു, "AI-യുടെ ഭാവി ഒരുപിടി രാജ്യങ്ങൾക്ക് തീരുമാനിക്കാനോ ഏതാനും ശതകോടീശ്വരന്മാരുടെ ഇഷ്ടത്തിന് വിടാനോ കഴിയില്ല. മാനുഷിക നിയന്ത്രണം, മേൽനോട്ടം, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്ന സംരക്ഷണ മാർഗങ്ങൾ നമുക്ക് ആവശ്യമാണ്. AI എല്ലാവർക്കും പ്രാപ്യമായിരിക്കണം. അതുകൊണ്ടാണ് വികസ്വര രാജ്യങ്ങളിൽ അടിസ്ഥാന ശേഷി വർദ്ധിപ്പിക്കുന്നതിന് ഒരു  AI-  ആഗോള ഫണ്ട് ഞാൻ ആവശ്യപ്പെടുന്നത്. യഥാർത്ഥ സ്വാധീനം  എന്നാൽ ജീവിതത്തെ മെച്ചപ്പെടുത്തുകയും ഗ്രഹത്തെ സംരക്ഷിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ്, അതിനാൽ അന്തസ്സ് നിലനിർത്തിക്കൊണ്ട് തന്നെ എല്ലാവർക്കും വേണ്ടി AI നിർമ്മിക്കാം".


മുഖ്യപ്രഭാഷണം നടത്തിയ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, സാങ്കേതിക മത്സരം ത്വരിതപ്പെടുന്ന ഒരു കാലഘട്ടത്തിൽ പരമാധികാരയുക്തവും, സ്വതന്ത്രവും, സഹകരണാത്മകവുമായ AI വികസനത്തിൻ്റെ  പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വിപ്ലവത്തിനും നിലവിലെ AI പരിവർത്തനത്തിനും ഇടയിൽ സമാനതകൾ വരച്ചുകാട്ടിക്കൊണ്ട്, ഭൗമരാഷ്ട്രീയം, സാമ്പത്തിക ശക്തി, ആഗോള സന്തുലിതാവസ്ഥ എന്നിവ രൂപപ്പെടുത്തുന്ന തന്ത്രപരമായ മേഖലയായി AI-യെ അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയും യൂറോപ്പും സ്വീകരിച്ച പരസ്പര പൂരക പാതകൽ ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, "ഏറ്റവും മികച്ച AI ഏറ്റവും ചെലവേറിയതല്ല. ശരിയായ ഉദ്ദേശ്യത്തിനായി മികച്ച ആളുകൾ നിർമ്മിച്ചതാണ് അത്. നൂതനാശയങ്ങളും ഉത്തരവാദിത്തവും, സാങ്കേതികവിദ്യയും മാനവികതയും സംയോജിപ്പിക്കുന്നവരായിരിക്കും AI-യുടെ ഭാവി നിർമ്മിക്കുക. വിദേശ കമ്പനികളുടെ മോഡലുകൾ വിൽക്കപ്പെടുകയും പൗരന്മാരുടെ ഡാറ്റ ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന ഒരു വിപണിയായി മാത്രം ഒരു രാജ്യവും പ്രവർത്തിക്കാൻ ബാധ്യസ്ഥരല്ല. നൂതനാശയങ്ങൾക്കും സ്വാതന്ത്ര്യത്തിനും തന്ത്രപരമായ സ്വയംഭരണത്തിനും പ്രാധാന്യമുണ്ട്, ഇന്ത്യയും ഫ്രാൻസും സംയുക്തമാക്കി ഈ ഭാവി രൂപപ്പെടുത്താൻ സഹായിക്കും."

ആഗോള നേതാക്കൾ, ബഹുരാഷ്ട്ര സ്ഥാപനങ്ങൾ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ ഉദ്ഘാടന സെഷനിലെ പങ്കാളിത്തം, പരസ്പര ബന്ധിതവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതുമായ ലോകത്ത് നിർമ്മിത ബുദ്ധിയുടെ പാത രൂപപ്പെടുത്തുന്നതിനുള്ള ഒരു നിർണായക വേദി എന്ന നിലയിൽ ഉച്ചകോടിയുടെ പ്രാധാന്യം അടിവരയിടുന്നു.

***

( റിലീസ് ഐ.ഡി: 2230325) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Gujarati , English , Urdu , हिन्दी , Marathi , Telugu , Kannada