പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന

പോസ്റ്റഡ് ഓണ്‍: 17 FEB 2026 11:08PM by PIB Thiruvananthpuram

ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി  2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.

ഈ അവസരത്തിൽ, വരും ദശകങ്ങളിലെ ഉഭയകക്ഷി സഹകരണത്തിന് വഴികാട്ടിയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഒരു "പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്" ഉയർത്താൻ ഇരു നേതാക്കളും സമ്മതിച്ചു. ഇന്ത്യ-ഫ്രാൻസ് ബന്ധത്തെക്കുറിച്ച് ഇരു നേതാക്കളും പങ്കുവെക്കുന്ന വർദ്ധിച്ചുവരുന്ന അഭിലാഷങ്ങളെയും കാഴ്ചപ്പാടിനെയുമാണ് ഈ ബന്ധം പുതുക്കൽ പ്രതിഫലിപ്പിക്കുന്നത്. ഇത് ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിൽ അഭിവൃദ്ധിയും കരുത്തും കെട്ടിപ്പടുക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും മാത്രമല്ല, വർദ്ധിച്ചുവരുന്ന അനിശ്ചിതത്വങ്ങൾ നിറഞ്ഞ ആഗോള സാഹചര്യത്തിലെ വെല്ലുവിളികളെ കൂട്ടായി നേരിടുന്നതിനും അങ്ങനെ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു സുസ്ഥിര അന്താരാഷ്ട്ര ക്രമം കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്ന ഒരു ആഗോള ശക്തിയായി പ്രവർത്തിക്കും. തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 25-ാം വാർഷികം ഇരു രാജ്യങ്ങളും 2023-ൽ ആഘോഷിച്ചിരുന്നു. ആ സന്ദർഭത്തിലാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ശതാബ്ദിയും, തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 50-ാം വർഷവുമായ 2047 വരെയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഗതി നിശ്ചയിക്കുന്നതിനായി ഇരു നേതാക്കളും ചേർന്ന് 'ഹൊറൈസൺ 2047 റോഡ്മാപ്പ്' അംഗീകരിച്ചു. ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും പ്രത്യേകിച്ച് സാമ്പത്തിക സുരക്ഷ, ആഗോള പ്രശ്നങ്ങൾ, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നീ മേഖലകളിൽ പരിഷ്കരിച്ച പങ്കാളിത്തത്തിന്റെയും ഹൊറൈസൺ 2047-ന്റെയും നടത്തിപ്പ് പതിവായി അവലോകനം ചെയ്യുന്നതിനായി ഇരുവരും വാർഷിക വിദേശകാര്യ മന്ത്രിതല സമഗ്ര സംവാദം സ്ഥാപിച്ചു.

പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത രൂപകൽപ്പന, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ-സുരക്ഷാ മേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദീർഘകാല സഹകരണം കൂടുതൽ ആഴത്തിലുള്ളതായി മാറിയിരിക്കുന്നു. ഇന്ന് ലോകത്ത് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളികളിലൊന്നായി ഫ്രാൻസ് ഉയർന്നുവന്നിട്ടുണ്ട്. സിവിൽ ന്യൂക്ലിയർ ഊർജ്ജ മേഖലയിൽ വലിയ ശേഷിയുള്ള ആണവനിലയങ്ങളെക്കുറിച്ചും സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMR), അഡ്വാൻസ്ഡ് മോഡുലാർ റിയാക്ടറുകൾ (AMR) തുടങ്ങിയ പുതിയ മേഖലകളെക്കുറിച്ചുമുള്ള ഫലപ്രദമായ ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും സഹകരണം വർദ്ധിപ്പിച്ചു. സംയുക്ത ഉപഗ്രഹ വികസനം, ലോഞ്ചറുകൾ, ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമുകൾ എന്നിവയുൾപ്പെടെ ബഹിരാകാശ മേഖലയിലും ഇരുരാജ്യങ്ങൾക്കും ദീർഘകാലത്തെ സഹകരണ പാരമ്പര്യമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നവീകരണം, ഗവേഷണം, സാങ്കേതികവിദ്യ, ഡിജിറ്റൽ-സൈബർ ഇടം, ആരോഗ്യം, സംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസ ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള വിനിമയം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം വിപുലീകരിക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയും, വിശ്വസനീയവും കരുത്തുറ്റതുമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും സഹകരിക്കുകയും ചെയ്യുന്നു. 'പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം' സ്ഥാപിക്കുന്നതിലൂടെ, 'ഇന്ത്യ-ഫ്രാൻസ് ഹൊറൈസൺ 2047 റോഡ്മാപ്പിന്റെ' മാർഗ്ഗനിർദ്ദേശത്തിൽ ഉഭയകക്ഷി, പ്രാദേശിക, ആഗോള തലങ്ങളിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനും ഏകോപനത്തിനും ഇന്ത്യയും  ഫ്രാൻസും പ്രതിജ്ഞാബദ്ധമാണ്.

ശാസ്ത്രീയ അറിവ്, ഗവേഷണം, നൂതനാശയം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും ഈ മേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദീർഘകാലവും സുസ്ഥിരവുമായ ബന്ധം കണക്കിലെടുത്തും ഇരു നേതാക്കളും ചേർന്ന് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്തു. നവീകരണം, ശാസ്ത്ര-സാങ്കേതിക വിദ്യ, സൈബർ ഇടം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം, സുസ്ഥിര വികസനം, സാംസ്കാരിക-സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ, ഗവേഷണ-വിദ്യാഭ്യാസ മേഖലകൾ എന്നിങ്ങനെ വിവിധ മേഖലകളിലായി വലിയ സ്വാധീനം ചെലുത്തുന്ന ഒട്ടേറെ സംയുക്ത പദ്ധതികൾ ഈ വർഷം ഇന്ത്യയിലും ഫ്രാൻസിലുമായി നടപ്പിലാക്കും. നിലവിലുള്ള സഹകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ ഏജൻസികൾ, വ്യവസായ മേഖലകൾ എന്നിവയ്ക്കിടയിൽ പുതിയ പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിനും ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. കൂടുതൽ സ്മാർട്ടും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള പരിഹാരങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിൽ ഇന്ത്യയ്ക്കും ഫ്രാൻസിനുമുള്ള പങ്കാളിത്തവും പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമാകുന്നത്.

ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് മാക്രോൺ അഭിനന്ദിച്ചു. ഈ ഉച്ചകോടി AI-യുടെ അപകടസാധ്യതകളെ അഭിസംബോധന ചെയ്യുന്നതോടൊപ്പം തന്നെ അത് വാഗ്ദാനം ചെയ്യുന്ന അവസരങ്ങളെയും ഉയർത്തിക്കാട്ടി. 2025 ഫെബ്രുവരിയിൽ പാരീസിൽ വെച്ച് ഫ്രാൻസ് ആതിഥേയത്വം വഹിക്കുകയും പ്രസിഡന്റ് മാക്രോണും പ്രധാനമന്ത്രി മോദിയും സംയുക്തമായി അധ്യക്ഷത വഹിക്കുകയും ചെയ്ത 'AI ആക്ഷൻ ഉച്ചകോടിയിലെ' പുരോഗതിയെ മുൻനിർത്തിയാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ഇന്ത്യ-ഫ്രാൻസ് പ്രഖ്യാപനം അനുസ്മരിച്ചുകൊണ്ട്, ജനങ്ങൾക്കും പൊതുതാൽപ്പര്യത്തിനും ഭൂമിക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന സുരക്ഷിതവും വിശ്വസനീയവുമായ ഒരു AI-ക്കായി ഇരു നേതാക്കളും തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചു. സുതാര്യതയിലൂടെ AI വിഭവങ്ങളെ ജനാധിപത്യവൽക്കരിക്കേണ്ടതിന്റെയും ആഗോളതലത്തിൽ നിലനിൽക്കുന്ന 'AI വിടവ്' നികത്തേണ്ടതിന്റെയും പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു പറഞ്ഞു. 'റെസിലിയൻസ്, ഇന്നൊവേഷൻ ആൻഡ് എഫിഷ്യൻസി' സംബന്ധിച്ച വർക്കിംഗ് ഗ്രൂപ്പിന്റെ കോ-ചെയർ എന്ന നിലയിൽ ഫ്രാൻസും ഇതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി.

2026-ൽ ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ആഗോള മാക്രോ ഇക്കണോമിക് അസന്തുലിതാവസ്ഥ പരിഹരിക്കുക, അന്താരാഷ്ട്ര പങ്കാളിത്തത്തിനും ഐക്യദാർഢ്യത്തിനുമായി പുതിയ മാതൃകകൾ രൂപപ്പെടുത്തുക തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഉച്ചകോടിക്ക് മുന്നോടിയായുള്ള ചർച്ചകളിലും തയ്യാറെടുപ്പുകളിലും സജീവമായി പങ്കെടുക്കാൻ അദ്ദേഹം ഇന്ത്യയെ ക്ഷണിച്ചു.ഈ ക്ഷണത്തെ പ്രധാനമന്ത്രി മോദി ഊഷ്മളമായി സ്വാഗതം ചെയ്തു. ജി7-മായുള്ള ഇന്ത്യയുടെ ദീർഘകാല പങ്കാളിത്തവും ആഗോള സാമ്പത്തിക അസന്തുലിതാവസ്ഥ, വികസന ധനസഹായം, അന്താരാഷ്ട്ര പങ്കാളിത്തം, സാമ്പത്തിക സുരക്ഷ, കരുത്തുറ്റ വിതരണ ശൃംഖലകൾ, കാലാവസ്ഥാ സംരക്ഷണം, അന്താരാഷ്ട്ര സുരക്ഷ എന്നീ വിഷയങ്ങളിലെ ആഗോള ചർച്ചകളിൽ നിർമ്മാണാത്മകമായ സംഭാവനകൾ നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തം ആഗോള വെല്ലുവിളികളെ നേരിടുന്നതിനും കൂടുതൽ സമതുലിതവും ഉൾക്കൊള്ളുന്നതും കരുത്തുറ്റതുമായ ഒരു അന്താരാഷ്ട്ര ക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കൂട്ടായ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരു നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗോള വെല്ലുവിളികൾ, പ്രത്യേകിച്ച് മാക്രോ ഇക്കണോമിക് പ്രശ്നങ്ങൾ സംയുക്തമായി പരിഹരിക്കുന്നതിന് കൂട്ടായ പരിശ്രമങ്ങൾ അത്യാവശ്യമാണെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

2026 മെയ് 11, 12 തീയതികളിൽ കെനിയയിലെ നെയ്‌റോബിയിൽ നടക്കുന്ന "ആഫ്രിക്ക ഫോർവേഡ്: നവീകരണത്തിനും വളർച്ചയ്ക്കുമായി ആഫ്രിക്കയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തം" എന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് റൂട്ടോയുമായി ചേർന്ന് നൽകിയ ക്ഷണം പ്രസിഡന്റ് മാക്രോൺ അനുസ്മരിച്ചു. ഫ്രാൻസുമായും ആഫ്രിക്കൻ രാജ്യങ്ങളുമായും ഇന്ത്യക്കുള്ള ദീർഘകാലവും സൗഹൃദപരവുമായ ബന്ധം കണക്കിലെടുത്ത്, ഈ ക്ഷണത്തിന് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി. ഊർജ്ജ പരിവർത്തനം , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യം, കൃഷി, ബ്ലൂ ഇക്കണോമി (സമുദ്ര സമ്പദ്‌വ്യവസ്ഥ) എന്നീ മേഖലകളിൽ പരസ്പര താൽപ്പര്യമുള്ള പിന്തുണ അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറവും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ക്രമം നിലനിർത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. ഈ ബന്ധം പുതുക്കുന്നത് ഭാവിയിലെ സുപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. ഇത് അവരുടെ പരമാധികാരവും തീരുമാനങ്ങൾ എടുക്കാനുള്ള സ്വയംഭരണാധികാരവുംവർദ്ധിപ്പിക്കുന്നതിനും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണത്തിലൂടെ ഉൾപ്പെടെ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെ സംയുക്തമായി നേരിടുന്നതിനും സഹായിക്കും.

നീതിയുക്തവും സമാധാനപരവുമായ ഒരു അന്താരാഷ്ട്ര ക്രമം നിലനിർത്തുന്നതിനും, അടിയന്തിരമായ ആഗോള വെല്ലുവിളികളെ നേരിടുന്നതിനും, സാങ്കേതികവും സാമ്പത്തികവുമായ മേഖലകളിലെ പുതിയ മാറ്റങ്ങൾക്കായി ലോകത്തെ സജ്ജമാക്കുന്നതിനും, പരിഷ്കരിച്ചതും ഫലപ്രദവുമായ ബഹുമുഖത്വം വേണമെന്ന തങ്ങളുടെ ആവശ്യം ഇരു നേതാക്കളും ആവർത്തിച്ചു.പ്രത്യേകിച്ചും, ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (UNSC) പരിഷ്കരിക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. സുരക്ഷാ കൗൺസിൽ കാര്യങ്ങൾ ഉൾപ്പെടെയുള്ള ബഹുമുഖ വേദികളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു. സുരക്ഷാ കൗൺസിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തർ ഗവൺമെൻറ് തല ചർച്ചകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ പ്രതിജ്ഞയെടുത്തു.ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനായുള്ള തങ്ങളുടെ ഉറച്ച പിന്തുണ ഫ്രാൻസ് വീണ്ടും അറിയിച്ചു. കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന സാഹചര്യങ്ങളിൽ വീറ്റോ അധികാരം ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ദീർഘകാലാടിസ്ഥാനത്തിലുള്ള ആഗോള വെല്ലുവിളികളെക്കുറിച്ചും നിലവിലെ അന്താരാഷ്ട്ര സംഭവവികാസങ്ങളെക്കുറിച്ചും അവർ വിപുലമായ ചർച്ചകൾ നടത്തുകയും സഹകരണം തീവ്രമാക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ പ്രാധാന്യത്തെ ഇരു നേതാക്കളും അടിവരയിട്ടു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ ഉച്ചകോടിയെ അവർ സ്വാഗതം ചെയ്തു; ഈ ഉച്ചകോടിയിലാണ് ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായത്. ഈ കരാർ ഇന്ത്യയും ഫ്രാൻസും യൂറോപ്പും തമ്മിലുള്ള കൂടുതൽ സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും, നമ്മുടെ ബിസിനസ്സുകളുടെ മത്സരശേഷി വർദ്ധിപ്പിക്കുകയും സുസ്ഥിരമായ അഭിവൃദ്ധിയുടെയും പ്രതിരോധശേഷിയുള്ള മൂല്യശൃംഖലകളുടെയും  ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്യും. സുരക്ഷാ-പ്രതിരോധ പങ്കാളിത്തം  പൂർത്തിയായതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇത് ഇന്ത്യയുടെയും യൂറോപ്യൻ യൂണിയൻ്റെയും തന്ത്രപരമായ സ്വയംഭരണാധികാരത്തിന്  കരുത്തുപകരും. കടൽ സുരക്ഷ, സൈബർ സുരക്ഷ, ഹൈബ്രിഡ് ഭീഷണികൾ, ബഹിരാകാശം, ഭീകരവാദ വിരുദ്ധ പ്രവർത്തനം തുടങ്ങിയ പൊതുവായ സുരക്ഷാ വെല്ലുവിളികളിൽ ആഴത്തിലുള്ള ചർച്ചകൾക്കും സഹകരണത്തിനും ഇത് ഒരു ചട്ടക്കൂട് ഒരുക്കും. കൂടാതെ, ഇരുപക്ഷത്തിനും പ്രയോജനകരമായ രീതിയിൽ പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.

യുക്രൈയ്നിലെ യുദ്ധം വരുത്തിവെക്കുന്ന അതിഭീമമായ മാനുഷിക ദുരിതങ്ങളിലും ആഗോള പ്രത്യാഘാതങ്ങളിലും ഇരു നേതാക്കളും തങ്ങളുടെ ആശങ്ക ആവർത്തിച്ചു. യുദ്ധം അവസാനിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അവർ, യുഎൻ ചാർട്ടറിൻ്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങൾക്കനുസൃതമായി (സ്വാതന്ത്ര്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയുൾപ്പെടെ) ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും യുക്രെയ്നിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൊണ്ടുവരുന്നതിനെ പിന്തുണച്ചു.

ഇറാനിലെയും ആ മേഖലയിലെയും ആശങ്കാജനകമായ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് ചർച്ചകൾക്കും നയതന്ത്രത്തിനുമുള്ള പ്രാധാന്യം അവർ അടിവരയിട്ടു.

ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ അംഗീകരിച്ച 2803-ാം പ്രമേയത്തിനും ന്യൂയോർക്ക് പ്രഖ്യാപനത്തിലെ തത്വങ്ങൾക്കും അനുസൃതമായി ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിനെ ഇരു നേതാക്കളും പിന്തുണച്ചു. ഈ പ്രമേയം പൂർണ്ണരൂപത്തിൽ നടപ്പിലാക്കാൻ എല്ലാ കക്ഷികളെയും അവർ പ്രോത്സാഹിപ്പിച്ചു. നീതിയുക്തവും സുസ്ഥിരവുമായ സമാധാനത്തിനായുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഇരുപക്ഷവും ആവർത്തിക്കുകയും, ഗാസ മുനമ്പിലുടനീളം വേഗത്തിലും സുരക്ഷിതമായും തടസ്സമില്ലാതെയും സഹായങ്ങൾ എത്തിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും 'ദ്വിരാഷ്ട്ര പരിഹാരം' നടപ്പിലാക്കുന്നതിലൂടെയുള്ള നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തിനായുള്ള ഇന്ത്യയുടെയും ഫ്രാൻസിൻ്റെയും പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.

I. സുരക്ഷയ്ക്കും പരമാധികാരത്തിനുമുള്ള പങ്കാളിത്തം

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദീർഘകാലമായുള്ളതും ആഴത്തിലുള്ളതുമായ പ്രതിരോധ സഹകരണം അനുസ്മരിച്ചുകൊണ്ട്, വായു, നാവിക, കരസേനാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും, പുതിയ ഇരട്ട-ഉപയോഗ സാങ്കേതികവിദ്യകളുടെയും  സംയുക്ത ഗവേഷണം, രൂപകല്പന, വികസനം, ഉൽപ്പാദനം എന്നിവ തീവ്രമാക്കാൻ പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് മാക്രോണും സമ്മതിച്ചു. 2024-ൽ അംഗീകരിച്ച പ്രതിരോധ വ്യവസായ റോഡ്മാപ്പിന് അനുസൃതമായാണിത്. ഈ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ തമ്മിലുള്ള വാർഷിക പ്രതിരോധ ചർച്ച നടത്തുന്നതിനെ അവർ സ്വാഗതം ചെയ്തു.2025 നവംബറിൽ ഡിജിഎയും (DGA) ഡിആർഡിഒയും (DRDO) തമ്മിൽ പ്രതിരോധ സാങ്കേതിക വിദ്യയിലെ സഹകരണത്തിനായി ഒപ്പുവെച്ച സാങ്കേതിക കരാറിനെ  ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇത് ഇരു ഏജൻസികൾക്കും ഇടയിലുള്ള ഗവേഷണ-വികസന പങ്കാളിത്തത്തിന് ഒരു വേദിയൊരുക്കും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉന്നത സാങ്കേതിക സഹകരണത്തിലുള്ള വിശ്വാസം കണക്കിലെടുത്ത്, ഒരു ജോയിൻ്റ് അഡ്വാൻസ്ഡ് ടെക്നോളജി ഡെവലപ്‌മെൻ്റ് ഗ്രൂപ്പ്  രൂപീകരിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. സൈനിക മേഖലയിൽ മുൻതൂക്കം നിലനിർത്തുന്നതിനും വിതരണ ശൃംഖലയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനും ആവശ്യമായ നിർണ്ണായക സാങ്കേതികവിദ്യകൾ സംയുക്തമായി വികസിപ്പിക്കാനുള്ള അവസരങ്ങൾ ഈ ഗ്രൂപ്പ് പരിശോധിക്കും.

പ്രതിരോധ മേഖലയിലെ ഹെലികോപ്റ്റർ, ജെറ്റ് എഞ്ചിൻ സഹകരണം വർദ്ധിപ്പിക്കുന്നതിനായുള്ള ചർച്ചകളെയും ഇരുഭാഗത്തെയും ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള മികച്ച സഹകരണത്തെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. പ്രത്യേകിച്ച്, 26 റഫാൽ-മറൈൻ  യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിനെ ഇരു നേതാക്കളും അഭിനന്ദിച്ചു. 'മെയ്‌ക്ക്‌ ഇൻ  ഇന്ത്യ'  പദ്ധതിക്ക് കീഴിൽ യുദ്ധവിമാനങ്ങളുടെയും അവയുടെ എഞ്ചിനുകളുടെയും നിർമ്മാണ മേഖലയിൽ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ അവർ ആഗ്രഹം പ്രകടിപ്പിക്കുകയും ഈ രംഗത്തെ പുതിയ പുരോഗതികളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഫ്രഞ്ച് കമ്പനിയായ സാഫ്രാൻ ഗ്രൂപ്പും ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിലുള്ള മികച്ച സഹകരണത്തെ അവർ എടുത്തുപറഞ്ഞു. ഇന്ത്യൻ മൾട്ടി റോൾ ഹെലികോപ്റ്റർ (IMRH) വികസിപ്പിക്കുന്നതിനായി സാഫ്രാനും എച്ച്.എ.എല്ലും (HAL) തമ്മിലുള്ള പങ്കാളിത്തത്തെ അവർ പ്രശംസിച്ചു. ലീപ് (LEAP) എഞ്ചിനുകൾക്കായുള്ള മെയിൻ്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) സൗകര്യത്തിൻ്റെ ഉദ്ഘാടനത്തെയും, റഫാൽ വിമാനങ്ങളിലെ എം-88 (M-88) എഞ്ചിനുകൾക്കായി എംആർഒ (MRO) സൗകര്യം സ്ഥാപിക്കുന്നതിനെയും ഇരുപക്ഷവും സ്വാഗതം ചെയ്തു. കൂടാതെ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) ചേർന്ന് ഇന്ത്യയിൽ ഹാമർ (HAMMER) മിസൈലുകൾ നിർമ്മിക്കുന്നതിനുള്ള സംയുക്ത സംരംഭത്തെയും അവർ അഭിനന്ദിച്ചു. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രമായ H125 ഫൈനൽ അസംബ്ലി ലൈൻ ഇരു നേതാക്കളും ചേർന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും എയർബസ്സും (Airbus) കൈകോർക്കുന്ന ഈ പദ്ധതി 'മെയ്‌ക്ക്‌ ഇൻ ഇന്ത്യ'യിലെ ഒരു ചരിത്ര നാഴികക്കല്ലാണ്. ഇത് ഇന്ത്യയിലെ വളർന്നുവരുന്ന വിപണിയെ സേവിക്കുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും സഹായിക്കും. ഇന്ത്യയുടെ പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ (MBRL) സിസ്റ്റത്തിൽ ഫ്രാൻസ് കാണിക്കുന്ന വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

ഇന്ത്യയിൽ നിർമ്മിച്ച സ്കോർപീൻ പദ്ധതിയുടെ വിജയത്തെ ഇരു നേതാക്കളും എടുത്തുപറഞ്ഞു. ഈ പദ്ധതിയുടെ ആറാമത്തെ അന്തർവാഹിനി 2025 ജനുവരി 15-ന് ഇന്ത്യൻ നേവിക്ക് കൈമാറി. അന്തർവാഹിനി നിർമ്മാണ മേഖലയിലെ ഈ സഹകരണം തുടരുന്നതിനെ അവർ സ്വാഗതം ചെയ്തു.

എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി സൈനിക അഭ്യാസങ്ങൾ പതിവായി നടത്തുന്നതിനെ ഇരു നേതാക്കളും പ്രശംസിച്ചു. 2025-ൽ മൂന്ന് പ്രധാന ഉഭയകക്ഷി അഭ്യാസങ്ങൾ (വരുണ, ശക്തി, ഗരുഡ) നടന്നു. കൂടാതെ, ഫ്രഞ്ച് സ്പേസ് മിലിട്ടറി അഭ്യാസങ്ങളിൽ ഇന്ത്യ പങ്കെടുത്തതുൾപ്പെടെയുള്ള ബഹുമുഖ സൈനിക അഭ്യാസങ്ങളിലെ പങ്കാളിത്തത്തെയും അവർ അഭിനന്ദിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ കപ്പലുകൾ പതിവായി തുറമുഖങ്ങൾ സന്ദർശിക്കുന്നതിനെ  അവർ സ്വാഗതം ചെയ്തു. സൈന്യങ്ങൾ തമ്മിലുള്ള പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനായി 2026-ൽ ഇരുരാജ്യങ്ങളിലെയും സൈന്യങ്ങളിൽ ഓഫീസർമാരെ നിയോഗിക്കുന്നതിനെ  നേതാക്കൾ സ്വാഗതം ചെയ്യുകയും സൈന്യങ്ങൾ തമ്മിലുള്ള പ്രവർത്തനപരമായ സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

2024 ജനുവരിയിൽ ഒപ്പുവെച്ച താൽപ്പര്യപത്രത്തിന് അനുസൃതമായി പ്രതിരോധ ബഹിരാകാശ മേഖലയിൽ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. ഡിആർഡിഒയും (DRDO) ഡിജിഎയും (DGA) തമ്മിലുള്ള സാങ്കേതിക കരാറിൽ പ്രതിരോധ ബഹിരാകാശ മേഖല കൂടി ഉൾപ്പെടുത്തിയത്, ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള വ്യവസായ സഹകരണത്തിന് ഒരു ചട്ടക്കൂട് ഒരുക്കും.

ഹരിത-ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെയും അത്യാധുനിക നിർമ്മാണ മേഖലകളെയും പിന്തുണയ്ക്കുന്നതിൽ നിർണ്ണായക ധാതുക്കൾ  വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, ഇവയുടെ പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. വൈവിധ്യമാർന്നതും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ഇക്കാര്യത്തിൽ, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നിർണ്ണായക ധാതു സഹകരണത്തിനായുള്ള സംയുക്ത താൽപ്പര്യപത്രത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു.

ആഗോള വ്യാപാരത്തെയും കണക്റ്റിവിറ്റിയെയും പുനർനിർമ്മിക്കാനും അഭിവൃദ്ധി പ്രോത്സാഹിപ്പിക്കാനും ശേഷിയുള്ള ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയോട് (IMEC) തങ്ങൾക്കുള്ള പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. ഈ പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകളെ അഭിനന്ദിച്ച അവർ, 2026-ൽ നടക്കാനിരിക്കുന്ന ആദ്യ ഐ.എം.ഇ.സി (IMEC) മന്ത്രിതല യോഗം ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിന് കൃത്യമായ നടപടികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചു.

ഓസ്‌ട്രേലിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) എന്നിവയുമായുള്ള ത്രികക്ഷി സഹകരണത്തെ അവർ അഭിനന്ദിച്ചു. ഈ രാജ്യങ്ങളുമായി ചേർന്ന് നേരത്തെ നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ പ്രായോഗിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി പുതിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അവർ നിർദ്ദേശം നൽകി.

സ്വതന്ത്രവും തുറന്നതും ഐശ്വര്യപൂർണ്ണവും നിയമങ്ങൾക്കധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കായുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. 2018-ലെ 'ഇന്ത്യ-ഫ്രാൻസ് സംയുക്ത തന്ത്രപ്രധാന കാഴ്ചപ്പാട്', 2023-ലെ 'ഇന്ത്യ-ഫ്രാൻസ് ഇന്തോ-പസഫിക് റോഡ്മാപ്പ്' എന്നിവയ്ക്ക് അനുസൃതമായി ഈ മേഖലയിൽ കൂടുതൽ അടുത്ത സഹകരണത്തിന് അവർ ആഹ്വാനം ചെയ്തു. ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിന് (IPOI) കീഴിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷനിലെ (IORA) സഹകരണം ശക്തിപ്പെടുത്തുന്നതിനും അവർ താല്പര്യം പ്രകടിപ്പിച്ചു.ഈ മേഖലയിലെ സംയുക്ത സംരംഭങ്ങളിലുണ്ടായ പുതിയ പുരോഗതികളെ അവർ സ്വാഗതം ചെയ്തു. ഇതിൽ പ്രധാനമായും, ഇന്ത്യയുടെയും ഫ്രാൻസിൻ്റെയും ധനസഹായത്തോടെ ഇൻ്റർനാഷണൽ സോളാർ അലയൻസ് (ISA) വഴി ഇന്തോ-പസഫിക് രാജ്യങ്ങളിൽ നടത്തുന്ന പുതിയ സൗരോർജ്ജ പരിശീലനങ്ങളും, മറ്റ് രാജ്യങ്ങളിൽ ദുരന്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി സി.ഡി.ആർ.ഐ (CDRI), എ.എഫ്.ഡി (AFD) ഗ്രൂപ്പ് എന്നിവ തമ്മിൽ ഒപ്പുവെച്ച ധാരണാപത്രവും ഉൾപ്പെടുന്നു.ഇന്തോ-പസഫിക് മേഖലയിലെ മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥാ-സുസ്ഥിര വികസന (SDG) പദ്ധതികളെ പിന്തുണയ്ക്കുന്ന ലക്ഷ്യത്തോടെയുള്ള ഇന്തോ-പസഫിക് ട്രയാംഗുലർ ഡെവലപ്‌മെൻ്റ് കോപ്പറേഷൻ (IPTDC) കൈവരിച്ച പുരോഗതിയെ അവർ അഭിനന്ദിച്ചു. ഡിജിറ്റൽ സ്റ്റാർട്ടപ്പുകൾ, ആരോഗ്യം, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികൾ ഇരുപക്ഷവും തിരിച്ചറിഞ്ഞിട്ടുണ്ട്.

ബഹിരാകാശ മേഖലയിൽ, ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസ് (CNES), ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ (ISRO) എന്നിവ തമ്മിലുള്ള പങ്കാളിത്തത്തിന്റെ കരുത്തിനെ ഇരു നേതാക്കളും പ്രശംസിച്ചു. ഇരു രാജ്യങ്ങളിലെയും ബഹിരാകാശ വ്യവസായങ്ങൾ തമ്മിൽ കൂടുതൽ ആഴത്തിലുള്ള സഹകരണം വികസിപ്പിക്കുന്നതിനെ അവർ പിന്തുണച്ചു. ഈ ലക്ഷ്യം മുൻനിർത്തി നടന്ന ആദ്യ രണ്ട് 'ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന ബഹിരാകാശ ചർച്ചകളുടെ'  ഗണ്യമായ സംഭാവനകൾ കണക്കിലെടുത്ത്, ഇതിന്റെ മൂന്നാം സെഷൻ 2026-ന്റെ തുടക്കത്തിൽ തന്നെ വിളിച്ചുകൂട്ടാൻ അവർ ആഹ്വാനം ചെയ്തു. പ്രതിരോധ ബഹിരാകാശ സഹകരണത്തിനായുള്ള താല്പര്യപത്രത്തിന്റെ അടിസ്ഥാനത്തിൽ, ബഹിരാകാശത്തേക്കുള്ള പരമാധികാര പ്രവേശനം ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കൽ എന്നിവയിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. ബഹിരാകാശ മേഖലയിൽ ബഹുമുഖത്വം ശക്തിപ്പെടുത്തുന്നതിനായി 2026 ജൂലൈയിൽ ഫ്രാൻസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ (ഇന്റർനാഷണൽ സ്പേസ് സമ്മിറ്റിനെ) ഇന്ത്യ സ്വാഗതം ചെയ്യുകയും അതിൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.

സമുദ്ര നിരീക്ഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമുദ്രസമ്പത്തിന്റെ സുസ്ഥിരമായ പരിപാലനം ഉറപ്പാക്കുന്നതിനും തങ്ങളുടെ പ്രധാന സമുദ്രഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. സമുദ്രം-ബഹിരാകാശം (Ocean-Space) തമ്മിലുള്ള ബന്ധം പ്രയോജനപ്പെടുത്തുന്നതിനായി സി.എൻ.ഇ.എസ് (CNES), ഇൻകോയിസ് (INCOIS) എന്നിവർ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ അവർ തീരുമാനിച്ചു. സമുദ്രത്തിന്റെ സംരക്ഷണവും സമൃദ്ധിയും ഒരുപോലെ ഉറപ്പാക്കുന്ന സമുദ്ര പര്യവേക്ഷണ കപ്പലുകളുടെ  നിരീക്ഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

സൈബർ മേഖലയിൽ, ഇന്ത്യൻ-ഫ്രഞ്ച് വ്യവസായങ്ങൾ തമ്മിലുള്ള ഒത്തൊരുമയെ അടിസ്ഥാനമാക്കിയുള്ള ശക്തമായ ഉഭയകക്ഷി പങ്കാളിത്തത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു. പതിവായ സൈബർ ചർച്ചകളിലൂടെയും ഇടപെടലുകളിലൂടെയും ഈ സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. അടുത്ത റൗണ്ട് ചർച്ചകൾ 2026-ൽ നടത്താൻ അവർ ആഹ്വാനം ചെയ്തു. സൈബർ ഇടത്തിന്റെ  തന്ത്രപ്രധാന പ്രാധാന്യത്തെക്കുറിച്ചും, അന്താരാഷ്ട്ര നിയമങ്ങൾ നടപ്പിലാക്കുന്നതിലും സൈബർ ഇടത്തിൽ രാജ്യങ്ങളുടെ ഉത്തരവാദിത്തപരമായ പെരുമാറ്റച്ചട്ടങ്ങൾ രൂപീകരിക്കുന്നതിലും ഐക്യരാഷ്ട്രസഭയിൽ ഏകോപനത്തോടെ പ്രവർത്തിക്കാനുള്ള തങ്ങളുടെ ആഗ്രഹവും അവർ ആവർത്തിച്ചു. സൈബർ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ഹാനികരമായ ഉപകരണങ്ങളുടെയും രീതികളുടെയും വ്യാപനം തടയേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.

അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും ഇരു നേതാക്കളും അസന്ദിഗ്ദ്ധമായും ശക്തമായും അപലപിച്ചു. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ പ്രസിഡൻ്റ് മാക്രോൺ ശക്തമായി അപലപിക്കുകയും, ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2025 നവംബറിൽ ന്യൂഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകര സംഭവത്തെയും അദ്ദേഹം അപലപിച്ചു. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൻ്റെ 1267 ഉപരോധ സമിതി  പട്ടികയിൽ ഉൾപ്പെടുത്തിയവർ ഉൾപ്പെടെയുള്ള ഭീകരർക്കും ഭീകര സംഘടനകൾക്കും അവർക്ക് പിന്തുണ നൽകുന്നവർക്കും എതിരായ പോരാട്ടത്തിൽ സഹകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു.ഭീകരവാദികളുടെ സുരക്ഷിത താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതാക്കുന്നതിനും, ഭീകര ശൃംഖലകൾ തകർക്കുന്നതിനും, ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം തടയുന്നതിനും എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഇരുപക്ഷവും ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭ, എഫ്.എ.ടി.എഫ് (FATF), മറ്റ് ബഹുമുഖ വേദികൾ എന്നിവയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള തങ്ങളുടെ താല്പര്യം ഇരു രാജ്യങ്ങളും ആവർത്തിച്ചു. 2026 മെയ് മാസത്തിൽ പാരീസിൽ നടക്കാനിരിക്കുന്ന അടുത്ത 'നോ മണി ഫോർ ടെറർ' (NMFT) കോൺഫറൻസിന് ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്നതിനെ ഇന്ത്യ പിന്തുണച്ചു.

ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡും (NSG) ഫ്രാൻസിൻ്റെ ഗ്രൂപ്പ് ഡി ഇൻ്റർവെൻഷൻ ഡി ല ജെൻഡർമേരി നാഷണലും (GIGN) തമ്മിൽ 2025 നവംബറിൽ താല്പര്യപത്രം  ഒപ്പുവെച്ചതിനെ ഇരു നേതാക്കളും അഭിനന്ദിച്ചു. 2025-ൽ ഇരുരാജ്യങ്ങളിലും മിലിപോൾ (MILIPOL) പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിന് നൽകിയ പരസ്പര പിന്തുണയെ അവർ പ്രശംസിച്ചു. 2027-ൽ യഥാക്രമം ന്യൂഡൽഹിയിലും പാരീസിലും നടക്കാനിരിക്കുന്ന മിലിപോൾ പ്രദർശനങ്ങളുടെ വിജയകരമായ നടത്തിപ്പിനായി അവർ പ്രതീക്ഷാഭരിതരാണ് . 2025 സെപ്റ്റംബറിൽ നടന്ന ഭീകരവാദ വിരുദ്ധ ചർച്ചകളുടെ ഫലങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു; ഇത് ഇന്ത്യയും ഫ്രാൻസും തമ്മിൽ വളർന്നുവരുന്ന ഭീകരവാദ വിരുദ്ധ-രഹസ്യാന്വേഷണ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നു.

​II. ഭൂമിക്കായുള്ള പങ്കാളിത്തം

തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അതിൻ്റെ ഭീകരമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ ഇരു നേതാക്കളും പാരിസ് ഉടമ്പടിയുടെ  പ്രാധാന്യവും സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും വീണ്ടും ഉറപ്പിച്ചു. ഈ ഉടമ്പടി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ചേർന്നു പ്രവർത്തിക്കാനും ആഗോള ലക്ഷ്യങ്ങൾ ഉയർത്താനും അവർ തീരുമാനിച്ചു. ആഗോള ശരാശരി താപനില വർദ്ധനവ് വ്യവസായവൽക്കരണത്തിന് മുമ്പുള്ള കാലയളവിനേക്കാൾ 2°C-ൽ താഴെയായി പരിമിതപ്പെടുത്താനും, അത് 1.5°C ആയി നിലനിർത്താനുള്ള ശ്രമങ്ങൾ തുടരാനും അവർ സമ്മതിച്ചു. കാലാവസ്ഥാ പ്രവർത്തനങ്ങളുടെ അടിസ്ഥാനമായി ശാസ്ത്രത്തെ നിലനിർത്താനുള്ള തങ്ങളുടെ ദൃഢനിശ്ചയവും, ഐ.പി.സി.സി (IPCC)-യുടെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും ഇന്ത്യയും ഫ്രാൻസും ആവർത്തിച്ചു.2024 മുതൽ കോളിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചറിലും (CDRI), 2018 മുതൽ ഇൻ്റർനാഷണൽ സോളാർ അലയൻസിലും (ISA) ഇന്ത്യയും ഫ്രാൻസും ചേർന്ന് നടത്തുന്ന സഹകരണത്തെ അവർ സ്വാഗതം ചെയ്തു. ന്യൂഡൽഹി ആസ്ഥാനമായുള്ള ഈ രണ്ട് സംഘടനകളോടുമുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ആവർത്തിച്ചു. 2025-ൽ ഫ്രാൻസ് സി.ഡി.ആർ.ഐ (CDRI) അന്താരാഷ്ട്ര സമ്മേളനത്തിന് സഹ-അധ്യക്ഷനായി ആതിഥേയത്വം വഹിച്ചത് ഇതിൻ്റെ തെളിവാണ്. ഇൻ്റർനാഷണൽ സോളാർ അലയൻസിൻ്റെ ഒരു യൂറോപ്യൻ ഓഫീസ് പാരീസിൽ സ്ഥാപിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെയും അവർ സ്വാഗതം ചെയ്തു. കെട്ടിട നിർമ്മാണ മേഖലയിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും , വ്യവസായ മേഖലകളിലെ മാറ്റങ്ങൾക്കായുള്ള 'ലീഡ് ഐ.ടി' (LeadIT) തുടങ്ങിയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിക്കും.

കാലാവസ്ഥാ-പരിസ്ഥിതി വിഷയങ്ങളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി സഹകരണത്തെ ഇരു നേതാക്കളും പ്രശംസിച്ചു. പുനരുപയോഗ ഊർജ്ജ മേഖലയിലെ സഹകരണത്തിനായി ഇന്ത്യ ഗവൺമെൻ്റിൻ്റെ  പുനരുപയോഗ ഊർജ്ജ മന്ത്രാലയവും ഫ്രാൻസിന്റെ സാമ്പത്തിക-ധനകാര്യ-വ്യവസായ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം പുതുക്കിയതിനെ അവർ സ്വാഗതം ചെയ്തു. എ.എഫ്.ഡി (AFD) ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ നടപ്പിലാക്കുന്ന നഗര ഗതാഗതം , ഊർജ്ജ പരിവർത്തനം, ഗ്രീൻ ഫിനാൻസ്, ജൈവവൈവിധ്യ സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ പദ്ധതികളിലെ ഉഭയകക്ഷി സഹകരണത്തിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയിലെ ഊർജ്ജ പരിവർത്തനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംയുക്തമായി ഒരു പുതിയ മാക്രോ ഇക്കണോമിക് മോഡലിംഗ് വികസിപ്പിക്കുന്നതിനായി നിതി ആയോഗും എ.എഫ്.ഡി ഗ്രൂപ്പും തമ്മിലുള്ള ചർച്ചകളിലെ പുരോഗതിയും അവർ വിലയിരുത്തി.

2025 ജൂണിൽ നീസിൽ നടന്ന ഐക്യരാഷ്ട്ര സമുദ്ര സമ്മേളനത്തിന്റെ (UNOC-3) വിജയത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഉൾക്കൊള്ളുന്നതും സമഗ്രവുമായ അന്താരാഷ്ട്ര സമുദ്ര ഭരണത്തിന്റെ പ്രധാന തൂണുകളിലൊന്നായ, രാജ്യങ്ങളുടെ പരിധിക്കപ്പുറമുള്ള സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള ഉടമ്പടി (BBNJ Treaty) നിലവിൽ വന്നതിനെ ഇന്ത്യയും ഫ്രാൻസും സ്വാഗതം ചെയ്തു. ബഹുമുഖത്വം, ശാസ്ത്രം, വരുംതലമുറകൾ എന്നിവയ്ക്കായി ഈ കരാർ നൽകുന്ന വലിയ മുന്നേറ്റത്തെക്കുറിച്ച് ബോധവാന്മാരായ നേതാക്കൾ, ആദ്യത്തെ കക്ഷി സമ്മേളനം മുതൽ തന്നെ ഇത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ രാജ്യങ്ങൾ ഈ കരാർ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ യോജിച്ചു. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ നിർണ്ണായക പ്രാധാന്യം കണക്കിലെടുത്ത്, ലോകമെമ്പാടുമുള്ള സമുദ്ര സംരക്ഷിത മേഖലകൾ വിപുലീകരിക്കാൻ ഇന്ത്യയും ഫ്രാൻസും ആഹ്വാനം ചെയ്തു. കുൻമിംഗ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിന്റെ പൂർണ്ണവും ഫലപ്രദവുമായ നടത്തിപ്പിനുള്ള തങ്ങളുടെ പ്രതിബദ്ധതയും ഇരു രാജ്യങ്ങളും ആവർത്തിച്ചു. സമുദ്ര പര്യവേക്ഷണത്തിലും നിരീക്ഷണത്തിലും സഹകരണം ശക്തമാക്കാനും, 'ഹൈ സീസ്' ഉടമ്പടി നടപ്പിലാക്കുന്നതിനായി വിശ്വസനീയമായ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാനും പങ്കിടാനും, അന്താരാഷ്ട്ര സമുദ്ര മേഖലകളുടെ ഭരണം ശക്തിപ്പെടുത്താനും പുതിയ സമുദ്ര സംരക്ഷിത മേഖലകൾ വികസിപ്പിക്കാനും ഇന്ത്യയും ഫ്രാൻസും വീണ്ടും ഉറപ്പുനൽകി.

ഊർജ്ജ സുരക്ഷ ശക്തമാക്കുന്നതിനും കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിനും ആണവോർജ്ജം ഉൾപ്പെടെയുള്ള എല്ലാ കുറഞ്ഞ കാർബൺ ഊർജ്ജ സ്രോതസ്സുകളുടെയും പരസ്പര പൂരകമായ പങ്കിനെ ഇരു നേതാക്കളും അംഗീകരിച്ചു. 2047-ഓടെ 100 ജിഗാവാട്ട് (GW) ആണവോർജ്ജ ശേഷി കൈവരിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെയും, സ്വകാര്യ നിക്ഷേപം അനുവദിക്കുന്നത് ഉൾപ്പെടെ ഇന്ത്യ തങ്ങളുടെ ആണവ മേഖലയിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങളെയും പ്രസിഡൻ്റ് മാക്രോൺ പ്രശംസിച്ചു. ഗവേഷണം, നൈപുണ്യ വികസനം മുതൽ വ്യാവസായിക പ്രയോഗങ്ങൾ വരെയുള്ള ആണവോർജ്ജ മൂല്യശൃംഖലയിലുടനീളം ഇന്ത്യ-ഫ്രാൻസ് സഹകരണം ആഴത്തിലാക്കാനും, ഇന്ത്യയുടെ ഊർജ്ജ മിശ്രിതത്തിലെ  ഒരു പ്രധാന സ്തംഭമായി  ഇതിനെ മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും നേതാക്കൾ തീരുമാനിച്ചു.സിവിൽ ആണവോർജ്ജത്തെക്കുറിച്ചുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെ പതിവ് മീറ്റിംഗുകളെക്കുറിച്ചും ജയ്താപൂർ ആണവനിലയ പദ്ധതിയെ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ചും അവർ സൂചിപ്പിച്ചു. ഇതേ പശ്ചാത്തലത്തിൽ, 2025-ൽ പാരീസിൽ നടന്ന ആറാമത് വേൾഡ് ന്യൂക്ലിയർ എക്സിബിഷനിൽ (WNE) ഇന്ത്യൻ കമ്പനികളും വ്യവസായ പ്രതിനിധികളും പങ്കെടുത്തതിലും, ഐ.എ.ഇ.എ (IAEA)-യുമായി സഹകരിച്ച് ഫ്രാൻസിൽ നടക്കാനിരിക്കുന്ന രണ്ടാമത് ലോക ആണവോർജ്ജ ഉച്ചകോടിയിൽ (വേൾഡ് ന്യൂക്ലിയർ എനർജി സമ്മിറ്റിൽ) ഇന്ത്യ പങ്കെടുക്കുന്നതിലും അവർ സംതൃപ്തി രേഖപ്പെടുത്തി.

ഇക്കാര്യത്തിൽ, ഇന്ത്യ ഗവൺമെൻ്റിൻ്റെ  ആണവോർജ്ജ വകുപ്പും (DAE) ഫ്രാൻസിലെ സി.ഇ.എ-യും (CEA) തമ്മിലുള്ള ദീർഘകാല ബന്ധത്തെ നേതാക്കൾ സ്വാഗതം ചെയ്യുകയും, സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവ ശാസ്ത്ര-സാങ്കേതിക മേഖലയിൽ പുതുക്കിയതും ശക്തവുമായ സഹകരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടാതെ, ഇരുരാജ്യങ്ങളിലെയും ആണവ നിയന്ത്രണ ഏജൻസികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും നേതാക്കൾ സമ്മതിച്ചു.

ചെറുതും അത്യാധുനികവുമായ മോഡുലാർ റിയാക്ടറുകളിൽ (SMR/AMR) സഹകരണം സ്ഥാപിക്കുന്നതിനായി 2025-ൽ ഒപ്പുവെച്ച താൽപ്പര്യപത്രം (DoI) അനുസ്മരിച്ചുകൊണ്ടും, ആണവ സുരക്ഷയുടെയും വ്യാപന വിരുദ്ധതയുടെയും ഉയർന്ന നിലവാരം പുലർത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പുവരുത്തിക്കൊണ്ടും, ഈ മേഖലയിലെ ഫ്രഞ്ച് സ്റ്റാർട്ടപ്പുകളും ഇന്ത്യൻ കമ്പനികളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള ശ്രമങ്ങളെ നേതാക്കൾ വിലയിരുത്തി. ഇതിനുപുറമെ, ഈ കരാറിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സി.ഇ.എ-യും (CEA) ഇന്ത്യയുടെ ആണവോർജ്ജ വകുപ്പും (DAE) തമ്മിൽ SMR/AMR സാങ്കേതികവിദ്യയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ സഹകരിക്കാനുള്ള സാധ്യതകൾ പരിശോധിക്കാനും ഇരുപക്ഷവും തീരുമാനിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിലെ സുസ്ഥിരമായ വളർച്ചയെയും ശക്തമായ ഉഭയകക്ഷി നിക്ഷേപങ്ങളെയും നേതാക്കൾ സ്വാഗതം ചെയ്തു. എം.എസ്.എം.ഇ-കൾ (MSMEs), സ്റ്റാർട്ടപ്പുകൾ, ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), നൂതനാശയങ്ങളിൽ അധിഷ്ഠിതമായ സംരംഭങ്ങൾ എന്നിവയിലൂടെ ഇതുവരെ പ്രയോജനപ്പെടുത്താത്ത സാമ്പത്തിക സാധ്യതകൾ പൂർണ്ണമായി നേടിയെടുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ആവർത്തിച്ചു. ഈ സന്ദർശന വേളയിൽ ഇന്ത്യ-ഫ്രാൻസ് സി.ഇ.ഒ ഫോറം  സംഘടിപ്പിക്കുന്നതിൽ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ഈ വർഷം തന്നെ 'സാമ്പത്തിക-ധനകാര്യ ചർച്ചകൾ'  നടത്തുമെന്നും അവർ ഉറപ്പുനൽകി.ഇരുരാജ്യങ്ങളിലെയും കമ്പനികൾ തമ്മിൽ, പ്രത്യേകിച്ച് ബഹിരാകാശ ഗവേഷണം , ഊർജ്ജം, ലോജിസ്റ്റിക്സ്, അഗ്രി-ഫുഡ്, ടെലികോം, സാങ്കേതിക മേഖലകളിൽ ബിസിനസ്സ് ബന്ധങ്ങൾ ആഴത്തിലാകുന്നതിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. നാളെ നടക്കാനിരിക്കുന്ന സി.ഇ.ഒ ഫോറം ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് പങ്കാളിത്തത്തിൻ്റെ അജണ്ട കൂടുതൽ മുന്നോട്ട് കൊണ്ടുപോകും.

ഉഭയകക്ഷി നികുതി കരാറിലെ ഭേദഗതി ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇത് ഇന്ത്യൻ-ഫ്രഞ്ച് ബിസിനസുകളുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് സുരക്ഷ നൽകുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടുതൽ നിക്ഷേപങ്ങൾക്കും സഹകരണങ്ങൾക്കും വഴിതുറക്കുകയും ചെയ്യും.

യൂറോപ്പിൽ ആദ്യമായി യു.പി.ഐ (UPI) സേവനം ലഭ്യമാക്കിയ രാജ്യമായ ഫ്രാൻസിൽ, അതിനു ലഭിക്കുന്ന തുടർച്ചയായ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. പാരിസിലെ പല പ്രമുഖ സ്റ്റോറുകളും ഇപ്പോൾ യു.പി.ഐ സ്വീകരിക്കുന്നുണ്ട്, ഇത് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പാരിസിനെ കൂടുതൽ ആകർഷകമായ ഇടമാക്കി മാറ്റുന്നു. വിനോദസഞ്ചാരികളുടെ പണമിടപാടുകൾ സുഗമമാക്കുന്നതിന് സുരക്ഷിതവും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ കൂടുതൽ വ്യാപകമാക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.

റെയിൽവേ മേഖലയിലെ സഹകരണത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. പ്രവർത്തനവും പരിപാലനവും , യാത്രാ സൗകര്യങ്ങൾ, സുസ്ഥിരത, പരിസ്ഥിതി ആഘാത നിയന്ത്രണം, ജീവനക്കാരുടെ പരിശീലനവും നൈപുണ്യ വികസനവും, അതിവേഗ റെയിൽ പോലുള്ള നിർമ്മാണ സാങ്കേതികവിദ്യകൾ, അടിസ്ഥാന സൗകര്യങ്ങൾ, കൂടാതെ ഹൈഡ്രജൻ ട്രെയിനുകൾ ഉൾപ്പെടെയുള്ള നിർമ്മാണ സാങ്കേതികവിദ്യകൾ തുടങ്ങി വിപുലമായ മേഖലകളിൽ സഹകരിക്കാൻ അവർ താല്പര്യം പ്രകടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി, ഇന്ത്യയിലെ റെയിൽവേ, അതിവേഗ റെയിൽവേ വികസനത്തിലെ സഹകരണത്തിനായുള്ള സംയുക്ത താല്പര്യപത്രം ഒപ്പുവെക്കുന്നതിൻ്റെ പ്രതീക്ഷയിലാണ് നേതാക്കൾ.

III. ജനങ്ങൾക്കായുള്ള പങ്കാളിത്തം

ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സമ്പന്നമായ സഹകരണ ചരിത്രം അനുസ്മരിച്ചുകൊണ്ട്, ഈ രംഗത്തെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. 2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. ബഹിരാകാശം, സിവിൽ ആണവോർജ്ജം, സൈബർ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) തുടങ്ങിയ നിർണ്ണായകവും ഉദിച്ചുയരുന്നതുമായ സാങ്കേതികവിദ്യകളിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയെ അവർ സ്വാഗതം ചെയ്യുകയും, സാങ്കേതിക സഹകരണത്തിൽ കൂടുതൽ മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങളിലെയും നൂതനാശയ ആവാസവ്യവസ്ഥകളെ  ഒരു ഡിജിറ്റൽ ശൃംഖലയിലൂടെ ഒന്നിച്ചു കൊണ്ടുവരുന്നതിനായി ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ നെറ്റ്‌വർക്ക് ആരംഭിച്ചതിനെ അവർ സ്വാഗതം ചെയ്തു. ഇത് രണ്ട് രാജ്യങ്ങളിലെയും ഉപജ്ഞാതാക്കൾ, സ്റ്റാർട്ടപ്പുകൾ, ബിസിനസ്സുകൾ, ഇൻകുബേറ്ററുകൾ തുടങ്ങിയ പ്രധാന പങ്കാളികളെ തമ്മിൽ ബന്ധിപ്പിക്കും.

കഴിഞ്ഞ വർഷം 'സ്റ്റേഷൻ എഫ്'-ൽ പത്ത് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ കൈവരിച്ച വിജയത്തെത്തുടർന്ന്, സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ ഇൻകുബേഷൻ സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകളെ നേതാക്കൾ സ്വാഗതം ചെയ്തു. ഇതിൻ്റെ ഭാഗമായി ഹൈദരാബാദിലെ T-Hub-ഉം Nord France Invest-ഉം തമ്മിൽ സഹകരണത്തിനായി ഒപ്പുവെച്ച താല്പര്യപത്രത്തെ (LoI) അവർ അഭിനന്ദിച്ചു. ഈ പശ്ചാത്തലത്തിൽ, യൂറോപ്പിലെ ഏറ്റവും വലിയ ടെക് മേളയായ വിവാടെക് (VivaTech), ബാംഗ്ലൂർ ടെക് സമ്മിറ്റുമായി സഹകരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഫ്രഞ്ച് പക്ഷം അറിയിച്ചു.

നിലവിലുള്ള ശക്തമായ ശാസ്ത്ര പങ്കാളിത്തം മുൻനിർത്തി, ഡിജിറ്റൽ സയൻസസ് ആൻഡ് ടെക്നോളജി മേഖലയിൽ ഇന്ത്യയിൽ ഒരു ഉഭയകക്ഷി കേന്ദ്രം ആരംഭിക്കുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇതിനായി ഫ്രഞ്ച് സ്ഥാപനമായ INRIA-യും ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വകുപ്പും (DST) തമ്മിൽ സംയുക്ത താല്പര്യപത്രത്തിൽ ഒപ്പുവെച്ചു. കൂടാതെ, CNRS-ഉം DST-യും തമ്മിലുള്ള ശാസ്ത്ര സഹകരണത്തിനായുള്ള ധാരണാപത്രം പുതുക്കിയതിനെയും, അത്യാധുനിക മെറ്റീരിയലുകൾക്കായി  ഒരു സംയുക്ത കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറിനെയും അവർ സ്വാഗതം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), അപ്ലൈഡ് മാത്തമാറ്റിക്സ് എന്നീ മേഖലകളിൽ ANR-ഉം DST-യും ചേർന്നുള്ള സംയുക്ത പദ്ധതികൾക്കായി ഉടൻ അപേക്ഷ ക്ഷണിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

സിവിൽ വ്യോമയാന മേഖലയിലെ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെ, ഈ രംഗത്ത് അടുത്തിടെ ഒപ്പുവെച്ച താൽപ്പര്യപത്രത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. സെൻ്റ്-ഡെനിസ് ഡി ലാ റീയൂണിയനും ചെന്നൈയ്ക്കും ഇടയിൽ പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനെ അവർ അഭിനന്ദിച്ചു. ലാ റീയൂണിയനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവുമായ കൈമാറ്റങ്ങൾ വികസിപ്പിക്കാൻ ഇത് സഹായിക്കും.കാൻപൂരിലെ നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (NSTI) ഏറോനോട്ടിക്സ് മേഖലയിലെയും അനുബന്ധ മേഖലകളിലെയും നാഷണൽ സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള താൽപ്പര്യപത്രം ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നിവയിൽ നിലവിലുള്ള ധാരണാപത്രത്തിന് കീഴിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. നൈപുണ്യ പരിശീലനത്തിൻ്റെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും അവർ തീരുമാനിച്ചു.

ആരോഗ്യ മേഖലയിലെ സഹകരണത്തിൽ അഭൂതപൂർവമായ ചലനാത്മകതയെ ഇന്ത്യയും ഫ്രാൻസും സ്വാഗതം ചെയ്തു. 2024 ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന പ്രസിഡൻ്റിൻ്റെ സന്ദർശന വേളയിൽ ആരോഗ്യ-വൈദ്യശാസ്ത്ര മേഖലയിലെ സഹകരണത്തിനായി ഒപ്പുവെച്ച താൽപ്പര്യപത്രത്തെത്തുടർന്ന്, ഇന്ത്യയും ഫ്രാൻസും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനും (AI) ഡിജിറ്റൽ ഹെൽത്തിനും ഈ തന്ത്രപരമായ സഹകരണത്തിൽ പ്രധാന സ്ഥാനം നൽകിയിട്ടുണ്ട്.ഇതിൻ്റെ തുടർച്ചയായി, സോർബോൺ സർവ്വകലാശാല , ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), പാരിസ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യരംഗത്തെ AI-ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സവിശേഷ ഗവേഷണ കേന്ദ്രം ഈ സന്ദർശന വേളയിൽ ആരംഭിക്കുന്നതിനെ ഇരു നേതാക്കളും പ്രതീക്ഷയോടെ നോക്കിക്കാണുന്നു. ഡിജിറ്റൽ ഹെൽത്ത് മേഖലയിലെ വാഗ്ദാനമായ ഇന്ത്യ -ഫ്രഞ്ച് സഹകരണം ഈ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിൽ പാരിസാൻ്റെ (PariSanté) കാമ്പസും സി-ക്യാമ്പും (C-CAMP), ഹെൽത്ത് ഡാറ്റാ ഹബും ഐ.സി.എം.ആറും (ICMR) തമ്മിലുള്ള പങ്കാളിത്തവും ഉൾപ്പെടുന്നു.പ്രധാന ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനായി ഇരു രാജ്യങ്ങളിലെയും 22-ലധികം പ്രമുഖ ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന ലൈഫ് സയൻസസ് ഫോർ ഹെൽത്ത്  എന്ന ഫ്ലാഗ്ഷിപ്പ് പ്രോജക്റ്റിൻ്റെ പുരോഗതിയെ ഇരു നേതാക്കളും പ്രശംസിച്ചു. പകർച്ചവ്യാധികളെക്കുറിച്ചുള്ള ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇന്ത്യ-ഫ്രാൻസ് സഹകരണത്തിൻ്റെ താൽപ്പര്യപത്രം ഒപ്പുവെച്ചതിനെയും അവർ സ്വാഗതം ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക സഹകരണം മുൻനിർത്തി, 2026-ലെ ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷത്തിൻ്റെ പശ്ചാത്തലത്തിൽ സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. ഇന്ത്യയുടെയും ഫ്രാൻസിൻ്റെയും സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇരുരാജ്യങ്ങളിലും നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച 'വില്ല സ്വാഗതം' (Villa Swagatam) റെസിഡൻസി ശൃംഖലയുടെ പ്രാധാന്യത്തെ ഇരു നേതാക്കളും അംഗീകരിച്ചു.

2024 ഡിസംബറിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയവും ഫ്രാൻസ് മ്യൂസിയംസ് ഡെവലപ്‌മെൻ്റും തമ്മിൽ ഒപ്പുവെച്ച കരാർ അനുസ്മരിച്ചുകൊണ്ട്, യുഗെ യുഗീൻ ഭാരത് മ്യൂസിയത്തെ ഒരു ആഗോള സാംസ്കാരിക അടയാളമായി മാറ്റുന്നതിൽ കൈവരിച്ച പുരോഗതിയെ ഇരു നേതാക്കളും പ്രശംസിച്ചു. ലോത്തലിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സിലെ സഹകരണത്തിനായി നടക്കുന്ന ചർച്ചകളിലെ പുരോഗതിയെയും അവർ സ്വാഗതം ചെയ്തു.2028-ൽ ഫ്രഞ്ച് നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്‌സിൽ (ഗൈമെറ്റ് മ്യൂസിയം) ഇന്ത്യക്കായി സമർപ്പിച്ചിരിക്കുന്ന സാംസ്കാരിക വർഷം ആഘോഷിക്കുന്നതിനെയും, ഇന്ത്യ -ഫ്രഞ്ച് തന്ത്രപ്രധാന പങ്കാളിത്തത്തിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ക്വായ് ബ്രാൻലി മ്യൂസിയത്തിൽ (Musée du Quai Branly) സംഘടിപ്പിക്കുന്ന സമകാലീന ഇന്ത്യൻ ഫോട്ടോഗ്രാഫി പ്രദർശനത്തെയും അവർ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളിലെയും തുണിത്തരങ്ങളിലെ വൈദഗ്ധ്യം പ്രകടമാക്കുന്ന, 2025 അവസാനത്തിൽ ഫ്രാൻസിൽ അവതരിപ്പിച്ച "Ce qui se trame" / "Textile Matters" എന്ന പ്രദർശനം ഉടൻ തന്നെ ഇന്ത്യയിലും പ്രദർശിപ്പിക്കും.

സമ്പന്നമായ സാംസ്കാരിക-സർഗ്ഗാത്മക പാരമ്പര്യങ്ങളുള്ള ഇന്ത്യയും ഫ്രാൻസും, പുതിയ സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച മാതൃകകൾ പങ്കുവെക്കുന്നതിനുമായി സാംസ്കാരിക-സർഗ്ഗാത്മക വ്യവസായ (CCI) മേഖലയിൽ സഹകരിക്കാനുള്ള തങ്ങളുടെ താല്പര്യം പ്രഖ്യാപിച്ചു.

2022-ലെ പാരീസ് പുസ്തകമേളയിലേക്ക് ഇന്ത്യയെയും, 2023-ലെ ന്യൂഡൽഹി ലോക പുസ്തകമേളയിലേക്ക് ഫ്രാൻസിനെയും അതിഥികളായി ക്ഷണിച്ചതിൻ്റെ വിജയം മുൻനിർത്തി, പുസ്തക-സാഹിത്യ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. ഇതിനായി പ്രൊഫഷണലുകളുടെ പരസ്പര പങ്കാളിത്തം, ഇരുവശങ്ങളിലേക്കുമുള്ള വിവർത്തന പ്രവർത്തനങ്ങൾ, സംയുക്ത സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കും.

2023-ലെ 'നമസ്തേ ഫ്രാൻസ്' പരിപാടിയുടെ വിജയം കണക്കിലെടുത്ത്, ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തത്തിൻ്റെ 30 വർഷങ്ങൾ തികയുന്ന 2028-ൽ അടുത്ത 'നമസ്തേ ഫ്രാൻസ്' ആഘോഷിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. കൂടാതെ, ഈ സാംസ്കാരിക ഉത്സവത്തെ ഉഭയകക്ഷി സാംസ്കാരിക സഹകരണത്തിൻ്റെ ഒരു പതിവ് പരിപാടിയാക്കി മാറ്റാനും നേതാക്കൾ തമ്മിൽ ധാരണയായി. 

ഇന്ത്യയിലെ അലയൻസ് ഫ്രാൻസൈസ് (Alliance française) ശൃംഖലയും ലാ റീയൂണിയനിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രവും നടത്തുന്ന പ്രവർത്തനങ്ങളെ ഇരു നേതാക്കളും പ്രശംസിച്ചു. പാരിസിൽ പുതിയതായി ആരംഭിച്ച ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തെ (സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രം - SVCC) അവർ സ്വാഗതം ചെയ്തു. പാരിസിലെ ഈ സാംസ്കാരിക കേന്ദ്രത്തിന്റെയും ഇന്ത്യയിലെ അലയൻസ് ഫ്രാൻസൈസ് ശൃംഖലയുടെയും പ്രത്യേക ദൗത്യങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി ഒരു ഉഭയകക്ഷി കരാറിൽ ഏർപ്പെടാൻ അവർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി, ഇന്ത്യയിലെ സെക്കൻഡറി സ്കൂളുകൾ, സർവ്വകലാശാലകൾ, വൊക്കേഷണൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫ്രഞ്ച് ഭാഷാ പഠനം വ്യാപിപ്പിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.

വിദ്യാഭ്യാസ സഹകരണവും വിദ്യാർത്ഥികളുടെ കൈമാറ്റവും ശക്തിപ്പെടുത്തുന്നതിലുള്ള മുൻഗണന ഇരു നേതാക്കളും ആവർത്തിച്ചു. ഇന്ത്യൻ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് സർവ്വകലാശാലകളിൽ പ്രവേശനം എളുപ്പമാക്കുന്ന 'ഇന്റർനാഷണൽ ക്ലാസസ്' എന്ന സംരംഭത്തെ അവർ അഭിനന്ദിച്ചു. നിലവിൽ ഫ്രാൻസിലുള്ള 10,000 ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2030-ഓടെ 30,000 ആയി ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മുംബൈയിൽ 'ESSEC ബിസിനസ് സ്കൂളും' 'CentraleSupélec എഞ്ചിനീയറിംഗ് സ്കൂളും' ചേർന്ന് ഒരു കേന്ദ്രം (Hub) സ്ഥാപിക്കുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. കൂടാതെ, അക്കാദമിക് യോഗ്യതകളുടെ പരസ്പര അംഗീകാരം സംബന്ധിച്ച കരാർ പരിഷ്കരിക്കുന്നതിനെയും അവർ അഭിനന്ദിച്ചു.

ഫെബ്രുവരി 18, 19 തീയതികളിൽ ന്യൂഡൽഹിയിലെ എയിംസിൽ (AIIMS) നടന്ന ഉന്നതതല അക്കാദമിക്-ശാസ്ത്രീയ സമ്മേളനങ്ങളുടെ വിജയത്തെയും അക്കാദമിക് രംഗത്തെ വളർച്ചയെയും ഇരു നേതാക്കളും പ്രശംസിച്ചു. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഇരുനൂറിലധികം സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും പങ്കെടുത്ത ഈ സമ്മേളനം, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ സഹകരണത്തെയും സംയുക്ത ബിരുദ പദ്ധതികളെയും എടുത്തുകാണിച്ചു. സോഷ്യൽ സയൻസ് മേഖലയിൽ, ഉഭയകക്ഷി ശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിനും സെഫിപ്ര (CEFIPRA) നടത്തുന്ന പ്രവർത്തനങ്ങളെ നേതാക്കൾ അഭിനന്ദിച്ചു.

ഇരു രാജ്യങ്ങൾക്കുമിടയിൽ നൈപുണ്യവും കഴിവും ഉള്ളവരുടെ കൈമാറ്റം വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യ-ഫ്രാൻസ് മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് അഗ്രിമെൻ്റ് (MMPA), യംഗ് പ്രൊഫഷണൽ സ്കീം (YPS) എന്നിവയുടെ പ്രാധാന്യം നേതാക്കൾ ഊന്നിപ്പറഞ്ഞു. യുവജനങ്ങളുടെയും പ്രൊഫഷണലുകളുടെയും തൊഴിൽപരമായ യാത്രകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന നൈപുണ്യ വികസനം, വൊക്കേഷണൽ വിദ്യാഭ്യാസം, പരിശീലനം എന്നിവയിലെ ധാരണാപത്രം ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. ഈ സഹകരണത്തിൻ്റെ ഭാഗമായി, ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാത്ത ട്രാൻസിറ്റ് (Visa-free transit) സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ആറ് മാസത്തെ പരീക്ഷണ കാലയളവിനുശേഷം ഈ സൗകര്യം വിലയിരുത്തുന്നതാണ്.

മെഡിറ്ററേനിയൻ, ഇന്തോ-പസഫിക് മേഖലകൾക്കിടയിലുള്ള വ്യാപാരവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് പ്രതിനിധികൾ, വ്യവസായ പ്രമുഖർ, വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി മാർസെയിൽ (Marseille) നടന്ന റൈസീന ഡയലോഗിന്റെ ആദ്യ മെഡിറ്ററേനിയൻ പതിപ്പിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളിലെയും അക്കാദമിക് വിദഗ്ധർക്കും തിങ്ക് ടാങ്കുകൾക്കും (Think-tanks) ഇടയിലും മെഡിറ്ററേനിയൻ മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ഉഭയകക്ഷി വിനിമയം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് അവർ വിലയിരുത്തി. ഈ ഫോറത്തിന്റെ അടുത്ത പതിപ്പിനായി ഇരു നേതാക്കളും പ്രതീക്ഷയോടെ കാത്തിരിക്കുന്നു .

'ഇന്ത്യ-ഫ്രാൻസ് പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം' സ്ഥാപിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായം തുറക്കുന്നു. ഇത് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും അന്താരാഷ്ട്ര സമാധാനം, സ്ഥിരത, അഭിവൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും.

***

NK


( റിലീസ് ഐ.ഡി: 2230051) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Punjabi , Gujarati , Telugu , Kannada