ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ദേശീയ AI അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നിലവിലുള്ള 38,000 GPU-കൾക്ക് പുറമേ 20,000 GPU-കൾ കൂടി ഇന്ത്യ കൂട്ടിച്ചേർക്കുമെന്ന് 2026-ലെ ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
17 FEB 2026 5:14PM by PIB Thiruvananthpuram
വരും ആഴ്ചകളിൽ 20,000 GPU-കൾ കൂടി കൂട്ടിച്ചേർക്കുന്നതോടെ ഇന്ത്യയുടെ കമ്പ്യൂട്ട് ശേഷി നിലവിലുള്ള 38,000-ത്തിന് അപ്പുറത്തേക്ക് വിപുലീകരിക്കുമെന്ന് 2026-ലെ ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. കമ്പ്യൂട്ട് അടിസ്ഥാന സൗകര്യങ്ങളുടെ ഗണ്യമായ വിപുലീകരണവും ഉത്തരവാദിത്തമുള്ള നിർമ്മിതബുദ്ധി (AI) വിന്യാസവും ലക്ഷ്യമിടുന്ന ഇന്ത്യയുടെ എഐ തന്ത്രത്തിൻ്റെ അടുത്ത ഘട്ടമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഉച്ചകോടിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മന്ത്രി, ഉത്തരവാദിത്തമുള്ള എഐ വികസനത്തിലും നിർമ്മിതബുദ്ധിയുടെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുടനീളമുള്ള അതിൻ്റെ വ്യാപകമായ വിന്യാസത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആവർത്തിച്ചു.

സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഇന്ത്യയുടെ എഐ തന്ത്രം പ്രകടമാക്കുന്നതെന്ന് ശ്രീ അശ്വിനി വൈഷ്ണവ് ഊന്നിപ്പറഞ്ഞു. മറ്റ് പല രാജ്യങ്ങളിലും എഐ അടിസ്ഥാന സൗകര്യങ്ങൾ ചുരുക്കം ചില കമ്പനികളുടെ നിയന്ത്രണത്തിലാണെങ്കിൽ, ഇന്ത്യ അതിൻ്റെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് എഐ കമ്പ്യൂട്ട് ആക്സസ് നൽകിയിട്ടുണ്ട്.
കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, വാണിജ്യ-വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ, ഇന്ത്യ എഐ മിഷൻ സിഇഒ ശ്രീ. അഭിഷേക് സിംഗ് എന്നിവർ മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിൽ പങ്കെടുത്തു.
ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാർ, സർക്കാർ പ്രതിനിധികൾ, മന്ത്രിമാർ, ആഗോള സാങ്കേതിക നേതാക്കൾ, ഗവേഷകർ, ബഹുരാഷ്ട്ര സ്ഥാപനങ്ങൾ, വ്യവസായ പങ്കാളികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവർ ഒത്തുചേരുന്നു.
ഉന്നത ഉദ്യോഗസ്ഥർ ഏകദേശം 20 സെഷനുകൾ നയിക്കുന്നുണ്ടെന്നും ആഗോള എഐ നേതാക്കളുടെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നുണ്ടെന്നും എടുത്തുപറഞ്ഞ മന്ത്രി, ഉച്ചകോടിയിലെ ശക്തമായ ആഗോള പങ്കാളിത്തത്തെക്കുറിച്ച് വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി മുഴുവൻ ടീമും രാപ്പകൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള തൻ്റെ ശുഭാപ്തിവിശ്വാസം ശ്രീ. വൈഷ്ണവ് പങ്കുവെച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200 ബില്യൺ ഡോളറിലധികം മൂല്യമുള്ള നിക്ഷേപം വരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകളോടുള്ള വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളുടെ പ്രതിബദ്ധത അദ്ദേഹം ചൂണ്ടിക്കാട്ടുകയും എഐ സ്റ്റാക്കിൻ്റെ അഞ്ച് തലങ്ങളിലുടനീളം നിക്ഷേപങ്ങൾ ഒഴുകിവരികയാണെന്നും അദ്ദേഹം പറഞ്ഞു. വലിയ പരിഹാരങ്ങൾക്കും പ്രധാന ആപ്ലിക്കേഷനുകൾക്കുമായി വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളും മറ്റ് പങ്കാളികളും ഫണ്ട് മാറ്റിവെയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐടി വ്യവസായം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തുകളിൽ ഒന്നാണെന്നും സാങ്കേതികവിദ്യയിലെ ഓരോ മാറ്റവും വ്യവസായം, അക്കാദമിക് മേഖല, സർക്കാർ എന്നിവ സംയുക്തമായി കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ മൂന്ന് മേഖലകളിലാണ് പ്രവർത്തനം നടന്നുവരുന്നത്: നിലവിലുള്ള തൊഴിൽ സേനയുടെ നൈപുണ്യ വികസനവും പുനർനൈപുണ്യവും, പുതിയ പ്രതിഭകളെ സൃഷ്ടിക്കൽ, ഭാവി തലമുറ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി സജ്ജരാണെന്ന് ഉറപ്പാക്കൽ എന്നിവയാണവ. ഈ മൂന്ന് ശ്രമങ്ങളും സമാന്തരമായി പുരോഗമിക്കുകയാണ്.
ഊർജ്ജ ശേഷിയെക്കുറിച്ച് പരാമർശിച്ച മന്ത്രി, വൈദ്യുതി ഉത്പാദന ശേഷിയുടെ 50 ശതമാനത്തിലധികവും ശുദ്ധമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടി. നിലവിൽ ഇത് ഏകദേശം 51 ശതമാനമാണ്, ഇത് രാജ്യത്തിന് ഗണ്യമായ നേട്ടം പ്രദാനം ചെയ്യുന്നു. മൂന്ന് വർഷം മുമ്പ് ആരംഭിച്ച ഫ്യൂച്ചർ സ്കിൽസ് പ്രോഗ്രാം ഇപ്പോൾ എഐ അധിഷ്ഠിത പുനർനൈപുണ്യ വികസനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭകളുടെ ലഭ്യത പുതുമയുള്ളതായി നിലനിർത്തുന്നതിനും യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കുന്നതിനും പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവും എഐസിടിഇ -യും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ തദ്ദേശീയ എഐ മോഡലുകളെ സംബന്ധിച്ച്, ഉച്ചകോടിയിൽ അവതരിപ്പിച്ച നിരവധി മോഡലുകൾ ഒന്നിലധികം മാനദണ്ഡങ്ങൾ പ്രകാരം പരീക്ഷിക്കപ്പെട്ടവയും അളക്കപ്പെട്ടവയുമാണെന്ന് മന്ത്രി പറഞ്ഞു. ആഗോള മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ, പല ഇന്ത്യൻ മോഡലുകളും പ്രമുഖ അന്താരാഷ്ട്ര എഐ സംവിധാനങ്ങളേക്കാൾ മികച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ടെന്നും ഇത് ഇന്ത്യയുടെ നവീകരണ ശേഷിയെ അടിവരയിടുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആഗോളതലത്തിലെ മികച്ച മൂന്ന് എഐ രാജ്യങ്ങളിൽ ഒന്നായി സ്റ്റാൻഫോർഡ് ഇന്ത്യയെ റാങ്ക് ചെയ്തതായും അദ്ദേഹം സൂചിപ്പിച്ചു.
എഐ-യുടെ ദുരുപയോഗത്തിനുള്ള സാധ്യത അംഗീകരിച്ചുകൊണ്ട്, ദോഷകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനോടൊപ്പം എഐ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സാങ്കേതിക-നിയമ സമീപനത്തിൻ്റെ പ്രാധാന്യം വിവര സാങ്കേതിക മന്ത്രി എടുത്തുപറഞ്ഞു. ഈ സമീപനം സാങ്കേതിക പരിഹാരങ്ങളെ നിയന്ത്രണ ചട്ടക്കൂടുകളുമായി സംയോജിപ്പിക്കുന്നു. ഒന്നിലധികം അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യയുടെ എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്ന വിർച്വൽ ഇൻസ്റ്റിറ്റ്യൂട്ട്, എഐ ദുരുപയോഗം തടയുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമ്മിതബുദ്ധി അഞ്ചാം വ്യാവസായിക വിപ്ലവത്തിന് കരുത്ത് പകരുന്നതായും അത് സമ്പദ്‌വ്യവസ്ഥയുടേയും സമൂഹത്തിൻ്റേയും എല്ലാ മേഖലകളേയും സ്വാധീനിക്കുമെന്നും വിവിധ മേഖലകളിലെ വിന്യാസത്തെക്കുറിച്ച് ശ്രീ. വൈഷ്ണവ് വിശേഷിപ്പിച്ചു. ആരോഗ്യ പരിപാലനം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റാൻ കഴിയുന്ന, ഉച്ചകോടിയിൽ പ്രദർശിപ്പിച്ച ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട പരിഹാരങ്ങളേയും, ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ രീതിയിലുള്ള പഠനം സാധ്യമാക്കുന്ന വിദ്യാഭ്യാസ പരിഹാരങ്ങളേയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ചിപ്പ് വികസനത്തെക്കുറിച്ച് പരാമർശിക്കവെ, സെമികണ്ടക്ടർ ദൗത്യത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത മന്ത്രി ആവർത്തിച്ചു. സെമികണ്ടക്ടർ 2.0 -യിൽ രൂപകൽപ്പനയ്ക്കായിരിക്കും പ്രാഥമിക മുൻഗണനയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലെ നവീകരണ പ്രവർത്തനങ്ങളുടേയും വികസന ശ്രമങ്ങളുടേയും ഫലമായി വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് കുറഞ്ഞത് 50 ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകളെങ്കിലും ഉയർന്നുവരുമെന്ന് അദ്ദേഹം പ്രവചിച്ചു.
സുസ്ഥിരതയെക്കുറിച്ച് സംസാരിക്കവെ, എഐ ഡാറ്റാ സെൻ്ററുകൾക്ക് കരുത്ത് പകരാൻ ശുദ്ധമായ ഊർജ്ജത്തിലുള്ള നിക്ഷേപങ്ങളെക്കുറിച്ചും ഊർജ്ജ-ജല ഉപഭോഗം കുറയ്ക്കുന്നതിനുള്ള നിലവിലെ ഗവേഷണങ്ങളെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. എഐ അടിസ്ഥാന സൗകര്യങ്ങളിലെ ഊർജ്ജ ഉപയോഗം 35 ശതമാനം വരെ കുറയ്ക്കാനുള്ള സാധ്യത പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ 2.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഉത്തരവാദിത്തമുള്ള നവീകരണത്തിനായി എഐ ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്തതായി മന്ത്രി അറിയിച്ചു. ഈ സംരംഭം ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും.
നിർമ്മിതബുദ്ധി ഉത്തരവാദിത്തത്തോടെ വികസിപ്പിക്കുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന് വലിയ തോതിൽ ഗുണകരമാകുന്ന രീതിയിൽ വിവിധ മേഖലകളിൽ അതിൻ്റെ വ്യാപകമായ വിന്യാസം ഉറപ്പാക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞുകൊണ്ട് മന്ത്രി ഉപസംഹരിച്ചു.
****
( റിലീസ് ഐ.ഡി: 2229380)
സന്ദര്‍ശക കൗണ്ടര്‍ : 5