സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
ഗുജറാത്തിലെ ദേശീയപാത-56 ലെ ധമാസിയ-ബിറ്റാഡ/മോവി, നാസർപൂർ-മലോത്ത ഭാഗങ്ങൾ നാലുവരിപ്പാതയാക്കി ഉയർത്തുന്നതിന് 4583.64 കോടി രൂപ മൂലധന ചെലവിലുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പോസ്റ്റഡ് ഓണ്‍:
14 FEB 2026 1:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഗുജറാത്തിലെ ധമാസിയ–ബിറ്റാഡ/മോവി (47.46 കി.മീ), നാസർപൂർ–മലോത്ത (60.21 കി.മീ) ഉൾപ്പെടുന്ന ദേശീയ പാത നാലുവരി ആക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകി. എച്ച്എഎം മോഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ 107.67 കി.മീ ദൈർഘ്യമുള്ള പദ്ധതിയാണിത്. മൊത്തം മൂലധന ചെലവ് 4583.64 കോടി രൂപയായിരിക്കും.
രാജസ്ഥാനിലെ നിംബഹേരയിൽ നിന്ന് ആരംഭിച്ച് ഗുജറാത്തിലെ ദാഹോദ് ജില്ല, മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ല എന്നിവയിലൂടെ കടന്നുപോകുന്ന ഈ പദ്ധതി, എൻഎച്ച്-56 ന്റെ ഭാഗമാണ്. തുടർന്ന് ഛോട്ടാ ഉദേയ്പൂർ ജില്ലയ്ക്ക് സമീപത്തുകൂടി ഗുജറാത്തിൽ വീണ്ടും പ്രവേശിക്കുകയും ചെയ്യുന്നു. പിന്നീട് വാപിക്ക് സമീപം എൻഎച്ച്-48 മായി ചേരുന്ന ഇടത്ത് ഇത് അവസാനിക്കുന്നു.
അനുമതി ലഭിച്ച ഈ പദ്ധതികൾ നിതി ആയോഗിന്റെ 'അഭിലാഷ ജില്ലയായ' നർമ്മദയിലൂടെ കടന്നുപോകുന്നു. കൂടാതെ ഇതിലൂടെ ദാഹോദ്, ഛോട്ടാ ഉദേയ്പൂർ, താപി, ബറൂച്ച് എന്നിവിടങ്ങളിലെ ഗോത്ര മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുകയും അതുവഴി പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും സഹായകമാവുകയും ചെയ്യും. എൻഎച്ച് -56 ൽ നിന്ന് ഏകദേശം 11 കിലോമീറ്റർ അകലെ കെവാഡിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയ പ്രാധാന്യമുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള കണക്റ്റിവിറ്റിയും ഈ പാതയിലൂടെ മെച്ചപ്പെടുന്നു.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ മണിക്കൂറിൽ ശരാശരി 70 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാൻ സാധിക്കും. ഇതിന്റെ ഫലമായി യാത്രാ സമയം 40% വരെ കുറയുകയും, നിലവിലെ 2.5 മണിക്കൂറിൽ നിന്ന് 1.5 മണിക്കൂറായി ചുരുങ്ങുകയും ചെയ്യുന്നു.
107.67 കിലോമീറ്റർ ദൈർഘ്യമുള്ള അംഗീകൃത പദ്ധതിയിലൂടെ ഏകദേശം 19.38 ലക്ഷം നേരിട്ടുള്ള തൊഴിൽ ദിനങ്ങളും 22.82 ലക്ഷം പരോക്ഷ തൊഴിൽ ദിനങ്ങളും സൃഷ്ടിക്കപ്പെടും. കൂടാതെ നിർദ്ദിഷ്ട ഇടനാഴിക്ക് സമീപമുള്ള സാമ്പത്തിക പ്രവർത്തനങ്ങളിലെ വർദ്ധനവിന്റെ ഫലമായി ഈ പദ്ധതി അധിക തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.
ദേശീയ പാത അതോറിറ്റിയുടെ (NHAI) നേതൃത്വത്തിൽ, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, NH-56 ലെ തിരക്കേറിയ ജംബുഗം (ബോഡേലി)-മലോത്ത സെക്ഷൻ (175 കിലോമീറ്റർ) നാല് ഘട്ടങ്ങളിലായി മെച്ചപ്പെടുത്തി നാലുവരി പാതയാക്കി ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജംബുഗം (ബോഡേലി) മുതൽ ധമാസിയ വരെയും മോവി മുതൽ നാസർപൂർ വരെയും ഉള്ള ഭാഗങ്ങൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2025 നവംബറിൽ ആരംഭിച്ചു കഴിഞ്ഞു. രണ്ട് വർഷത്തിനകം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ ബോഡേലി മുതൽ മലോത്ത വരെ തുടർച്ചയായ നാലുവരിപ്പാത കണക്റ്റിവിറ്റി സ്ഥാപിക്കപ്പെടും. അങ്ങനെ NH-56 ലെ ഗതാഗത തിരക്ക് ലഘൂകരിക്കുകയും, NH-53, NH-48, ഡൽഹി-മുംബൈ എക്സ്പ്രസ് വേ (NE-4) എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും.
-SK-
( റിലീസ് ഐ.ഡി: 2228015)
സന്ദര്‍ശക കൗണ്ടര്‍ : 55
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada