പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 08 FEB 2026 10:33AM by PIB Thiruvananthpuram

ആദരണീയ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം,

ഇരു രാജ്യങ്ങളിലെയും വിശിഷ്ട പ്രതിനിധികളേ,

മാധ്യമ സുഹൃത്തുക്കളേ,

നമസ്‌കാരം!

സെലാമത് പാഗി!

ആദ്യമായി, എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. കഴിഞ്ഞ വർഷം, ആസിയാൻ ഉച്ചകോടിക്കായി എനിക്ക് മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നാൽ എത്രയും വേഗം ഞാൻ മലേഷ്യയിലേക്ക് വരുമെന്ന് എന്റെ പ്രിയ സുഹൃത്തിന്  വാഗ്ദാനം നൽകിയിരുന്നു. ഇന്ന്, 2026 ലെ എന്റെ ആദ്യ വിദേശ സന്ദർശനത്തിൽ തന്നെ, ഞാൻ ഇവിടെ മലേഷ്യയിൽ എത്തിയിരിക്കുകയാണ്. 

സുഹൃത്തുക്കളേ,

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം ഏറെ സവിശേഷമാണ്. നമ്മൾ സമുദ്ര അയൽക്കാരാണ്. നൂറ്റാണ്ടുകളായി, നമ്മുടെ ജനങ്ങൾ ആഴമേറിയതും സ്നേഹനിർഭരവുമായ ബന്ധങ്ങൾ പങ്കിടുന്നു. ഇന്ന് ലോകത്ത് ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലായി വസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് മലേഷ്യ.  പങ്കിട്ട സാംസ്കാരിക പൈതൃകത്തിലൂടെയും ജനാധിപത്യ മൂല്യങ്ങളിലൂടെയും നമ്മുടെ നാഗരികതകൾ ബന്ധപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

അടുത്ത കാലത്തായി നമ്മുടെ ബന്ധം പുതിയൊരു വേഗത കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതിയിൽ എന്റെ സുഹൃത്തായ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സവിശേഷമായ പങ്കുവഹിച്ചിട്ടുണ്ട്.

ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പാദനം എന്നിവയിൽ നമ്മുടെ സഹകരണം കൂടുതൽ ശക്തമായി. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ബയോടെക്‌നോളജി, ഐടി എന്നിവയിൽ പരസ്പര നിക്ഷേപം വർദ്ധിച്ചു. ടൂറിസവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ആഴത്തിലായി. ഈ നേട്ടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ന് നമ്മുടെ പങ്കാളിത്തത്തിന് അഭൂതപൂർവമായ വേഗതയും ആഴവും കൊണ്ടുവരാൻ നാം ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

സുരക്ഷാ മേഖലയിൽ, ഭീകരവാദത്തിനെതിരായ സഹകരണം, രഹസ്യാന്വേഷണ പങ്കിടൽ, സമുദ്ര സുരക്ഷ എന്നിവയിൽ നാം സഹകരണം ശക്തിപ്പെടുത്തും. നമ്മുടെ പ്രതിരോധ സഹകരണവും നാം വിപുലമാക്കും.

AI, ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കൊപ്പം, സെമികണ്ടക്ടറുകൾ, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയിലും നാം പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകും. ഇന്ന് നടന്ന CEO ഫോറം വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ വഴികൾ തുറന്നിരിക്കുന്നു. തന്ത്രപരമായ വിശ്വാസത്തോടെ, സാമ്പത്തിക പരിവർത്തനത്തിന് ഞങ്ങൾ വഴിയൊരുക്കും.

സുഹൃത്തുക്കളേ,

ഇന്നലെ, മലേഷ്യയിലെ ഇന്ത്യൻ പ്രവാസികളിലെ അംഗങ്ങളെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തന്റെ സാന്നിധ്യത്താൽ സമ്മേളനത്തെ അലങ്കരിച്ചു, അത് അതിന്റെ പ്രൗഢി വർദ്ധിപ്പിച്ചു. മൂന്ന് ദശലക്ഷത്തിലധികം വരുന്ന പ്രവാസികൾ നമ്മുടെ രാജ്യങ്ങൾക്കിടയിലുള്ള ഒരു സജീവമായ പാലവും ശക്തിയുടെ വലിയ ഉറവിടവുമാണ്. അവരുടെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികൾ നമ്മുടെ ബന്ധത്തിന് മാനുഷികമായ ഒരു അടിത്തറ നൽകുന്നു.

മലേഷ്യയിലെ ഇന്ത്യൻ തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ കരാർ, ടൂറിസത്തിനായുള്ള സൗജന്യ ഇ-വിസകൾ, മലേഷ്യയിൽ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ഇന്റർഫേസ് യുപിഐ നടപ്പിലാക്കൽ തുടങ്ങിയ നടപടികൾ ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ ജീവിതം എളുപ്പമാക്കും. എല്ലാത്തിനുമുപരി, ഏതൊരു പങ്കാളിത്തവും യഥാർത്ഥത്തിൽ വിജയിക്കുന്നത് അതിന്റെ നേട്ടങ്ങൾ നേരിട്ട് ജനങ്ങളിൽ എത്തുമ്പോൾ മാത്രമാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയും മലേഷ്യയും തമിഴ് ഭാഷയോടുള്ള പൊതുവായ സ്നേഹത്താൽ ഐക്യപ്പെട്ടിരിക്കുന്നു. മലേഷ്യയിലെ വിദ്യാഭ്യാസ, മാധ്യമ, സാംസ്കാരിക മേഖലകളിൽ തമിഴ് ഭാഷയുടെ ശക്തവും സജീവവുമായ സാന്നിധ്യം പ്രകടമാണ്. ഇന്നത്തെ ഓഡിയോ-വിഷ്വൽ കരാർ സിനിമകളിലൂടെയും സംഗീതത്തിലൂടെയും, പ്രത്യേകിച്ച് തമിഴ് സിനിമയിലൂടെയും നമ്മുടെ ഹൃദയങ്ങളെ കൂടുതൽ അടുപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നമ്മുടെ യുവാക്കൾക്കിടയിലുള്ള സർവകലാശാലാ കൈമാറ്റങ്ങൾ, സ്റ്റാർട്ടപ്പ് ബന്ധങ്ങൾ, നൈപുണ്യ വികസനം എന്നിവയ്ക്കുള്ള അവസരങ്ങളും ഞങ്ങൾ വിപുലീകരിക്കുന്നു. വളർന്നുവരുന്ന നമ്മുടെ ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഞങ്ങൾ മലേഷ്യയിൽ ഒരു പുതിയ കോൺസുലേറ്റ് തുറക്കുന്നു.

സുഹൃത്തുക്കളേ,

ഇന്തോ-പസഫിക് മേഖല ആഗോള വളർച്ചയുടെ എഞ്ചിനായി ഉയർന്നുവരുന്നു. ആസിയാനുമായുള്ള പങ്കാളിത്തത്തോടെ ഇന്തോ-പസഫിക് മേഖലയിലുടനീളം വികസനം, സമാധാനം, സ്ഥിരത എന്നിവയ്ക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആസിയാൻ കേന്ദ്രീകരണത്തിന് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു. വിജയകരമായ ആസിയാൻ അധ്യക്ഷ സ്ഥാനത്തിന് മലേഷ്യയെ ഞാൻ വീണ്ടും ഊഷ്മളമായി അഭിനന്ദിക്കുന്നു.

മലേഷ്യ പോലുള്ള സൗഹൃദ രാജ്യങ്ങളുടെ പിന്തുണയോടെ, ആസിയാനുമായുള്ള ബന്ധം ഇന്ത്യ കൂടുതൽ വിശാലമാക്കും. ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര  കരാറിന്റെ (AITIGA) അവലോകനം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഞങ്ങൾ പരസ്പരം സമ്മതിച്ചിട്ടുണ്ട്. 

സുഹൃത്തുക്കളേ,

ഇന്ന്, പ്രാദേശികവും, ആഗോളവുമായ വിഷയങ്ങളിൽ ഞങ്ങൾ അർത്ഥവത്തായ ചർച്ചകൾ നടത്തി. ആഗോള അസ്ഥിരതയുടെ ഈ അന്തരീക്ഷത്തിൽ, ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വളർന്നുവരുന്ന സൗഹൃദം ഇരു രാജ്യങ്ങൾക്കും വളരെയധികം പ്രാധാന്യമുള്ളതാണ്.

ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ ആഗോള സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന കാഴ്ചപ്പാട് ഞങ്ങൾ പങ്കിടുന്നു. സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ തുടർന്നും പിന്തുണയ്ക്കും. ഭീകരതയെക്കുറിച്ചുള്ള ഞങ്ങളുടെ സന്ദേശം വ്യക്തമാണ്: ഇരട്ടത്താപ്പുകളില്ല. വിട്ടുവീഴ്ചകളില്ല.

ആദരണീയ വ്യക്തിത്വമേ,

ഇന്ത്യ-മലേഷ്യ ബന്ധങ്ങളോടുള്ള അങ്ങയുടെ പ്രതിബദ്ധതയെ ഞങ്ങൾ ആഴത്തിൽ അഭിനന്ദിക്കുന്നു. സമ്പന്നമായ ഒരു മലേഷ്യയെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും വികസിത ഇന്ത്യയെക്കുറിച്ചുള്ള ഞങ്ങളുടെ ദൃഢനിശ്ചയവും സാക്ഷാത്കരിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

നിങ്ങളുടെ സൗഹൃദത്തിനും ഊഷ്മളമായ സ്വാഗതത്തിനും മാന്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ വീണ്ടും ആത്മാർത്ഥമായി നന്ദി പറയുന്നു. അങ്ങയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുന്നു.

“വളരെയധികം നന്ദി.

ജുംപ ലാഗി!

-NK-


( റിലീസ് ഐ.ഡി: 2225983) സന്ദര്‍ശക കൗണ്ടര്‍ : 5