വാണിജ്യ വ്യവസായ മന്ത്രാലയം
ഉല്പാദന മേഖലയെയും സൂക്ഷ്മ, ചെറുകിട-ഇടത്തരം സംരംഭങ്ങളെയും പിന്തുണയ്ക്കാന്‍ ബ്രിക്സ് വ്യവസായ നൈപുണ്യ കേന്ദ്രത്തിൻ്റെ ഭാഗമായി ഇന്ത്യ
പോസ്റ്റഡ് ഓണ്‍:
04 FEB 2026 11:55AM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വ്യാവസായിക ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) സംഘടിപ്പിച്ച ചടങ്ങിൽ ബ്രിക്സ് വ്യവസായ നൈപുണ്യ കേന്ദ്രത്തില്‍ (BCIC) ഇന്ത്യ പങ്കാളിയായി. ഐക്യരാഷ്ട്ര വ്യാവസായിക വികസന സംഘടനയുമായി (UNIDO) സഹകരിച്ച് ആരംഭിച്ച ബ്രിക്സ് വ്യവസായ നൈപുണ്യ കേന്ദ്രം (BCIC) ബ്രിക്സ് രാജ്യങ്ങളിലെ ഉല്പാദന കമ്പനികൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സംയോജിത പിന്തുണ സേവനങ്ങൾ നൽകുന്ന ഏകജാലക കേന്ദ്രമാണ്. 'ഇൻഡസ്ട്രി 4.0' നൈപുണ്യങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ഇത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചടങ്ങിൽ DPIIT-യും UNIDO-യും തമ്മിൽ ട്രസ്റ്റ് ഫണ്ട് കരാറിൽ ഒപ്പുവച്ചു. DPIIT സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ അഗ്രിം കൗശൽ, UNIDO ഡയറക്ടർ ഡോ. ക്രിസ്റ്റ്യാനോ പാസിനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇതോടെ ബ്രിക്സ് വ്യവസായ നൈപുണ്യ കേന്ദ്ര ചട്ടക്കൂടിൽ ഇന്ത്യ ഔപചാരികമായി പങ്കുചേര്‍ന്നു.
ദേശീയ ഉല്പാദനക്ഷമത സമിതിയെ (എൻപിസി) ഇന്ത്യയിലെ ബ്രിക്സ് വ്യാവസായിക നൈപുണ്യ കേന്ദ്രമായി നിശ്ചയിച്ചു. DPIIT-യുടെ നയപരമായ മാർഗനിർദേശത്തോടെ UNIDO-യുടെ സാങ്കേതിക പിന്തുണയിലാണ് ഇത് പ്രവര്‍ത്തിക്കുക. ബ്രിക്സ് വ്യവസായ നൈപുണ്യ കേന്ദ്രവുമായി ഇന്ത്യയുടെ ഇടപെടലുകൾക്ക് എൻപിസി നേതൃത്വം നൽകുകയും ശേഷി വർധന, ഉല്പാദനക്ഷമത മെച്ചപ്പെടുത്തൽ, നൂതന ഉല്പാദന രീതികള്‍ നടപ്പാക്കല്‍ എന്നിവയിൽ സംഭാവന നൽകുകയും ചെയ്യും.
വ്യാവസായിക ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി ശ്രീ അമർദീപ് സിങ് ഭാട്ടിയ ചടങ്ങിൽ അധ്യക്ഷനായി. എൻപിസി ഡയറക്ടർ ജനറൽ ശ്രീമതി നീർജ ശേഖർ, DPIIT, എംഎസ്എംഇ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, UNIDO പ്രതിനിധികൾ, വ്യവസായ പങ്കാളിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
****
( റിലീസ് ഐ.ഡി: 2223096)
സന്ദര്‍ശക കൗണ്ടര്‍ : 4