യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ബജറ്റിൽ യുവജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘മൈ ഭാരത് ബജറ്റ് ക്വസ്റ്റ് 2026-ന്' ഡോ. മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു.

പോസ്റ്റഡ് ഓണ്‍: 02 FEB 2026 2:38PM by PIB Thiruvananthpuram
വിജയികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിക്കും.

കേന്ദ്ര ബജറ്റിനെക്കുറിച്ച് രാജ്യത്തെ യുവജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും ബജറ്റ് നിർദ്ദേശങ്ങൾ കൂടുതൽ ലളിതവും പൗരകേന്ദ്രീകൃതവുമാക്കുന്നതിനുമായി ‘മൈ ഭാരത് ബജറ്റ് ക്വസ്റ്റ് 2026’ എന്ന ദേശീയതല സംരംഭത്തിന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് തുടക്കം കുറിച്ചു. ഘടനാപരവും പങ്കാളിത്തപരവുമായ ഒരു ചട്ടക്കൂടിലൂടെ രാജ്യത്തുടനീളമുള്ള കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യുവജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് 2026-ലെ കേന്ദ്ര ബജറ്റിനെ സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ഈ മത്സരം നാളെ (2026 ഫെബ്രുവരി 3) മുതൽ  മൈ ഭാരത് പ്ലാറ്റ്‌ഫോമിൽ (https://mybharat.gov.in/)  ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുവജനങ്ങൾക്കായി 2026-ലെ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി നടത്തുന്ന ദേശീയതല ഓൺലൈൻ ക്വിസ് മത്സരമാണിത്. ഫെബ്രുവരി 17 ആണ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി. ഇതിന് ശേഷം ഓരോ സംസ്ഥാനത്തുനിന്നും കേന്ദ്രഭരണ പ്രദേശത്തുനിന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ തിരഞ്ഞെടുക്കും. ഇവർക്കായി 2026 ഫെബ്രുവരി 17 മുതൽ മാർച്ച് 3 വരെ രണ്ടാം ഘട്ടമായി ഉപന്യാസ രചനാ മത്സരം നടത്തും. വികസിത ഭാരതം എന്ന ദർശനവുമായി പൊരുത്തപ്പെടുന്ന കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട 8 വിഷയങ്ങളാണ് ഉപന്യാസ രചനയ്ക്കായി നല്കുക. ഇതിലൂടെ യുവജനങ്ങൾക്ക്‌ അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെയ്ക്കാം.

വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിലൂടെ (VBYLD) യുവജനങ്ങൾ പങ്കുവെച്ച നൂതന ആശയങ്ങളെ ധനമന്ത്രി ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിനിടെ അഭിനന്ദിച്ചിരുന്നുവെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ എടുത്തുപറഞ്ഞു. അതിൽ ചില ആശയങ്ങൾ 2026-27 ലെ  കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയതായും ധനമന്ത്രി പരാമർശിച്ചിരുന്നു. മൈ ഭാരത് ബജറ്റ് ക്വസ്റ്റിലൂടെ ഈ മനോഭാവം തുടരാനും യുവശബ്ദങ്ങളെ ശാക്തീകരിക്കാനുമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

2026 മാർച്ച് 3 നും 10 നും ഇടയിൽ ഉപന്യാസങ്ങളുടെ മൂല്യനിർണ്ണയം നടത്തുകയും മാർച്ച് 10-ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശം തിരിച്ചുള്ള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. സംസ്ഥാന, കേന്ദ്രഭരണ പ്രദേശ തലങ്ങളിലെ വിജയികൾക്ക് പിന്നീട്, ‘വികസിത് ഭാരത് ബജറ്റ്’ എന്ന  ദർശനത്തെക്കുറിച്ച്  ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി സംവദിക്കാൻ അവസരം ലഭിക്കും. രാജ്യത്തിൻ്റെ സാമ്പത്തിക ചർച്ചകളിലും വികസന മുൻഗണനകളിലും യുവജനങ്ങളുടെ അറിവോടെയുള്ള പങ്കാളിത്തം ഉറപ്പാക്കാനുള്ള  സർക്കാരിൻ്റെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു.
 
SKY
 
*****
ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടി 2026: ഇതിനകം 35,000 ലധികം രജിസ്ട്രേഷനുകൾ; 100 ലധികം രാജ്യങ്ങൾ, 500 ലധികം സ്റ്റാർട്ടപ്പുകൾ, 500 സെഷനുകളിലൂടെ സജീവ പങ്കാളിത്തം

ഉച്ചകോടിക്കുള്ള മാധ്യമ രജിസ്ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 8


ന്യൂഡൽഹിയിൽ 2026 ഫെബ്രുവരി 16 മുതൽ 20 വരെ സംഘടിപ്പിച്ചിട്ടുള്ള ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടി, ഇതുവരെ നടന്ന നാല് ആഗോള AI ഉച്ചകോടികളിൽ ഏറ്റവും വലുതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഉത്തരവാദിത്വപരവും ഉൾക്കൊള്ളുന്നതും പ്രായോഗിക ഫലങ്ങളിലേക്ക് നയിക്കുന്നതുമായ നിർമിത ബുദ്ധി(AI) സാധ്യതകളിലെ ആഗോള ആവേശം ഇതിലൂടെ പ്രതിഫലിക്കുന്നു.

ആഗോള സമൂഹത്തിൽ നിന്ന് ലഭിച്ച അഭൂതപൂർവമായ പ്രതികരണത്തിന്റെ ഭാഗമായി, പരിപാടിക്ക് 35,000-ലധികം രജിസ്ട്രേഷനുകൾ ലഭിച്ചു. ദർശനങ്ങളെ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റുന്നതിനും അടിസ്ഥാനതലത്തിൽ പ്രസക്തമായ ഫലങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഉച്ചകോടി പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗവണ്മെന്റുകൾ, വ്യവസായ നേതാക്കൾ, ഗവേഷകർ, പൗര സമൂഹ സംഘടനകൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ തുടങ്ങിയവ ഉച്ചകോടിയിൽ പങ്കെടുത്ത് അജണ്ട രൂപപ്പെടുത്തുന്നതിൽ സജീവമായി ഇടപെടും. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 15 മുതൽ 20 വരെ രാഷ്ട്രത്തലവന്മാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50-ലധികം മന്ത്രിമാർ, മുൻനിര ആഗോള, ഇന്ത്യൻ കമ്പനികളുടെ 40-ലധികം സിഇഒമാർ എന്നിവരും ഉൾപ്പെടും. കൂടാതെ, നൂതനാശയ വിദഗ്ധർ, ഗവേഷകർ, ചീഫ് ടെക്നോളജി ഓഫീസർമാർ എന്നിവരടങ്ങുന്ന ആഗോള AI പരിസ്ഥിതിയിലെ ഏകദേശം 500 പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

പങ്കാളിത്തത്തിന്റെ ആഴവും വൈവിധ്യവും പ്രതിഫലിപ്പിച്ചുകൊണ്ട്, 500-ലധികം AI സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന ഒരു സ്റ്റാർട്ടപ്പ് പ്രദർശനവും,മുഖ്യ പരിപാടിയോടൊപ്പം ഏകദേശം 500 സെഷനുകളും ഉച്ചകോടിയിൽ നടക്കും. AI-യെ കേന്ദ്രീകരിച്ചുള്ള ഏറ്റവും സമഗ്രമായ ആഗോള സമ്മേളനങ്ങളിലൊന്നായി ഇത് ഈ ഉച്ചകോടിയെ മാറ്റും

ഉച്ചകോടിക്ക് മുന്നോടിയായി ഉണ്ടായ പങ്കാളിത്തത്തിന്റെ വ്യാപ്തിയും ശ്രദ്ധേയമാണ്. പ്രീ-സമ്മിറ്റ് പരിപാടികൾക്കായി 1,300-ലധികം നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും ലോകമെമ്പാടുമായി വിവിധ മേഖലകളിൽ ഇതിനകം 500-ലധികം പ്രീ-സമ്മിറ്റ് പരിപാടികൾ സംഘടിപ്പിച്ചു. ഉച്ചകോടിയിൽ ഏഴ് പ്രധാന ഫ്ലാഗ്ഷിപ്പ് പരിപാടികളും ഉൾപ്പെടുന്നു. ഇവയിലായി 3,00,000-ത്തിലധികം പേർ പങ്കാളികളാകുന്നുണ്ടെന്നത്, AI ഇംപാക്റ്റ് ഉച്ചകോടിയിൽ അന്താരാഷ്ട്രതലത്തിലുമുള്ള ഗണ്യമായ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നു.

 AI അപകടസാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആദ്യം ബ്ലെച്‌ലി പാർക്കിൽ നടന്ന സമ്മേളനത്തോടെ ആഗോള AI ഉച്ചകോടികൾക്ക് തുടക്കമായി; പിന്നീട് സ്യോളിൽ നൈതികതയും ഉൾക്കൊള്ളലും സംബന്ധിച്ച ചർച്ചകളിലേക്ക് ഉച്ചകോടി നീങ്ങി; തുടർന്ന് പൊതുവായ തത്വങ്ങളുടെ പ്രായോഗിക നടപ്പാക്കലിനെ സംബന്ധിച്ച ചർച്ചകൾക്ക് പാരിസിൽ നടന്ന ഉച്ചകോടി വേദിയായി. ഈ പശ്ചാത്തലത്തിൽ, ആഗോള AI ചർച്ചകളിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കാണ് ഈ ഉച്ചകോടി പ്രതിഫലിപ്പിക്കുന്നത്.

ഇന്ത്യ AI ഇംപാക്റ്റ് സമ്മിറ്റ് 2026 സംബന്ധിച്ച പരിപാടികൾ, പ്രമേയങ്ങൾ, പങ്കാളിത്ത മാർഗങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ https://impact.indiaai.gov.in/ ൽ ലഭ്യമാണ്. നിർമിത ബുദ്ധിയുടെ ഉത്തരവാദിത്വപരവും ഫലപ്രദവുമായ ഉപയോഗം മുന്നോട്ടുകൊണ്ടുപോകുന്നതിനായുള്ള ഈ ആഗോള സംവാദത്തിന്റെ ഭാഗമാകാൻ താൽപര്യമുള്ള എല്ലാ പങ്കാളികളോടും രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

ഉച്ചകോടിയുടെ മാധ്യമ അക്രഡിറ്റേഷൻ ഇപ്പോൾ സജീവമാണ്. അക്രഡിറ്റേഷൻ ലഭിച്ച മാധ്യമ പ്രതിനിധികൾക്ക് മാത്രമേ ഉച്ചകോടി നടപടികൾ റിപ്പോർട്ട് ചെയ്യാൻ അനുമതി ഉണ്ടായിരിക്കൂ. അപേക്ഷകൾ https://impact.indiaai.gov.in/media-accreditation എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം. മാധ്യമ അക്രഡിറ്റേഷനുള്ള ഓൺലൈൻ അവസരം 2026 ഫെബ്രുവരി 8-ന് അവസാനിക്കും
 
SKY
 
****

( റിലീസ് ഐ.ഡി: 2222209) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: Tamil , English , Urdu , Marathi , हिन्दी , Gujarati , Telugu