ധനകാര്യ മന്ത്രാലയം
പിഴയും നിയമനടപടികളും യുക്തിസഹമാക്കുന്നതിന് നികുതി നിർദ്ദേശങ്ങൾ 2026-27 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
01 FEB 2026 12:54PM by PIB Thiruvananthpuram
2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചു. പിഴയും നിയമനടപടികളും യുക്തിസഹമാക്കുക ലക്ഷ്യമിട്ട്, ബജറ്റിൽ ഒട്ടേറെ നികുതി നിർദ്ദേശങ്ങൾ വ്യക്തതയോടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
നടപടിക്രമങ്ങളുടെ ആവർത്തനം ഒഴിവാക്കാനും വിലയിരുത്തലും പിഴകളും ഏകീകൃത സംവിധാനത്തിൽ സമന്വയിപ്പിക്കാനും ധനമന്ത്രി നിർദ്ദേശിക്കുന്നു. ഒന്നാം അപ്പീൽ അതോറിറ്റിക്ക് മുമ്പിൽ അപ്പീൽ നൽകുന്ന കാലയളവിൽ, അപ്പീൽ പ്രക്രിയയുടെ അവസാനം വരെ, നികുതിദായകൻ്റെ പിഴ തുകയ്ക്ക് പലിശ ബാധകമാകില്ല. കൂടാതെ, മുൻകൂർ പേയ്‌മെൻ്റ് 20%ൽ നിന്ന് 10% വരെ കുറയ്ക്കുകയും, അടിസ്ഥാന നികുതി ഡിമാൻഡിൽ മാത്രം കണക്കാക്കുന്നത് തുടരുകയും ചെയ്യും.
വ്യവഹാരങ്ങൾ ലഘൂകരിക്കുന്നതിനുള്ള അധിക നടപടിയായി, പുനർമൂല്യനിർണ്ണയ നടപടികൾ ആരംഭിച്ച ശേഷം നികുതിദായകർക്ക് അവരുടെ റിട്ടേണുകൾ അപ്ഡേറ്റ് ചെയ്യാൻ അനുവാദം നൽകണമെന്ന് ധനമന്ത്രി നിർദ്ദേശിച്ചു. ബന്ധപ്പെട്ട വർഷത്തേക്ക് ബാധകമായ നിരക്കിനൊപ്പം 10% അധിക നികുതി നിരക്കും ഇതിന് ഈടാക്കും. തുടർ നടപടിക്രമങ്ങളിൽ അപ്ഡേറ്റ് ചെയ്ത റിട്ടേൺ മാത്രമേ അസസ്സിംഗ് ഓഫീസർ പരിഗണിക്കാവൂയെന്നും ബജറ്റ് നിർദ്ദേശിക്കുന്നു.
വെളിപ്പെടുത്തപ്പെട്ട വരുമാനം കുറവായി രേഖപ്പെടുത്തിയാൽ പിഴയും പ്രോസിക്യൂഷനും ബാധകമാകാതിരിക്കാനുള്ള പരിരക്ഷാ ചട്ടക്കൂട് ഇപ്പോൾ നിലവിലുണ്ട്. തെറ്റായി വെളിപ്പെടുത്തപ്പെടുന്ന സാഹചര്യത്തിലും ഈ പരിരക്ഷാ ചട്ടക്കൂട് പ്രയോജനപ്പെടുത്താൻ ധനമന്ത്രി നിർദ്ദേശിച്ചു. എന്നാൽ, അത്തരം സാഹചര്യത്തിൽ നികുതിദായകൻ നികുതി തുകയുടെ 100% അധികം ആദായ നികുതിയായി നൽകേണ്ടിവരും.
അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുക, ട്രാൻസ്ഫർ പ്രൈസിംഗ് ഓഡിറ്റ് റിപ്പോർട്ട് നൽകാതിരിക്കുക, സാമ്പത്തിക ഇടപാടുകൾക്കുള്ള സ്‌റ്റേറ്റ് മെൻ്റ് നൽകുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ സാങ്കേതിക വീഴ്ചകൾക്കുള്ള പിഴകൾ ഫീസായി ഈടാക്കാൻ നിർദ്ദേശിക്കുന്നു.
ആദായനികുതി നിയമപ്രകാരമുള്ള നിയമനടപടികൾ യുക്തിസഹമാക്കാനും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശ്രദ്ധാപൂർവ്വമായ സന്തുലിതാവസ്ഥ നിലനിർത്താനും ധനമന്ത്രി നിർദ്ദേശിച്ചു.
അക്കൗണ്ട് ബുക്കുകളും രേഖകളും ഹാജരാക്കാത്തതിനും, സാധനങ്ങളുമായി ബന്ധപ്പെട്ട് പണമടയ്ക്കുന്ന സമയത്ത് TDS അടയ്ക്കേണ്ടതിൻ്റെ ആവശ്യകത പാലിക്കാത്തതിനും ക്രിമിനൽ കുറ്റം ചുമത്തുകയില്ല. ചെറിയ കുറ്റകൃത്യങ്ങൾക്ക് പിഴ മാത്രമേ ചുമത്തുകയുള്ളൂ. മറ്റ് നിയമനടപടികൾ കുറ്റകൃത്യത്തിൻ്റെ ഗൗരവത്തിന് അനുയോജ്യമാം വിധം കൈക്കൊള്ളും. ഇതിന് സാധാരണ തടവ് മാത്രമേ ഉണ്ടാകൂ. പരമാവധി ശിക്ഷ രണ്ട് വർഷമായി കുറയ്ക്കുകയും, അതിനെ പിഴയായി മാറ്റാനുള്ള അധികാരം കോടതികൾക്ക് നൽകുകയും ചെയ്യും.
20 ലക്ഷം രൂപയിൽ താഴെ മൂല്യമുള്ള സ്ഥാവരമല്ലാത്ത വിദേശ ആസ്തികൾ വെളിപ്പെടുത്താത്തതിന് നിലവിൽ പിഴയില്ല. 1.10.2024 മുതൽ മുൻകാല പ്രാബല്യത്തോടെ അവർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകാനും ധനമന്ത്രി നിർദ്ദേശിച്ചു.
****
( റിലീസ് ഐ.ഡി: 2221671)
സന്ദര്‍ശക കൗണ്ടര്‍ : 40
ഈ റിലീസ് വായിക്കുക:
Tamil
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Telugu
,
Kannada