ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയുമായി സാമ്പത്തിക മേഖലയെ യോജിപ്പിക്കാൻ ലക്ഷ്യമിട്ട് ‘ബാങ്കിംഗ് ഫോർ വികസിത് ഭാരത്’ എന്ന ഉന്നതതല സമിതി രൂപീകരിക്കും


പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുമായി പവർ ഫിനാൻസ് കോർപ്പറേഷനും, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും കേന്ദ്ര ഗവൺമെൻറ് പുനഃസംഘടിപ്പിക്കും.

കോർപ്പറേറ്റ് ബോണ്ട് സൂചികകളിൽ ഫണ്ടുകളിലേക്കും ഡെറിവേറ്റീവുകളിലേക്കും ഉചിതമായ പ്രവേശനം ഉറപ്പാക്കുന്ന ഒരു 'മാർക്കറ്റ് മേക്കിംഗ്' ചട്ടക്കൂട് ബജറ്റ് നിർദ്ദേശിക്കുന്നു.

ഉയർന്ന മൂല്യമുള്ള മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, 1000 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരൊറ്റ ബോണ്ട് ഇഷ്യുവിന് 100 കോടി രൂപയുടെ ഇൻസെന്റീവ് നൽകും

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം വഴി ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഇക്വിറ്റി ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപം നടത്താൻ അനുമതി നൽകും.

പോസ്റ്റഡ് ഓണ്‍: 01 FEB 2026 12:45PM by PIB Thiruvananthpuram

2026-27 ലെ കേന്ദ്ര ബജറ്റിൽ ‘വികസിത് ഭാരതത്തിനായുള്ള ബാങ്കിംഗ് ഉന്നതതല സമിതി’ (High Level Committee on Banking for Viksit Bharat) രൂപീകരിക്കാൻ നിർദ്ദേശിക്കുന്നു. പാർലമെന്റിൽ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, സാമ്പത്തിക മേഖലയെ സമഗ്രമായി അവലോകനം ചെയ്യാനും സാമ്പത്തിക സ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം (Inclusion), ഉപഭോക്തൃ സംരക്ഷണം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയുമായി ഈ മേഖലയെ യോജിപ്പിക്കാനും സമിതി ലക്ഷ്യമിടുന്നതായി കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.ശക്തമായ ബാലൻസ് ഷീറ്റുകൾ, ലാഭക്ഷമതയിലെ ചരിത്രപരമായ നേട്ടങ്ങൾ, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയാണ് ഇന്നത്തെ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ സവിശേഷതയെന്നും, രാജ്യത്തെ 98 ശതമാനത്തിലധികം ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനങ്ങൾ എത്തിച്ചേർന്നതായും കേന്ദ്ര ബജറ്റ് ചൂണ്ടിക്കാട്ടി.

പൊതുമേഖലാ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ (NBFCs) കൂടുതൽ കാര്യക്ഷമതയും വളർച്ചയും കൈവരിക്കുന്നതിനായി പവർ ഫിനാൻസ് കോർപ്പറേഷനും (PFC) റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും (REC) പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. 'വികസിത് ഭാരത'ത്തിനായുള്ള എൻ.ബി.എഫ്.സി-കളുടെ കാഴ്ചപ്പാട്, വായ്പാ വിതരണത്തിനും സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനുമുള്ള വ്യക്തമായ ലക്ഷ്യങ്ങളോടെ ബജറ്റിൽ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മുൻഗണനകൾക്ക് അനുസൃതമായി, വിദേശ നിക്ഷേപങ്ങൾക്കായി കൂടുതൽ ആധുനികവും ലളിതവുമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനായി 'ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് (നോൺ-ഡെബ്റ്റ് ഇൻസ്ട്രുമെന്റ്‌സ്) റൂൾസ്' സമഗ്രമായി അവലോകനം ചെയ്യുമെന്നും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു .

കോർപ്പറേറ്റ് ബോണ്ട് സൂചികകളിൽ (Corporate bond indices) ഫണ്ടുകൾക്കും ഡെറിവേറ്റീവുകൾക്കും (Derivatives) ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ഒരു 'മാർക്കറ്റ് മേക്കിംഗ്' ചട്ടക്കൂടും, കോർപ്പറേറ്റ് ബോണ്ടുകളിൽ 'ടോട്ടൽ റിട്ടേൺ സ്വാപ്‌സ്' (Total return swaps) നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശവും ബജറ്റ് മുന്നോട്ടുവെക്കുന്നു.

വൻനഗരങ്ങൾ ഉയർന്ന മൂല്യമുള്ള മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, 1000 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരൊറ്റ ബോണ്ട് ഇഷ്യുവിന് 100 കോടി രൂപയുടെ ഇൻസെന്റീവ് (പ്രോത്സാഹന തുക) ബജറ്റ് നിർദ്ദേശിക്കുന്നു. ചെറിയ പട്ടണങ്ങൾക്കും ഇടത്തരം നഗരങ്ങൾക്കും പിന്തുണ നൽകുന്നതിനായി, 200 കോടി രൂപ വരെയുള്ള ബോണ്ട് ഇഷ്യൂകൾക്ക് ഇൻസെന്റീവ് നൽകുന്ന നിലവിലെ അമൃത് (AMRUT) പദ്ധതിയും തുടരും.

ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ (Ease of doing business) ഭാഗമായി, ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് (PROI) പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്കീം വഴി ലിസ്റ്റ് ചെയ്ത ഇന്ത്യൻ കമ്പനികളുടെ ഇക്വിറ്റി ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപം നടത്താൻ അനുമതി നൽകും. ഈ പദ്ധതിക്ക് കീഴിൽ ഒരു വ്യക്തിക്ക് നടത്താവുന്ന നിക്ഷേപ പരിധി നിലവിലെ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായും, എല്ലാ വ്യക്തിഗത വിദേശ നിക്ഷേപകർക്കും കൂടി നിക്ഷേപിക്കാവുന്ന മൊത്തം പരിധി നിലവിലെ 10 ശതമാനത്തിൽ നിന്ന് 24 ശതമാനമായും ഉയർത്താനും ബജറ്റ് നിർദ്ദേശിക്കുന്നു.

***


( റിലീസ് ഐ.ഡി: 2221490) സന്ദര്‍ശക കൗണ്ടര്‍ : 65