പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന എൻസിസി റാലിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
പോസ്റ്റഡ് ഓണ്‍:
28 JAN 2026 6:37PM by PIB Thiruvananthpuram
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുമായ ശ്രീ. രാജ്‌നാഥ് സിംഗ് ജി, വേദിയിൽ സന്നിഹിതരായിരുന്ന മറ്റ് എല്ലാ വിശിഷ്ട വ്യക്തികൾ, രാജ്യമെമ്പാടുമുള്ള എൻസിസി, എൻഎസ്‌എസ് കേഡറ്റുകളേ, ടാബ്ലോ കലാകാരന്മാരേ, രാഷ്ട്രീയ രംഗശാലയിലെ സഹപ്രവർത്തകരേ, എന്റെ പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ. നിങ്ങളുടെ എല്ലാവരുടെയും കഠിനാധ്വാനവും ഇവിടെ കാണാം. നിങ്ങൾ മികച്ച ഏകോപനത്തോടെയാണ് നിങ്ങളുടെ പ്രകടനം നടത്തിയത്.
എന്നാൽ സുഹൃത്തുക്കളേ,
ഇന്ന് നമുക്ക് വലിയൊരു ദുഃഖം വന്നിരിക്കുകയാണ്. ഇന്ന് രാവിലെ തന്നെ മഹാരാഷ്ട്രയിൽ ഒരു ദാരുണമായ വിമാനാപകടം സംഭവിച്ചു. ഈ അപകടം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ജിയെയും ചില സഹപ്രവർത്തകരെയും നമ്മിൽ നിന്ന് തട്ടിയെടുത്തിരിക്കുന്നു. മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും വികസനത്തിന് അജിത് ദാദ വലിയ സംഭാവന നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രാമങ്ങളിലെ ജീവിതം മികച്ചതാക്കുന്നതിന്, അദ്ദേഹം എപ്പോഴും മുന്നോട്ട് വന്നു പ്രവർത്തിച്ചിരുന്നു. അജിത് പവാറിന്റെ കുടുംബത്തിന് ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനാജനകമായ മണിക്കൂറിൽ, ഈ അപകടത്തിൽ നഷ്ടപ്പെട്ട സഹപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കൊപ്പം നാമെല്ലാവരും നിൽക്കുന്നു.
സുഹൃത്തുക്കളേ,
ദുഃഖത്തിന്റെയും അനുശോചനത്തിന്റെയും ഈ നിമിഷങ്ങൾക്കിടയിൽ, ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ കേഡറ്റുകളെയും, വിവിധ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളെയും ഓഫീസർമാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇത്തവണയും പെൺകുട്ടികളായ കേഡറ്റുകൾ ഇവിടെ വളരെയധികം എത്തിയിട്ടുണ്ട്. അവരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
സുഹൃത്തുക്കളെ, ഭാരതത്തിലെ യുവശക്തിയെ ആത്മവിശ്വാസമുള്ളവരും അച്ചടക്കമുള്ളവരും സംവേദനക്ഷമതയുള്ളവരും രാജ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട പൗരന്മാരുമാക്കി മാറ്റുന്ന ഒരു സംഘടനയും പ്രസ്ഥാനവുമാണ് എൻ.സി.സി. ഓരോ വർഷവും നിങ്ങൾ എല്ലാവരും നിങ്ങളുടെ പങ്ക് കൂടുതൽ ശാക്തീകരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ, എൻസിസി കേഡറ്റുകളുടെ എണ്ണം 14 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വർദ്ധിച്ചു. പ്രത്യേകിച്ച് നമ്മുടെ അതിർത്തി പ്രദേശങ്ങളിൽ, തീരദേശ പ്രദേശങ്ങളിൽ, എൻസിസി കേഡറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
എന്റെ യുവ സുഹൃത്തുക്കളേ,
എൻസിസി യുവാക്കൾക്കുള്ള ഒരു വേദിയാണ്, ഈ വേദിയിൽ, ഒരാൾ അവരുടെ പൈതൃകത്തിൽ അഭിമാനത്തോടെ ജീവിക്കുന്നു. ഉദാഹരണത്തിന്, എൻസിസി ഈ വർഷം വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ പൂർണ്ണ ആവേശത്തോടെ ആഘോഷിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഇതുമായി ബന്ധപ്പെട്ട പരിപാടികൾ നിങ്ങൾ നടത്തിയിട്ടുണ്ട്. പരം വീർ സാഗർ യാത്രയും ഇതിനുള്ള ഒരു മികച്ച ഉദാഹരണമാണ്. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് നമ്മുടെ പരമവീർ ചക്ര ജേതാക്കളുടെ പേരുകൾ സർക്കാർ നൽകി. നിങ്ങളുടെ സെയിലിംഗ് പര്യവേഷണത്തിലൂടെ ഇതിന് പിന്നിലെ ദേശീയ നായകന്മാർക്ക് ആദരവ് നൽകുക എന്ന വികാരം നിങ്ങൾ മുന്നോട്ട് കൊണ്ടുപോയി. അതുപോലെ, ലക്ഷദ്വീപിലെ ദ്വീപ് ഉത്സവത്തിലൂടെ, നിങ്ങൾ സമുദ്രം, സംസ്കാരം, പ്രകൃതി എന്നിവയെല്ലാം ഒരുമിച്ച് ആഘോഷിച്ചു.
സുഹൃത്തുക്കളേ,
എൻസിസി സ്മാരകങ്ങളിൽ നിന്ന് ചരിത്രത്തെ പുറത്തെടുത്ത് ജനങ്ങളുടെ ഹൃദയങ്ങളിൽ അതിനെ ജീവസുറ്റതാക്കി. ബാജിറാവു പേഷ്വാ ജിയുടെ ധീരത, മഹാനായ യോദ്ധാവ് ലച്ചിത് ബോർഫുകാൻ ജിയുടെ കഴിവ്, ഭഗവാൻ ബിർസ മുണ്ടയുടെ നേതൃപാടവം എന്നിവയെക്കുറിച്ച് നിങ്ങളുടെ സൈക്കിൾ റാലികളിലൂടെ പൊതുബോധം ഉണർത്താൻ നിങ്ങൾ പ്രയത്നിച്ചു. ധീരമായ ഈ പ്രവർത്തനങ്ങൾക്കെല്ലാം ഞാൻ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു. ഇന്ന് ബഹുമതികൾ ലഭിച്ച സഹപ്രവർത്തകർക്ക് എന്റെ ആശംസകൾ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ചെങ്കോട്ടയിൽ നിന്ന് ഞാൻ പറഞ്ഞിരുന്നു - ഇതാണ് സമയം, ശരിയായ സമയം. നമ്മുടെ രാജ്യത്തെ യുവാക്കൾക്ക്, ഇന്നത്തെ കാലം പരമാവധി അവസരങ്ങളുടെ സമയമാണ്. ഈ കാലഘട്ടത്തിന്റെ പരമാവധി പ്രയോജനം നമ്മുടെ യുവാക്കൾക്ക് ലഭിക്കുക എന്നതാണ് ഗവൺമെന്റിന്റെ ശ്രമം. ഇതിന്റെ ഒരു ഉദാഹരണം നിങ്ങൾ ഇന്നലെ കണ്ടു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചരിത്രപരമായ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ധാരണയിലെത്തി. ഇതിനുമുമ്പ്, ഒമാൻ, ന്യൂസിലാൻഡ്, ബ്രിട്ടൻ, യുഎഇ, ഓസ്‌ട്രേലിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കരാറുകളെല്ലാം നമ്മുടെ ലക്ഷക്കണക്കിന് കോടിക്കണക്കിന് യുവാക്കൾക്ക് എണ്ണമറ്റ അവസരങ്ങൾ സൃഷ്ടിക്കാൻ പോകുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ലോകം മുഴുവൻ യുവ ഇന്ത്യയിലെ യുവാക്കളെ വലിയ വിശ്വാസത്തോടെയാണ് നോക്കുന്നത്. ലോകത്തിന്റെ ഈ വിശ്വാസത്തിന് കാരണം - കഴിവുകളും മൂല്യങ്ങളുമാണ്! ഇന്ത്യയിലെ യുവാക്കൾക്ക് ജനാധിപത്യത്തിന്റെ മൂല്യങ്ങളുണ്ട്, എല്ലാത്തരം വൈവിധ്യങ്ങളെയും ബഹുമാനിക്കുക എന്ന മൂല്യങ്ങളുണ്ട്, ഇന്ത്യയിലെ യുവാക്കൾക്ക് ലോകത്തെ മുഴുവൻ ഒരു കുടുംബമായി കണക്കാക്കുക എന്ന മൂല്യങ്ങളുണ്ട്. അതിനാൽ, ഇന്ത്യയിലെ യുവാക്കൾ എവിടെ പോയാലും, അവർ ആ രാജ്യത്തെ ജനങ്ങളുമായി എളുപ്പത്തിൽ ഇടപഴകുന്നു, അവർ അവരുടെ ഹൃദയം കീഴടക്കുന്നു. നമ്മുടെ കഴിവുകൾ ഉപയോഗിച്ച് ആ രാജ്യത്തിന്റെ വികസനത്തിന് ഞങ്ങൾ സഹായിക്കുന്നു. ഇവയാണ് നമ്മുടെ മൂല്യങ്ങൾ, ഇതാണ് നമ്മുടെ സ്വഭാവം. മാതൃരാജ്യത്തോടുള്ള അതിരറ്റ ആദരവും ജോലിസ്ഥലത്തോടുള്ള (കർമഭൂമി) അതുല്യമായ സമർപ്പണവും, ഇതാണ് നമ്മുടെ പൈതൃകം.
സുഹൃത്തുക്കളേ,
ലോകമെമ്പാടുമുള്ള നേതാക്കളോട് ഞാൻ സംസാരിക്കുമ്പോൾ, ആ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ, പൂർണ്ണ അവകാശവാദത്തോടെ എനിക്ക് പറയാൻ കഴിയും, ഇന്ത്യയിലെ യുവാക്കൾ മികച്ച പ്രൊഫഷണലുകൾ പോലെ കഠിനാധ്വാനികളുമാണ്. അതിനാൽ, ഇന്ത്യയിലെ യുവാക്കൾക്ക് വലിയ ഡിമാൻഡ് നിലനിൽക്കുന്നു. ഉദാഹരണത്തിന്, ഗൾഫ് രാജ്യങ്ങളിൽ നോക്കൂ, ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി അവിടെ ജോലി ചെയ്യുന്നു. നമ്മുടെ ഡോക്ടർമാരും എഞ്ചിനീയർമാരും നിരവധി രാജ്യങ്ങളിൽ അത്ഭുതകരമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നു. മുമ്പ് ഇവിടെ ഉണ്ടായിരുന്ന അധ്യാപകർ പല രാജ്യങ്ങളിലെയും സമൂഹങ്ങൾക്ക് പുതിയ മൂല്യങ്ങൾ നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ലോകത്തിന് അവർ നൽകുന്ന സംഭാവനകൾക്കൊപ്പം, നമ്മുടെ രാജ്യത്തെ യുവാക്കളുടെ നേട്ടങ്ങളെയും ലോകം മുഴുവൻ പ്രശംസിക്കുന്നു. ഈ യുവാക്കൾ കാരണം, ഇന്ത്യ ലോകത്തിലെ വിവരസാങ്കേതികവിദ്യയുടെ നട്ടെല്ലായി മാറിയിരിക്കുന്നു. ഇപ്പോൾ, ഈ ചെറുപ്പക്കാരുടെ ശക്തിയാൽ, സ്റ്റാർട്ടപ്പുകളിലും, ബഹിരാകാശത്തും, ഡിജിറ്റൽ സാങ്കേതികവിദ്യയിലും, എല്ലാ മേഖലകളിലും ഒരു പുതിയ വിപ്ലവം ആരംഭിച്ചു.
സുഹൃത്തുക്കളേ,
യൂറോപ്യൻ യൂണിയനുമായി സമവായത്തിലെത്തിയ കരാറിനെ ലോകം "എല്ലാ ഇടപാടുകളുടെയും മാതാവ്" എന്ന് വാഴ്ത്തുന്നു; ഇത് ലോകത്തിന് ഒരു ഗെയിം-ചേഞ്ചർ കരാർ എന്ന് വിളിക്കപ്പെടുന്നു. ഈ എഫ്‌ടിഎ നിങ്ങൾക്ക് "ആഗ്രഹിക്കാനുള്ള സ്വാതന്ത്ര്യം" ആണ്. ഈ കരാർ ലോക ജിഡിപിയുടെ നാലിലൊന്നിനെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്നു.
സുഹൃത്തുക്കളേ,
യൂറോപ്യൻ യൂണിയൻ, അതായത് ലോകത്തിലെ ഇരുപത്തിയേഴ് രാജ്യങ്ങളുമായി ഇന്ത്യയുടെ കരാർ സംഭവിച്ചു എന്നതാണ്. ഇതിന്റെ പ്രയോജനം ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കു ലഭിക്കും. ഫണ്ടിംഗിലേക്കും ഇന്നൊവേഷൻ ആവാസവ്യവസ്ഥയിലേക്കുമുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പ്രവേശനം ഇത് എളുപ്പമാകും. ഈ കരാറിൽ നിന്ന്, നമ്മുടെ സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥ - സിനിമ, ഗെയിമിംഗ്, ഫാഷൻ, ഡിജിറ്റൽ ഉള്ളടക്കം, സംഗീതം, ഡിസൈൻ - എന്നിവയ്ക്കും വളരെയധികം പ്രയോജനം ലഭിക്കും. അതോടൊപ്പം, ഗവേഷണം, വിദ്യാഭ്യാസം, ഐടി, മറ്റ് പ്രൊഫഷണൽ സേവനങ്ങൾ എന്നിവയിൽ ഇന്ത്യയിലെ യുവാക്കൾക്ക് എണ്ണമറ്റ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
സുഹൃത്തുക്കളേ,
ഈ കരാർ വളരെ സമഗ്രവും, വളരെ ആഴമേറിയതും, പുതിയ ഉയരങ്ങൾ തൊടുന്നതും, ആനുകൂല്യങ്ങളുടെ പട്ടിക വളരെ നീണ്ടതുമായതിനാലാണ് ഇതിനെ "എല്ലാ കരാറുകളുടെയും മാതാവ്" എന്നും വിളിക്കുന്നത്. ഇത് സ്വാശ്രയ ഇന്ത്യ (ആത്മനിർഭർ ഭാരത്) ദൗത്യത്തിന് ആക്കം കൂട്ടും. ഇത് മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ് എന്ന ദൃഢനിശ്ചയത്തിന് ശക്തി നൽകും. കാരണം ഈ കരാർ പ്രകാരം, ഇന്ത്യയുടെ കയറ്റുമതിയുടെ തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിലധികം, അതായത് 99 ശതമാനത്തിന്റെയും താരിഫ് പൂജ്യമായിരിക്കും അല്ലെങ്കിൽ വളരെ കുറവായിരിക്കും. ഇതിൽ നിന്ന്, എല്ലാ ഇന്ത്യൻ വ്യവസായങ്ങൾക്കും - തുണിത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ - എംഎസ്എംഇകൾക്കും - വളരെയധികം പ്രയോജനം ലഭിക്കും. നമ്മുടെ നെയ്ത്തുകാർ, കരകൗശല വിദഗ്ധർ, ചെറുകിട സംരംഭകർ എന്നിവർക്ക് 27 യൂറോപ്യൻ രാജ്യങ്ങളിലെ വൻ വിപണിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
സുഹൃത്തുക്കളേ,
ഈ കരാറിന് മറ്റൊരു ശക്തമായ വശമുണ്ട്. ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം വരും. പുതിയ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, കെമിക്കൽ, ഫാർമ, മറ്റ് നിർമ്മാണ പ്ലാന്റുകൾ രാജ്യത്ത് ആരംഭിക്കും. ഇതിൽ നിന്ന്, കൃഷി, ഭക്ഷ്യ സംസ്കരണം, മത്സ്യബന്ധനം എന്നിവയിലും പുതിയ നിക്ഷേപത്തിന് ഉറപ്പായ ഒരു വിപണി തയ്യാറാകും. കർഷകർക്കും, മത്സ്യത്തൊഴിലാളികൾക്കും, ഗ്രാമീണ യുവാക്കൾക്കും ഇത് വളരെ വലിയ അവസരമാണ്.
എന്റെ യുവ സുഹൃത്തുക്കളെ,
ഈ സ്വതന്ത്ര വ്യാപാര കരാർ(എഫ്‌ടിഎ) ഇന്ത്യയിലെ യുവാക്കളെ യൂറോപ്പിന്റെ തൊഴിൽ വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, ഗ്രീൻ ടെക്, ഡിസൈൻ, ലോജിസ്റ്റിക്സ്, നൂതന ഉൽപാദനം എന്നിവയിൽ, നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിനർത്ഥം ഇന്ത്യയിലെ യുവാക്കൾക്ക്, നിങ്ങൾക്കായി, 27 രാജ്യങ്ങളിൽ പുതിയ അവസരങ്ങൾ തുറക്കുന്നു എന്നാണ്.
സുഹൃത്തുക്കളേ,
സമഗ്രമായ പരിഷ്കാരങ്ങളിലൂടെ ഗവൺമെന്റ് ഈ ആഗോള അവസരങ്ങളെല്ലാം കൂടുതൽ വിശാലമാക്കുന്നു. രാജ്യം ഇന്ന് സഞ്ചരിക്കുന്ന പരിഷ്‌ക്കരണ എക്സ്പ്രസ് (reform express) യുവശക്തിയുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുന്നു എന്നാണ്. രാജ്യത്തിന് മുന്നിൽ വളരുന്ന ഈ അവസരങ്ങളും, എൻസിസിയുമായി ബന്ധപ്പെട്ട് യൂവാക്കളായ നിങ്ങളുടെ ഈ മൂല്യങ്ങളും അച്ചടക്കവും - നിങ്ങൾക്ക്, ഇത് കേക്കിന് മുകളിലുള്ള ഐസിംഗ് പോലെയാണ് (Sone pe suhaga).
സുഹൃത്തുക്കളേ,
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് നിങ്ങൾ ഇവിടെ ഒരു അത്ഭുതകരമായ ടാബ്ലോ അവതരിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിനിടെ നിങ്ങളുടെ ശ്രമങ്ങളെ ഞാൻ പ്രത്യേകിച്ച് അഭിനന്ദിക്കുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആ സുപ്രധാന മണിക്കൂറിൽ, നമ്മുടെ എൻസിസി കേഡറ്റുകൾ അവരുടെ ഉത്തരവാദിത്തങ്ങൾ വളരെ നന്നായി കൈകാര്യം ചെയ്തു. നമ്മുടെ സൈന്യത്തിന്റെ തയ്യാറെടുപ്പുകളിൽ ചിലർ പിന്തുണ നൽകി, ചിലർ രക്തദാന ക്യാമ്പുകൾ സ്ഥാപിച്ചു, ചിലർ പ്രഥമശുശ്രൂഷാ ക്യാമ്പുകളിലൂടെ സേവനമനുഷ്ഠിച്ചു; പരേഡ് ഗ്രൗണ്ടിലെ പരിശീലനത്തോടൊപ്പം, "രാഷ്ട്രം ആദ്യം" എന്ന ചിന്താ പ്രക്രിയയുടെ പരിശീലനവും എൻസിസിയിൽ നടക്കുന്നുണ്ടെന്ന് നിങ്ങൾ കാണിച്ചുതന്നു. എൻ.സി.സിയിൽ നിന്ന് ലഭിക്കുന്ന ഈ രാജ്യസ്‌നേഹവും നേതൃപാടവുമാണ് പ്രയാസകരമായ ഘട്ടങ്ങളിൽ പൂർണ്ണ കരുത്തോടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പ്രചോദനം നൽകുന്നത്. എൻസിസി നമ്മെ പഠിപ്പിക്കുന്നതും ഇതാണ്. ഞങ്ങൾ അവിടെ നിന്ന് പഠിക്കുന്നു. ഞാൻ എൻസിസിയിൽ ആയിരുന്നപ്പോൾ, "രാഷ്ട്രം ആദ്യം" എന്ന എന്റെ വികാരം ഇതുപോലെ ശക്തിപ്പെട്ടു, ഇന്ന് നിങ്ങളും എൻസിസിയിൽ നിന്ന് അത് പഠിക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു.
സുഹൃത്തുക്കളേ,
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ കഴിവുകളും നമ്മുടെ സൈന്യത്തിന്റെ ധീരതയും വീണ്ടും സ്ഥാപിച്ചു. നമ്മുടെ തദ്ദേശീയ ആയുധങ്ങൾ എത്രത്തോളം വികസിതവും ഹൈടെക് ആണെന്നും ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്നത്തെ ആധുനിക യുദ്ധത്തിൽ, യുവാക്കളുടെ കഴിവുകളുടെ പങ്ക് വളരെയധികം വർദ്ധിച്ചു. ഇപ്പോൾ യുദ്ധം അതിർത്തിയിലെ ടാങ്കുകൾ, തോക്കുകൾ, ഷെല്ലുകൾ എന്നിവയിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്നത്തെ യുദ്ധം പല മുന്നണികളിലും നടക്കുന്നു. ഇന്നത്തെ യുദ്ധം കോഡിലും (code) ക്ലൗഡിലും (cloud) സംഭവിക്കുന്നു. സാങ്കേതികവിദ്യയിൽ പിന്നിലുള്ള രാജ്യങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, സുരക്ഷയിലും ദുർബലമായിരിക്കും.
അതിനാൽ, സുഹൃത്തുക്കളേ,
ഒരു യുവത്വം എന്ന നിലയിൽ, നമ്മുടെ രാജ്യത്തിനായി നാം എന്ത് പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിയാലും - ഈ അഭിനിവേശം ദേശസ്‌നേഹത്തെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സുരക്ഷയിൽ വലിയ സംഭാവന നൽകുകയും ചെയ്യുന്നു. സാങ്കേതികവിദ്യയിലൂടെ നൂതന ആശയങ്ങളുള്ള യുവാക്കൾക്ക് ഇന്ന് സൈന്യത്തിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഇന്ന്, നമ്മുടെ യുവാക്കളുടെ പ്രതിരോധ സ്റ്റാർട്ടപ്പുകൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഇന്ന്, മെയ്ഡ് ഇൻ ഇന്ത്യ ഡ്രോണുകളിൽ പ്രവർത്തനങ്ങൾ നടക്കുന്നു; AI, ഡിഫൻസ് ഇന്നൊവേഷൻ എന്നിവ ഇപ്പോൾ നമ്മുടെ സേനയെ ആധുനികമാക്കുന്നു. അതായത്, യുവ സുഹൃത്തുക്കളായ നിങ്ങൾക്കുള്ള സാധ്യതകൾ വളരെയധികം വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ഇവിടെ ഇരിക്കുന്നവർ മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് യുവാക്കളും ഇത് പ്രയോജനപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
മൂന്ന് ദിവസം മുമ്പ് ജനുവരി 25 ന് രാജ്യം ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു. അന്നേ ദിവസം, ഞാൻ രാജ്യത്തെ ജനങ്ങൾക്ക് ഒരു കത്ത് എഴുതിയിരുന്നു. നമ്മുടെ ഭരണഘടന ഓരോ പൗരനും നൽകിയിട്ടുള്ള ആ കടമബോധത്തിന്റെയും അവകാശത്തിന്റെയും ആഘോഷമാണ് ദേശീയ സമ്മതിദായക ദിനം. ഇന്ന് ലോകത്ത് യുവ വോട്ടർമാരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഈ യുവാക്കൾ വോട്ടർമാരാകാൻ യോഗ്യരാകുകയും 18 വയസ്സ് തികയുകയും ചെയ്യുമ്പോൾ, രാജ്യത്തിന്റെ വിധി നിർണ്ണയിക്കാനുള്ള ശക്തി അവർക്ക് ലഭിക്കുന്നു. അതിനാൽ, ഇപ്പോൾ നമ്മൾ രാജ്യത്ത് ഒരു പുതിയ പാരമ്പര്യം ആരംഭിക്കേണ്ടതുണ്ട്. എൻസിസി-എൻഎസ്എസിലും "മേരാ യുവ ഭാരത്" സംഘടനയായ "മൈഭാരത്" സംഘടനയിലും ജനുവരി 25 ന് എല്ലാ വർഷവും ഒരു വലിയ പരിപാടി സംഘടിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ദിവസം, ആദ്യമായി വോട്ട് ചെയ്യുന്നവരെ ആദരിക്കുന്നതിനായി ഒരു മഹത്തായ പരിപാടി ഉണ്ടായിരിക്കണം. ഈ ശ്രമം നമ്മുടെ യുവതലമുറയിൽ ഉത്തരവാദിത്തബോധം കൂടുതൽ ശക്തിപ്പെടുത്തുകയും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ,
വികസിത ഭാരതം (Viksit Bharat) എന്നതിന്റെ അർത്ഥം സാമ്പത്തിക അഭിവൃദ്ധിയിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു പൗരനെന്ന നിലയിൽ നമ്മുടെ പെരുമാറ്റം എങ്ങനെയാണെന്നതും വികസിത ഇന്ത്യയുടെ ഒരു പ്രധാന വശമാണ്. ഒരു പൗരനെന്ന നിലയിൽ, നമ്മുടെ കടമയ്ക്ക് നാം ഏറ്റവും ഉയർന്ന മുൻഗണന നൽകണം. ഉദാഹരണത്തിന്, സ്വച്ഛ് ഭാരത് അഭിയാൻ ആരംഭിക്കുന്നതിൽ ഗവൺമെന്റിന് പങ്കുണ്ടാകാമെങ്കിലും, ആരെങ്കിലും അത് മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെങ്കിൽ, അത് മുന്നോട്ട് കൊണ്ടുപോകുന്ന ജോലി നമ്മുടെ രാജ്യത്തെ പൗരന്മാരും, യുവാക്കളും, കൊച്ചുകുട്ടികളും ചെയ്തിട്ടുണ്ടെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. വീടിനകത്തും പുറത്തും പോലും, ശുചിത്വം ഒരു ശീലമാണ്, ഒരു ജീവിതശൈലിയാണ്, ഒരു മൂല്യമാണ്. ഈ പൗരധർമ്മബോധം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. നമ്മുടെ മുറ്റത്ത് നമ്മൾ കാണാൻ ആഗ്രഹിക്കുന്ന സൗന്ദര്യം, അതേ വികാരത്തോടെ നമ്മുടെ നഗരത്തെ മനോഹരമാക്കുകയും അതിനെ സുന്ദരമാക്കുകയും വേണം. ഇവിടെ സന്നിഹിതരായ എല്ലാ യുവ സുഹൃത്തുക്കളോടും ഞാൻ പറയും, ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം ഒരു മണിക്കൂർ ശുചിത്വവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രചാരണം നടത്തണമെന്ന്. എൻസിസി-എൻഎസ്എസ് ഇത് വളരെ നന്നായി ചെയ്യാൻ കഴിയും. നിങ്ങളുടെ ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും പ്രവർത്തനങ്ങൾ തീർച്ചയായും ആസൂത്രണം ചെയ്യുക.
സുഹൃത്തുക്കളേ,
‘ഏക് പേഡ് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) കാമ്പയിന്റെ ഭാഗമായി എൻ.സി.സി ഏകദേശം 8 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മൾ നട്ടുപിടിപ്പിച്ച മരങ്ങൾ നന്നായി വളരുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും നമ്മുടെ കടമയാണ്.
സുഹൃത്തുക്കളേ,
വരുംകാലങ്ങളിൽ നമ്മൾ എത്രത്തോളം ശാരീരികക്ഷമതയുള്ളവരായിരിക്കും (fit) എന്നതിലാണ് നമ്മുടെ യുവശക്തിയുടെ വലിയ പരീക്ഷണം അടങ്ങിയിരിക്കുന്നത്. ഫിറ്റ്‌നസ് എന്നത് കുറച്ച് മിനിറ്റുകൾ നീളുന്ന വ്യായാമത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകണം. നമ്മുടെ ഭക്ഷണശീലങ്ങൾ മുതൽ ദൈനംദിന കാര്യങ്ങൾ വരെ കൃത്യമായ അച്ചടക്കമുള്ള ഒരു ജീവിതശൈലി അത്യാവശ്യമാണ്. നിങ്ങൾ 'ഫിറ്റ് ഇന്ത്യ' കാമ്പയിൻ മുന്നോട്ട് കൊണ്ടുപോകുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കായികരംഗത്തും എൻ.സി.സി കേഡറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്
സുഹൃത്തുക്കളേ,
ഇന്ന് യുവാക്കളായ നിങ്ങളുടെ ഇടയിൽ പൊണ്ണത്തടി (obesity) എന്ന വിഷയം ഞാൻ വീണ്ടും ഉന്നയിക്കുകയാണ്. വരുംകാലത്ത് ഭാരതത്തിലെ മൂന്നിലൊരാൾ പൊണ്ണത്തടി കാരണം ബുദ്ധിമുട്ടിയേക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രശ്നം കാരണം പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ നിരവധി രോഗസാധ്യതകൾ രാജ്യത്ത് വർദ്ധിച്ചുവരുന്നു. ഇതിന്റെ ഏറ്റവും വലിയ ഇരകൾ നമ്മുടെ യുവാക്കളായേക്കാം. അതുകൊണ്ട്, ഇപ്പോൾ മുതൽ നാം ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്; ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ നമ്മൾ ശ്രമിക്കണം. കുറച്ചുനാൾ മുമ്പ്, ഭക്ഷണത്തിൽ എണ്ണയുടെ അളവ് 10 ശതമാനം കുറയ്ക്കാൻ ഞാൻ അഭ്യർത്ഥിച്ചിരുന്നു. ഇന്ന് എല്ലാ യുവ സുഹൃത്തുക്കളോടുമായി ഞാൻ ആ അഭ്യർത്ഥന വീണ്ടും ആവർത്തിക്കുന്നു..
സുഹൃത്തുക്കളേ,
എൻസിസി നിങ്ങളെ പരേഡ് മാത്രമല്ല പഠിപ്പിക്കുന്നത്; ഒരു പൗരനെന്ന നിലയിൽ ഉത്തരവാദിത്തത്തോടെ ജീവിക്കാൻ ഈ സംഘടന നിങ്ങളെ പഠിപ്പിക്കുന്നു. മികച്ച പൗരനാകാൻ നിങ്ങളെ സഹായിക്കുന്ന ആ കഴിവുകളും മൂല്യങ്ങളും ഇവിടെ നിങ്ങൾ പഠിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നിങ്ങൾക്ക് ലഭിക്കുന്ന അനുഭവങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ കൂടുതൽ പരിഷ്കരിക്കുന്നു. ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളിലും നിങ്ങൾ വിജയിക്കട്ടെ, വികസിത ഭാരതം (വികസിത് ഭാരത്) കെട്ടിപ്പടുക്കുന്നതിനുള്ള നിങ്ങളുടെ സംഭാവനകൾ തുടർന്നും പ്രകാശിക്കട്ടെ. നിങ്ങൾക്കെല്ലാവർക്കും അനേക ആശംസകൾ.
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
രാജ്യം ഇന്ന് വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിൽ മുഴുകുമ്പോൾ, വരൂ -
വന്ദേ മാതരം! വന്ദേ മാതരം!
വന്ദേ മാതരം! വന്ദേ മാതരം!
വന്ദേമാതരം! വന്ദേമാതരം!
വന്ദേമാതരം! വന്ദേമാതരം!
വന്ദേമാതരം! വന്ദേമാതരം!
വന്ദേമാതരം! വന്ദേമാതരം!
വളരെ നന്ദി.
****
( റിലീസ് ഐ.ഡി: 2220814)
സന്ദര്‍ശക കൗണ്ടര്‍ : 28
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada