ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക-ധനകാര്യ മേഖലകൾ ശക്തമെന്ന് 2025-26 സാമ്പത്തിക സർവേ

प्रविष्टि तिथि: 29 JAN 2026 2:12PM by PIB Thiruvananthpuram

ആഗോള അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ മാറ്റങ്ങളും അതിവേഗ സാങ്കേതിക പരിവർത്തനങ്ങളും അടയാളപ്പെടുത്തിയ  ഈ കാലഘട്ടത്തില്‍  ഇന്ത്യയുടെ സാമ്പത്തിക-ധനകാര്യ മേഖലകൾ 2026 സാമ്പത്തിക വർഷം (2025 ഏപ്രിൽ-ഡിസംബർ) തന്ത്രപരമായ നയപരിപാടികളിലൂടെയും ധനകാര്യ വിനിമയ സംവിധാനങ്ങളിലെ ഘടനാപരമായ കരുത്തിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ചു. കേന്ദ്ര ധന, കോർപ്പറേറ്റ്കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ സമർപ്പിച്ച 2025-26 സാമ്പത്തിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനിശ്ചിതത്വങ്ങൾ നിറഞ്ഞ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ നിയന്ത്രണങ്ങളിലെ പുതുമകളും സുതാര്യതയും ഉത്തരവാദിത്തവും അത്യന്താപേക്ഷിതമാണെന്ന് സാമ്പത്തിക സർവേ എടുത്തുകാണിക്കുന്നു. കൂടാതെ ആഭ്യന്തര ധനസമാഹരണത്തിൻ്റെ  നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ മാർഗങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും  ഇവ അസ്ഥിര ആഗോള സാമ്പത്തിക വിപണിയുടെ ആഘാതങ്ങളെ പ്രതിരോധിക്കുന്ന   കവചമായി  നിലകൊള്ളുമെന്നും സർവേ പ്രസ്താവിക്കുന്നു.

ഈ സാഹചര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക നിയന്ത്രണ സംവിധാനം ഈ ആവശ്യം വ്യക്തമായി തിരിച്ചറിയുന്നുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു.  2025 മെയ് മാസം റിസർവ് ബാങ്ക് പുറത്തിറക്കിയ സുപ്രധാന നിയന്ത്രണ ചട്ടക്കൂട് ഇതിന് തെളിവാണ്. സാമ്പത്തിക നി‍ര്‍വഹണത്തിനും ധനകാര്യ വിനിമയത്തിലും സുതാര്യവും കൂടിയാലോചനാധിഷ്ഠിതവും   ആഘാതങ്ങളെ മുൻനിർത്തിയും തയ്യാറാക്കുന്ന നിയന്ത്രണ രീതിക്ക് ഈ ചട്ടക്കൂട് ഔദ്യോഗിക രൂപം നൽകി.

ഇന്ത്യയുടെ സാമ്പത്തിക  നിര്‍വഹണ രീതി ആഭ്യന്തര സാമ്പത്തിക ലക്ഷ്യങ്ങളെ സാമൂഹ്യ ലക്ഷ്യങ്ങളുമായി സന്തുലിതമാക്കുന്നുവെന്ന് സാമ്പത്തിക സർവേ പറയുന്നു.  കൂടാതെ ധനകാര്യ മേഖലയിലെ നിയന്ത്രണങ്ങളുടെ നിലവാരം സാമ്പത്തിക കരുത്തിനും സുസ്ഥിര വളർച്ചയ്ക്കും നിർണായക  ഘടകമായി ഉയർന്നുവന്നിട്ടുണ്ട്. വിലസ്ഥിരത നിലനിർത്തിയും സാമ്പത്തിക സ്ഥിരതയെ പിന്തുണച്ചും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച പ്രോത്സാഹിപ്പിച്ചും പണനയം രാജ്യത്തിൻ്റെ  സുസ്ഥിര വികസനത്തിൻ്റെയും സാമ്പത്തിക അഭിവൃദ്ധിയുടെയും പ്രധാന ഉത്തേജകമായി പ്രവർത്തിക്കുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു.

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി റിപ്പോ നിരക്ക് കുറയ്ക്കുന്നതിനൊപ്പം  കരുതൽ ധനാനുപാതം വെട്ടിക്കുറച്ചും പൊതുവിപണി  പ്രവര്‍ത്തനങ്ങളിലൂടെയും  സുസ്ഥിര പണലഭ്യത വിപണിയിലേക്ക് നൽകിയതായ വിവരങ്ങള്‍ നാണയപ്പെരുപ്പം കുറയുന്നതിനോട് പ്രതികരണം രേഖപ്പെടുത്തുന്ന ഭാഗത്ത് സര്‍വേ പങ്കുവെയ്ക്കുന്നു.  വായ്പാ ഒഴുക്കും നിക്ഷേപവും സമഗ്ര സാമ്പത്തിക പ്രവർത്തനങ്ങളും വർധിപ്പിക്കാനാണ് ഈ കുറവുകൾ ലക്ഷ്യമിട്ടത്. കൂടാതെ ഈ നടപടികൾ വായ്പാ നിരക്കുകളിലേക്ക് ഫലപ്രദമായി കൈമാറ്റം ചെയ്യപ്പെടുകയും പട്ടികപ്പെടുത്തിയ വാണിജ്യ ബാങ്കുകളുടെ ശരാശരി പലിശ നിരക്കുകൾ കുറയുകയും ചെയ്തത് പണനയത്തിൻ്റെ  യഥാർത്ഥ വിപുലീകരണ നിലപാടിനെ പ്രതിഫലിപ്പിക്കുന്നു.

2026 സാമ്പത്തിക വർഷത്തിലുടനീളം ബാങ്കിങ് സംവിധാനത്തിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കി റിസർവ് ബാങ്ക് ധനവിനിമയ നിര്‍വഹണത്തില്‍ ജാഗ്രത പുലർത്തിയെന്ന് സർവേ കുറിക്കുന്നു. ഈ മുൻകൂർ നടപടി പണ-വായ്പാ വിപണികളിലേക്ക് ഫലപ്രദമായ കൈമാറ്റം സുഗമമാക്കുകയും സമ്പദ്‌വ്യവസ്ഥയുടെ ഉല്പാദനപരമായ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു. അധിക പണലഭ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പട്ടികപ്പെടുത്തിയ വാണിജ്യ ബാങ്കുകളുടെ  വായ്പാ-നിക്ഷേപ നിരക്കുകളിലേക്ക് പണനയ കൈമാറ്റം ശക്തമായിരുന്നു.

ആകെ പണത്തിൻ്റെ  അളവ് ഒരു വർഷം മുന്‍പത്തെ  9 ശതമാനത്തിൽ നിന്ന് 12 ശതമാനത്തിന് മുകളിലെത്തിയത്  മികച്ച വളർച്ച  രേഖപ്പെടുത്തുന്നു. കരുതൽ ധനാനുപാതം വെട്ടിക്കുറച്ചതിലൂടെ പുറത്തുവിട്ട പണലഭ്യത ബാങ്കുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതായി സര്‍വേ എടുത്തുകാട്ടുന്നു.  കൂടാതെ, 2026 ജനുവരി 8 വരെ ലഭ്യമായ കണക്കനുസരിച്ച്  പണലഭ്യത ക്രമീകരണ സംവിധാനത്തിന് കീഴിലെ  യഥാർത്ഥ നില  സൂചിപ്പിക്കുന്നത് പോലെ പൊതുവിപണി ദൗത്യങ്ങളിലൂടെ റിസർവ് ബാങ്ക് നടത്തുന്ന വാങ്ങലുകൾ ശരാശരി 1.89 ലക്ഷം കോടി രൂപയുടെ അധിക പണലഭ്യത സംവിധാനത്തിലേക്ക് നൽകി.

 

ധനകാര്യ മേഖലയിലെ നിയന്ത്രണങ്ങൾ രൂപീകരിക്കാന്‍ റിസർവ് ബാങ്ക് തയ്യാറാക്കിയ സുപ്രധാന ചട്ടക്കൂടിന് കീഴിലെ  പ്രത്യേക നിയന്ത്രണ വിലയിരുത്തല്‍ സമിതിയെക്കുറിച്ചും   സർവേ പരാമർശിക്കുന്നു. അഞ്ച് മുതൽ ഏഴ് വർഷം കൂടുമ്പോഴെങ്കിലും ഓരോ നിയന്ത്രണവും വ്യവസ്ഥാപിതമായി പരിശോധിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടായ ശേഷം പ്രതികരിക്കുന്ന രീതിയിയ്ക്ക് പകരം മാറുന്ന വിപണി സാഹചര്യങ്ങൾക്കും ലോകത്തെ മികച്ച രീതികൾക്കും അനുസൃതമായി ചടുലമായി പ്രതികരിക്കാനാവുന്ന  മുൻകൂർ ഭരണരീതിയിലേക്കുള്ള പരിവര്‍ത്തനത്തെയാണ് ഇത്തരം നടപടികള്‍ സൂചിപ്പിക്കുന്നത്.

***


(रिलीज़ आईडी: 2220265) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Punjabi , Gujarati , Tamil