ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

മാനവ വിഭവശേഷിയുടെ പ്രധാന സ്തംഭവും വികസിത ഭാരതം@2047-ലേക്കുള്ള രാജ്യത്തിന്റെ വളർച്ചാ പാത രൂപപ്പെടുത്തുന്നതിലെ കേന്ദ്രബിന്ദുവുമാണ് വിദ്യാഭ്യാസം: സാമ്പത്തിക സർവേ 2025-2026


സാക്ഷരതാ നിരക്കിലെ വർദ്ധന, സ്കൂളുകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വർദ്ധിച്ച പ്രവേശന നിരക്ക്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ എന്നിവ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളായി സർവേ അടയാളപ്പെടുത്തുന്നു

പ്രൈമറി തലത്തിൽ മൊത്തം പ്രവേശന അനുപാതം (GER) 90.9 ശതമാനത്തിലും അപ്പർ പ്രൈമറി തലത്തിൽ 90.3 ശതമാനത്തിലും എത്തി

സാൻസിബാർ, അബുദാബി എന്നിവിടങ്ങളിലെ രണ്ട് അന്താരാഷ്ട്ര ഐ.ഐ.ടി ക്യാമ്പസുകൾക്ക് പുറമെ ഇന്ത്യയിൽ ഇപ്പോൾ 23 ഐ.ഐ.ടികളും 21 ഐ.ഐ.എമ്മുകളും 20 എയിംസുകളും ഉണ്ട്

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് 2660 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്നു; 4.6 കോടിയിലധികം ഐഡികൾ (ID) ഇതുവരെ അനുവദിച്ചു.

2035-ഓടെ 50% ജി.ഇ.ആർ (GER) എന്ന എൻ.ഇ.പി (NEP) ലക്ഷ്യം കൈവരിക്കുന്നതിനായി 153 സർവ്വകലാശാലകൾ ഫ്ലെക്സിബിൾ എൻട്രി-എക്സിറ്റ് പാതകളും വർഷത്തിൽ രണ്ടുതവണയുള്ള പ്രവേശനവും അവതരിപ്പിച്ചു

ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രശസ്തമായ വിദേശ സർവ്വകലാശാലകളുമായി ചേർന്ന് ട്വിന്നിംഗ്, ജോയിന്റ്, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കും; അതോടൊപ്പം 15 വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു

സെക്കൻഡറി സ്കൂളുകളിൽ ഘടനാപരമായ നൈപുണ്യ വികസന പാതകൾ ഒരുക്കുന്നത് വഴി തൊഴിൽപരമായ കഴിവുകളിൽ നേരത്തെ തന്നെ പ്രാവീണ്യം നേടാൻ സാധിക്കുമെന്ന് സാമ്പത്തിക സർവേ 2025-2026 പറയുന്നു

प्रविष्टि तिथि: 29 JAN 2026 1:50PM by PIB Thiruvananthpuram

സാമൂഹ്യ ഇടപെടൽ, ഫലപ്രദമായ വിലയിരുത്തലുകൾ, മെച്ചപ്പെട്ട ഉത്തരവാദിത്തം, വിദ്യാഭ്യാസവും നൈപുണ്യ ആവശ്യകതകളും തമ്മിലുള്ള ശക്തമായ ഏകോപനം എന്നിവയിലൂടെ കൈവരിച്ച ഗുണമേന്മയും ലഭ്യതയുമാണ് വിദ്യാഭ്യാസ രം​ഗത്തെ സ്കൂൾ-ഉന്നത വിദ്യാഭ്യാസത്തിലെ പുരോ​ഗതിക്ക് ആധാരമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2025-2026 സാമ്പത്തിക സർവേ പറയുന്നു. 

സർവേ പ്രകാരം, സാക്ഷരതാ നിരക്കിലെ വർദ്ധന, സ്കൂളുകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വർദ്ധിച്ച പ്രവേശന നിരക്ക്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാർവത്രികമായി ലഭ്യമാക്കുന്നതിനും തുല്യത പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപനത്തിലും പഠനത്തിലും നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിനും 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (RTE), 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (NEP) എന്നിവ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 

അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ ശേഷിയും ശക്തിപ്പെടുത്തുന്നതിലൂടെ സ്കൂൾ പ്രവേശനത്തിൽ ഇന്ത്യ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്; പോഷൺ ശക്തി നിർമ്മാൺ, സമഗ്ര ശിക്ഷാ അഭിയാൻ തുടങ്ങിയ പദ്ധതികൾ പ്രാപ്യതയും തുല്യതയും പ്രോത്സാഹിപ്പിക്കുന്നു. മൊത്തം പ്രവേശന അനുപാതം (GER) പ്രൈമറി തലത്തിൽ (ഗ്രേഡ് 1 മുതൽ 5 വരെ) 90.9 ശതമാനവും അപ്പർ പ്രൈമറിയിൽ (ഗ്രേഡ് 6 മുതൽ 8 വരെ) 90.3 ശതമാനവും സെക്കൻഡറി തലത്തിൽ (ഗ്രേഡ് 9, 10) 78.7 ശതമാനവും, ഹയർ സെക്കൻഡറി തലത്തിൽ (ഗ്രേഡ് 11, 12) 58.4 ശതമാനവുമാണ്.

സ്കൂൾ വിദ്യാഭ്യാസത്തിലെ പുരോഗതി

സ്കൂൾ വിദ്യാഭ്യാസം മാനവ വിഭവശേഷിയുടെ അടിത്തറയായി മാറുകയും വികസിത ഭാരതം@2047-ലേക്കുള്ള രാജ്യത്തിന്റെ വളർച്ചാ പാത രൂപപ്പെടുത്തുന്നതിൽ കേന്ദ്രസ്ഥാനം വഹിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും സാങ്കേതികവിദ്യയിലുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും നൂതന ആശയങ്ങൾ വളർത്താനും സാമ്പത്തിക പരിവർത്തനം വേഗത്തിലാക്കാനും കഴിയുമെന്ന് അതിവേഗം വളരുന്ന ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള അനുഭവങ്ങൾ വ്യക്തമാക്കുന്നു. 

ഇന്ത്യയുടെ വിശാലമായ മാനവ വിഭവശേഷിയെ ഉയർന്ന നിലവാരമുള്ള മാനവ മൂലധനമാക്കി മാറ്റുന്നതിന്, 3 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കായി എൻ.ഇ.പി (NEP) നിശ്ചയിച്ചിട്ടുള്ള 5+3+3+4 സ്കൂൾ ഘടനയിലൂടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷിത വർഷങ്ങൾ (EYS) 15 വർഷമായി ഉയർത്തേണ്ടതുണ്ട്. ഇതിനായി പ്രാരംഭകാല ശൈശവ വിദ്യാഭ്യാസം, അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും (FLN), സാർവത്രിക സെക്കൻഡറി വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത-ഡിജിറ്റൽ നൈപുണ്യങ്ങളുടെ സമഗ്ര സംയോജനം എന്നിവ ഉൾക്കൊള്ളുന്ന ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു സമീപനം ആവശ്യമാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ​ഗവൺമെന്റ് സർവ്വ ശിക്ഷാ അഭിയാൻ, ഉല്ലാസ്, പി.എം-ശ്രീ, പി.എം പോഷൺ തുടങ്ങിയ സ്കൂൾ തല പദ്ധതികളും പരഖ് (PARAKH), വിദ്യാ പ്രവേശ്, ദീക്ഷ (DIKSHA), നിപുൺ ഭാരത് മിഷൻ, അടൽ ടിങ്കറിംഗ് ലാബ്സ് തുടങ്ങിയ സംരംഭങ്ങളും ആരംഭിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിൽ ഈ നയം ആദ്യകാല ബാല്യകാല പരിചരണവും വിദ്യാഭ്യാസവും (ECCE), അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും (FLN), കൊഴിഞ്ഞുപോക്ക് കുറയ്ക്കൽ, സാർവത്രിക പ്രവേശനം ഉറപ്പാക്കൽ, പാഠ്യപദ്ധതിയും അധ്യാപന രീതികളും പരിഷ്കരിക്കൽ, അധ്യാപകരുടെ ശേഷി ശക്തിപ്പെടുത്തൽ, തുല്യത പ്രോത്സാഹിപ്പിക്കൽഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂൾ സംവിധാനങ്ങളിലൊന്നാണ് ഇന്ത്യ പ്രവർത്തിപ്പിക്കുന്നത്; 14.71 ലക്ഷം സ്കൂളുകളിലായി 24.69 കോടി വിദ്യാർത്ഥികൾക്ക് 1.01 കോടിയിലധികം അധ്യാപകർ (UDISE+ 2024-25) ഇവിടെ സേവനം നൽകുന്നു. 2030-ഓടെ പ്രീ-പ്രൈമറി മുതൽ സെക്കൻഡറി വരെ 100 ശതമാനം മൊത്തം പ്രവേശന അനുപാതം (GER) കൈവരിക്കുക എന്ന എൻ.ഇ.പി ലക്ഷ്യത്തിന് അനുസൃതമായി എല്ലാ സ്കൂൾ തലങ്ങളിലും സുസ്ഥിരമായ പുരോഗതി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ‌

എൻ.ഇ.പി ‌അക്കാദമിക് ഘടനയനുസരിച്ചുള്ള ജി.ഇ.ആർ സ്കോറുകൾ പ്രിപ്പറേറ്ററി ഘട്ടത്തിൽ (ഗ്രേഡ് 3 മുതൽ 5 വരെ) 95.4 ഉം മിഡിൽ ഘട്ടത്തിൽ (ഗ്രേഡ് 6 മുതൽ 8 വരെ) 90.3 ഉം സെക്കൻഡറി ഘട്ടത്തിൽ (ഗ്രേഡ് 9 മുതൽ 12 വരെ) 68.5 ഉം ആണ്. ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ പദ്ധതികൾ ജി.ഇ.ആർ മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതിൽ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13,076 പി.എം ശ്രീ സ്കൂളുകൾ സ്ഥാപിച്ചത് ഉൾപ്പെടുന്നു. ഉയർന്ന നിലവാരമുള്ള പഠനത്തിന് സാർവത്രിക പ്രവേശനം ലഭിക്കുന്നതിനായി സംയോജിതവും ശക്തിപ്പെടുത്തിയതുമായ ആദ്യകാല ബാല്യകാല പരിചരണ, വിദ്യാഭ്യാസ (ECCE) സംവിധാനം സൃഷ്ടിക്കുന്നതിനായി 2,99,544 സ്കൂളുകളിൽ അങ്കൺവാടി കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാദുയി പിതാര, ഇ-ജാദുയി പിതാര, കിതാബ് ഏക് പഠേ അനേക്, ഭാരതീയ ഭാഷാ പുസ്തക പദ്ധതി തുടങ്ങിയ പദ്ധതികൾ പ്രാദേശിക ഭാഷകളിൽ പഠന സാമഗ്രികൾ കുട്ടികൾക്ക് ലഭ്യമാക്കി.

അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ ശേഷിയും ശക്തിപ്പെടുത്തുന്നതിലൂടെ സ്കൂൾ പ്രവേശനത്തിൽ ഇന്ത്യ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു; പോഷൺ ശക്തി നിർമ്മാൺ, സമഗ്ര ശിക്ഷാ അഭിയാൻ തുടങ്ങിയ പദ്ധതികൾ പ്രവേശനവും തുല്യതയും പ്രോത്സാഹിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഡയറ്റുകൾ (DIET), എസ്.സി.ഇ.ആർ.ടി.കൾ (SCERT) എന്നിവ ശക്തിപ്പെടുത്തി അധ്യാപകരുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതും ഭരണനിർവഹണത്തിൽ മാതാപിതാക്കളെയും കമ്മ്യൂണിറ്റികളെയും ഉൾപ്പെടുത്തുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും പഠിതാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. ഈ തന്ത്രങ്ങളെ എൻ.ഇ.പിയുമായി യോജിപ്പിച്ച പാഠ്യപദ്ധതി-മൂല്യനിർണ്ണയ പരിഷ്കാരങ്ങളുമായും പി.എം ഇ-വിദ്യ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗവുമായും സംയോജിപ്പിക്കുന്നത് വിദൂര പ്രദേശങ്ങളിൽ പോലും ഉയർന്ന ഗുണനിലവാരമുള്ളതും തുല്യവുമായ വിദ്യാഭ്യാസം നൽകാൻ സഹായിക്കും.

പഠന ഫലങ്ങളിലെ പുരോഗതി

2001 മുതൽ, നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) നടത്തുന്ന നാഷണൽ അച്ചീവ്‌മെന്റ് സർവേകൾ (NAS) സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു. ഇതിന്റെ ചുവടുപിടിച്ചും നൈപുണ്യ അടിസ്ഥാനത്തിലുള്ള പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും 'പരഖ്' രാഷ്ട്രീയ സർവേക്ഷൺ 2024 ആരംഭിച്ചു. കോവിഡ് കാലത്തിന് ശേഷം മൂന്നാം തരത്തിലെ ഫലങ്ങളിൽ ആശാവഹമായ തിരിച്ചുവരവ് ഉണ്ടായതായി പരഖ് 2024 കണ്ടെത്തലുകൾ അറിയിക്കുന്നു. 2021-ലെയും 2017-ലെയും എൻ.എ.എസ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, മൂന്നാം തരത്തിലെ പ്രാവീണ്യ നിലവാരം ഗണ്യമായി ഉയർന്നു; ഗണിതശാസ്ത്രത്തിൽ 65 ശതമാനം വിദ്യാർത്ഥികളും (2021-ൽ ഇത് 42 ശതമാനമായിരുന്നു), ഭാഷയിൽ 57 ശതമാനം പേരും (39 ശതമാനത്തിൽ നിന്ന്) പ്രാവീണ്യം നേടിയിട്ടുണ്ട്.

സ്കൂൾ-ടു-സ്കിൽ പാതകൾ

സെക്കൻഡറി സ്കൂളുകളിൽ ഘടനാപരമായ നൈപുണ്യ പാതകൾ ഉൾപ്പെടുത്തുന്നത് വിദ്യാഭ്യാസത്തെ കൂടുതൽ പ്രസക്തമാക്കാനും തൊഴിൽപരമായ കഴിവുകളിൽ നേരത്തെ തന്നെ പ്രാവീണ്യം നേടാനും സ്കൂളുകളെ ആജീവനാന്ത പഠനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും സഹായിക്കും.  2023-24 ലെ PLFS പരിശീലനത്തിന്റെ പരിമിതമായ കവറേജ് എടുത്തുകാണിക്കുന്നു; 14-18 വയസ്സുള്ളവരിൽ 0.97 ശതമാനം പേർക്ക് മാത്രമേ സ്ഥാപനപരമായ നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ളൂ, ഏകദേശം 92 ശതമാനം പേർക്കും അത്തരം പരിശീലനങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം പ്രയോജനപ്പെടുത്തുന്നതിന് ഈ വിടവ് നികത്തേണ്ടത് അത്യാവശ്യമാണ്. സ്കൂളുകളിലെ നൈപുണ്യ വിദ്യാഭ്യാസം യുവാക്കളെ വിപണിക്ക് അനുയോജ്യമായ കഴിവുകളാൽ സജ്ജമാക്കും, പ്രത്യേകിച്ച് ഔദ്യോഗികമായി പരിശീലനം ലഭിച്ച യുവാക്കളിൽ പകുതിയിലധികം പേരെ ഉൾക്കൊള്ളുന്ന സേവന മേഖലയിൽ; കൂടാതെ വിദ്യാഭ്യാസത്തെ സാമ്പത്തിക അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും ഇതിന് സാധിക്കും.

ഉന്നത വിദ്യാഭ്യാസം

2014-15-ലെ 51,534-ൽ നിന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (HEI) എണ്ണം 2025 ജൂൺ ആയപ്പോഴേക്കും 70,018 ആയി വർദ്ധിച്ചു. സർവ്വകലാശാലകളുടെയും കോളേജുകളുടെയും എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധന ഇതിൽ പ്രകടമാണ്. 2014-15 നും 2024-25 നും ഇടയിൽ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വൻതോതിൽ വികസിച്ചു. സാൻസിബാറിലും അബുദാബിയിലുമുള്ള രണ്ട് അന്താരാഷ്ട്ര ഐ.ഐ.ടി ക്യാമ്പസുകൾക്ക് പുറമെ ഇന്ത്യയിൽ ഇപ്പോൾ 23 ഐ.ഐ.ടികളും 21 ഐ.ഐ.എമ്മുകളും 20 എയിംസുകളും (AIIMS) ഉണ്ട്. 

ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE), 2022-23 (പ്രൊവിഷണൽ) പ്രകാരം, വിദ്യാർത്ഥികളുടെ പ്രവേശനം 2021-22-ലെ 4.33 കോടിയിൽ നിന്ന് 2022-23-ൽ 4.46 കോടിയായി വർദ്ധിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഉന്നത വിദ്യാഭ്യാസ മേഖല നിരവധി പരിഷ്കാരങ്ങൾക്ക് വിധേയമായിട്ടുണ്ട്. അക്കാദമിക് പഠനവും നൈപുണ്യ അധിഷ്ഠിത പഠനവും സമന്വയിപ്പിക്കാൻ ലക്ഷ്യമിടുന്ന നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) 170 സർവ്വകലാശാലകൾ സ്വീകരിച്ചു. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (ABC) 2,660 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു; ക്രെഡിറ്റുകളുള്ള 2.2 കോടി APAAR ഐഡികൾ ഉൾപ്പെടെ 4.6 കോടിയിലധികം ഐഡികൾ ഇതുവരെ അനുവദിച്ചു. 

2035-ഓടെ 50 ശതമാനം ജി.എ.ആർ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 153 സർവ്വകലാശാലകൾ ഫ്ലെക്സിബിൾ എൻട്രി-എക്സിറ്റ് പാതകളും വർഷത്തിൽ രണ്ടുതവണയുള്ള പ്രവേശനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

ശക്തമായ ഗവേഷണ-വികസന (R&D) ശേഷി കെട്ടിപ്പടുക്കാനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി, രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിലും കോളേജുകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രീകൃതമായ സംസ്കാരം വളർത്തുന്നതിനായി അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) സ്ഥാപിച്ചു. 

സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി, 175 എൻജിനീയറിങ് കോളേജുകളും 100 പോളിടെക്നിക്കുകളും ഉൾപ്പെടെ 275 സാങ്കേതിക സ്ഥാപനങ്ങൾക്കായി മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഇംപ്രൂവ്‌മെന്റ് ഇൻ ടെക്നിക്കൽ എഡ്യൂക്കേഷൻ (MERITE) പദ്ധതിക്ക് അടുത്തിടെ അംഗീകാരം നൽകി.

STEM വിദ്യാഭ്യാസത്തിൽ വ്യവസായ-അക്കാദമിക് സംയോജനം

തൊഴിലധിഷ്ഠിത പരിശീലനത്തെ പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ വ്യവസായവും അക്കാദമിക് മേഖലയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വ്യവസായ-അക്കാദമിക് ബന്ധങ്ങൾ പരമ്പരാഗതമായി സംയുക്ത ഗവേഷണം, കൺസൾട്ടിംഗ്, സാങ്കേതിക കൈമാറ്റം തുടങ്ങിയ ഗവേഷണ സഹകരണങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. യുജിസിയും എഐസിടിഇയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'പ്രൊഫസർ ഓഫ് പ്രാക്ടീസ്' (PoP) എന്ന വിഭാഗം അവതരിപ്പിച്ചത് അത്തരമൊരു നടപടിയാണ്. വ്യവസായ രംഗത്തെ പ്രൊഫഷണലുകൾക്ക് തങ്ങളുടെ പ്രായോഗിക അനുഭവങ്ങൾ ക്ലാസ് മുറികളിലേക്ക് എത്തിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക വിഭവശേഷി വർദ്ധിപ്പിക്കാനും ഈ സങ്കൽപ്പം അനുവദിക്കുന്നു. ഇതിന് അനുബന്ധമായി, സജീവമായ ഫാക്കൽറ്റി ഇടപെടലിലൂടെ അക്കാദമിക് മേഖലയും വ്യവസായവും തമ്മിലുള്ള വിടവ് നികത്താൻ എഐസിടിഇ-ഇൻഡസ്ട്രി ഫെലോഷിപ്പ് പ്രോഗ്രാം ലക്ഷ്യമിടുന്നു.

ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ സ്വയംപര്യാപ്തമാക്കുന്നതിലൂടെയും ആഗോള നിലവാരത്തിന് തുല്യമാക്കുന്നതിലൂടെയും ഉന്നത വിദ്യാഭ്യാസത്തിന്റെ 'അന്താരാഷ്ട്രവൽക്കരണം' ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നു; ഇത് വിദേശത്ത് നിന്ന് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനും ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം കുറയ്ക്കാനും സഹായിക്കും. 

ഇന്ത്യൻ, വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം സംബന്ധിച്ച നിയന്ത്രണങ്ങൾ 2022-ൽ യുജിസി പുറപ്പെടുവിച്ചു, ഇത് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രശസ്ത വിദേശ സർവകലാശാലകളുമായി ട്വിന്നിംഗ്, ജോയിന്റ്, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യാൻ പ്രാപ്തമാക്കുന്നു. കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 100 ശതമാനം FDI അനുവദനീയമാണ്. യുജിസി റെഗുലേഷൻസ് 2023 വഴി ഈ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെട്ടു; ഇതിന് കീഴിൽ 15 വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ദേശീയ വിദ്യാഭ്യാസ നയം, പുതുക്കിയ യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ, അക്കാദമിക് സഹകരണത്തിനുള്ള ചട്ടങ്ങൾ, യോഗ്യതകളുടെ പരസ്പര അംഗീകാരം, ഗിഫ്റ്റ് സിറ്റിയിലേത് ഉൾപ്പെടെയുള്ള വിദേശ ബ്രാഞ്ച് ക്യാമ്പസുകൾക്കുള്ള അനുമതി എന്നിവയിലൂടെ ഇന്ത്യയുടെ അന്താരാഷ്ട്രവൽക്കരണ നയങ്ങൾ കൂടുതൽ സുഗമമായി മാറി.

ഭാവിയിലേക്ക് സജ്ജമായ ഒരു തൊഴിൽശക്തി കെട്ടിപ്പടുക്കുന്നതിനായി ഏകോപിതവും ഉത്തരവാദിത്തമുള്ളതും മാറ്റങ്ങൾ ഉൾക്കൊള്ളുന്നതുമായ നയ ചട്ടക്കൂടുകളിലൂടെ രാജ്യത്തിന്റെ യഥാർത്ഥ സാധ്യതകൾ പുറത്തെടുക്കാൻ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലകളിൽ നിരന്തരമായ ശ്രദ്ധ ആവശ്യമാണ്.

***

SK


(रिलीज़ आईडी: 2220235) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Kannada