ധനകാര്യ മന്ത്രാലയം
സ്ഥിരതയിൽ നിന്ന് ശക്തിയിലേക്ക്: കുറഞ്ഞ പണപ്പെരുപ്പത്തോടൊപ്പം ത്വരിത ഗതിയിലുള്ള വളർച്ച
प्रविष्टि तिथि:
29 JAN 2026 2:16PM by PIB Thiruvananthpuram
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ സമർപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, സിപിഐ (കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ) പരമ്പര ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് ഇന്ത്യ രേഖപ്പെടുത്തി. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ശരാശരി പണപ്പെരുപ്പം 1.7 ശതമാനമാണ്. ഇന്ത്യയുടെ ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) 52.7 ശതമാനവും വരുന്ന ഭക്ഷണത്തിൻ്റേയും ഇന്ധനത്തിൻ്റേയും വിലയിലുണ്ടായ പൊതുവായ പണപ്പെരുപ്പ നിരക്കിലെ കുറവ് മൂലമാണ് ചില്ലറ പണപ്പെരുപ്പത്തിലെ മിതത്വം പ്രധാനമായും ഉണ്ടായത്.
പ്രധാന വളർന്നുവരുന്ന വിപണികളിലും വികസ്വര സമ്പത് വ്യവസ്ഥകളിലും (ഇഎംഡിഇ-കൾ) ഇന്ത്യ 2025 ൽ പണപ്പെരുപ്പത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായി സർവേ ചൂണ്ടിക്കാട്ടുന്നു, ഏകദേശം 1.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. പ്രധാനമായും, ഈ പണപ്പെരുപ്പ കുറവ് സംഭവിക്കുന്നത് 2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ കരുത്തുറ്റ 8 ശതമാനം ജിഡിപി വളർച്ചയോടൊപ്പമാണ് എന്നത് ശ്രദ്ധേയമാണ്. ഇത് ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറയേയും, വിലക്കയറ്റത്തെ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ട് തന്നെ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിപണിയിൽ അമിത സമ്മർദ്ദം ചെലുത്താതെ തന്നെ വളർച്ച നിലനിർത്താനുള്ള രാജ്യത്തിൻ്റെ കഴിവിനേയും അടിവരയിടുന്നു.
ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് ഉയർത്തുന്നതിനിടയിൽ, ആഗോള റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ പണപ്പെരുപ്പ നിയന്ത്രണത്തിൻ്റെ വിശ്വാസ്യതയും ഫലപ്രാപ്തിയും അംഗീകരിച്ചിട്ടുണ്ട്. എസ് ആൻഡ് പി ഇപ്രകാരം നിരീക്ഷിച്ചു, “പണപ്പെരുപ്പം ലക്ഷ്യമിടുന്നതിലേക്ക് മാറുന്നതിനുള്ള ധനനയ പരിഷ്ക്കരണം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഒരു പതിറ്റാണ്ട് മുമ്പുള്ളതിനേക്കാൾ മികച്ചതാണ്. 2008-നും 2014-നും ഇടയിൽ ഇന്ത്യയുടെ പണപ്പെരുപ്പം പലതവണ രണ്ടക്കത്തിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, ആഗോള ഊർജ്ജ വിലയിലെ ചാഞ്ചാട്ടവും വിതരണ തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും, സിപിഐ വളർച്ച ശരാശരി 5.5 ശതമാനമായിരുന്നു. സമീപ മാസങ്ങളിൽ, ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ലക്ഷ്യപരിധിയായ 2-6 ശതമാനത്തിൻ്റെ താഴ്ന്ന നിലവാരത്തിൽ തുടർന്നു. ആഴത്തിലുള്ള ആഭ്യന്തര മൂലധന വിപണിയോടൊപ്പം ഈ സംഭവവികാസങ്ങൾ ധന നയ ക്രമീകരണങ്ങൾക്ക് കൂടുതൽ സുസ്ഥിരവും പിന്തുണ നല്കുന്നതുമായ സാഹചര്യം പ്രതിഫലിപ്പിക്കുന്നു.”
ആഗോള പണപ്പെരുപ്പ വികാസങ്ങൾ
വികസിത രാജ്യങ്ങളിലും വളർന്നുവരുന്ന വികസ്വര സമ്പദ്‌വ്യവസ്ഥകളിലും ഈ വർഷം പണപ്പെരുപ്പത്തിൽ വ്യാപകവും സുസ്ഥിരവുമായ മിതത്വം ലോകം ദർശിച്ചു. ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2022 കലണ്ടർ വർഷത്തിലെ 8.7 ശതമാനത്തിൽ നിന്ന് 2025 കലണ്ടർ വർഷത്തിൽ 4.2 ശതമാനമായി കുറഞ്ഞു.
അമേരിക്കയിലും യൂറോ മേഖലയിലും പണപ്പെരുപ്പത്തിൽ നേരിയ കുറവുണ്ടായി. റഷ്യ-യുക്രൈൻ യുദ്ധം നിലനിന്നിട്ടും, പ്രധാന സേവനങ്ങളിലെ പണപ്പെരുപ്പം മിതമായതും പ്രധാന ഉൽപ്പന്നങ്ങളുടെ വിലയിൽ പണപ്പെരുപ്പ കുറവ് തുടരുന്നതും ഊർജ്ജത്തിൻ്റേയും ഭക്ഷ്യവസ്തുക്കളുടേയും വിലയിൽ അയവ് വരുത്തിയതുമാണ് ഈ പ്രവണതയ്ക്ക് കാരണമായത്.
പ്രധാന ഉൽപ്പന്നങ്ങളിലെ പണപ്പെരുപ്പം ലഘൂകരിച്ചതിനോടൊപ്പം എണ്ണയുടേയും ഭക്ഷ്യവസ്തുക്കളുടേയും വിലയിലുണ്ടായ പൊതുവായ ഇടിവ് ആഗോള പണപ്പെരുപ്പ സമ്മർദ്ദങ്ങളെ നിയന്ത്രിക്കാൻ സഹായിച്ചു. ഭൂരിഭാഗം ഇഎംഡിഇ-കളിലേയും സാമ്പത്തിക വളർച്ച ശരാശരിയായ 4.2 ശതമാനത്തിൽ താഴെയായിരുന്നെങ്കിലും, പണപ്പെരുപ്പ ഫലങ്ങൾ രാജ്യമെമ്പാടും വ്യാപകമായി വ്യത്യാസപ്പെട്ടിരുന്നു. ബ്രസീലിൽ 2025-ൽ ഹെഡ്‍ലൈൻ പണപ്പെരുപ്പം 5.2 ശതമാനമായി ഉയർന്നു. റഷ്യയിൽ കുറഞ്ഞ ജിഡിപി വളർച്ചയും ഉയർന്ന പണപ്പെരുപ്പവുമാണ് അനുഭവപ്പെട്ടത്. ഇതിനു വിപരീതമായി മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന തെക്കുകിഴക്കൻ ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിൽ ഇറക്കുമതി ചെയ്ത ചരക്കുകളുടെ കുറഞ്ഞ ചെലവ് പണപ്പെരുപ്പം കുറയാൻ കാരണമായി. ആഭ്യന്തര ആവശ്യകതയിലെ കുറവും താരിഫ് നിയന്ത്രണങ്ങൾ മൂലമുള്ള കയറ്റുമതി സമ്മർദ്ദവും കാരണം ചൈനയിൽ ഈ വർഷം ഗണ്യമായ പണപ്പെരുപ്പം അനുഭവപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.
പ്രധാന ഇഎംഡിഇ-കളിൽ, പണപ്പെരുപ്പത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്, ഇത് ഏകദേശം 1.8 ശതമാനമാണ്. പ്രധാനമായും, 2025-26 ൻ്റെ ആദ്യ പകുതിയിലെ 8 ശതമാനമെന്ന ശക്തമായ ജിഡിപി വളർച്ചയോടൊപ്പമാണ് ഈ പണപ്പെരുപ്പ കുറവ് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇത് ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറയേയും വിലക്കയറ്റത്തെ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ട് തന്നെ വളർച്ച നിലനിർത്താനുള്ള രാജ്യത്തിൻ്റെ കഴിവിനേയും അടിവരയിടുന്നു.
ആഭ്യന്തര പണപ്പെരുപ്പം
കഴിഞ്ഞ നാല് വർഷത്തിനിടയിൽ, സിപിഐ അളക്കുന്ന ശരാശരി ചില്ലറ പണപ്പെരുപ്പം വ്യക്തമായ താഴേക്കുള്ള പാത പിന്തുടരുകയാണ്, 2022–23 ൽ 6.7 ശതമാനമായിരുന്നത് 2025 ഡിസംബർ വരെ 1.7 ശതമാനമായി ക്രമമായി കുറഞ്ഞു.
2025-26 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ, പണപ്പെരുപ്പം 2025 ഏപ്രിലിലെ 3.2 ശതമാനത്തിൽ നിന്ന് 2025 സെപ്റ്റംബറിൽ 1.4 ശതമാനമായി കുത്തനെ കുറഞ്ഞു, ഈ കാലയളവിലെ ശരാശരി 2.2 ശതമാനമാണ്.
2025 ഒക്ടോബറിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞ് 0.3 ശതമാനത്തിലെത്തി. നിലവിലെ സിപിഐ (2012=100) പരമ്പരയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ പണപ്പെരുപ്പ കുറവിന് പ്രധാനമായും കാരണമായത് ഭക്ഷ്യവസ്തുക്കളാണ്. അനുകൂലമായ കാലാവസ്ഥയും ഉയർന്ന ഉത്പാദനവും വിതരണം വർദ്ധിപ്പിച്ചത് ഇതിൽ പ്രതിഫലിച്ചു. ഇതിനു വിപരീതമായി ഭക്ഷണം, ഇന്ധനം തുടങ്ങിയ അസ്ഥിര ഘടകങ്ങളെ ഒഴിവാക്കിയുള്ള അടിസ്ഥാന പണപ്പെരുപ്പം താരതമ്യേന സ്ഥിരത പുലർത്തുകയും ഈ കാലയളവിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തു. 2024 ഒക്ടോബറിലെ 3.8 ശതമാനത്തിൽ നിന്ന് 2025 ഡിസംബറിൽ ഇത് 4.62 ശതമാനമായി ഉയർന്നു.
ആഗോള അനിശ്ചിതത്വവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലുള്ള ശക്തമായ ആവശ്യകതയും കാരണം സ്വർണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവാണ് ശരാശരി അടിസ്ഥാന പണപ്പെരുപ്പത്തിലെ ഈ വർദ്ധനവിന് പ്രധാനമായും കാരണമായത്. ഈ ഘടകങ്ങളെ ഒഴിവാക്കി പരിശോധിക്കുമ്പോൾ, അടിസ്ഥാന പണപ്പെരുപ്പം പണപ്പെരുപ്പത്തിലെ കുറവിന് സമാനമായി താഴോട്ടുള്ള പ്രവണതയാണ് കാണിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വില കുറയാൻ കാരണമാകുന്ന ഘടകങ്ങൾ
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് ഈ വർഷം മുഴുവൻ സ്ഥിരമായ കുറവ് രേഖപ്പെടുത്തുകയും 2025 ജൂൺ മുതൽ അത് വിലയിടിവിലേക്ക് മാറുകയും ചെയ്തു. പച്ചക്കറി വിലയിലുണ്ടായ തുടർച്ചയായതും കുത്തനെയുള്ളതുമായ കുറവാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്. ഏകദേശം ഒൻപത് മാസത്തോളമായി പയറുവർഗ്ഗങ്ങളുടെ പണപ്പെരുപ്പ നിരക്കിലും കുറവുണ്ടായി. മൊത്തത്തിൽ, സമയബന്ധിതമായ വ്യാപാര നയ തീരുമാനങ്ങൾ, തന്ത്രപരമായ ബഫർ സ്റ്റോക്ക് മാനേജ്‌മെൻ്റ്, ലക്ഷ്യമിട്ട വിപണി ഇടപെടലുകൾ എന്നിവ പയറുവർഗ്ഗങ്ങളുടെ വില ചക്രം ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിച്ചു. കഴിഞ്ഞ ദശകത്തിൽ ചില്ലറ വിൽപ്പന വിലയിലെ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കാനും സഹായിച്ചു
ഭക്ഷ്യവസ്തുക്കളുടെ കൂട്ടത്തിൽ മുട്ട, മാംസം, മത്സ്യം തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കളുടെ വില കുറച്ചു മാസങ്ങളിൽ കുറഞ്ഞെങ്കിലും പിന്നീട് പഴയ നിലയിലേക്ക് തിരിച്ചെത്തി. എന്നാൽ പാൽ ഉൽപന്നങ്ങളുടെ പണപ്പെരുപ്പ നിരക്ക് 2.6 ശതമാനം എന്ന നിലയിൽ സ്ഥിരമായി തുടർന്നു.
തോട്ടവിള ഉൽപ്പന്നങ്ങളുടെ വിലയിൽ വലിയ ഇടിവുണ്ടായി. ഉരുളക്കിഴങ്ങ്, സവാള, തക്കാളി, വെളുത്തുള്ളി എന്നിവയുടെ വിലയിൽ 20 മുതൽ 40 ശതമാനം വരെ കുറവുണ്ടായി.

ഭക്ഷ്യ എണ്ണയുടെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ വരുത്തിയ കുറവ് 2025 ഓഗസ്റ്റ് മുതൽ ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിച്ചു.
അടിസ്ഥാന പണപ്പെരുപ്പത്തിനുള്ള കാരണങ്ങൾ
കഴിഞ്ഞ രണ്ട് വർഷമായി വസ്ത്രങ്ങൾ, പാദരക്ഷകൾ, പാർപ്പിടം, ആരോഗ്യം എന്നീ മേഖലകളിൽ പണപ്പെരുപ്പം ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം ഗതാഗതം, വാർത്താവിനിമയം എന്നീ മേഖലകളിൽ ഇത് വ്യതിയാനങ്ങൾ കാണിക്കുന്നു. ഇൻപുട്ട് ചെലവുകൾ ലഘൂകരിക്കൽ, മെച്ചപ്പെട്ട വിതരണ സാഹചര്യങ്ങൾ, വിലകൾ പതിവായി ക്രമീകരിക്കുന്ന ചരക്ക് വിപണികളിലെ മത്സരാധിഷ്ഠിത സമ്മർദ്ദങ്ങൾ എന്നിവയാണ് ഇതിന് കാരണം. ഇതിനു വിപരീതമായി, ഗതാഗത, വാർത്താവിനിമയ മേഖലകളിലെ പണപ്പെരുപ്പം ശരാശരി കുറഞ്ഞ നിലയിലാണെങ്കിലും ഇടയ്ക്കിടെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. യാത്രാക്കൂലി, ഇന്ധനവുമായി ബന്ധപ്പെട്ട സേവനങ്ങൾ, ടെലികോം നിരക്കുകളിലെ മാറ്റങ്ങൾ തുടങ്ങിയ നിർദ്ദിഷ്ട ഉപഘടകങ്ങളാണ് ഈ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾക്ക് കാരണം. എന്നിരുന്നാലും 2025 ജൂൺ മുതൽ ഗതാഗത, വാർത്താവിനിമയ മേഖലയിൽ പണപ്പെരുപ്പം കുറയുന്ന പ്രവണത ദൃശ്യമാണ്.

പണപ്പെരുപ്പം: പ്രാദേശിക ചിത്രം
സംസ്ഥാന തലത്തിലുള്ള പണപ്പെരുപ്പ നിരക്ക് ആർബിഐ നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിൽ തന്നെയാണെങ്കിലും, ഗ്രാമീണ മേഖലകളിൽ ഭക്ഷണത്തിന് നല്കുന്ന ഉയർന്ന മുൻഗണന കാരണം അവിടെ കൂടുതൽ വ്യതിയാനങ്ങൾ പ്രകടമാണ്. മുൻ വർഷങ്ങളിൽ (2023, 2024) നിന്ന് വ്യത്യസ്തമായി ഗ്രാമീണ പണപ്പെരുപ്പം നഗരങ്ങളിലേതിനേക്കാൾ കുറഞ്ഞത് ഗ്രാമീണ മേഖലയിലെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു.
ഭാവി സൂചനകൾ
2027 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പത്തിൽ നേരിയ വർദ്ധനവ് ആർബിഐയും, ഐഎംഎഫും പ്രവചിക്കുന്നുണ്ടെങ്കിലും, ഇത് ആർബിഐയുടെ നിശ്ചിത പരിധിയായ 2-6 ശതമാനത്തിനുള്ളിൽ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് (വിലയേറിയ ലോഹങ്ങൾ ഒഴികെ) മൊത്ത പണപ്പെരുപ്പത്തിലും അടിസ്ഥാന പണപ്പെരുപ്പത്തിലും നേരിയ വർദ്ധനവ് സാമ്പത്തിക സർവേയും പ്രവചിക്കുന്നു. എന്നിരുന്നാലും പണപ്പെരുപ്പ സമ്മർദ്ദങ്ങൾ നിയന്ത്രണവിധേയമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശക്തമായ കാർഷിക ഉത്പാദനം, സ്ഥിരതയുള്ള ആഗോള ചരക്ക് വിലകൾ, സർക്കാരിൻ്റെ നിരന്തരമായ ജാഗ്രത എന്നിവ പണപ്പെരുപ്പം നിശ്ചിത പരിധിക്കുള്ളിൽ നിർത്താൻ സഹായിക്കുമെന്ന് സർവേ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നു. എങ്കിലും കറൻസി മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അടിസ്ഥാന ലോഹ വിലയിലെ കുതിച്ചുചാട്ടങ്ങൾ, ആഗോള അനിശ്ചിതത്വങ്ങൾ എന്നിവയിൽ നിന്നുള്ള അപകടസാധ്യതകളെക്കുറിച്ച് സർവേ മുന്നറിയിപ്പ് നല്കുന്നുണ്ട്. ഇവ നിരന്തരം നിരീക്ഷിക്കപ്പെടേണ്ടതും അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
****
(रिलीज़ आईडी: 2220154)
आगंतुक पटल : 7