പ്രധാനമന്ത്രിയുടെ ഓഫീസ്
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 'പരാക്രം ദിവസ്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
प्रविष्टि तिथि:
23 JAN 2026 6:33PM by PIB Thiruvananthpuram
നമസ്കാരം,
അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവർണറും നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എൻ.എ (INA) ട്രസ്റ്റ് ചെയർമാനുമായ അഡ്മിറൽ ഡി.കെ. ജോഷി, ബ്രിഗേഡിയർ ആർ.എസ്. ചിക്കാര ജി; ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളിയും ഐ.എൻ.എയുടെ വിസ്മരിക്കാനാവാത്ത വ്യക്തിത്വവുമായ
ലെഫ്റ്റനന്റ് ആർ. മാധവൻ ജി,
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനമായ ജനുവരി 23-ലെ ഈ മഹത്തായ മുഹൂർത്തം, അദ്ദേഹത്തിന്റെ പൗരുഷത്തെയും ധീരതയെയും ഓർമ്മിപ്പിക്കുന്നു. ഇന്നത്തെ ഈ ദിനം നമുക്ക് പ്രചോദനം നൽകുന്നതോടൊപ്പം നേതാജിയോടുള്ള ആദരവ് കൊണ്ട് നമ്മുടെ മനസ്സിനെ നിറയ്ക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും വർഷങ്ങളായി 'പരാക്രം ദിവസ്' നമ്മുടെ രാജ്യത്തിന്റെ ദേശീയ വികാരത്തിന്റെ അവിഭാജ്യമായ ഒരു ഉത്സവമായി മാറിയിരിക്കുകയാണ്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൊണ്ടാട്ടത്തിന് ഒരു പുതിയ പാരമ്പര്യം കൈവന്നിരിക്കുന്നു എന്നതും സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്. ജനുവരി 23-ന് പരാക്രം ദിവസിൽ ആരംഭിച്ച്, ജനുവരി 25-ന് വോട്ടേഴ്സ് ഡേ, ജനുവരി 26-ന് റിപ്പബ്ലിക് ദിനം, ജനുവരി 29-ന് ബീറ്റിംഗ് റിട്രീറ്റ്, ഒടുവിൽ ജനുവരി 30-ന് ആദരണീയനായ ബാപ്പുജിയുടെ ചരമദിനം വരെ നീളുന്ന ഒരു പുതിയ പാരമ്പര്യം ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്. ഈ അവസരത്തിൽ, നിങ്ങൾ ഏവർക്കും എല്ലാ നാട്ടുകാർക്കും പരാക്രം ദിവസിന്റെ ഒരായിരം ആശംസകൾ ഞാൻ നേരുന്നു.
സഹോദരീ സഹോദരന്മാരെ,
2026-ലെ പരാക്രം ദിവസിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്നത് അന്തമാൻ നിക്കോബാറിലാണ്. ധീരതയും പൗരുഷവും ത്യാഗവും നിറഞ്ഞ അന്തമാൻ നിക്കോബാറിന്റെ ചരിത്രം; ഇവിടുത്തെ സെല്ലുലാർ ജയിലിൽ വീർ സവർക്കറെപ്പോലുള്ള അസംഖ്യം ദേശസ്നേഹികൾ രചിച്ച ഇതിഹാസങ്ങൾ; നേതാജി സുഭാഷ് ചന്ദ്രബോസുമായുള്ള ഈ മണ്ണിന്റെ ബന്ധം—ഇതെല്ലാം പരാക്രം ദിവസിന്റെ ഈ ആഘോഷത്തെ കൂടുതൽ സവിശേഷമാക്കുന്നു. സ്വാതന്ത്ര്യം എന്ന ചിന്ത ഒരിക്കലും അവസാനിക്കില്ല എന്ന വിശ്വാസത്തിന്റെ പ്രതീകമാണ് അന്തമാനിലെ ഈ മണ്ണ്. എത്രയോ വിപ്ലവകാരികൾ ഇവിടെ പീഡിപ്പിക്കപ്പെട്ടു, എത്രയോ പോരാളികൾ ഇവിടെ ജീവൻ ബലിനൽകി; പക്ഷേ ആ പോരാട്ടവീര്യം കെട്ടടങ്ങുന്നതിന് പകരം സ്വാതന്ത്ര്യസമരത്തിന്റെ തീപ്പൊരിയ്ക്ക് കൂടുതൽ ശക്തി പകരുകയാണ് ചെയ്തത്. അതിന്റെ ഫലമായാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൂര്യോദയത്തിന് ഈ അന്തമാൻ നിക്കോബാർ മണ്ണ് സാക്ഷ്യം വഹിച്ചത്. 1947-ന് മുൻപ് തന്നെ, 1943 ഡിസംബർ 30-ന് സമുദ്രതരംഗങ്ങളെ സാക്ഷിയാക്കി ഇന്ത്യയുടെ ത്രിവർണ്ണ പതാക ഇവിടെ ഉയർത്തപ്പെട്ടു. ഈ മഹത്തായ സംഭവത്തിന്റെ 75 വർഷങ്ങൾ പൂർത്തിയായ 2018-ൽ, ഡിസംബർ 30-ന് തന്നെ അന്തമാനിലെ അതേ സ്ഥലത്ത് ത്രിവർണ്ണ പതാക ഉയർത്താൻ എനിക്ക് ഭാഗ്യം ലഭിച്ചത് ഞാൻ ഓർക്കുന്നു. കടൽതീരത്ത് ദേശീയഗാനത്തിന്റെ അകമ്പടിയോടെ, ശക്തമായ കാറ്റിൽ ആ പതാക പാറിപ്പറന്നപ്പോൾ, അസംഖ്യം സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ ഇന്ന് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വിളിച്ച് പറയുന്നതുപോലെ തോന്നി.
സഹോദരീ സഹോദരന്മാരെ,
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, അന്തമാൻ നിക്കോബാർ ദ്വീപുകളുടെ ഈ മഹത്തായ ചരിത്രം സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ, അക്കാലത്ത് അധികാരത്തിൽ വന്നവരിലുണ്ടായിരുന്ന ഒരുതരം അരക്ഷിതാവസ്ഥ കാരണം, സ്വാതന്ത്ര്യത്തിന്റെ ഖ്യാതി ഒരു കുടുംബത്തിലേക്ക് മാത്രം ഒതുക്കിനിർത്താൻ അവർ ആഗ്രഹിച്ചു. ഈ രാഷ്ട്രീയ സ്വാർത്ഥതയിൽ രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം അവഗണിക്കപ്പെട്ടു! അന്തമാൻ നിക്കോബാറിനെ അടിമത്തത്തിന്റെ അടയാളങ്ങളുമായി തന്നെ തുടർന്നും ബന്ധിപ്പിക്കാൻ അവർ അനുവദിച്ചു. സ്വാതന്ത്ര്യം കിട്ടി 70 വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടുത്തെ ദ്വീപുകൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ചരിത്രത്തോടുള്ള ഈ അനീതിക്ക് ഞങ്ങൾ അറുതി വരുത്തി. അതുകൊണ്ടാണ് ഇന്ന് പോർട്ട് ബ്ലെയർ 'ശ്രീ വിജയപുരം' ആയി മാറിയത്. ശ്രീ വിജയപുരം എന്ന ഈ പുതിയ പേരും ഐഡന്റിറ്റിയും നേതാജിയുടെ വിജയത്തെയാണ് ഓർമ്മിപ്പിക്കുന്നത്. അതുപോലെ തന്നെ മറ്റ് ദ്വീപുകൾക്ക് സ്വരാജ് ദ്വീപ്, ഷഹീദ് ദ്വീപ്, സുഭാഷ് ദ്വീപ് എന്നിങ്ങനെ പേരുനൽകി. 2023-ൽ അന്തമാനിലെ 21 ദ്വീപുകൾക്ക് ഇന്ത്യൻ സൈന്യത്തിലെ 21 പരംവീർ ചക്ര ജേതാക്കളുടെ പേരുകളും നൽകുകയുണ്ടായി. ഇന്ന് അന്തമാൻ നിക്കോബാറിൽ നിന്ന് അടിമത്തത്തിന്റെ പേരുകൾ മായ്ക്കപ്പെടുകയാണ്; സ്വതന്ത്ര ഇന്ത്യയുടെ പുതിയ പേരുകൾ അവിടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണ്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യസമരത്തിലെ മഹാനായ നായകനായിരുന്നതിനൊപ്പം തന്നെ, സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് വലിയ ദീർഘവീക്ഷണമുണ്ടായിരുന്ന വ്യക്തിയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. ആധുനികമായ രൂപവും എന്നാൽ ഇന്ത്യയുടെ പൗരാണിക ബോധവുമായി ആത്മബന്ധമുള്ളതുമായ ഒരു ഭാരതത്തെയായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. നേതാജിയുടെ ഈ കാഴ്ചപ്പാടുകളെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. ഞങ്ങളുടെ ഗവൺമെൻറ് ഈ ഉത്തരവാദിത്തം വളരെ നന്നായി നിറവേറ്റുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഡൽഹിയിലെ ചെങ്കോട്ടയിൽ നേതാജി സുഭാഷ് ചന്ദ്രബോസിനായി സമർപ്പിക്കപ്പെട്ട ഒരു മ്യൂസിയം ഞങ്ങൾ നിർമ്മിച്ചു. ഇന്ത്യ ഗേറ്റിന് സമീപം നേതാജിയുടെ ഗംഭീരമായ പ്രതിമ സ്ഥാപിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ ആസാദ് ഹിന്ദ് ഫൗജിന്റെ സംഭാവനകളെയും രാജ്യം സ്മരിച്ചു. കൂടാതെ, നമ്മൾ 'സുഭാഷ് ചന്ദ്രബോസ് ആപ്ത പ്രബന്ധൻ പുരസ്കാർ' (ദുരന്ത നിവാരണ പുരസ്കാരം) ആരംഭിച്ചു.ഈ പ്രവർത്തനങ്ങൾ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരവ് മാത്രമല്ല; മറിച്ച് നമ്മുടെ യുവതലമുറയ്ക്കും ഭാവിക്കും വേണ്ടിയുള്ള ശാശ്വതമായ പ്രചോദനത്തിന്റെ ഉറവിടങ്ങൾ കൂടിയാണ്. നമ്മുടെ ആദർശങ്ങളോടുള്ള ഈ ബഹുമാനവും അവയിൽ നിന്നുള്ള പ്രചോദനവുമാണ് 'വികസിത ഭാരതം' എന്ന നമ്മുടെ നിശ്ചയദാർഢ്യത്തിന് ഊർജ്ജവും ആത്മവിശ്വാസവും പകരുന്നത്.
സുഹൃത്തുക്കളെ,
ഒരു ദുർബലമായ രാഷ്ട്രത്തിന് അതിന്റെ ലക്ഷ്യങ്ങളിൽ എത്തിച്ചേരുക പ്രയാസകരമാണ്. അതുകൊണ്ടുതന്നെ നേതാജി സുഭാഷ് ചന്ദ്രബോസ് എപ്പോഴും സ്വപ്നം കണ്ടിരുന്നത് കരുത്തുറ്റ ഒരു രാഷ്ട്രത്തെയായിരുന്നു. ഇന്ന്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയും ശക്തവും ദൃഢനിശ്ചയവുമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. നിങ്ങൾ കണ്ടുകഴിഞ്ഞു, 'ഓപ്പറേഷൻ സിന്ദൂർ' - ഇന്ത്യയെ മുറിവേൽപ്പിച്ചവരുടെ വീടുകളിൽ കയറിച്ചെന്ന് അവരെ നമ്മൾ തകർത്തു. ഇന്നത്തെ ഇന്ത്യക്ക് കരുത്ത് വർദ്ധിപ്പിക്കാനറിയാം, ആ കരുത്ത് കൈകാര്യം ചെയ്യാനറിയാം, അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം.പ്രാപ്തിയുള്ള ഒരു ഭാരതത്തെക്കുറിച്ചുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കാഴ്ചപ്പാടിലൂടെ സഞ്ചരിച്ചുകൊണ്ട്, ഇന്ന് നമ്മൾ പ്രതിരോധ മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. മുമ്പ്, വിദേശത്തുനിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെ മാത്രമായിരുന്നു ഇന്ത്യ ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ പ്രതിരോധ കയറ്റുമതി 23 ആയിരം കോടി രൂപ കടന്നിരിക്കുന്നു. ഇന്ത്യയിൽ നിർമ്മിച്ച ബ്രഹ്മോസും മറ്റ് മിസൈലുകളും ഇന്ന് ലോകരാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയാണ്. തദ്ദേശീയമായ കരുത്തുപയോഗിച്ച് ഇന്ത്യയുടെ സൈന്യത്തെ നമ്മൾ ആധുനികവൽക്കരിക്കുകയാണ്.
സഹോദരീ സഹോദരന്മാരെ,
ഇന്ന്, 140 കോടി ഭാരതീയർ വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുകയാണ്. വികസിത ഭാരതത്തിലേക്കുള്ള ഈ പാത 'ആത്മനിർഭർ ഭാരത്' (സ്വയംപര്യാപ്ത ഭാരതം) പ്രചാരണത്തിലൂടെ കൂടുതൽ ശക്തമാകുന്നു; 'സ്വദേശി' എന്ന മന്ത്രം ഇതിന് കൂടുതൽ കരുത്ത് പകരുന്നു. വികസിത ഭാരതത്തിലേക്കുള്ള ഈ യാത്രയിൽ, പരാക്രം ദിവസിന്റെ പ്രചോദനം ഇതേപോലെ നമുക്ക് എന്നും കരുത്ത് പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക വേളയിൽ ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
ഭാരത് മാതാ കീ ജയ്!
വന്ദേ മാതരം!
വന്ദേ മാതരം!
വന്ദേ മാതരം!
-SK-
(रिलीज़ आईडी: 2219137)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada