രാഷ്ട്രപതിയുടെ കാര്യാലയം
പതിനാറാമത് ദേശീയ സമ്മതിദായക ദിനാഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുത്തു
प्रविष्टि तिथि:
25 JAN 2026 2:32PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ ഇന്ന് (2026 ജനുവരി 25) നടന്ന പതിനാറാമത് ദേശീയ സമ്മതിദായക ദിനാഘോഷങ്ങളിൽ പങ്കെടുത്ത രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ചടങ്ങിനെ അഭിസംബോധന ചെയ്തു.
നമ്മുടെ ജനാധിപത്യത്തിൻ്റെ ശക്തി വോട്ടർമാരുടെ എണ്ണത്തിൽ മാത്രമല്ല, ജനാധിപത്യ ബോധത്തിൻ്റെ ആഴത്തിലുമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഏറ്റവും പ്രായം ചെന്ന വോട്ടർമാർ, ദിവ്യാംഗ വോട്ടർമാർ, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവർ പോലും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നു. ഈ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിരവധി പ്രചോദനാത്മകമായ ഉദാഹരണങ്ങൾ സൃഷ്ടിച്ച ബോധവാന്മാരായ വോട്ടർമാരേയും, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് സംവിധാനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരേയും രാഷ്‌ട്രപതി അഭിനന്ദിച്ചു.
പൊതുജനപങ്കാളിത്തമാണ് അടിസ്ഥാനതലത്തിൽ ജനാധിപത്യത്തിൻ്റെ ആത്മാവിന് പ്രായോഗിക രൂപം നല്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. "ഒരു വോട്ടർ പോലും വിട്ടുപോകരുത്" എന്ന ലക്ഷ്യം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വോട്ടർമാരുടെ അവബോധം വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുത്ത ഈ വർഷത്തെ പ്രമേയമായ "എൻ്റെ ഇന്ത്യ, എൻ്റെ വോട്ട്: ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഹൃദയത്തിലാണ് ഇന്ത്യൻ പൗരൻ" എന്നത് നമ്മുടെ ജനാധിപത്യത്തിൻ്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുകയും ജനാധിപത്യ സംവിധാനത്തിൽ വോട്ടവകാശത്തിൻ്റെ പ്രാധാന്യം അടിവരയിടുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
വോട്ടുചെയ്യൽ എന്നത് വെറുമൊരു രാഷ്ട്രീയ പ്രകടനമല്ലെന്ന് രാഷ്ട്രപതി പറഞ്ഞു. തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയിൽ പൗരന്മാർക്കുള്ള വിശ്വാസത്തിൻ്റെ പ്രതിഫലനമാണിത്. ഒപ്പം, പൗരന്മാർക്ക് അവരുടെ അഭിലാഷങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്. വിവേചനമില്ലാതെ പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും ലഭ്യമായ വോട്ടവകാശം, രാഷ്ട്രീയവും സാമൂഹികവുമായ നീതിയും സമത്വവും എന്ന നമ്മുടെ ഭരണഘടനാപരമായ ആദർശങ്ങൾക്ക് വ്യക്തമായ ആവിഷ്കാരം നല്കുന്നു. നമ്മുടെ ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്ന "ഒരു വ്യക്തി, ഒരു വോട്ട്" എന്ന സമ്പ്രദായം സാധാരണക്കാരുടെ വിവേകത്തിലുള്ള ഭരണഘടനാ ശില്പികളുടെ ഉറച്ച വിശ്വാസത്തിൻ്റെ ഫലമായിരുന്നു. നമ്മുടെ രാജ്യത്തെ വോട്ടർമാർ ആ വിശ്വാസം തെളിയിച്ചിട്ടുണ്ട്, ഇന്ത്യൻ ജനാധിപത്യം ലോകവേദിയിൽ ഒരു അസാധാരണ മാതൃകയായി ആദരവ് നേടിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വോട്ടവകാശം പ്രധാനമാണെങ്കിലും, എല്ലാ മുതിർന്ന പൗരന്മാരും തങ്ങളുടെ ഭരണഘടനാപരമായ കടമകൾ മനസ്സിലാക്കി വോട്ടവകാശം വിനിയോഗിക്കേണ്ടത് ഒരുപോലെ പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രലോഭനങ്ങൾ, അജ്ഞത, തെറ്റായ വിവരങ്ങൾ, പ്രചാരണം, മുൻവിധികൾ എന്നിവയിൽ നിന്ന് മുക്തരായി എല്ലാ വോട്ടർമാരും തങ്ങളുടെ മനഃസാക്ഷിയുടെ ശക്തിയിലൂടെ നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വോട്ടർ തിരിച്ചറിയൽ കാർഡുകൾ ലഭിച്ച രാജ്യത്തെ എല്ലാ യുവ വോട്ടർമാരേയും രാഷ്ട്രപതി അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലുതും ഊർജ്ജസ്വലവുമായ ജനാധിപത്യത്തിൽ സജീവമായി പങ്കെടുക്കാനുള്ള വിലപ്പെട്ട അവകാശം ഈ കാർഡ് അവർക്ക് നല്കുന്നുവെന്ന് ശ്രീമതി മുർമു പറഞ്ഞു. ഇന്നത്തെ വോട്ടർമാരാണ് ഇന്ത്യയുടെ ഭാവി ശില്പികൾ. രാജ്യത്തെ എല്ലാ യുവ വോട്ടർമാരും തങ്ങളുടെ വോട്ടവകാശം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുമെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നല്കുകയും ചെയ്യുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്ഥാപക ദിനത്തിൻ്റെ സ്മരണയ്ക്കായി 2011 മുതൽ എല്ലാ വർഷവും ജനുവരി 25-ന് ദേശീയ സമ്മതിദായക ആചരിക്കുന്നു. വോട്ടർമാരുടെ പ്രാധാന്യം അടിവരയിടുക, പൗരന്മാർക്കിടയിൽ തെരഞ്ഞെടുപ്പ് അവബോധം വളർത്തുക, ജനാധിപത്യ പ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്തത്തിന് പ്രചോദനം നല്കുക എന്നിവയാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.
രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക -
****
(रिलीज़ आईडी: 2218479)
आगंतुक पटल : 11