പ്രധാനമന്ത്രിയുടെ ഓഫീസ്
'മൻ കി ബാത്തിന്റെ' 130-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (25-01-2026)
प्रविष्टि तिथि:
25 JAN 2026 11:53AM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 2026 ലെ ആദ്യത്തെ 'മൻ കി ബാത്ത്' ആണിത്. നാളെ, ജനുവരി 26 ന്, നാമെല്ലാവരും 'റിപ്പബ്ലിക് ദിനം' ആഘോഷിക്കും. നമ്മുടെ ഭരണഘടന നിലവിൽ വന്നത് ഈ ദിവസമാണ്. നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ഈ ദിവസം നമുക്ക് അവസരം നൽകുന്നു. ഇന്ന്, ജനുവരി 25. ഈ ദിവസവും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് 'ദേശീയ വോട്ടർ ദിനം'. സമ്മതിദായകർ ജനാധിപത്യത്തിന്റെ ആത്മാവാണ്.
സുഹൃത്തുക്കളേ, സാധാരണയായി ഒരാൾ 18 വയസ്സ് തികയുമ്പോൾ ആണ് വോട്ട് ചെയ്യുന്നത്. ഇത് ജീവിതത്തിലെ ഒരു സാധാരണ സംഭവമായി കണക്കാക്കപ്പെടുന്നു. എന്നാൽ, വാസ്തവത്തിൽ, ഏതൊരു ഭാരതീയന്റെയും ജീവിതത്തിലെ ഒരു വലിയ നാഴികക്കല്ലാണ് ഇത്. അതിനാൽ, രാജ്യത്ത് സമ്മതിദായകർ ആകുന്നത് ആഘോഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരാളുടെ ജന്മദിനത്തിൽ നമ്മൾ ആശംസകൾ നേരുകയും അത് ആഘോഷിക്കുകയും ചെയ്യുന്നതുപോലെ, യുവതലമുറയിൽപ്പെട്ട ഏതൊരാളുടെയും കന്നി വോട്ട് വേളയിൽ അവരുടെ ഗ്രാമമായാലും നഗരമായാലും മുഴുവൻ പ്രദേശവും ഒത്തുചേർന്ന് അഭിനന്ദിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും വേണം. ഇത് മൂലം വോട്ടിംഗിനെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വർദ്ധിക്കും. ഇതോടൊപ്പം, ഒരു വോട്ടർ ആകുന്നത് എത്രത്തോളം പ്രധാനമാണെന്ന തോന്നലും കൂടുതൽ ശക്തിപ്പെടും.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന, നമ്മുടെ ജനാധിപത്യത്തെ ഊർജ്ജസ്വലമായി നിലനിർത്താൻ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന എല്ലാവരോടും എന്റെ അഗാധമായ നന്ദി അറിയിക്കുന്നു. ഇന്ന്, വോട്ടർ ദിനത്തിൽ, ഞാൻ എന്റെ യുവസുഹൃത്തുക്കളോട് 18 വയസ്സ് തികയുമ്പോൾ വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. ഇത് ഓരോ പൗരനിൽ നിന്നും ഭരണഘടന പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുകയും ഭാരതത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈയിടെ സോഷ്യൽ മീഡിയയിൽ രസകരമായ ഒരു പ്രവണത ഞാൻ കാണുകയുണ്ടായി. ആളുകൾ 2016-നെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുകയാണ്. അതേ വികാരത്തോടെ, ഇന്ന് ഞാനും എന്റെ ഓർമ്മകളിൽ ഒന്ന് നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. പത്ത് വർഷം മുമ്പ്, 2016 ജനുവരിയിൽ, നമ്മൾ വളരെ ആഗ്രഹിച്ച ഒരു യാത്ര ആരംഭിച്ചു. ചെറുതല്ലെങ്കിലും, യുവതലമുറയ്ക്ക്, രാജ്യത്തിന്റെ ഭാവിക്ക് ഇത് വളരെ പ്രധാനമാണെന്ന് ഞങ്ങൾ അന്ന് മനസ്സിലാക്കി. ചിലർക്ക് ഇത് എന്തിനെക്കുറിച്ചാണെന്ന് അന്ന് മനസ്സിലായില്ല? സുഹൃത്തുക്കളേ, ഞാൻ പറയുന്ന യാത്ര സ്റ്റാർട്ട്-അപ്പ് ഇന്ത്യയുടെ യാത്രയാണ്. ഈ അത്ഭുതകരമായ യാത്രയിലെ നായകർ നമ്മുടെ യുവ സുഹൃത്തുക്കളാണ്. അവരുടെ സുഖസൗകര്യങ്ങളിൽ നിന്ന് പുറത്തുകടന്ന് അവർ കൊണ്ടുവന്ന നൂതനാശയങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി മാറിയിരിക്കുന്നു. ഈ സ്റ്റാർട്ടപ്പുകൾ ഇപ്പോൾ സാധാരണയിൽ നിന്ന് വ്യത്യസ്തമാണ്. പത്ത് വർഷം മുമ്പ് സങ്കൽപ്പിക്കാൻപോലും കഴിയാത്ത മേഖലകളിലാണ് ഇന്ന് അവർ പ്രവർത്തിക്കുന്നത്. AI, ബഹിരാകാശം, ആണവോർജ്ജം, സെമികണ്ടക്ടറുകൾ, മൊബിലിറ്റി, ഗ്രീൻ ഹൈഡ്രജൻ, ബയോടെക്നോളജി, ഏത് മേഖലയെടുത്താലും, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അവിടെ പ്രവർത്തിക്കുന്നത് കാണാം. ഏതെങ്കിലും സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന എന്റെ എല്ലാ യുവ സുഹൃത്തുക്കളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു.
സുഹൃത്തുക്കളേ, ഇന്ന് 'മൻ കി ബാത്ത്' വഴി ഞാൻ രാജ്യത്തെ ജനങ്ങളോട്, പ്രത്യേകിച്ച് വ്യവസായ, സ്റ്റാർട്ടപ്പ് മേഖലകളുമായി ബന്ധപ്പെട്ട യുവാക്കളോട് ഒരു അഭ്യർത്ഥന നടത്താൻ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ അതിവേഗം പുരോഗമിക്കുകയാണ്. ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണ്. ഇങ്ങനെയൊരു സമയത്ത്, നമുക്കെല്ലാവർക്കും ഒരു വലിയ ഉത്തരവാദിത്തമുണ്ട്. ഗുണനിലവാരത്തിൽ ഊന്നൽ നൽകുക എന്നതാണ് അത്. 'അത് അങ്ങനെയാണ്, അതാണ് കീഴ് വഴക്കം, അത് നടന്നോളും' എന്ന് പറയുന്ന യുഗം അവസാനിച്ചു. ഈ വർഷം നമുക്ക് പൂർണ്ണ ശക്തിയോടെ ഗുണനിലവാരത്തിന് മുൻഗണന നൽകാം. നമുക്കെല്ലാവർക്കും ഒരൊറ്റ മന്ത്രം ഉരുവിടാം - ഗുണനിലവാരം, ഗുണമേന്മ, ഗുണമേന്മ മാത്രം. ഇന്നലത്തേക്കാൾ മികച്ച ഗുണനിലവാരം. നമ്മൾ എന്ത് നിർമ്മിച്ചാലും, അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കാം. അത് നമ്മുടെ തുണിത്തരങ്ങളായാലും സാങ്കേതികവിദ്യയായാലും ഇലക്ട്രോണിക്സും പാക്കേജിംഗും അങ്ങനെ ഏതുമായാലും, ഭാരതീയ ഉൽപ്പന്നം അർത്ഥമാക്കുന്നത് - ഉയർന്ന നിലവാരമായിരിക്കണം. മികവ് നമ്മുടെ മാനദണ്ഡമാക്കാം. ഗുണനിലവാരത്തിൽ ഒരു കുറവും ഉണ്ടാകില്ലെന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നമ്മൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്, ഞാൻ ചെങ്കോട്ടയിൽനിന്ന് പറഞ്ഞിരുന്നു 'സീറോ ഡിഫെക്റ്റ് - സീറോ ഇഫക്റ്റ്' എന്ന്. ഇത് ചെയ്യുന്നതിലൂടെ മാത്രമേ വികസിത ഭാരതത്തിന്റെ യാത്ര വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്തെ ജനങ്ങൾ വളരെ മികച്ച നൂതനനാശയങ്ങൾ ഉള്ളവരാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നത് നമ്മുടെ നാട്ടുകാരുടെ ശീലമാണ്. ചിലർ സ്റ്റാർട്ടപ്പുകൾ വഴിയാണ് ഇത് ചെയ്യുന്നത്, മറ്റു ചിലർ സമൂഹത്തിന്റെ കൂട്ടായ ശ്രമങ്ങളിലൂടെ പ്രശ്നങ്ങൾ മറികടക്കാൻ ശ്രമിക്കുന്നു. ഉത്തർപ്രദേശിലെ അസംഗഢിൽ ഇങ്ങനെയൊരു ശ്രമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തുകൂടി ഒഴുകുന്ന തമസ നദിക്ക് ജനങ്ങൾ പുതുജീവൻ നൽകിയിരിക്കുന്നു. തമസ വെറുമൊരു നദി മാത്രമല്ല, നമ്മുടെ സാംസ്കാരികവും ആദ്ധ്യാത്മികവുമായ പൈതൃകത്തിന്റെ ജീവസ്സുറ്റ ഉറവിടം കൂടിയാണ്. അയോധ്യയിൽ നിന്ന് ഉത്ഭവിച്ച് ഗംഗയിൽ ലയിക്കുന്ന ഈ നദി ഒരുകാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു, പക്ഷേ, മലിനീകരണം മൂലം അതിന്റെ സുഗമമായ ഒഴുക്കിന് തടസ്സം നേരിടാൻ തുടങ്ങി. ചപ്പുചവറുകളും മാലിന്യവും നദിയുടെ ഒഴുക്കിനെ തടഞ്ഞു. തുടർന്ന്, ഇവിടുത്തെ ജനങ്ങൾ നദിയ്ക്ക് ഒരു പുതു ജീവൻ നൽകാനുള്ള ഒരു കാമ്പയിൻ ആരംഭിച്ചു. നദി വൃത്തിയാക്കി, തണൽമരങ്ങളും ഫലവൃക്ഷങ്ങളും അതിന്റെ തീരങ്ങളിൽ നട്ടുപിടിപ്പിച്ചു. തദ്ദേശവാസികൾ കർത്തവ്യനിഷ്ഠയോടെ ഈ ജോലിയിൽ ഏർപ്പെട്ടു, എല്ലാവരുടെയും പരിശ്രമത്തിലൂടെ നദി പുനഃരുജ്ജീവിച്ചു.
സുഹൃത്തുക്കളേ, ആന്ധ്രാപ്രദേശിലെ അനന്തപൂരിലും ഇത്തരത്തിലുള്ളൊരു പൊതുജനപങ്കാളിത്ത ശ്രമം കാണാനിടയായി. കടുത്ത വരൾച്ച നേരിടുന്ന ഒരു പ്രദേശമാണിത്. ഇവിടുത്തെ മണ്ണ് കളിമണ്ണും, ചെമ്മണ്ണും, മണലും കലർന്നതാണ്. ജനങ്ങൾ ജലക്ഷാമം നേരിടേണ്ടിവരുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഇവിടെ പല പ്രദേശങ്ങളിലും വളരെക്കാലമായി മഴ ലഭിക്കുന്നില്ല. ചിലപ്പോൾ ആളുകൾ അനന്തപൂരിനെ മരുഭൂമിയിലെ വരൾച്ചയോട് പോലും താരതമ്യം ചെയ്യുന്നു. സുഹൃത്തുക്കളേ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി, നാട്ടുകാർ ജലാശയങ്ങൾ വൃത്തിയാക്കാൻ തീരുമാനിച്ചു. തുടർന്ന്, സർക്കാരിന്റെ പിന്തുണയോടെ, ഇവിടെ 'അനന്ത നീര് സംരക്ഷണ പദ്ധതി'യ്ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി, പത്തിലധികം ജലാശയങ്ങൾക്ക് പുതുജീവൻ ലഭിച്ചു. ഇപ്പോൾ ആ ജലാശയങ്ങളിൽ വെള്ളം നിറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതോടൊപ്പം, 7000-ത്തിലധികം മരങ്ങളും നട്ടുപിടിപ്പിച്ചു. അതായത് ജലസംരക്ഷണത്തോടൊപ്പം, അനന്തപൂരിൽ പച്ചപ്പും വർദ്ധിച്ചു. ഇവിടെ കുട്ടികൾക്ക് ഇപ്പോൾ നീന്തൽ ആസ്വദിക്കാനും കഴിയും. ഒരു രീതിയിൽ പറഞ്ഞാൽ, ഇവിടുത്തെ മുഴുവൻ ആവാസവ്യവസ്ഥയും വീണ്ടും ശോഭനമായി.
സുഹൃത്തുക്കളേ, അസംഗഢായാലും, അനന്തപൂരായാലും, രാജ്യത്തിന്റെ മറ്റെവിടമായാലും, ആളുകൾ ഒന്നിച്ചു നിന്ന് വലിയ തീരുമാനങ്ങൾ ദൃഢനിശ്ചയത്തോടെ നടപ്പിലാക്കുന്നത് കാണുന്നത് സന്തോഷകരമാണ്. പൊതുജനപങ്കാളിത്തത്തിന്റെയും കൂട്ടായ്മയുടെയും ഈ മനോഭാവമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭജനുകളും കീർത്തനങ്ങളും നൂറ്റാണ്ടുകളായി നമ്മുടെ സംസ്കാരത്തിന്റെ ആത്മാവാണ്. ക്ഷേത്രങ്ങളിൽ ഭജനകൾ നമ്മൾ കേട്ടിട്ടുണ്ട്, കഥകൾ കേട്ടിട്ടുണ്ട്, ഓരോ യുഗവും കാലത്തിനനുസരിച്ച് ഭക്തിയെ സ്വീകരിക്കുന്നു. ഇന്നത്തെ യുവാക്കൾ അവരുടെ അനുഭവങ്ങളും ജീവിതശൈലിയും ഭക്തിനിർഭരമാക്കി നമ്മെ അത്ഭുതപ്പെടുത്തുന്നു. ഈ ചിന്ത ഒരു പുതിയ സാംസ്കാരിക പ്രവണതയ്ക്ക് കാരണമായി. സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിൽ അനേകം യുവാക്കൾ ഒത്തുകൂടുന്നു. പ്രൌഢഗംഭീരമായ വേദികളൊരുങ്ങുന്നു, അവിടെ വെളിച്ചമുണ്ട്, സംഗീതമുണ്ട്, ചുരുക്കത്തിൽ ഒരു സംഗീതസദസ്സിന്റെ അന്തരീക്ഷത്തോട് സമാനമാണ്. വലിയൊരു സംഗീത കച്ചേരി നടക്കുന്നത് പോലെ തോന്നും, പക്ഷേ അവിടെ എന്ത് പാടിയാലും പൂർണ്ണ ഏകാഗ്രതയോടെ, പൂർണ്ണ സമർപ്പണത്തോടെ, താളബദ്ധമായ ഭജനകളുടെ പ്രതിധ്വനി കേൾക്കാം. ഇന്ന് ഈ രീതിയെ 'ഭജൻ ക്ലബ്ബിംഗ്' എന്ന് വിളിക്കുന്നു, പ്രത്യേകിച്ച് ജെൻ സി തലമുറയ്ക്കിടയിൽ ഇത് അതിവേഗം പ്രചാരം നേടുന്നു. ഈ പരിപാടികളിൽ, ഭജനകളുടെ ഗരിമയിലും വിശുദ്ധിയിലും പൂർണ്ണ ശ്രദ്ധ ചെലുത്തിക്കാണുന്നത് നല്ലതാണ്. ഭക്തിയെ ആരും ലഘുവായി കാണുന്നില്ല. വാക്കുകളുടെ അർത്ഥത്തിനോ ഭാവത്തിനോ കോട്ടം തട്ടുന്നില്ല. വേദി ആധുനികമായിരിക്കാം, സംഗീതത്തിന്റെ ഈണം വ്യത്യസ്തമായിരിക്കാം, പക്ഷേ അടിസ്ഥാന വികാരം അതേപടി നിലകൊള്ളുന്നു. ആധ്യാത്മികതയുടെ നിതാന്തമായ ഒഴുക്ക് അവിടെ അനുഭവപ്പെടുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് നമ്മുടെ സംസ്കാരവും ഉത്സവങ്ങളും ലോകമെമ്പാടും അറിയപ്പെടുന്നു. ഭാരതത്തിന്റെ ഉത്സവങ്ങൾ ലോകത്തിന്റെ എല്ലാ കോണുകളിലും വളരെ ആവേശത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കപ്പെടുന്നു. എല്ലാത്തരം സാംസ്കാരിക ചൈതന്യവും നിലനിർത്തുന്നതിൽ നമ്മുടെ ഭാരതവംശജരായ സഹോദരീസഹോദരന്മാർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എവിടെയായിരുന്നാലും, അവർ നമ്മുടെ സംസ്കാരത്തിന്റെ തനിമയെ സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. മലേഷ്യയിലെ നമ്മുടെ ഭാരതീയ സമൂഹവും ഇക്കാര്യത്തിൽ അഭിനന്ദനീയമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. മലേഷ്യയിൽ 500-ലധികം തമിഴ് സ്കൂളുകൾ ഉണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഈ സ്കൂളുകളിൽ തമിഴ് ഭാഷ പഠിപ്പിക്കുന്നതോടൊപ്പം മറ്റ് വിഷയങ്ങൾ തമിഴിൽ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ, തെലുങ്ക്, പഞ്ചാബി ഉൾപ്പെടെയുള്ള മറ്റ് ഭാരതീയ ഭാഷകൾക്കും വലിയ പ്രാധാന്യം നൽകുന്നു.
സുഹൃത്തുക്കളേ, ഭാരതവും മലേഷ്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം ദൃഢപ്പെടുത്തുന്നതിൽ ഒരു സൊസൈറ്റിയ്ക്ക് പ്രധാന പങ്കുണ്ട്. അതിന്റെ പേര് 'മലേഷ്യ ഇന്ത്യ ഹെറിറ്റേജ് സൊസൈറ്റി' എന്നാണ്. വിവിധ പ്രവർത്തനങ്ങളോടൊപ്പം ഈ സംഘടന ഒരു ഹെറിറ്റേജ് വാക്കും സംഘടിപ്പിക്കുന്നു. ഇതിൽ, ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സാംസ്കാരിക സ്ഥലങ്ങൾ സന്ദർശിക്കുന്നു. കഴിഞ്ഞ മാസം, മലേഷ്യയിൽ 'ലാൽ പാഡ് സാരി' എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഈ സാരിക്ക് നമ്മുടെ ബംഗാൾ സംസ്കാരവുമായി ഒരു പ്രത്യേക ബന്ധമുണ്ട്. ഈ പരിപാടിയിൽ, ഏറ്റവും കൂടുതൽ ആളുകൾ ഈ സാരി ധരിച്ചതിന്റെ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടു, ഇത് മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. ഈ അവസരത്തിൽ, ഒഡീസി നൃത്തവും ബാവുൾ സംഗീതവും ജനങ്ങളുടെ ഹൃദയം കീഴടക്കി. എനിക്ക് പറയാൻ കഴിയും –
സായ ബെർബംഗ / ദേംഗാൻ ഡയസ് പോറ ഇന്ത്യ /
ദി മലേഷ്യ //
മെരേക മംബാവ / ഇന്ത്യ ദാൻ മലേഷ്യ /
സെമാകിൻ റാപ്പ //
(മലേഷ്യയിലെ ഭാരതീയ പ്രവാസികളിൽ ഞാൻ അഭിമാനം കൊള്ളുന്നു; അവർ ഭാരതത്തെയും മലേഷ്യയെയും കൂടുതൽ അടുപ്പിക്കുന്നു.)
മലേഷ്യയിലെ നമ്മുടെ പ്രവാസികൾക്ക് എന്റെ ആശംസകൾ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മൾ ഭാരതത്തിൽ എവിടെ പോയാലും, അവിടെ അസാധാരണവും അഭൂതപൂർവവുമായ എന്തെങ്കിലും സംഭവിക്കുന്നത് നമുക്ക് കാണാൻ കഴിയും. പലപ്പോഴും, ഇത്തരം കാര്യങ്ങൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാറില്ല. എന്നിരുന്നാലും, അവയിലൂടെ നമ്മുടെ സമൂഹത്തിന്റെ യഥാർത്ഥ ശക്തി എന്താണെന്ന് ബോധ്യമാകുന്നു. ഇവയിലൂടെ നമ്മുടെ സമുഹത്തിന്റെ മൂല്യവ്യവസ്ഥയെ മനസ്സിലാക്കാൻ സാധിക്കുന്നു ഇവയിൽ ഐക്യമനോഭാവമാണ് സർവപ്രധാനമായത്. ഗുജറാത്തിലെ ബെച്ചരാജിയിലെ ചന്ദനകി ഗ്രാമത്തിന്റെ പാരമ്പര്യം സ്വയമേവ സവിശേഷമാണ്. ഇവിടുത്തെ ആളുകൾ, പ്രത്യേകിച്ച് മുതിർന്നവർ, വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നില്ലെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ, നിങ്ങൾ അത്ഭുതപ്പെടും. ഇതിനുള്ള കാരണം ഗ്രാമത്തിലെ വിശാലമായ കമ്യൂണിറ്റി കിച്ചണുകളാണ്. കമ്യൂണിറ്റി കിച്ചണിൽ, ഗ്രാമത്തിലെ എല്ലാവർക്കും ഭക്ഷണം പാകം ചെയ്യുകയും ആളുകൾ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 15 വർഷമായി ഈ പാരമ്പര്യം തുടർന്നു വരുന്നു. മാത്രമല്ല, ഒരാൾക്ക് അസുഖമുണ്ടെങ്കിൽ, അയാൾക്ക് ടിഫിൻ സർവീസും ലഭ്യമാണ്, അതായത്, ഹോം ഡെലിവറിക്കുള്ള ക്രമീകരണവും ഉണ്ട്. ഗ്രാമത്തിലെ ഈ സമൂഹ ഭക്ഷണം ആളുകളെ അതീവ സന്തോഷവാന്മാരാക്കുന്നു. ഈ സംരംഭം ആളുകളെ പരസ്പരം ബന്ധിപ്പിക്കുക മാത്രമല്ല, കുടുംബമെന്ന സങ്കല്പത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഭാരതത്തിന്റെ കുടുംബവ്യവസ്ഥ നമ്മുടെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ലോകമെങ്ങുമുള്ള പല രാജ്യങ്ങളും ഇത് വളരെ കൗതുകത്തോടെയാണ് കാണുന്നത്. പല രാജ്യങ്ങൾക്കും അത്തരം കുടുംബവ്യവസ്ഥകളോട് വലിയ ആദരവാണുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, എന്റെ സഹോദരൻ, യു.എ.ഇ. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നാഹ്യാൻ ഭാരതം സന്ദർശിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു, യു.എ.ഇ. 2026 കുടുംബങ്ങളുടെ വർഷമായി ആചരിക്കുന്നു എന്ന്. ജനങ്ങൾക്കിടയിൽ ഐക്യവും സമൂഹബോധവും ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം; ഇത് ശരിക്കും അഭിനന്ദിക്കപ്പെടേണ്ട ഒരു ചുവടുവെയ്പ്പാണ്.
സുഹൃത്തുക്കളേ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശക്തി ഒന്നിക്കുമ്പോൾ, ഏറ്റവും വലിയ വെല്ലുവിളികളെപ്പോലും നമുക്ക് മറികടക്കാൻ കഴിയും. അനന്ത്‌നാഗിലെ ഷെയ്ഖ്‌ഗുണ്ട് ഗ്രാമത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി. മയക്കുമരുന്ന്, പുകയില, സിഗരറ്റ്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അവിടെ ഗണ്യമായി വർദ്ധിച്ചിരുന്നു. ഇതെല്ലാം കണ്ടപ്പോൾ, മീർ ജാഫർ വളരെയധികം ആശങ്കാകുലനായി, ഈ പ്രശ്നം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഗ്രാമത്തിലെ യുവാക്കൾ മുതൽ പ്രായമായവർവരെ എല്ലാവരെയും അദ്ദേഹം ഒരു കുടക്കീഴിൽ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഈ സംരംഭത്തിന്റെ സ്വാധീനം കാരണം അവിടെയുള്ള കടകളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിർത്തി. ഇതിലൂടെ മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധവും വർദ്ധിച്ചു.
സുഹൃത്തുക്കളേ, വർഷങ്ങളായി നിസ്വാർത്ഥ മനോഭാവത്തോടെ സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി സംഘടനകൾ നമ്മുടെ രാജ്യത്തുണ്ട്. ഉദാഹരണത്തിന്, പശ്ചിമ ബംഗാളിലെ കിഴക്കൻ മേദിനിപൂരിലെ ഫരീദ്പൂരിൽ ഒരു സ്ഥാപനമുണ്ട്. അതിന്റെ പേര് 'വിവേകാനന്ദ ലോക് ശിക്ഷാനികേതൻ' എന്നാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കുട്ടികളുടെയും പ്രായമായവരുടെയും പരിചരണത്തിൽ ഈ സ്ഥാപനം ഏർപ്പെട്ടിരിക്കുന്നു. ഗുരുകുല വിദ്യാഭ്യാസരീതിയോടൊപ്പം അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇതിനു പുറമേ, ഈ സ്ഥാപനം നിരവധി ഉദാത്തമായ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. നിസ്വാർത്ഥ സേവനത്തിന്റെ ഈ മനോഭാവം നമ്മുടെ ജനങ്ങൾക്കിടയിൽ വളരുകയും ശക്തിപ്പെടുകയും ചെയ്യട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്ത്'ൽ നമ്മൾ ശുചിത്വത്തിന്റെ വിഷയം നിരന്തരം ഉന്നയിക്കാറുണ്ട്. നമ്മുടെ യുവാക്കൾ അവരുടെ ചുറ്റുപാടുകളുടെ ശുചിത്വത്തെക്കുറിച്ച് വളരെ ബോധവാന്മാരാണെന്ന് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്. അരുണാചൽ പ്രദേശിൽ ഇത്തരമൊരു അതുല്യമായ ശ്രമത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി. രാജ്യത്ത് ആദ്യം സൂര്യരശ്മികൾ എത്തുന്ന നാടാണ് അരുണാചൽ. ഇവിടെ, ആളുകൾ "ജയ് ഹിന്ദ്" എന്ന് പറഞ്ഞുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്യുന്നു. ഇറ്റാനഗറിൽ, കൂടുതൽ ശുചീകരണം ആവശ്യമുള്ള പ്രദേശങ്ങൾ വൃത്തിയാക്കാൻ ഒരു കൂട്ടം യുവാക്കൾ ഒത്തുകൂടി. വ്യത്യസ്ത നഗരങ്ങളിലെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുക എന്നതാണ് ഈ യുവാക്കൾ അവരുടെ ദൗത്യമാക്കി മാറ്റിയത്. തുടർന്ന്, ഇറ്റാനഗർ, നാഹർലഗുൺ, ഡോയിമുഖ്, സെപ, പാലിൻ, പാസിഘട്ട് എന്നിവിടങ്ങളിലും ഈ കാമ്പയിൻ നടപ്പിലാക്കി. ഈ യുവാക്കൾ ഇതുവരെ 11 ലക്ഷം കിലോഗ്രാമിലധികം മാലിന്യം ശേഖരിച്ച് നീക്കംചെയ്തു. ഒന്നോർത്തു നോക്കൂ സുഹൃത്തുക്കളേ, യുവാക്കൾ ഒരുമിച്ച് 11 ലക്ഷം കിലോഗ്രാം മാലിന്യം സംസ്ക്കരിച്ചു !
സുഹൃത്തുക്കളേ, മറ്റൊരു ഉദാഹരണം അസമിൽ നിന്നാണ്. അസമിലെ നാഗാവ് നഗരത്തിൽ, അവിടെയുള്ള പഴയ തെരുവുകളോട് ആളുകൾക്ക് വൈകാരികമായ ഒരടുപ്പമുണ്ട്. ഇവരിൽ ചിലർ ഒരുമിച്ച് തെരുവുകൾ വൃത്തിയാക്കാൻ തീരുമാനിച്ചു. ക്രമേണ, കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. ഈ രീതിയിൽ, തെരുവുകളിൽ നിന്ന് ധാരാളം മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഒരു ടീം രൂപീകരിച്ചു. സുഹൃത്തുക്കളേ, ബെംഗളൂരുവിലും സമാനമായ ഒരു ശ്രമം നടക്കുന്നുണ്ട്. ബെംഗളൂരുവിൽ സോഫ വെയ്സ്റ്റ് ഒരു പ്രധാന പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്, അതിനാൽ ചില പ്രൊഫഷണലുകൾ ഒത്തുചേർന്ന് അവരുടേതായ രീതിയിൽ ഈ പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന്, പല നഗരങ്ങളിലും ലാൻഡ് ഫിൽ മാലിന്യം പുനരുപയോഗ യോഗ്യമാക്കി മാറ്റുന്ന സംഘങ്ങളുണ്ട്. ചെന്നൈയിൽ ഇതുപോലൊരു സംഘം വളരെ മികച്ച പ്രവർത്തനം കാഴ്ചവച്ചു. ഓരോ ശുചീകരണ ശ്രമത്തിന്റെയും പ്രാധാന്യം എത്രത്തോളമാണെന്ന് ഇങ്ങനെയുള്ള ഉദാഹരണങ്ങൾ തെളിയിക്കുന്നു. ശുചിത്വത്തിനായുള്ള നമ്മുടെ ശ്രമങ്ങൾ, വ്യക്തിഗതമായോ ഒരു ടീമായോ വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു, അപ്പോൾ മാത്രമേ നമ്മുടെ നഗരങ്ങൾ മികച്ചതായിത്തീരൂ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയുമ്പോൾ, നമ്മൾ പലപ്പോഴും മഹത്തായ പദ്ധതികൾ, പ്രചാരണങ്ങൾ, വലിയ സംഘടനകൾ എന്നിവയെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. എന്നാൽ പലപ്പോഴും, മാറ്റം ആരംഭിക്കുന്നത് വളരെ സാധാരണമായ കാര്യങ്ങളിൽ നിന്നാണ്. ഒരു വ്യക്തിയിൽ നിന്നും, ഒരു പ്രദേശത്തിൽ നിന്നും, ഒരു ചുവടുവെയ്പ്പിൽ നിന്നും, നിരന്തരം ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളിൽ നിന്നുപോലും വലിയ മാറ്റങ്ങൾ സംഭവിക്കാം. പശ്ചിമ ബംഗാളിലെ കൂച്ച് ബീഹാറിൽ താമസിക്കുന്ന ബെനോയ് ദാസിന്റെ ശ്രമങ്ങൾ ഇതിന് ഒരു ഉദാഹരണമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി, തന്റെ ജില്ലയെ ഹരിതാഭമാക്കാൻ അദ്ദേഹം ഒറ്റയ്ക്ക് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. തൈകൾ വാങ്ങുന്നതിനും, നടുന്നതിനും, അവയെ പരിപാലിക്കുന്നതിനുമുള്ള മുഴുവൻ ചെലവും അദ്ദേഹം പലപ്പോഴും സ്വയം വഹിച്ചിട്ടുണ്ട്. ആവശ്യം വന്നപ്പോഴൊക്കെ അദ്ദേഹം നാട്ടുകാരുടെയും, വിദ്യാർത്ഥികളുടെയും, മുനിസിപ്പൽ സ്ഥാപനങ്ങളുടെയും കൂടെ ചേർന്ന് പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങൾ റോഡരികുകളിലെ പച്ചപ്പ് വർദ്ധിപ്പിച്ചു.
സുഹൃത്തുക്കളേ, മധ്യപ്രദേശിലെ പന്ന ജില്ലയിലെ താമസക്കാരനായ ജഗദീഷ് പ്രസാദ് അഹിർവാറിന്റെ ശ്രമവും പ്രശംസനീയമാണ്. അദ്ദേഹം വനത്തിൽ ഒരു ബീറ്റ് ഗാർഡായി സേവനമനുഷ്ഠിക്കുന്നു. ഒരു സന്ദർശനത്തിനിടെ, കാട്ടിൽ കാണപ്പെടുന്ന നിരവധി ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എവിടെയും വ്യവസ്ഥാപിതമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ അറിവ് അടുത്ത തലമുറയ്ക്ക് കൈമാറാൻ ശ്രീ ജഗദീഷ് ആഗ്രഹിച്ചു, അതിനാൽ അദ്ദേഹം ഔഷധ സസ്യങ്ങളെ തിരിച്ചറിയാനും രേഖപ്പെടുത്താനും തുടങ്ങി. 125ലധികം ഔഷധസസ്യങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞു. ഓരോ ചെടിയുടെയും ചിത്രം, പേര്, ഉപയോഗം, കാണപ്പെടുന്ന സ്ഥലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ശേഖരിച്ചു. വനം വകുപ്പ്, വിവരങ്ങൾ സമാഹരിച്ച്, ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇപ്പോൾ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും വനം ഉദ്യോഗസ്ഥർക്കും വളരെ ഉപയോഗപ്രദമാണ്.
സുഹൃത്തുക്കളേ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഈ മനോഭാവം ഇന്ന് വലിയ തോതിൽ കാണാൻ കഴിയും. ഈ ചിന്ത മനസ്സിൽ വെച്ചുകൊണ്ട്, 'ഏക് പേട് മാം കെ നാം' എന്ന കാമ്പയിൻ രാജ്യമെമ്പാടും നടക്കുന്നു. ഇന്ന്, കേടിക്കണക്കിന് ആളുകൾ ഈ കാമ്പയിനിൽ പങ്കാളികളാണ്. ഇതുവരെ, രാജ്യത്ത് 200 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ആളുകൾ ഇപ്പോൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണെന്നും ഏതെങ്കിലും വിധത്തിൽ സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്നും ആണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളെയെല്ലാം ഒരു കാര്യത്തിൽ കൂടി അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - കാരണം ചെറുധാന്യങ്ങളാണ്, അതായത് ചെറുധാന്യങ്ങൾ. രാജ്യത്തെ ജനങ്ങൾ ചെറുധാന്യങ്ങൾക്ക് പ്രാധാന്യം നൽകുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2023 ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം, ഇന്നും, രാജ്യത്തും ലോകത്തും ഇതിനോടുള്ള ആവേശവും പ്രതിബദ്ധതയും വളരെ പ്രോത്സാഹജനകമാണ്.
സുഹൃത്തുക്കളേ, തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലെ ഒരു കൂട്ടം വനിതാ കർഷകരുടെ കൂട്ടായ്മ ഏവർക്കും പ്രചോദനം നൽകുന്നതാണ്. ഇവിടെ ഏകദേശം 800 വനിതാ കർഷകർ 'പെരിയപാളയം മില്ലറ്റ്' എഫ്.പി.സി.യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ചെറുധാന്യങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി കണ്ട്, ഈ സ്ത്രീകൾ ഒരു ചെറുധാന്യ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. ഇപ്പോൾ അത് ചെറുധാന്യങ്ങളിൽ നിന്ന് നിർമ്മിച്ച ഉൽപ്പന്നങ്ങൾ നേരിട്ട് വിപണിയിലേക്ക് എത്തിക്കുന്നു.
സുഹൃത്തുക്കളേ, മില്ലെറ്റ് ഉല്പാദനത്തിലെ ഇന്നോവേഷൻ രാജസ്ഥാനിലെ റാംസറിലെ കർഷകർക്കിടയിലും ഉണ്ട്. 900-ലധികം കർഷകർ ഇവിടെ റാംസർ ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കർഷകർ പ്രധാനമായും ബാജ്റ കൃഷി ചെയ്യുന്നു. ഇവിടെ ഇത് പ്രോസസ് ചെയ്ത് റെഡി ടു ഈറ്റ് ലഡു തയ്യാറാക്കുന്നു. വിപണിയിൽ ഇതിന് വലിയ ഡിമാൻഡുണ്ട്. മാത്രമല്ല, സുഹൃത്തുക്കളേ, ഇന്ന് ചെറുധാന്യങ്ങൾ മാത്രം പ്രസാദമായി നൽകുന്ന നിരവധി ക്ഷേത്രങ്ങളുണ്ട് എന്ന് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആ ക്ഷേത്രങ്ങളിലെ എല്ലാ ഭാരവാഹികളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ചെറുധാന്യങ്ങൾ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. ചെറുധാന്യങ്ങൾ പോഷകസമൃദ്ധമാണ്, കൂടാതെ ഒരു സൂപ്പർ-ഫുഡുമാണ്. നമ്മുടെ രാജ്യത്ത്, ശൈത്യകാലം ഭക്ഷണത്തിന് വളരെ അനുയോജ്യമായി കണക്കാക്കപ്പെടുന്നു. അതിനാൽ, ഈ ദിവസങ്ങളിൽ നാം തീർച്ചയായും ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തിൽ' നമുക്ക് ഒരിക്കൽക്കൂടി നിരവധി വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ലഭിച്ചു. നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങൾ തിരിച്ചറിയാനും ആഘോഷിക്കാനുമുള്ള അവസരം ഈ പരിപാടി ഏവർക്കും നൽകുന്നു. ഫെബ്രുവരിയിൽ ഇങ്ങെനയുള്ള മറ്റൊരു അവസരം കൂടി വരുന്നു. അടുത്ത മാസം, India AI Impact Summit നടക്കാൻ പോകുന്നു. ലോകമെമ്പാടുമുള്ള വിദഗ്ധർ, പ്രത്യേകിച്ച് സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടവർ, ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭാരതത്തിലെത്തും. ഈ സമ്മേളനം AI മേഖലയിൽ ഭാരതത്തിന്റെ പുരോഗതിയും നേട്ടങ്ങളും ഉയർത്തിക്കാട്ടും. ഇതിൽ പങ്കാളിയാകുന്ന എല്ലാവരെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. അടുത്ത മാസത്തെ 'മൻ കി ബാത്ത്' പരിപാടിയിൽ India AI Impact Summitനെക്കുറിച്ച് നമ്മൾ സംസാരിക്കും. ജനങ്ങളുടെ മറ്റ് ചില നേട്ടങ്ങളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും. ഇന്നത്തെ 'മൻ കി ബാത്ത്' പരിപാടിയിൽ നിന്ന് വിട പറയുമ്പോൾ നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി, നാളത്തെ റിപ്പബ്ലിക് ദിനത്തിനായി എന്റെ ആശംസകൾ നേരുന്നു. നന്ദി.
-SK-
(रिलीज़ आईडी: 2218408)
आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें:
Gujarati
,
Assamese
,
Manipuri
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Odia
,
Tamil
,
Kannada